UPDATES

സിനിമ

നിഴല്‍ക്കുത്ത് കണ്ടിട്ട് ഏഴുമിനിറ്റ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൈയ്യടിയായിരുന്നുവെന്ന് എഴുതിയവരാണ് ഇവിടെയുള്ളത്; ജോണ്‍ പോള്‍ തുറന്നടിക്കുന്നു/അഭിമുഖം

നിങ്ങളില്‍ കുറച്ചുപേര്‍ക്ക് നിങ്ങള്‍ നടന്നു വന്ന സിനിമാ വഴികളില്‍ എന്റെ സാന്നിധ്യം ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്.

മലയാള ചലച്ചിത്ര ലോകത്തില്‍ ഏറെ ചര്‍ച്ചയായ ഒരു പദമായിരുന്നു ന്യജനറേഷന്‍. പുതിയകാല ഫിലിം മേക്കേഴ്‌സിന്റെ സിനിമകളോട് ചേര്‍ത്ത് വച്ച് ചര്‍ച്ച ചെയ്ത ‘ന്യൂജറേഷന്‍ സിനിമ’ യ്ക്ക് വാദങ്ങളും പ്രതിവാദങ്ങളുമുണ്ടായി. ചലച്ചിത്ര സൃഷ്ടികളുടെ ശൈലി മാറ്റത്തെ പ്രതിപാദിച്ച് നടന്ന അന്നത്തെ ചര്‍ച്ച ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. അത് റിയലിസ്റ്റിക് സിനിമകളെന്ന പേരിലാണ്. റിയലിസവും നാച്വറല്‍ ആക്ടിംഗും, ന്യൂജനറേഷന്‍ സിനിമ എന്ന പോലെ, യോജിപ്പും വിയോജിപ്പുകളും ചേര്‍ന്ന ആശയസംഘട്ടനങ്ങളിലേക്ക് വഴി മാറിയിട്ടുണ്ട്. മലയാള സിനിമയുടെ നാള്‍ വഴികള്‍ പരിശോധിച്ചാല്‍ ഇത്തരം ചര്‍ച്ചകള്‍ എപ്പോഴും ഉണ്ടായിട്ടുണ്ടെന്നു കാണാം. എന്നാല്‍, ഗൗരവകരമായൊരു കാര്യം പറയാനുള്ളത്; ഇത്തരം ചര്‍ച്ചകളില്‍ ബോധപൂര്‍വമെന്നോണം ഇടംകൊടുക്കാതെ ഒഴിവാക്കുന്ന ചില സിനിമകളും സിനിമാക്കാരും ഉണ്ടെന്നാണ്. ആ ഗണത്തില്‍പ്പെട്ട ചലച്ചിത്രകാരനാണ് ജോണ്‍ പോള്‍. മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിട്ടും ജോണ്‍ പോളിനെ നമ്മുടെ ചലച്ചിത്ര ചര്‍ച്ചകളില്‍, ആവശ്യപ്പെടുന്ന പ്രാധാന്യത്തോടെ പങ്കാളിയാക്കിയിട്ടില്ല. മനുഷ്യ വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ ജോണ്‍ പോള്‍ രചനകളിലുണ്ട്. ഇന്ന് നമ്മള്‍ റിയലിസ്റ്റിക് എന്നു വിളിക്കുന്ന സിനിമകളുടെ മുകളില്‍ നില്‍ക്കുന്നവയാണവ. തീര്‍ച്ചയായും നിലവിലെ ചര്‍ച്ചകളില്‍ ജോണ്‍ പോളിന് തന്റെതായ അഭിപ്രായം ഉണ്ടായിരിക്കും. അതെന്താണെന്നു ചോദിച്ചറിയുകയാണ് ഈ അഭിമുഖത്തില്‍. ഒപ്പം, എന്തുകൊണ്ട് ജോണ്‍ പോള്‍ എന്തുകൊണ്ട് ഒരു ചര്‍ച്ച വിഷയമാകാതെ ഒഴിവാക്കപ്പെടുന്നുവെന്നതിനെക്കുറിച്ചും.

ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്ന ചര്‍ച്ചകള്‍ റിയലിസ്റ്റിക് സിനിമകളുടെ പേരിലാണ്. എന്താണ് ഈ റിയലിസം അഥവ റിയലിസ്റ്റിക് സിനിമ?

റിയലിസം എന്നു പറയുന്നത് നമ്മുടെ കണ്ണില്‍ കാണുന്നത് മാത്രമല്ല. കണ്ണില്‍ കാണുന്നത് സ്റ്റാര്‍ക് റിയലിസം ആണ്. അതുപോലും അതിശയോക്തിപരമാണ്. കണ്ണില്‍ കാണുന്നതിന്റെ പരുഷ ഭാവമാണ് നമ്മളെ സ്പര്‍ശിക്കുന്നതെങ്കില്‍ അത് stark realism ആണ്. ഏതു റിയാലിറ്റിയും അത് നമ്മളില്‍ എങ്ങനെ റിഫളക്ട് ചെയ്യുന്നു എന്നതാണ് പ്രധാനം.

