UPDATES

സിനിമ

അരവിന്ദന്റെ അതിഥികളുടെ തിരക്കഥാകൃത്ത് രാജേഷ് രാഘവന്‍ തുറന്നു പറയുന്നു; പലവട്ടം, പലയിടങ്ങളിലായി അപമാനിക്കപ്പെട്ടിട്ടുണ്ട്-അഭിമുഖം

മരണമൊഴിച്ച് എല്ലാം അനുഭവിച്ചവന്‍, ഞാനെഴുതിയ ആദ്യ തിരക്കഥ എന്റെ ജീവിതമാണ്

മൂകാംബിക ഓരോരുത്തര്‍ക്കും അവരുടേതായ സ്വകാര്യ അനുഭവമാണ്. തീര്‍ത്ഥാടകരായി, സഞ്ചാരികളായി, കാഴ്ച്ചക്കാരായി അങ്ങനെ പലരൂപത്തിലാണ് ഓരോ ആളും മുകാംബികയില്‍ എത്തുന്നത്. പതിനായിരിക്കണക്കിന് ജനങ്ങള്‍ക്കിടയില്‍ തീര്‍ത്തും ഏകനായി, പൂര്‍ണ നിശബ്ദതയില്‍ ലയിച്ചു പോലും നമുക്ക് മൂകാംബികയില്‍ നില്‍ക്കാന്‍ കഴിയും. അത് മൂകാംബികയുടെ മാത്രം പ്രത്യേകതയാണ്. മുന്‍കൂട്ടി തയ്യാറായല്ല രാജേഷ് രാഘവന്‍ മൂകാംബികയില്‍ ആദ്യം എത്തുന്നത്. പിന്നീട് എത്രവട്ടം അവിടെ പോയിട്ടുണ്ടെന്ന് ഓര്‍ത്തു പറയാന്‍ കഴിയുന്നില്ല. പല രൂപത്തില്‍ അവിടെയെത്തി, ചിലപ്പോള്‍ ഭക്തനായി, ചിലപ്പോള്‍ വെറും കാഴ്ച്ചക്കാരനായി, ഒരു സഞ്ചാരിയായി പല തവണയെത്തി… ഉറപ്പിച്ചു പറയാനുള്ള ഒരു കാര്യം, അത്രമേല്‍ ബന്ധപ്പെട്ടിട്ടുണ്ട് സ്വജീവിതത്തോട് മൂകാംബിക എന്നതു മാത്രമാണ്. അരവിന്ദന്റെ അതിഥികള്‍ എന്ന ചലച്ചിത്രം പ്രേക്ഷകന് ഹൃദ്യമായൊരു അനുഭവമാകുമ്പോള്‍ ‘മനസ് കൊണ്ടാണ് ഞാന്‍ ആ സിനിമ എഴുതിയത്’ എന്ന രാജേഷിന്റെ ഒറ്റ വാചകത്തില്‍ അതിന്റെ കാരണം വ്യക്തമാകും. എം മോഹന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയുടെ രചയിതാവായ രാജേഷ് രാഘവന്‍ സംസാരിക്കുന്നു…

അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയിലെ പ്രധാനകഥാപാത്രമായ അരവിന്ദനില്‍ രാജേഷിന്റെ ജീവിതാംശവും ഉണ്ടെന്ന് കേട്ടു. അതുകൊണ്ട് അരവിന്ദനില്‍ നിന്നല്ല, രാജേഷില്‍ നിന്നു തന്നെ പറഞ്ഞു തുടങ്ങാം…

