UPDATES

സിനിമ

‘തേപ്പുകാരി’യാവാന്‍ ഒന്നു മടിച്ച നിഖില വിമലിന് സത്യന്‍ അന്തിക്കാട് നല്‍കിയ ഉപദേശം: അഭിമുഖം/നിഖില വിമല്‍

“ഫഹദ് ഭയങ്കര പെര്‍ഫോമറാണ്. നിന്ന നില്‍പ്പില്‍ അതിഭയങ്കരമായി അഭിനയിക്കും”

അനു ചന്ദ്ര

അനു ചന്ദ്ര

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമലിന് മലയാളത്തിലും തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകരുണ്ട്. ‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം വീണ്ടും മലയാള ചിത്രത്തില്‍ എത്തിയിരിക്കുകയാണ നിഖില. സത്യന്‍ അന്തിക്കാട് ചിത്രമായ ഞാന്‍ പ്രകാശനിലെ സലോമി എന്ന കഥാപാത്രം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരിക്കുന്നു. നിഖില വിമലുമായി അനു ചന്ദ്ര നടത്തിയ അഭിമുഖം.

‘ഞാന്‍ പ്രകാശനിലെ തേപ്പുകാരി സലോമിയായി കയ്യടി നേടുകയാണല്ലോ?

ഞാന്‍ പ്രകാശന്‍ ഹിറ്റ് ആണ്. എല്ലാ തീയേറ്ററുകളും ഹൗസ് ഫുള്ളാണ്. നല്ല അഭിപ്രായങ്ങളുമായി മുന്‍പോട്ട് പോകുന്നു. ചെറിയൊരു ഭാഗമാണ് പടത്തില്‍ ഞാന്‍ ചെയ്തതെങ്കില്‍ കൂടിയും ഒരുപാട് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രേക്ഷകരുടെ മുന്‍വിധിയെ തെറ്റിക്കാന്‍ വേണ്ടി തന്നെയാണ് ആ കഥാപാത്രത്തിനായി എന്നെ ഇതില്‍ തിരഞ്ഞെടുത്തത് തന്നെ എന്നു പറയാം. പൊതുവില്‍ എനിക്ക് നെഗറ്റീവ് ക്യാരക്ടറുകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ ‘തേപ്പ്’ എന്നുള്ള രീതിയില്‍ ഒരു കഥാപാത്രവുമായി വരുക എന്നത് വാസ്തവത്തില്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ ഡിസ്‌കംഫര്‍ട്ടബിള്‍ ആണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രം ചെയ്യുക എന്നതില്‍ ആശങ്ക ആദ്യം മുതലേ ഉണ്ടായിരുന്നു. ഞാന്‍ ഇടയ്ക്കിടയ്ക്ക് സത്യനങ്കിളിനോട് പോയി ചോദിക്കുമായി ഈ തേപ്പ്കാരിയായി അഭിനയിക്കുന്നതിലെ ആശങ്കയെ കുറിച്ച്. അപ്പോള്‍ അദ്ദേഹം പറയും ‘നിന്റെ തേപ്പ് അല്ലല്ലോ, പ്രകാശന് പണി കൊടുക്കുക എന്നതല്ലേ നമ്മളിവിടെ ചെയുന്നത് എന്ന്’.

ഫഹദിന് ഒപ്പമുള്ള അനുഭവം?

അദ്ദേഹത്തിനൊപ്പം എനിക്ക് കുറച്ചു ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളൂ. മാക്‌സിമം ഒരു പത്തുപതിനഞ്ചു ദിവസം. പക്ഷേ ഫഹദ് ഭയങ്കര പെര്‍ഫോമറാണ്. നിന്ന നില്‍പ്പില്‍ അതിഭയങ്കരമായി അഭിനയിക്കും. പുള്ളീടെ അഭിനയത്തില്‍ ലയിച്ച് ഞാന്‍ എന്റെ ഡയലോഗ് പോലും മറന്നു പോയിട്ടുണ്ട്. ഇപ്പോള്‍ തിയേറ്ററുകളില്‍ ആളുകള്‍ കണ്ട് ചിരിക്കുന്ന പുള്ളിയുടെ അഭിനയമൊക്കെ നേരില്‍ കണ്ട് ഞാന്‍ ഒരുപാട് ചിരിച്ചിട്ടുണ്ട്. അസാധ്യ പെര്‍ഫോര്‍മര്‍ ആണ്.

സന്ത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണല്ലോ നിഖിലയുടെ സിനിമാഭിനയത്തിലെ തുടക്കം. അതിനെ കുറിച്ച്?