റിയലിസം ഉള്ളപ്പോള്‍ തന്നെ നിയോ റിയലിസവും ഉണ്ടായി. അതെങ്ങനെ ഉണ്ടായി? എല്ലാ കലാപ്രസ്ഥാനങ്ങളിലും പ്രകടമായ തംരംഗങ്ങള്‍ സിനിമയിലും ആട്രിബ്യൂട്ട് ചെയ്തു പോകുന്നു എന്നേയുള്ളൂ. മലയാളത്തില്‍ നീലക്കുയിലും ന്യൂസ്‌പേപ്പര്‍ ബോയിയും ഭാര്‍ഗവി നിലയവുമൊക്കെയാണ് നിയോ റിയലസത്തിന് തുടക്കം കുറിക്കുന്നത്. അതിനു മുമ്പ് നിയോ റിയലിസം ഉണ്ടായിട്ടില്ല എന്നല്ല. ലിറിക്കല്‍ എക്‌സാജിറേഷന്‍ ഓഫ് റിയാലിറ്റി ആണ് കല. ജീവിതത്തില്‍ കാണുന്നത് അതേപോലെ എടുത്തുവച്ചാല്‍ അതൊരു ഫോട്ടോഗ്രഫി മാത്രമാണ്. നമ്മള്‍ ഒരു സംഭവം കണ്ടു. അത് സംഭവിക്കുന്നതിനു മുമ്പും ശേഷവും നമ്മുടെ കണ്ണുകള്‍ക്ക് ഗോചരമായിരുന്ന ചില കാര്യങ്ങളുണ്ട്. അവ കൂടി ചേര്‍ന്നാലേ ഒരു നിമിഷം പൂര്‍ണമാകുന്നുള്ളു. കാണാത്ത കാര്യം യാഥാര്‍ത്ഥ്യത്തില്‍ നിന്നെടുത്തും എഴുതാം, ഭാവനയില്‍ നിന്നെടുത്തും എഴുതാം. അതെങ്ങനെ പൂരിപ്പിക്കുന്നു എന്നത് നമ്മുടെ മനോവിചാരമാണ്. അതിനെ നമുക്ക് കംപാര്‍ട്ട്‌മെന്റല്‍ ആയിട്ട് മുറിച്ച് ജനറലൈസ് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് ഇതാണ് റിയലിസം അത് റിയലിസം അല്ല എന്നൊന്നും പറയുന്നതില്‍ അര്‍ത്ഥമില്ല.

റിയലിസത്തില്‍ പാട്ടുകളും ബാക് ഗ്രൗണ്ട് മ്യൂസിക്കും എങ്ങനെ വരും? ജീവിതത്തില്‍ ബാക് ഗ്രൗണ്ട് മ്യൂസിക്ക് ഇല്ല, പിന്നെ എങ്ങനെ സിനിമയില്‍ വരും എന്ന് ഒരു അകാദമിക് സെക്ഷനില്‍ പി എന്‍ മേനോന്‍ സത്യജിത് റേയോട് ചോദിച്ചിട്ടുമുണ്ട്. നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ചില വാക്കുകള്‍ ആവര്‍ത്തിക്കാറില്ലേ. അതെന്തിനാണ്? എഴുതുമ്പോള്‍ ചില വരികള്‍ അടിവരയിടാറില്ലേ, അതോ? കണ്ടുകൊണ്ടിരിക്കുന്ന ചില കാഴ്ച്ചകള്‍ അടിവരയിട്ട് പറയാനാണ് ബാക് ഗ്രൗണ്ട് മ്യൂസിക്. ഇതൊക്കെ ഇങ്ങനെ വേണം വ്യാഖ്യാനിക്കാന്‍. റിയലിസത്തെ കുറിച്ച് വലിയ വായില്‍ പറയുന്ന ചില പണ്ഡിതന്മാര്‍, ഇതുവരെ റിയലിസ്റ്റിക് സിനിമയില്‍ അഭിനയിച്ചിട്ടുപോലുമില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം നിന്നു ഫോട്ടെയെടുക്കാന്‍ മത്സരിക്കുന്നില്ലേ.

പ്ലേറ്റോ കലാകാരനെ കുറിച്ച് പറഞ്ഞത്, അവന്‍ കള്ളം പറയുന്നവനാണ് എന്നാണ്. കാരണം, അവന്‍ നാളെയുടെ കഥ പറയുന്നവനാണ്. നാളെ എന്നത് ഇന്ന് ഇല്ലാത്താണ്. ഇന്ന് ഇല്ലാത്ത ഒന്ന് കള്ളമാണ്. ഇതിന് പ്രതിവാദം കൊണ്ടുവന്നത് പ്ലേറ്റോയുടെ ശിഷ്യന്‍ കൂടിയായ അരിസ്റ്റോട്ടില്‍ ആണ്. വാദം ശരിയാണെങ്കിലും ആ കള്ളം അവന്‍ ചേതോഹരമായി പറയുന്നു. നാളെയെക്കുറിച്ച് ഒരു പ്രതീക്ഷ ഉണര്‍ത്തുംവിധം പറയുന്നു. ഇന്നിനെ കുറിച്ച് ഒരു വിയോജിപ്പ് ഉണര്‍ത്തും വിധം പറയുന്നു. അതുകൊണ്ടവന്‍ ഒഴിവാക്കപ്പെടേണ്ടവന്‍ അല്ല എന്നായിരുന്നു അരിസ്റ്റോട്ടിലിന്റെ പ്രതിവാദം.

ഇതിനു മുമ്പ് നമ്മള്‍ ന്യൂജറേഷന്‍ സിനിമയെ കുറിച്ചും ഇതുപോലെ വാദപ്രതിവാദങ്ങള്‍ നടത്തിയിരുന്നു

ന്യൂജനറേഷന്‍ സിനിമ; എന്താണ് ആ അസംബന്ധ വാക്കിന്റെ അര്‍ത്ഥം? എന്നാണ് ന്യൂജനറേഷന്‍ തുടങ്ങുന്നത്. എല്ലാ കൊലപാതകങ്ങളും പുതിയ കൊലപാതകങ്ങളാണ്. ഏത് സിനിമയെ തൊട്ടാണ് ന്യൂജനറഷേന്‍ സിനിമ എന്നു വിശേഷിപ്പിക്കാന്‍ സാധിക്കുന്നത്. ഈ അസംബന്ധം പ്രചരിപ്പിക്കുന്നത്, സിനിമയെ കൈകൊണ്ട് തൊട്ടുപോലും ബന്ധമില്ലാത്ത കുറെ പണ്ഡിതന്മാരും പിന്നെ കുറെ മാധ്യവിശാരദന്മാരുമാണ്; അവരാണല്ലോ പലതിനെയും ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത്. ഈ രണ്ട് അപകടങ്ങള്‍ക്കിടയിലാണ്, സിനിമ ഒരു പോപ്പുലര്‍ മീഡിയം ആയതുകൊണ്ട് കൂടുതല്‍ ഞെരുങ്ങുന്നത്. അല്ലാതെ സിനിമയ്ക്ക് അകത്തു നിന്നൊരു കളം തിരിക്കല്‍ ഉണ്ടാകുന്നില്ല.