മാവേലിക്കരയിലെ വെട്ടിയാര്‍ എന്ന ഗ്രാമത്തിലാണ് ജനനം. ആ നാടിന് ഞാനെന്റെ കുട്ടിക്കാലത്ത് കണ്ടൊരു പ്രത്യേകയുണ്ട്. സ്വന്തം ജീവിതം ചെറുപ്പത്തില്‍ തന്നെ കരുപിടിപ്പിക്കാന്‍ വ്യഗ്രത കൂട്ടുന്നവരായിരുന്നു അവിടെ കൂടുതലും. പത്താം ക്ലാസ് കഴിയുന്നതോടെ, മിക്കവരും കേരളത്തിനു വെളിയിലേക്ക് വണ്ടി കയറും. ബോംബെയിലോ ഡല്‍ഹിയിലോ അങ്ങനെ എവിടെയെങ്കിലുമായി ഒരു ജോലി നേടുക, അതിലൂടെ ജീവിതം ഉണ്ടാക്കുക. മറ്റു ചിലരാകട്ടെ, പട്ടാളക്കാരാകാനാണ് തയ്യാറെടുപ്പുകള്‍ നടത്തുക, കുറച്ചു കൂടി ബന്ധങ്ങളൊക്കെയുള്ളവര്‍ ഗള്‍ഫിലേക്ക് പറക്കാന്‍ നോക്കും. ഞാന്‍ ആ വഴിയിലേക്ക് ഇറങ്ങിയില്ല. പഠിക്കണം എന്നതായിരുന്നു ആഗ്രഹവും അതിനായിട്ടായിരുന്നു ശ്രമങ്ങളും. പത്താം ക്ലാസില്‍ ആ പ്രദേശത്ത് തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ജയിക്കാന്‍ സാധിച്ചു. അവിടെ കൊണ്ട് നിര്‍ത്താതെ തുടര്‍ന്നു പഠിക്കണമെന്നു തന്നെയായിരുന്നു തീരുമാനം. പല കാരണങ്ങളാലും ജീവിതത്തില്‍ തിരിച്ചടികള്‍ മാത്രം നേരിട്ടിരുന്ന അവസ്ഥയായിരുന്നിട്ടും പഠിച്ചു.

പഠനത്തില്‍ മാത്രമായിരുന്നോ ശ്രദ്ധ?

പഠനമായിരുന്നു പ്രധാനം. അതിനൊപ്പം തന്നെ വായനയിലും കലാപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടില്‍ ലൈബ്രറികള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് നാലും അഞ്ചും കിലോമീറ്ററുകള്‍ സൈക്കിളിലും നടന്നും മറ്റും പോയി പുസ്‌കങ്ങള്‍ വായിക്കുമായിരുന്നു. വായന ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിനൊപ്പമാണ് കലാപ്രവര്‍ത്തനങ്ങള്‍. നാടകമെഴുത്ത്, അഭിനയം, സംവിധാനം, പിന്നെ മിമിക്രി…അങ്ങനെ. സ്‌കൂളിലും നാട്ടിലുമൊക്കെ നാടകാഭിനയിത്തിലും നാടകം എഴുതി സംവിധാനം ചെയ്യുന്നതിലുമൊക്കെ സജീവമായിരുന്നു. കലയോടുള്ള ഇഷ്ടം മാത്രമല്ലായിരുന്നു അതിനു പിന്നില്‍, ഒരു ജീവിതമാര്‍ഗം കൂടിയായിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി നാടകം എഴുതി കൊടുക്കുമ്പോഴും സംവിധാനം ചെയ്തു കൊടുക്കുമ്പോഴുമെല്ലാം എന്തെങ്കിലും പ്രതിഫലം കിട്ടും. പഠനത്തിനും ജീവിതത്തിനും അത് വളരെ സഹായകമായിരുന്നു.

ആ പ്രായത്തില്‍ പഠിക്കാനും ജീവിക്കാനും സ്വയം വഴികള്‍ കണ്ടെത്തേണ്ടി വരിക എന്നു പറഞ്ഞാല്‍?