ജയറാമിന്റെ ഇളയ അനുജത്തിയുടെ വേഷമാണ് ഭാഗ്യദേവതയില്‍ ഞാന്‍ ചെയ്തത്. അന്നും ഇന്നും സത്യനങ്കിളിന്റെ കൂടെയുള്ള വര്‍ക്ക് എക്‌സ്പീരിയന്‍സ് എന്ന് പറയുന്നതില്‍ വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സുഖമാണ്. ആദ്യമായി ഞാന്‍ വര്‍ക്ക് ചെയ്ത അതേ ക്രൂവിനൊപ്പം തന്നെ ഇപ്പോള്‍ വീണ്ടും വര്‍ക്ക് ചെയ്യുന്നു. എല്ലാവരേയും എനിക്കറിയാം, എല്ലാവരും പരിചയമുള്ള ആളുകളാണ്. അത് വര്‍ക്ക് ചെയ്യാന്‍ എന്നെ കൂടുതല്‍ കംഫര്‍ട്ട് ആക്കുകയാണ് ചെയ്തത്. സത്യനങ്കിള്‍ ഇടയ്‌ക്കൊക്കെ കളിയാക്കി പറയും, അന്ന് ബാലതാരമായി നിന്നെ കൊണ്ടുവന്ന ഞാനിപ്പോള്‍ നിന്നെ നായികയാക്കി സിനിമ എടുക്കുന്നല്ലോ എന്നൊക്കെ. അപ്പോള്‍ അത് ശരിയാണല്ലോ എന്ന് ചിന്തിക്കും എന്നല്ലാതെ വലിയ വ്യത്യാസമൊന്നും എനിക്ക് തോന്നിയിട്ടില്ല.


ഭാഗ്യദേവതയില്‍ ബാല താരമായി എത്തുന്നത്?

ഒരു ഫാമിലി സുഹൃത്ത് ഉണ്ട് മാതൃഭൂമിയില്‍ വര്‍ക്ക് ചെയുന്ന ജിജോ ചേട്ടന്‍. അദ്ദേഹമാണ് ഭാഗ്യദേവതയില്‍ അവര്‍ ബാലതാരത്തെ അന്വേഷിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെ അതിലേക്ക് കൊണ്ടുപോകുന്നത്. അന്ന് ഓഡിഷനോ കാര്യങ്ങളോ ഒന്നും ഇല്ലായിരുന്നു. വെറുതെ കണ്ടു സംസാരിച്ചു, ചെയ്യാം എന്ന് പറഞ്ഞു.

സത്യന്‍ അന്തിക്കാട് കുടുംബത്തിലെ പല പല അംഗങ്ങളുടെ സിനിമയില്‍ അഭിനയിക്കുന്ന കുട്ടി. അല്ലേ?

ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തെത്തിയതെങ്കിലും ലവ് 24×7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തില്‍ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ചിത്രം സംവിധാനം ചെയ്തത് ശ്രീബാലയും. സത്യന്‍ അന്തിക്കാട് സാറിന്റെ അസിസ്റ്റന്റ് ആയിരുന്നു ശ്രീബാല ചേച്ചി. ഇനിയിപ്പോള്‍ അരവിന്ദന്റെ അതിഥികള്‍ സംവിധാനം ചെയ്ത മോഹനേട്ടന്‍ സത്യനങ്കിളിന്റെ അസിസ്റ്റന്റ് ആയിരുന്നു. വാസ്തവത്തില്‍ ഞാന്‍ പ്രകാശന്‍ വരെയുള്ള സിനിമകള്‍ എടുത്തു നോക്കിയാല്‍ ആ കുടുംബത്തിന് അകത്തുള്ളവരുടെ (സത്യനങ്കിളിന്റെ) സിനിമ മാത്രമേ ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളൂ മലയാളത്തില്‍. ഇപ്പോഴാണ് ഞാന്‍ മറ്റു പടങ്ങള്‍ ചെയ്യാന്‍ തുടങ്ങുന്നത്. എട്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഭാഗ്യദേവത ചെയ്യുന്നത്. അന്നു മുതല്‍ ഇന്നുവരെയും എനിക്കവരെ ഒക്കെ അറിയാം. ഒരു ഫാമിലി ഫീല്‍ ഉള്ളതുകൊണ്ടുതന്നെ അവിടെയാണ് നമ്മള്‍ ഏറ്റവും കംഫര്‍ട്ടായി ഇരിക്കുക.