പറയുന്നതിന്റെ ഭാവുകത്വത്തില്‍ പുതിയ ഒരു രൂപകത്തെയാണ് നമ്മള്‍ മാനദണ്ഡം ആക്കുന്നതെങ്കില്‍ മലയാളത്തിലെ ന്യൂജറേഷന്‍ റൈറ്റേഴ്‌സിന്റെ ശൃംഖല തുടങ്ങുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം തൊട്ടാണ്. ഇതൊക്കെ വളരെ റിലേറ്റീവ് ആയിട്ടുള്ള ഡെഫിനിഷന്‍ ആണ്. സത്യജിത്ത് റേയുടെ റിയലിസ്റ്റിക് സിനിമയാണെങ്കില്‍ ഋത്വിക് ഘട്ടക്കിന്റെ സിനിമയെ എന്തു പറയും?

ഭരത് ഗോപി, നെടുമുടി വേണു തുടങ്ങിയ പ്രതിഭകളെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ രചനകളായിരുന്നു താങ്കളുടേത്. ഇവരുടെയൊക്കെ അഭിനയത്തിന്റെ ഓരോ തലങ്ങളും അടുത്ത് നിന്നു മനസിലാക്കിയയാള്‍. ഇപ്പോഴത്തെ അഭിനേതാക്കളെക്കുറിച്ച് നാച്വറല്‍ ആക്ടിംഗ്, ബിഹേവിംഗ് എന്നീ പ്രയോഗങ്ങള്‍ ചേര്‍ത്തുവച്ചു നടത്തുന്ന ചര്‍ച്ചകള്‍ കേള്‍ക്കുമ്പോള്‍ എന്ത് പറയാന്‍ ആഗ്രഹിക്കുന്നു?

സാമ്പ്രദായിക കീഴ്‌വഴക്കങ്ങളെ ആവര്‍ത്തിച്ചുകൊണ്ട് അഭിനയിക്കുന്നതാണ് ലീനിയര്‍ ആക്ടിംഗ്. അങ്ങനെയല്ലാതെയും അഭിനയിക്കാം. സത്യന്റെ അഭിനയവും പ്രേം നസീറിന്റെ അഭിനയവും തമ്മില്‍ ഒരു കണ്ടിന്യൂറ്റിയുണ്ട്. അത് മധുവിന്റെ അഭിനയത്തിലുമുണ്ട്. സോമന്റെയും സുകുമാരന്റെയും അഭിനയത്തിലുമുണ്ട്. സുകുമാരന്‍ അല്‍പ്പം മാറി നടന്നിട്ടുണ്ട്. പക്ഷേ, ഗോപിയും വേണുവും വന്നപ്പോള്‍ മറ്റൊരു തലത്തിലേക്ക് മാറി. നാടകത്തിലും ഈ മാറ്റം ഉണ്ടായിട്ടുണ്ട്. ആക്ടിംഗിന് സ്വന്തം ശരീരം ഉപയോഗിക്കുന്നതിലെ ഒരു ശ്രുതി മാറ്റമാണത്. ദുഃഖം അഭിനയിക്കുമ്പോള്‍ ഇന്നത് വേണം എന്നു പറഞ്ഞു ദുഃഖം അഭിനയിക്കുന്നതും ദുഃഖം വരുമ്പോള്‍ എങ്ങനെ ദുഃഖം കാണിക്കുന്നുവോ അങ്ങനെ അഭിനയിക്കുന്നതും രണ്ടാണ്. ‘അസംബന്ധ നാടക’ങ്ങളില്‍, ഞാന്‍ ഇന്നയാളാണ്, ഇന്ന ആളായിട്ട് വേഷം കെട്ടിയതാണ്, ഈ മരണത്തില്‍ ഞാനെന്ന വ്യക്തിക്ക് ദുഃഖമൊന്നുമില്ല. പക്ഷേ, കഥാപാത്രത്തിന് ദുഃഖമുള്ളതുകൊണ്ട് പ്രേക്ഷകരായ നിങ്ങളെ കബളിപ്പിക്കാന്‍ വേണ്ടി ഞാന്‍ ദുഃഖം അഭിനയിക്കുകയാണ് എന്ന് നടന്‍ കാണികളോട് പറഞ്ഞുകൊണ്ട് തന്നെ അഭിനയിക്കും. പ്രേക്ഷകന്, അവന്‍ അവനായിരുന്നുകൊണ്ട് നമ്മള്‍ പറയുന്നത് കാണാനാകും.

തൊണ്ടി മുതലിലും മഹേഷിന്റെ പ്രതികാരത്തിലും ഫഹദ് അഭിനയിച്ച ഒരു രീതിയുണ്ട്. അതേ സിനിമകളില്‍ അതേ കഥാപാത്രങ്ങള്‍ പൃഥ്വിരാജ് ആണ് ചെയ്യുന്നതെങ്കില്‍ അത് മറ്റൊരു ശൈലി ആക്ടിംഗ് ആകും. ഒരു സാമ്പ്രദായിക അഭിനയത്തിന്റെ, പൃഥ്വിരാജിന്റെ കയ്യൊപ്പോടു കൂടിയ അഭിനയം.