വളരെ ചെറുപ്പത്തില്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ, അങ്ങനെ പറയേണ്ട, 12 വയസായപ്പോള്‍ തൊട്ട് ജീവിതത്തില്‍ ഇന്‍ഡിപെന്‍ഡന്റ് ആയ ഒരാള്‍ ആണ് ഞാന്‍. ആ പ്രായത്തിലുള്ള ഒരു കുട്ടി അനുഭവിക്കേണ്ടതായുള്ള സുഖങ്ങളും സുരക്ഷിതത്വവും എനിക്ക് സങ്കല്‍പ്പങ്ങളായിരുന്നു. രണ്ടു വഴികളാണ് അത്തരമൊരു കുട്ടിയുടെ മുന്നില്‍ വരിക; ഒന്ന്, വഴി തെറ്റി സഞ്ചരിക്കുക, ജീവിതത്തോട തോറ്റ് കൊടുത്ത്, കള്ളനോ ക്രിമിനലോ ആയി മാറുക. രണ്ടാമത്തേത്, പ്രതിസന്ധികള്‍ നിറഞ്ഞതെങ്കിലും ജയിക്കാനായി മുന്നോട്ടു പോകാനുള്ളത്. ജീവിതത്തില്‍ തോറ്റു പോകരുതെന്ന തീരുമാനം ഉണ്ടായിരുന്നു, ആരും ആകാതെ പോകരുത് എന്ന വാശിയുണ്ടായിരുന്നു. ജയിക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്ന ബോധ്യവും ഉണ്ടായിരുന്നു. അതുകൊണ്ടെല്ലാമാണ് ഇവിടെ വരെ എത്തിനില്‍ക്കുന്നത്. ഇതുവരെയുള്ള ജീവിതത്തില്‍ മരണം ഒഴിച്ചുള്ളതെല്ലാം അനുഭവിച്ചവനാണ് ഞാന്‍. തോറ്റു പോകരുതെന്ന് തീരുമാനിച്ചു മുന്നോട്ടു പോകുമ്പോഴും പലവട്ടം കാലിടറിയിട്ടുണ്ട്, വഴി തെറ്റിപ്പോയിട്ടുണ്ട്. ആത്മഹത്യ ചെയ്യാനാണെങ്കില്‍ ഇതിനകം എത്രവട്ടം അതിനുള്ള സന്ദര്‍ഭങ്ങളിലേക്ക് ജീവിതം പോയിട്ടുണ്ട്, പക്ഷേ, തിരിച്ചു വന്നു. പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി പഠിക്കാന്‍ പോകുന്നത് പട്ടാമ്പി കോളേജിലാണ്. അവിടെ പഠിക്കുമ്പോള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പെട്ടു. അതിനിടയിലും പഠിത്തം കൈവിട്ടിരുന്നില്ല, നല്ല മാര്‍ക്കോടെ തന്നെ പ്രീഡിഗ്രി ജയിച്ചു. ഇനിയും അവിടെ നിന്നാല്‍ എല്ലാം തകരുമെന്ന് സ്വയം മനസിലാക്കിയാണ് തിരികെ പോരുന്നത്. ഡിഗ്രിക്ക് കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ ഏതെങ്കിലും കോളേജില്‍ പ്രവേശനം നേടാനാണ് ആഗ്രഹിച്ചതെങ്കിലും അഡ്മിഷന്‍ ടൈം കഴിഞ്ഞു പോയതിനാല്‍ ഒരു പാരലല്‍ കേളേജിലായിരുന്നു ബി കോം ചെയ്തത്. നല്ല മാര്‍ക്ക് നേടി ഡിഗ്രി ജയിച്ചു.

ഡിഗ്രി കഴിഞ്ഞാണോ സിനിമ സ്വപ്‌നം മനസില്‍ കയറുന്നത്?

കുട്ടിക്കാലം കലയോടുള്ള താത്പര്യവും പിന്നെ നിരന്തരമായ വായനയും ഒപ്പമുണ്ടായിരുന്നുവെങ്കിലും സിനിമ സ്വപ്‌നമൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. ഒരു സാധാരണ സിനിമാ കാഴ്ചക്കാരന്‍ മാത്രം. ഡിഗ്രി കഴിഞ്ഞ് തുടര്‍ന്ന് പഠിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതായതോടെ ജോലിയന്വേഷിച്ച് ഇറങ്ങി. ആദ്യം കിട്ടിയ ജോലി ബാറിലാണ്. ചെങ്ങന്നൂര്‍ രാജ് ഇന്റര്‍നാഷണലിലെ ബാറിലെ കൗണ്ടര്‍ ബോയി ആയി. അഞ്ഞൂറു രൂപ ശമ്പളത്തില്‍. അതുപയോഗിച്ചാണ് പിന്നെ പഠിച്ചത്. പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല, മാര്‍ക്കറ്റിംഗില്‍ ഒരു കോഴ്‌സ് ചെയ്തു. അങ്ങനെയാണ് ഒരു അഡ്വര്‍ടൈസിംഗ് സ്ഥാപനത്തില്‍ ജോലിക്കു കയറുന്നത്. അവിടെ നിന്നും മംഗളം പത്രത്തിന്റെ കൊച്ചി യൂണിറ്റില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി കിട്ടി. മംഗളത്തില്‍ നിന്നും മാതൃഭൂമിയില്‍ എത്തിയശേഷമാണ് സിനിമയുമായി ബന്ധപ്പെടുന്നത്.