എന്തുകൊണ്ട് സിനിമകള്‍ ചെയ്യാന്‍ ഇത്രയധികം ഗ്യാപ്പ്..

ലവ് 24×7 എന്ന സിനിമയ്ക്ക് ശേഷം എനിക്കങ്ങനെ ഭയങ്കരമായ രീതിയിലുള്ള സിനിമകള്‍ ഒന്നും വന്നിട്ടില്ല മലയാളത്തില്‍. സിനിമകള്‍ വന്നിരുന്നു പക്ഷേ അതൊന്നും അങ്ങനെ ചെയ്യണം എന്ന് തോന്നുന്ന തരത്തില്‍ ഉള്ള കഥാപാത്രം അല്ലായിരുന്നു. എന്നാല്‍ അതേസമയം ഞാന്‍ തമിഴ് സിനിമയില്‍ ചെയ്യുന്നുണ്ടായിരുന്നു. തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ ഇവിടെ വന്ന് മലയാളം സിനിമ ചെയ്യാന്‍ കഴിയുകയും ഇല്ലായിരുന്നു. പിന്നെ സ്വാഭാവികമായും അതിനുശേഷം എന്നെ കുറെ ആളുകള്‍ മറക്കുകയും ചെയ്തു. അപ്പോള്‍ പിന്നെ ഞാന്‍ തമിഴും തെലുങ്കും ഒക്കെ ചെയ്യുകയായിരുന്നു. അരവിന്ദന്റെ അതിഥികള്‍ വന്നതില്‍ പിന്നെയാണ് ഇങ്ങനെ വീണ്ടും തിരിച്ചു വരുന്നത്. അറിയുന്ന ആളായതുകൊണ്ട് കംഫര്‍ട്ട് ആണല്ലോ അതുകൊണ്ട് വര്‍ക്ക് ചെയ്യാമെന്ന് കരുതി തന്നെയാണ് അരവിന്ദന്റെ അതിഥികള്‍ ചെയ്തത്. മാത്രമല്ല കഥയും ഇഷ്ടപ്പെട്ടു.

പക്ഷേ അരവിന്ദന്റെ അതിഥികള്‍ പ്രതീക്ഷിച്ചതിലും അപ്പുറം ഹിറ്റായി അല്ലെ?

കഥകേട്ട സമയത്ത് എനിക്ക് പടം ഹിറ്റാവും എന്നുള്ള ഒരു തോന്നല്‍ ഉണ്ടായിരുന്നു അല്ലെങ്കില്‍ ഫാമിലി ഓഡിയന്‍സിന് ഇഷ്ടപ്പെടും എന്നുള്ള ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഇത്രയേറെ സ്വീകാര്യത ലഭിച്ചു കൊണ്ടും വലിയരീതിയില്‍ ഹിറ്റാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല.

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

തമിഴില്‍ വെട്രിവേലും, കിടാരിയുമായി ശശി കുമാറിനൊപ്പം രണ്ടു സിനിമയില്‍ നായികയായി അഭിനയിച്ചല്ലോ…

വാസ്തവത്തില്‍ ഒരു നായകന്റെ നായികയായി വീണ്ടും വരിക എന്നുള്ളതാണ് ഏറ്റവും എളുപ്പമുള്ള കാര്യം. ആദ്യത്തെ പടത്തില്‍ ഒന്നിച്ചഭിനയിച്ച ആള്‍ക്കൊപ്പം അടുത്ത പടത്തില്‍ അഭിനയിക്കുമ്പോള്‍ കുറെക്കൂടി എളുപ്പത്തില്‍ അഭിനയിക്കാന്‍ സാധിക്കും. തമിഴ് വെട്രിവേല്‍ കഴിഞ്ഞ ഉടന്‍ തന്നെയാണ് ഞാന്‍ കിടാരി ചെയുന്നത്. അത് ഈ പറയുന്നതുപോലെ എല്ലാമറിയുന്ന ആളുകളായിരുന്നു. ആദ്യത്തെ തമിഴ് പടത്തില്‍ വര്‍ക്ക് ചെയ്തവരായിരുന്നു. അതുകൊണ്ടുതന്നെ ഈ പറയുന്നതുപോലെ കംഫര്‍ട്ട് ആയിരുന്നു. അവിടെനിന്നാണ് വാസ്തവത്തില്‍ സിനിമയെക്കുറിച്ച് കുറെക്കൂടി പഠിക്കുന്നത്. ഇവിടെ മലയാളത്തില്‍നിന്ന് അഭിനയിച്ചിട്ടാണല്ലോ ഞാന്‍ സ്വാഭാവികമായും തമിഴിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ എന്റെ ഉള്ളില്‍ ഒരു തോന്നല്‍ ഉണ്ടായിരുന്നു. എനിക്ക് അഭിനയിക്കാന്‍ അറിയാം, അതുകൊണ്ട് തന്നെ പോയി അഭിനയിച്ചാല്‍ മതി എന്ന്.. അവിടെ ചെന്നപ്പോള്‍ നമ്മുടെ എല്ലാ ഇമേജുകളെയും ബ്രെയ്ക്ക് ചെയ്ത് കൊണ്ട് ഈ അഭിനയം ഒന്നും പോര എന്ന രീതിയില്‍ അവര്‍ നമ്മളെ ആദ്യം മുതല്‍ അഭിനയം പഠിപ്പിക്കുകയായിരുന്നു. അത് തികച്ചും മറ്റൊരു അനുഭവമായിരുന്നു. ഓരോ ഷോട്ടില്‍ പോലും നമ്മള്‍ അഭിനയിക്കേണ്ട രീതി പോലും പറഞ്ഞു തരുമായിരുന്നു.