മാതൃകകളെ പിന്തുടരുന്നില്ല എന്നതാണ് പുതുതലമുറയിലെ ഒരു പ്രത്യേകത. പക്ഷേ, പോള്‍ മുനിയുടെ കാലം മുതല്‍ ഈ പറയുന്ന കുതറിമാറലുകള്‍ ഉണ്ട്. പോള്‍ മുനിയെ കുറിച്ചുള്ള ആരോപണം അദ്ദേഹം അഭിനയിച്ച സിനിമകള്‍ ഒന്നുപോലും അദ്ദേഹം കണ്ടിട്ടില്ല എന്നാണ്. ഈ വിമര്‍ശനം ഒരു വേദിയില്‍ വച്ച് അദ്ദേഹത്തിനെതിരേ ഉയര്‍ന്നപ്പോള്‍ മറുപടി, അത് സിനിമയോടുള്ള എന്റെ വിവേചനം ആകുന്നതെങ്ങനെ? ഞാന്‍ അഭിനയിച്ച നാടകങ്ങളും ഞാന്‍ കണ്ടിട്ടില്ല എന്നായിരുന്നു. അവനവനെ അനുകരിക്കാതിരിക്കാന്‍ വേണ്ടി അവനവനെ തന്നെ കാണാന്‍ പോലും വിസമ്മതിച്ച നടനാണ്. നാടകത്തില്‍ ഇന്ന് അഭിനയിച്ച കഥാപാത്രത്തെ നാളെ അവതരിപ്പിക്കുമ്പോള്‍ അത് വേറെ കഥാപാത്രമാകുന്നു. ഒരു ഡെഡിക്കേറ്റഡ് ആക്ടര്‍, ആ കഥാപാത്രത്തെ വേറൊരു ഡൈമന്‍ഷനിലേക്ക് റിഫൈന്‍ ചെയ്‌തെടുക്കും.

തിയറി പഠിച്ചിട്ട് അതില്‍ നിന്നും ആക്ടര്‍ ആയി വരുന്നവന്‍ സിന്തറ്റിക് ആക്ടര്‍ ആവുകയേയുള്ളൂ. വളരെ സ്‌തോഭജനകവും സങ്കടം നിറഞ്ഞു നില്‍ക്കുന്നതുമായ സന്ദര്‍ഭത്തില്‍ ശിവാജി ഗണേശന്‍, ആ സന്ദര്‍ഭം ആവശ്യപ്പെടാത്ത ചില കാര്യങ്ങള്‍ ചെയ്യും. മുട്ടുകുത്തിയിരുന്നിട്ട് മെല്ലേ എഴുന്നേല്‍ക്കുന്നത് ചിരിച്ചുകൊണ്ടായിരിക്കും. ഈ കഥാപാത്രത്തിന്റെ ആനന്ദവും പ്രകടിപ്പിക്കും. എല്ലാം കഴിഞ്ഞ് നാലടി നടന്നശേഷം തിരിഞ്ഞു നോക്കും. അപ്പോള്‍ മാത്രം ഒരു തുള്ളി കണ്ണീര്‍ ഇറ്റുവീഴും. വീണ്ടും ചിരിച്ചു കൊണ്ടു കടന്നു പോകും. that is another expression of sorrowfulness. പക്ഷേ, പഠിച്ച വഴി മാറി വേറെ നടക്കുന്നവന്‍ ഏറെ സിദ്ധിയുള്ളവന്‍ ആയിരിക്കണം. ചില സാധനങ്ങള്‍ അങ്ങനെയല്ലാതെ പറഞ്ഞാല്‍ നമുക്ക് താങ്ങാനും പറ്റില്ല. കൊടിയേറ്റത്തില്‍ ബസ് ചെളി തെറിപ്പിച്ച് പോകുമ്പോള്‍ എന്തൊരു സ്പീഡ് എന്ന് ഗോപി പറയുന്നതില്‍ ആ കഥാപാത്രം ഉണ്ട്. അത് അടൂര്‍ ഭാസി പറയുന്ന രീതിയില്‍ പറഞ്ഞാല്‍ ആ ഫീല്‍ ഉണ്ടാകില്ല. അടൂര്‍ ഭാസിയുടെ മെത്തേഡ് ഓഫ് എക്‌സ്പ്രഷന്‍ അല്ല അവിടെ ആവശ്യം. ഇന്റീരിയര്‍ ആക്ടിംഗിന്റെ ഒരു തിരതള്ളല്‍ ആണത്. ഒരു വിധം എല്ലാ നടന്മാരുടെയും ഉള്ളിലും ഈ കഴിവ് ഉണ്ട്. ഇങ്ങനെയൊന്നുള്ളത് അവര്‍ക്ക് അറിയാതെ പോകുന്നതാണ്. ശൈലികള്‍ അതിലംഘിച്ചുകൊണ്ട് ഓരോ കഥാപാത്രവും ചെയ്യണം. പുതിയ രീതികള്‍ കണ്ടെത്തണം. ഒരു ചിത്രകാരന്റെ എല്ലാ ചിത്രങ്ങളും ഒരുപോലെയാകരുത്. കഥാപാത്രങ്ങളും ഓരോ ശില്‍പ്പങ്ങളാണ്. അതിന് പുതിയ ഭാവങ്ങള്‍ നല്‍കണം. മമ്മൂട്ടി കളരിപ്പയറ്റുകാരനായിട്ടല്ല ചന്തുവിനെ അവതരിപ്പിച്ചത്. വാസുദേവന്‍ നായരുടെ രചന, അയാളുടെ അകത്തെവിടെയോ കൊളുത്തിട്ട് പിടിച്ച് അയാള്‍ക്ക് അറിഞ്ഞുകൂടാത്ത ചിലതിനെ അയാളുടെ മുഖത്തു കൂടി പ്രകാശിപ്പിക്കുകയായിരുന്നു. ഫഹദിന്റെ ഈ അഭിനയശൈലി പത്തുവര്‍ഷം കഴിയുമ്പോള്‍ നമുക്ക് കുറച്ച് ക്ലീഷേ ആയിട്ടു തോന്നാം. പക്ഷേ, അതിന് ജീവിതത്തിലൂടെ നാം സഞ്ചരിച്ച് ജീവിതത്തില്‍ നിന്നും പുതിയ സാധ്യതകള്‍ കാണണം. മമ്മൂട്ടിയുടെ ആദ്യകാല സിനിമകള്‍ അദ്ദേഹം ചെയ്തതുപോലെയല്ല പിന്നീട് അഭിനയിച്ചിട്ടുള്ളത്. that is transformation. അത് നടനിലും സംഭവിക്കാം, പ്രേക്ഷകന്റെ ആറ്റിറ്റ്യൂഡിലും സംഭവിക്കാം. പിന്നെ മീഡിയം അത് ആവശ്യപ്പെടുകയും ചെയ്യും.