അതെങ്ങനെയാണ്?

പാലക്കാട് മാതൃഭൂമിയിലായിരുന്നു. അവിടെവച്ചാണ് മകന്റെ അച്ഛന്‍ എന്ന സിനിമ എഴുതിയ സംജദ് നാരായണനെ പരിചയപ്പെടുന്നത്. ആ ബന്ധമാണ് സിനിമ ചര്‍ച്ചകളിലേക്ക് എന്നെ കൂട്ടുന്നത്. സംജദിനെ കാണാന്‍ സിനിമാക്കാര്‍ പലരും വരും. അവര്‍ക്കൊപ്പം ഇരിക്കാനും സംസാരിക്കാനും ക്ഷണം കിട്ടി. അങ്ങനെയാണ് സിനിമയോട് താത്പര്യം കൂടുന്നത്. ഞാന്‍ ചില കഥകളൊക്കെ ഉണ്ടാക്കി സംജദിനോട് പറയും, അതിലൊരു സിനിമയുണ്ടെന്ന് സംജദ് പറയും. സംജദിന്റെ സുഹൃത്തായിട്ടാണ് ലാല്‍ ജോസിന്റെ അസോസിയേറ്റായിരുന്ന നിധീഷുമായി പരിചയപ്പെടുന്നത്. പിന്നീട് ഞാന്‍ പാലക്കാട് നിന്നും കോട്ടയേത്ത് മാറി.

"</p

ആദ്യ സിനിമ സംഭവിക്കുന്നത് എങ്ങനെയാണ്?

ജീവിതത്തില്‍ അന്നേവരെ ഒരു തിരക്കഥ കണ്ടിട്ടുപോലുമില്ലാത്ത എനിക്ക് അത് എഴുതേണ്ടി വരികയായിരുന്നു. കാഴ്ച എന്ന സിനിമയുടെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ച തിരക്കഥ വായിച്ചു മനസിലാക്കിയാണ് ഞാന്‍ എഴുതുന്നത്. തിരക്കഥ വായിച്ച ശേഷം ജയസൂര്യ എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു, മലയാള സിനിമയിലേക്ക് ഞാനൊരു തിരക്കഥാകൃത്തിനെ സ്വാഗതം ചെയ്യുന്നു…

ആ വാക്കും, ആദ്യ സിനിമ യാഥാര്‍ത്ഥ്യമാകുന്നുവെന്ന തിരിച്ചറിവും വലിയ സന്തോഷം തന്നിരിക്കുമല്ലോ?

വാസ്തവം പറഞ്ഞാല്‍, ആ തിരക്കഥ മോശമാണെന്നായിരുന്നു മറുപടിയെങ്കിലും ആ സിനിമ നടന്നില്ലായിരുന്നുവെങ്കിലും എന്നെ ഒരു തരത്തിലും ബാധിക്കില്ലായിരുന്നു. എനിക്ക് മാതൃഭൂമിയില്‍ ജോലിയുണ്ട്. സിനിമ എഴുതിയാലും ഇല്ലെങ്കിലും പ്രശ്‌നമല്ല.

വാധ്യര്‍ക്ക് ശേഷം പിന്നെയും എഴുതിയല്ലോ….

സുഗീത് വാധ്യാറിന്റെ സ്‌ക്രിപ്റ്റ് വായിച്ചിരുന്നു. ആ സമയം ഓര്‍ഡിനറി റിലീസിന് തയ്യാറെടുക്കുകയാണ്. എന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ട് സുഗീത് പറഞ്ഞത് നീ എനിക്കു വേണ്ടി എഴുതണം എന്നായിരുന്നു. അങ്ങനെയാണ് ത്രീ ഡോട്‌സിന്റെ തിരക്കഥ ചെയ്യുന്നത്. കഥ സുഗീതിന്റെ ആയിരുന്നു. ത്രീ ഡോട്‌സിനു ശേഷം ഒന്നും മിണ്ടാതെ, സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്നീ ചിത്രങ്ങളും അരവിന്ദന്റെ അതിഥികള്‍ക്ക് മുമ്പായി എഴുതി.

പക്ഷേ, നാല് സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയല്ലോ?