തെലുങ്കിലേക്കും ചേക്കേറിയല്ലോ?

ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് തെലുങ്കിലേക്ക് പോയത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. ആ പടം റിലീസ് ആവുകയും ചെയ്തു. ആ സിനിമ തെലുങ്കില്‍ സംവിധാനം ചെയ്തത് വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ പ്രജിത് ചേട്ടന്‍ തന്നെയാണ്. പൊതുവില്‍ എനിക്ക് റീമേക്ക് സിനിമകളോട് വലിയ താല്‍പര്യം കുറവാണ്. കാരണം നമ്മുടെ ഭാഷ വിട്ട് മറ്റു ഭാഷയിലേക്ക് പോകുമ്പോള്‍ നമ്മുടെ നാട്ടിലുള്ള ഒരു ഫീല്‍ ആയിരിക്കില്ല അവിടെ ഈ കഥകള്‍ക്ക് ഉണ്ടാവുക. പിന്നെ അവരുടെ ഇന്‍ഡസ്ട്രിയുടെ സ്വഭാവമനുസരിച്ചാണ് നമ്മളീ സിനിമ ചെയ്‌തെടുക്കുക. പിന്നെ പ്രജിത്ത് ഏട്ടന്‍ സംവിധാനം ചെയ്യുമ്പോള്‍ വടക്കന്‍ സെല്‍ഫി പോലെ തന്നെ ആയിരിക്കുമെന്ന ഒരു ആത്മവിശ്വാസത്തില്‍ തന്നെയാണ് ഈ സിനിമ ഞാന്‍ ഏറ്റെടുക്കുന്നത്. ഇതില്‍ ചെയ്തു വന്നപ്പോള്‍ അത് കംഫര്‍ട്ട് ആയി.

അമ്മ കലാമണ്ഡലം വിമലാദേവിയില്‍ നിന്നും ലഭിച്ച നൃത്ത പാരമ്പര്യത്തെ കുറിച്ച്?

ഞാന്‍ നൃത്തം ചെറുപ്പം മുതലേ പഠിക്കുന്നുണ്ട്. വീട്ടില്‍ അമ്മ ഡാന്‍സ് ക്ലാസ് നടത്തുന്നുണ്ട്. നൃത്തം ഒരു വഴിക്ക് പോകുന്നു അതോടൊപ്പം ഞാന്‍ ഡിഗ്രി ചെയ്തുകഴിഞ്ഞു. ഇനി പി.ജി ചെയ്യാന്‍ പോകുന്നു.

പുതിയ സിനിമ?

മേരാ നാം ഷാദി ആണ് പുതിയ സിനിമ. ബിജു മേനോന്‍ ആസിഫ് അലി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

സത്യന്‍ അന്തിക്കാട്/അഭിമുഖം: പുതുതലമുറയില്‍ എല്ലാ അർത്ഥത്തിലും പൂർണനായ നടനാണ്‌ ഫഹദ് ഫാസില്‍

ബിജെപിക്കാരനായ, അംബേദ്കറെ കാവിവത്കരിക്കുന്ന പാ.രഞ്ജിത്ത്; ലീന മണിമേകലൈ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍

‘മാപ്പിളരാജാവ്’: കുഞ്ഞാലിമരയ്ക്കാരിൽ മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കിനു പിന്നിൽ ബാഹുബലിയുടെ കലാസംവിധായകൻ

 

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