ഇത്തരം ചര്‍ച്ചകള്‍ നടക്കുമ്പോള്‍, എന്തുകൊണ്ട് ജോണ്‍ പോളോ, താങ്കളുടെ സിനിമകളോ കടന്നു വരുന്നില്ല?

ചര്‍ച്ചകള്‍ക്ക് വരുന്നവന്‍, അവന്റെ ചോയ്‌സുകളും ചിലരുടെ തെരഞ്ഞെടുപ്പുകള്‍ അവതരിപ്പിക്കാനും നിയോഗിക്കപ്പെടുന്നുണ്ട്. അതിന്റെ പിറകില്‍ ഒരു അജണ്ടയുണ്ട്. പിന്നെ, ഇവര്‍ ഈ സിനിമകള്‍ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമെ അതേക്കുറിച്ച് പറയാനും കഴിയൂ. ഇപ്പോഴത്തെ തലമുറയിലെ ഫിലിം മേക്കേഴ്‌സിന്റെ സിനിമകളില്‍ മുത്തച്ഛന്മാരോ അമ്മാവന്മാരോ ഉണ്ടോ? അവരുടെ ജീവിതത്തില്‍ ഉണ്ടോ? ഇന്ന് എത്രപേര്‍ മുത്തച്ഛന്റെ കൈയും പിടിച്ച് തെങ്ങിന്റെ തടം കോരിയിരിക്കുന്നതിനു മുകളിലൂടെ കാലു കവച്ചു വച്ച് സിനിമകള്‍ കാണാന്‍ പോയിട്ടുണ്ട്? മുത്തശ്ശിയുടെ മടയില്‍ കിടന്ന് സുഗന്ധ മുറുക്കാന്റെ വാസന ശ്വസിച്ച് അവര്‍ പറയുന്ന കഥകളുടെ ലോകം സ്വപ്‌നം കാണുന്നുണ്ട്?

പടങ്ങള്‍ സെലക്ട് ചെയ്ത് എഴുതുന്ന കുറച്ച് ആളുകളും അവരെക്കൊണ്ട് എഴുതിപ്പിക്കുന്നതില്‍ സാമര്‍ത്ഥ്യം കാണിക്കുന്നവരും നയിച്ചു പോരുന്ന ചര്‍ച്ചകളാണിവിടെ നടന്നു പോരുന്നത്. ഞാന്‍ ബഹുമാനിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് പത്മരാജന്‍. പക്ഷേ, ഭരതനും പത്മരാജനും ചേര്‍ന്ന് ചെയ്ത ചിത്രങ്ങളില്‍ പകുതി ചിത്രങ്ങളാണ് കൊള്ളാവുന്ന ചിത്രങ്ങളായിട്ടുള്ളത്. എന്നാല്‍, പറയുമ്പോള്‍ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങള്‍ മലയാള സിനിമയെ ഉഴുതു മറിച്ച് വസന്തങ്ങള്‍ ഉണ്ടാക്കി എന്നേ പറയൂ. അതാണ് ഇവിടുത്തെ എഴുത്ത് ശീലം.

നിങ്ങളില്‍ കുറച്ചുപേര്‍ക്ക് നിങ്ങള്‍ നടന്നു വന്ന സിനിമാ വഴികളില്‍ എന്റെ സാന്നിധ്യം ഓര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ എന്താണ് എനിക്ക് വേണ്ടത്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിന്റെ കാസറ്റ് ഇറങ്ങിയപ്പോള്‍ അതില്‍ ഭരതന്‍-പത്മരാജന്‍ എന്നായിരുന്നു അച്ചടിച്ചിരുന്നത്. എങ്കിലും ആ സിനിമ കൊണ്ട് എനിക്ക് കിട്ടേണ്ട ഒന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഞാന്‍ കോഴിക്കോട് അളകാപുരി ഹോട്ടലില്‍ താമസിക്കുമ്പോള്‍ ടി ദാമോദരന്‍ കാണാന്‍ വന്നു. ഞങ്ങള്‍ കുറച്ച് ഫ്രൂട്‌സ് വാങ്ങാന്‍ വേണ്ടി പുറത്തിറങ്ങി. ബസ് സ്റ്റാന്‍ഡില്‍ ചെല്ലുമ്പോള്‍ അതിരാത്രം വീണ്ടും എന്നൊരു പോസ്റ്റര്‍. ഐവി ശശി- ടി ദാമോദരന്‍ എന്നാണ് പോസ്റ്ററില്‍ അച്ചടിച്ചിരിക്കുന്നത്. ദാമോദരന്‍ തലയില്‍ കൈവച്ചു പോയി. ഞാനൊന്നു ചിരിക്കുക മാത്രം ചെയ്തു.