ത്രീ ഡോട്‌സ് മാത്രമാണ് കൊമേഴ്‌സ്യല്‍ വിജയം നേടിയതെന്നു പറയാം. വാധ്യര്‍ എനിക്ക് സംതൃപ്തി നല്‍കിയ സ്‌ക്രിപ്റ്റ് തന്നെയായിരുന്നു. ഒന്നും മിണ്ടാതെ ആലോലം എന്ന സിനിമയുടെ സ്റ്റോറ്റി അഡാപ്റ്റ് ചെയ്ത സിനിമയാണ്. അതും വേണ്ടത്ര ശ്രദ്ധ തിയേറ്ററില്‍ നേടിയില്ല. സ്വര്‍ഗത്തേക്കാള്‍ സുന്ദരം ഞാന്‍ തന്നെ എഴുതിയ ഒരു ചെറുകഥ സിനിമയാക്കിയതാണ്. അതൊരു ഓഫ് ബീറ്റ് മൂഡില്‍ ഉള്ളതാണ്. ശ്രീനിവാസന്‍, ലാല്‍, ജോയ് മാത്യു എന്നിവരൊക്കെയാണ് പ്രധാനകഥാപാത്രങ്ങളായി വന്നത്. അവര്‍ക്കെല്ലാം ഇഷ്ടപ്പെട്ട സ്‌ക്രിപ്റ്റുമായിരുന്നു. ഒരു തിരക്കഥയുടെ ക്രാഫ്റ്റ് മനസിലാക്കിയെഴുതിയ സിനിമയും അതായിരുന്നു. പക്ഷേ, അതും വേണ്ടത്ര ശ്രദ്ധ നേടിയില്ല.

നാല് സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയെന്നാല്‍, പിന്നെ ഒരു തിരക്കഥാകൃത്തിന് ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കുക വളരെ പ്രയാസമല്ലേ?

ഒന്നും മിണ്ടാതെ കഴിഞ്ഞപ്പോള്‍ മാതൃഭൂമിയിലെ ജോലി ഞാന്‍ രാജിവച്ചു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്, വാടക വീട്ടിലാണ് കഴിയുന്നത്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെയുള്ള ഭാരമുണ്ട്. ആ യാഥാര്‍ത്ഥ്യങ്ങളെല്ലാം മനസിലാക്കി തന്നെയാണ് മാതൃഭൂമിയിലേ ജോലി എന്ന കംഫര്‍ട്ട് സോണില്‍ നിന്നും ഞാന്‍ ഇറങ്ങി പോരുന്നത്. ഇനിയൊരു സിനിമ കിട്ടുമോയെന്ന് തന്നെ ഉറപ്പില്ല. നന്നായി എഴുതുമെങ്കിലും രാശിയില്ലാത്തവന്‍ എന്ന പേരും എനിക്ക് സിനിമ മേഖലയില്‍ വീണു കഴിഞ്ഞിരുന്നു. പക്ഷേ, ഞാന്‍ എന്നെ തന്നെ വിശ്വസിച്ചിരുന്നു. എനിക്കൊരു ഹിറ്റ് ചിത്രം എഴുതാന്‍ കഴിയും. അതിനുവേണ്ടി കഠിനമായി പരിശ്രമിക്കും. ഒന്നും നടന്നില്ലെങ്കില്‍ എല്ലാം വിട്ട് മറ്റെന്തിനെങ്കിലും പോകും, നിങ്ങളെ നിരാശരാക്കില്ലെന്ന് ഞാന്‍ കുടുംബത്തോട് പറഞ്ഞിരുന്നു.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു മുന്നിലും സിനിമയില്‍ തുടരും ഞാന്‍ എന്ന് വിശ്വസിക്കാന്‍ കാരണം?

ഒരു  ഹിറ്റ് ഞാന്‍ എഴുതുമെന്ന് എനിക്കറിയാമായിരുന്നു. ആ വിശ്വാസമാണ് മുന്നോട്ടു കൊണ്ടു പോയത്. ഒന്നും മിണ്ടാതെ എഴുതുന്നവരെ സിനിമയാണ് എന്റെ ജീവിതമെന്ന് ഞാന്‍ കരുതിയിരുന്നില്ല. അതിനുശേഷം, മാതൃഭൂമിയിലെ ജോലി കളഞ്ഞതിനുശേഷമാണ് ഇതാണ് എന്റെ വഴിയെന്നു ഞാന്‍ തീരുമാനിക്കുന്നതും അതിനുവേണ്ടി പരിശ്രമിക്കുന്നതും.