ഒരു കാലഘട്ടത്തില്‍ നമ്മള്‍ നല്ല സിനിമ എന്ന് അനുവദിച്ചുകൊടുത്തിരുന്നത് ചെമ്മീന്‍, സ്വയംവരം, പിറവി ഒക്കെയാണ്. ഇതിനിടയില്‍ വേറെ സിനിമകള്‍ അനുവദിച്ചിരുന്നില്ല. ഒരുപാട് കാലം കഴിഞ്ഞാണ് കെ.ജി ജോര്‍ജിന് ആ കൂട്ടത്തില്‍ ചെറിയൊരു ഇടം കിട്ടിയത്. ഒരിക്കല്‍ ചിതാനന്ദ് ദാസ് ഗുപ്തയോട് ഞാന്‍ നേരിട്ട് ചോദിച്ചിരുന്നു. അദ്ദേഹവും സത്യജിത്ത് റേയുമൊക്കെ ചേര്‍ന്നാണല്ലോ ഇന്ത്യയില്‍ ഫിലിം സൊസൈറ്റി തുടങ്ങുന്നത്. നിങ്ങള്‍ സിനിമകള്‍ തെരഞ്ഞെടുത്തതില്‍ ഒരു സംവരണം കാണിച്ചിരുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ റേ, മൃണാള്‍ സെന്‍, ഘട്ടക്ക് പിന്നെ കെ എ അബ്ബാസ് തുടങ്ങിയ കുറച്ച് ആളുകളില്‍ ഒതുങ്ങി നില്‍ക്കുന്നത്. ശാന്താറാമും ഗുരുദത്തും ഇല്ലാതെ ഇന്ത്യന്‍ സിനിമയുടെ ചരിത്രം പൂര്‍ണമാകുമോ? ബര്‍ഗ്മാനും തര്‍ക്കോവിസ്‌കിയും മാത്രമായാല്‍ ലോക സിനിമയാകുമോ, ഹിച്ച്‌കോച്ചിനെ കുറിച്ച് പറയേണ്ടേ? ചിതാനന്ദ് ദാസ് ഗുപ്ത പറഞ്ഞ മറുപടി, ജോണ്‍ പോളേ, ആ ഉദ്ദേശത്തില്‍ ചെയ്തതല്ല. അന്ന് മെയിന്‍സ്ട്രീം സിനിമാക്കാരുടെ പ്രിന്റുകള്‍ കിട്ടുമായിരുന്നില്ല. കൊമേഴ്‌സ്യല്‍ സര്‍ക്യൂട്ടില്‍ ആണ് അവ കിടക്കുന്നത്. ആര്‍ട്ട് ഫിലിം സര്‍ക്യൂട്ടിലെ ആര്‍ക്കേവ്‌സില്‍ കിട്ടുന്ന പടങ്ങള്‍ ഇവരുടെയൊക്കെ ആയതുകൊണ്ട് ആ പടങ്ങള്‍ ആവര്‍ത്തിച്ച് വന്നത്.

ഇപ്പോഴും ഫിലിം സൊസൈറ്റി സ്‌ക്രീനിംഗിന് പടങ്ങള്‍ ചോദിച്ചാല്‍ ഈ പറയുന്ന വര്‍ഗത്തില്‍പ്പെട്ടവരുടെ പടങ്ങളെ ഉണ്ടാകൂ. അല്ലാത്ത പടങ്ങള്‍ ഫിലിം സൊസൈറ്റിക്കാര്‍ സ്വന്തം ഇഷ്ടപ്രകാരം വരുത്തണം. കേരളത്തിലെ പല യൂണിവേഴ്‌സിറ്റികളിലും തിരക്കഥ പാഠഭാഗമാണ്. മുഖ്യധാര സിനിമാക്കാരില്‍ എംടിയേയും പത്മരാജനെയും മാറ്റി നിര്‍ത്തിയാല്‍ ബാക്കി എത്രപേരുടെ രചനകള്‍ ഉണ്ട്? തെരഞ്ഞെടുക്കുന്ന കൈകള്‍ അവരുടെതായ മുന്‍ഗണന കൊടുക്കുന്നതാണ്.

ഇറങ്ങി 25 വര്‍ഷം കഴിയുമ്പോഴും സന്ദേശം പോലൊരു സിനിമയൊക്കെ സീജവ ചര്‍ച്ചാ വിഷയമാണ്. നിലവാരം കൊണ്ട് പിന്നില്‍ നില്‍ക്കുന്ന സിനിമകള്‍ പോലും ഇപ്പോഴും സംവാദങ്ങള്‍ ഉണ്ടാമ്പോള്‍ ജോണ്‍ പോള്‍ സിനിമകള്‍ അതിലൊന്നും ഇല്ല?

സന്ദേശം ഇറങ്ങിയ കാലത്ത് ചര്‍ച്ച ചെയ്യാതെ പോയൊരു സിനിമയാണ്. ഇപ്പോള്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം സന്ദേശം ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുന്നത് എങ്ങനെയാണ്? അത് ചര്‍ച്ചാ വിഷയമാക്കാന്‍ ആരെങ്കിലും ശ്രമിച്ചതുകൊണ്ടുമാത്രം. അല്ലാതെ ഓര്‍ത്തെടുത്ത് ചര്‍ച്ച ചെയ്യാന്‍ മാത്രം അതിലൊരു എലിമെന്റ് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതേസമയം പഞ്ചവടിപ്പാലം വാണിജ്യ പരാജയമാണെങ്കിലും അന്നു തൊട്ട് ഇന്നോളം ഒരു വിഭാഗം അത് ചര്‍ച്ച ചെയ്യുന്നുണ്ട്. നിഴല്‍ക്കുത്ത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്‌ക്രീനിംഗ് നടത്തിയപ്പോള്‍, സിനിമ തീര്‍ന്ന് ഏഴ് മിനിട്ടോളം നിര്‍ത്താതെ കരഘോഷം ആയിരുന്നുവെന്നും നിറഞ്ഞു നിന്ന പ്രേക്ഷകര്‍ അത്രയും ഹര്‍ഷാരവത്തോടെയാണ് ആ ചിത്രത്തെ വരവേറ്റതെന്നും ഒരു മലയാളം പത്രത്തില്‍ എഴുതി കണ്ടു. വായിക്കുമ്പോള്‍ ലളിതമായൊരു സംശയം ഉണ്ടാകും. ഈ പത്രത്തിന്റെ ലേഖകന്‍ ആ സമയത്ത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്നോ? പിന്നെ എങ്ങനെ ഈ വാര്‍ത്ത എഴുതാന്‍ കഴിഞ്ഞൂ? മുന്നൂറ് പേരില്‍ കൂടുതല്‍ കയറാന്‍ പറ്റുന്ന സ്‌ക്രീനിംഗ് സെന്ററുകള്‍ അവിടെയില്ല. രാജാവായിരിക്കില്ല, രാജാവിനെക്കാള്‍ രാജഭക്തിയുള്ളവര്‍ ആയിരിക്കാം ഇതൊക്കെ പറഞ്ഞുകൊടുത്ത് എഴുതിപ്പിക്കുന്നത്.

ബാബേല്‍ ചെയ്തു കഴിഞ്ഞ് ഏഴു വര്‍ഷം അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റു മറ്റൊരു സിനിമ ചെയ്തില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ റൈറ്ററുമായി മാനസികമായി തെറ്റിയതാണ് കാരണം. കോതമംഗലത്ത് ഒരു ഫിലിം സൊസൈറ്റിയുടെ ചര്‍ച്ചയ്ക്കു പോയപ്പോള്‍ ഞാന്‍ നേരിട്ട ഒരു ചോദ്യം ഇനാരിറ്റുവിന്റെ പുതിയ സിനിമ വല്ലതും അനൗണ്‍സ് ചെയ്‌തോ എന്നായിരുന്നു. ഇതേ ചോദ്യം വയനാട്ടിലെ ഒരു റിമോര്‍ട്ട് ഏരിയായില്‍ നിന്നും ഞാന്‍ കേട്ടൂ. ഏതോ ഒരു രാജ്യത്തെ ഒരു ഫിലിം മേക്കറുടെ പടം കണ്ട് ആവേശം കയറി ഏഴു വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പടം വരുന്നില്ലേ എന്ന് ഉത്കണ്ഠയോടെ ചോദിക്കുന്നത് കേരളത്തിലെ കുഗ്രാമങ്ങളിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരാണ്. ഇതേ ചോദ്യം മറ്റേതെങ്കിലും രാജ്യത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഏതെങ്കിലും ഫിലിം ആക്ടിവിസ്റ്റ് മലയാളത്തിലെ ഒരു സംവിധായകനെ കുറിച്ച് ചോദിക്കുമോ? അവിടെയാണ് ഒരു ഡയറക്ടര്‍ ഇന്റര്‍നാഷണല്‍ ആകുന്നത്. അല്ലാതെ ഫെസ്റ്റിവലില്‍ പാറിപ്പറക്കുന്ന കൊടികളുടെ പേരില്‍ അല്ല. ഇന്ത്യന്‍ സിനിമയുടെയോ മലയാള സിനിമയുടെയോ കൊടി അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്നു പറക്കുന്നതിന് കാരണമായ ഒരൊറ്റ മലയാളി ഉള്ളത് പി കെ നായര്‍ ആണ്. വേള്‍ഡ് വൈഡ് ഫിലിം ഫെസ്റ്റിവല്‍സില്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള റഫറല്‍ ബോഡിയായി അവര്‍ ബന്ധപ്പെടുന്നത് പി കെ നായരെയായിരുന്നു. ഫിലിം ഫെസ്റ്റിവല്‍ സര്‍ക്കിളുകളില്‍ ആഘോഷിക്കപ്പെടുന്നവയാണ് ലോക സിനിമ പ്രേക്ഷകന്‍ മനസില്‍ ഏറ്റെടുക്കുന്നതെന്നു കരുതരുത്. ഏഴുവര്‍ഷത്തിനുശേഷം ഇനാരിറ്റു ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ, അതിന്റെ സംഘാടക സമിതിക്ക് ഇനാറിറ്റു ആരാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

എന്റെ കാര്യത്തിലാണെങ്കില്‍, എവിടെയും ചര്‍ച്ച ചെയ്യണമെന്ന് ആഗ്രഹിച്ച് ഒന്നും എഴുതിയിട്ടില്ല. എന്റെ കൂടെ വന്ന സംവിധായകര്‍ ഒരേപോലെ സ്വപ്‌നം കണ്ടപ്പോള്‍ നല്ല സിനിമകള്‍ ഉണ്ടായതാണ്. സെല്‍ഫിഷ് ആയ അജണ്ടകള്‍ ഇല്ലാതെ ഡെഡിക്കേറ്റഡ് ലഹരിയില്‍ ഉള്ള എഴുത്തുകള്‍ ആയിരുന്നു അതിനെല്ലാം പിന്നില്‍. ഏകലക്ഷ്യം മനുഷ്യന് വ്യത്യസ്തമായ വൈകാരിക അനുഭവം നല്‍കുന്ന സിനിമയായാരിക്കണം എന്നതായിരുന്നു.

ആരാലൊക്കെയോ മനഃപൂര്‍വം മാറ്റി നിര്‍ത്തപ്പെടുന്ന ചലച്ചിത്രകാരനാണോ ജോണ്‍ പോള്‍?