സ്വര്‍ഗത്തെക്കാള്‍ സുന്ദരം എന്ന സിനിമയുടെ കഥ ശ്രീനിവാസനോട് പറഞ്ഞപ്പോള്‍, കഥ കൊള്ളാം തിരക്കഥ വായിച്ചിട്ട് ഞാന്‍ ബാക്കി പറയാം എന്നായിരുന്നു മറുപടി. പിന്നെ ഞങ്ങള്‍ തിരക്കഥയുമായി ശ്രീനിയേട്ടന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഭാര്യ വിമല ടീച്ചര്‍ വന്നാണ് തിരക്കഥ വാങ്ങിയത്. ശ്രീനിയേട്ടന് പനിയാണെന്നാണ് പറഞ്ഞത്. പുറത്തിറങ്ങുമ്പോള്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ക്ലിന്റന്‍ പെരേര ചില സംശയങ്ങള്‍ പറഞ്ഞു, വീട്ടില്‍ ഉണ്ടായിട്ടും ശ്രീനിയേട്ടന്‍ വരാതിരുന്നത് ഒരുപക്ഷേ അദ്ദേഹത്തിന് ഈ സിനിമ ചെയ്യാന്‍ താത്പര്യമില്ലാത്തതുകൊണ്ടായിരിക്കാമെന്നൊക്കെ ഞങ്ങള്‍ പേടിച്ചു. വൈകുന്നേരം അഞ്ചര ആറുമണിയോടടുത്താണ് തിരക്കഥ ഞങ്ങള്‍ ഏല്‍പ്പിച്ചത്. രാത്രി ഒരു എട്ടുമണിയോടെ ക്ലിന്റന്‍ എന്നെ വിളിച്ചു. തിരക്കഥ നന്നായിട്ടുണ്ട്, താന്‍ അഭിനയിക്കാമെന്ന് ശ്രീനിയേട്ടന്‍ പറഞ്ഞെന്ന വിവരമായിരുന്നു ഞാന്‍ ഫോണില്‍ കൂടി കേട്ടത്. ആ വാക്കുകള്‍ എനിക്ക് നല്‍കിയ സന്തോഷവും ആത്മവിശ്വാസവും വലുതായിരുന്നു. ശ്രീനിയേട്ടനെ പോലൊരാള്‍ ആണ് എന്റെ തിരക്കഥയ്ക്ക് മാര്‍ക്കിട്ടത്. പക്ഷേ ആ സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല.

ആ പരാജയവും തകര്‍ത്തില്ലേ?

എല്ലാം കൈവിട്ട് പോയി എന്ന സാഹചര്യം തന്നെയാണ് ആ ചിത്രത്തിന്റെ പരാജയവും സൃഷ്ടിച്ചത്. സിനിമ നിര്‍ത്തി പോകാന്‍ ഒരുപാട് കാരണങ്ങള്‍ എന്റെ മുന്നില്‍ നിരന്നു. പക്ഷേ, അതിന്റെ ഫ്രസ്‌ട്രേഷനിലേക്ക് വീണുപോയാല്‍ ഞാന്‍ തീര്‍ന്നു എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ആ ഘട്ടത്തെ അതിജീവിക്കാനാണ് ഓരോ നിമിഷവും പ്രയത്‌നിച്ചത്. എന്ത് സ്ട്രഗിള്‍ ചെയ്താല്‍ ഞാന്‍ ഇവിടെ നില്‍ക്കുമെന്ന് തീരുമാനിച്ചു. തിരക്കഥ എന്നത് ഒരു ആര്‍ട് മാത്രമല്ല, ക്രാഫ്റ്റ് കൂടിയാണെന്ന് സ്വര്‍ഗത്തെക്കാള്‍ സുന്ദരം എഴുതിയപ്പോള്‍ ഞാന്‍ മനസിലാക്കിയിരുന്നു. ഒരു ക്രാഫ്റ്റ് വര്‍ക്ക് എന്ന നിലയില്‍ എനിക്ക് സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു അത്. കൂടുതല്‍ പഠിക്കേണ്ടതുണ്ടെന്നും മനസിലാക്കി. ലോക സിനിമകള്‍ ഉള്‍പ്പെടെ കാണാനും കണ്ട് പഠിക്കാനും തുടങ്ങി. തിരക്കഥയുടെ രീതികള്‍ പഠിച്ചു, ഒരു ക്രാഫ്റ്റ് എങ്ങനെ സ്വായത്തമാക്കാമെന്ന് അറിയാന്‍ തുടങ്ങി. പല പുസ്തകങ്ങളും വായിച്ചു. യൂട്യബിലും മറ്റുമായി തിരക്കഥ എഴുത്തിനെ കുറിച്ചുള്ള ക്ലാസുകളും മറ്റും കണ്ട് മനസിലാക്കി. അതിന്റെയെല്ലാം ഫലമാണ് അരവിന്ദന്റെ അതിഥികള്‍. തിരക്കഥയുടെ ക്രാഫ്റ്റ് മനസിലാക്കി എഴുതിയ തിരക്കഥയാണ് അരവിന്ദന്റെ അതിഥികള്‍.

അരവിന്ദന്റെ അതിഥികളുടെ കഥ എങ്ങനെയാണ് കിട്ടുന്നത്?

അരവിന്ദന്‍ എന്ന കഥാപാത്രമാണ് എന്റെ മനസില്‍ ആദ്യം ഉണ്ടാകുന്നത്. വാധ്യര്‍ എഴുതുന്നതിനു മുന്നേ തന്നെ അരവിന്ദന്‍ എന്റെയുള്ളില്‍ ഉണ്ട്. ഒരുപക്ഷേ ഞാന്‍ തന്നെയാണ് അരവിന്ദന്‍. അതല്ലെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ള ഒരാള്‍. നമ്മളെല്ലാവരും തന്നെ അരവിന്ദനെ കണ്ടിട്ടുണ്ട്. ഒന്നുകില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ വച്ച്. അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷനിലോ ആശുപത്രിയിലോ ലോഡ്ജിലോ വഴിയോരൊത്തോ എവിടെയെങ്കിലുമൊക്കെ വച്ച്. ആര്‍ക്കുവേണമെങ്കിലും സഹായം ചെയ്യാന്‍ തയ്യാറായി, ഒന്നും തിരിച്ച് ആഗ്രഹിക്കാതെ, മറ്റുള്ളവരുടെ സന്തോഷം തന്റെ സന്തോഷമായി അനുഭവിക്കുന്ന അരവിന്ദന്‍മാര്‍ നമ്മുടെയെല്ലാം ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. നാം അവരെ മറന്നു പോയിരിക്കാം, അതല്ലെങ്കില്‍ അറിയാതെ പോയിരിക്കാം…അത്തരത്തിലൊരു അരവിന്ദനിലൂടെയാണ് ഞാന്‍ ആ സിനിമ എഴുതുന്നത്.

അരവിന്ദന്‍ ആദ്യം മുതല്‍ മനസില്‍ ഉണ്ടായിട്ടും അത് അഞ്ചാമത്തെ സിനിമ ആയാണ് അത് സംഭവിക്കുന്നത്? എന്തുകൊണ്ട്?