മാതൃഭൂമിയില്‍ എനിക്കറിയാവുന്ന രീതിയില്‍ പത്മരാജനെ കുറിച്ച് എഴുതിയിരുന്നു. അതേ പേന വച്ചു തന്നെ മോഹനെയും മറ്റു പലരെക്കുറിച്ചും എഴുതി. അതിന്റെ പേരില്‍ ഇവിടുത്തെ പ്രാമാണിക വിമര്‍ശകര്‍ കത്തുകളിലൂടെ തെറിയഭിഷേകം നടത്തി. തനിക്ക് അവസരം തന്ന എല്ലാ സംവിധായകരെ കുറിച്ചും സ്തുതി പാടുകയാണോ, പത്മരാജനെ കുറിച്ച് ഇങ്ങനെയൊഴുതാന്‍ താന്‍ ആരാണ് എന്നൊക്കെയാണ് ചോദ്യങ്ങളും ആക്രോശങ്ങളും. പത്മരാജന് എന്നെ അറിയാമായിരുന്നു. എനിക്ക് പത്മരാജനെയും. എന്റെ വാക്കുകള്‍ക്ക് മറ്റുപലരുടെതിനെക്കാളും കൂടുതല്‍ ആ മനുഷ്യന്‍ വില കല്‍പ്പിച്ചിരുന്നു. തെറി വിളിച്ചവരുടെ വിഷമം അവരുടെ കുത്തകയായ മേഖലയില്‍ ഞാന്‍ എഴുതാന്‍ ചെന്നതിലായിരുന്നു.

എന്റെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സഹിക്കാന്‍ പറ്റാത്തവരുണ്ട്. കാലം എന്നോട് കാണിച്ച കനിവ്, സ്തുതിഘോഷങ്ങളില്‍ വീണുപോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കിയില്ലെന്നതാണ്. എന്റെ സിനിമകള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഞാനാരെയും കാണാന്‍ പോയിട്ടില്ല. ഒരു സിനിമ പോലും ചെയ്യാതെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പവലിയനുകള്‍ക്കു മുന്നില്‍ നിന്നും ഫോട്ടോയെടുത്ത് ഞാനും ഒരു അന്താരാഷ്ട്ര ഫിലിം മേക്കര്‍ ആണെന്നു പറയുന്നവര്‍ക്കിടയില്‍ ഞാനെന്തിന് എന്നെ വില്‍ക്കാന്‍ പോകണം? കോളേജുകളില്‍ യുജിസി ആനുകൂല്യത്തോടെ ഫിലിം സെമിനാറുകള്‍ നടത്താറുണ്ട്. വളരെ അപൂര്‍വമായി, അതും എന്നെ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ചില പ്രൊഫസര്‍മാരുടെ നിര്‍ബന്ധത്തില്‍- മാത്രമാണ് അത്തരം സെമിനാറുകളില്‍ എന്നെ ക്ഷണിച്ചിട്ടുള്ളത്. മിക്കയിടങ്ങളിലും സ്ഥിരം മുഖങ്ങളാണ് ക്ഷണിതാക്കള്‍ ആകുന്നത്. അവര്‍ ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ കൂട്ടത്തില്‍ ഒരിക്കലും എന്റെ സിനിമകള്‍ ഉണ്ടാവില്ല.

ഭരതന്‍ എന്റെ ആത്മസുഹൃത്ത് ആയിരുന്നു. ആ ജീവിതത്തിന്റെ ഏതെല്ലാം ഘട്ടങ്ങളില്‍ ഞാന്‍ ഉണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ആത്മാവിനെങ്കിലും അറിയാം. പക്ഷേ, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഭരതന്റെ പത്‌നി അഭിമുഖം കൊടുത്തപ്പോള്‍-അതൊരു പുസ്തകമായി ഇറങ്ങുകയും ചെയ്തു- ആ സംഭാഷണത്തില്‍ ഒരിടത്തുപോലും ജോണ്‍ പോള്‍ എന്ന വാക്ക് അവര്‍ മിണ്ടിയിട്ടില്ല. അവരുടെ ദാമ്പത്യ ജീവിതം നഷ്ടപ്പെട്ടുപോകുമായിരുന്ന പലഘട്ടങ്ങളിലും ശാസിച്ചും സമ്മര്‍ദ്ദം ചെലുത്തിയും വീണ്ടും ഒരുമിപ്പിച്ച ആളാണ് ഞാന്‍. അവരുടെ ജീവിതത്തില്‍ ഒരുപാട് അഗ്നിപരീക്ഷണങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളില്‍ വേറെ ആരും ഇല്ലാതിരുന്നപ്പോഴും ഒപ്പം നിന്നൊരാളാണ് ഞാന്‍. ആ എന്റെ പേര് അവരുടെ നാവില്‍ വന്നില്ല. എനിക്ക് പടങ്ങളൊന്നുമില്ല, എന്നെ പ്രീതിപ്പെടുത്തിയിട്ട് ഒന്നും നേടാനില്ലെന്നു മനസിലായിട്ടാവും.

സിനിമ എനിക്ക് തന്നതിന്റെ ഇരട്ടി ഇപ്പോള്‍ ചാനല്‍ തരുന്നുണ്ട്. എന്റെ പ്രോഗ്രാമില്‍ കൂടി. എവിടെ പോയാലും നാലഞ്ച് പേരെങ്കിലും കാണാന്‍ വരും. സിനിമയില്‍ തിരക്കായിരുന്ന കാലത്തെക്കാള്‍ കൂടുതല്‍ സന്തോഷം ഇപ്പോഴുണ്ട്. ഒരു പാത്രത്തില്‍ വിളമ്പിയത് മറിഞ്ഞുപോയെങ്കിലും മറ്റേ പാത്രത്തില്‍ പാതി വിളമ്പിയത് നിറഞ്ഞു വരുന്നുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