ഒന്നും മിണ്ടാതെ കഴിഞ്ഞ് സുഗീതുമായി ചേര്‍ന്ന് ആ കഥ ചെയ്യാമെന്ന് ഒരു പ്ലാന്‍ ഉണ്ടായിരുന്നു. അമ്പലത്തിനടത്ത് ഒരു കട നടത്തുന്ന ചെറുപ്പക്കാരനായാണ് അരവിന്ദനെ അന്ന് രൂപപ്പെടുത്തിയത്. അത് പിന്നീട് വര്‍ക്ക് ഔട്ട് ആയില്ല. ഈ സമയം തൊട്ട് ഷാജി കാവനാട് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറോട് ഈ കഥ ഞാന്‍ പറയുമായിരുന്നു. ഷാജിക്ക് വല്ലാതെ ഇഷ്ടമായ കഥയാണ്. ഞാന്‍ പിന്നീട് മറ്റ് സിനിമകളിലേക്ക് പോയപ്പോഴും ഷാജി ഇടയ്ക്കിടെ വിളിച്ച് എന്നെ അരവിന്ദന്റെ കാര്യം ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കും, ഭായി, ആ കഥ നമുക്ക് ചെയ്യണേ, വിട്ടു കളയരുതേ എന്നൊക്കെ പറഞ്ഞ് ഷാജി എത്രയോ വട്ടം വിളിച്ചിട്ടുണ്ട്. ശരിക്കും അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ ഉണ്ടാകാന്‍ കാരണം ഷാജി കാവനാട് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ്. മറ്റൊരാള്‍ അഭി മാധവും. എം മോഹന്‍ ഒരു കഥയന്വേഷിക്കുന്നുണ്ടെന്ന വിവരം അഭിയാണ് ഷാജിയോട് പറയുന്നത്. ഷാജി മോഹന്റെ അപ്പോയ്‌മെന്റ് എടുത്ത് കാണാന്‍ ചെല്ലുന്നു. അരവിന്ദന്‍ എന്ന കഥാപാത്രത്തെ കുറിച്ച് മോഹനോട് പറയുന്നു. മോഹന് ഇഷ്ടമായതോടെയാണ് എന്നെ വിളിക്കുന്നത്. ഞാന്‍ കഥ പറഞ്ഞു. കഥ മോഹന് ഇഷ്ടമായി. പിന്നെ തിരക്കഥയെഴുതി. പൂര്‍ണ സ്വാതന്ത്ര്യത്തോടെ തന്നെ ഞാന്‍ അത് എഴുതി. വിനീതിനെ കാണിച്ചു. വിനീതിനും സ്‌ക്രിപ്റ്റ് ഇഷ്ടമായി. ചില സജഷന്‍സ് പറഞ്ഞു, അതെനിക്കും ഉള്‍ക്കൊള്ളാവുന്നതായതുകൊണ്ട് സ്വീകരിച്ചു. ഞാന്‍ എഴുതിയ തിരക്കഥ ഷൂട്ടിംഗ് സമയത്തെ ചില ചെറിയമാറ്റങ്ങള്‍ വരുത്തിയല്ലാതെ അതേ രൂപത്തില്‍ തന്നെയാണ് മോഹന്‍ മനോഹരമായി സംവിധാനം ചെയ്ത് സിനിമയാക്കിയത്.

"</p

അരവിന്ദനെ പോലെ ശ്രീനിവാസന്റെ കഥാപാത്രവും റിയല്‍ ലൈഫ് അനുഭവം പേറുന്നതുപോലെ, മാധവേട്ടനേയും നേരത്തെ കണ്ടിട്ടുണ്ടോ?

ശ്രീനിയേട്ടന്‍ ചെയ്ത മാധവേട്ടന്‍ എന്ന കഥാപാത്രം മൂകാംബികയില്‍ തന്നെ ഉണ്ട്. ഒത്തിരി മാധവേട്ടന്മാര്‍ അവിടെയുണ്ട്. അവിടെ മാത്രമല്ല നമുക്ക് ചുറ്റും. ഞാന്‍ എന്റെ കുട്ടിക്കാലത്ത് എന്റെ മുന്നിലേക്ക് വരുന്നൊരു മാധവേട്ടനെ ഒരുപാട് സ്വപ്‌നം കണ്ടിട്ടുണ്ട്. ഒരു അഭിപ്രായം ചോദിക്കാന്‍, ഒരുപദേശം കിട്ടാന്‍. അങ്ങനെ കൂടെ നിര്‍ത്താന്‍ ഒരു മാധവേട്ടന്‍ ഉണ്ടായിരുന്നെങ്കിലെന്ന് പലരും ആഗ്രഹിച്ചിട്ടുണ്ടാകാം. ഈ സിനിമ ഇറങ്ങിയശേഷം ചെന്നൈയില്‍ നിന്നും എനിക്കൊരു ഫോണ്‍ കോള്‍ വന്നു; അയാള്‍ ഒരു വാചകമേ എന്നോട് പറഞ്ഞുള്ളൂ; അരവിന്ദന്‍ ഈസ് എ ലക്കിയസ്റ്റ് ഓര്‍ഫന്‍…

മൂകാംബികയില്‍ ഇരുന്നായിരുന്നോ എഴുത്ത്?

അല്ല, എറണാകുളത്ത്. ഫൈനല്‍ സ്‌ക്രിപ്റ്റ് വായിക്കാന്‍ നേരത്താണ് മൂകാംബികയില്‍ പോകുന്നത്. അതിനിടയില്‍ പലതവണ ഞങ്ങള്‍ മൂകാംബികയില്‍ പോയിരുന്നെങ്കിലും എഴുത്ത് മുഴുവന്‍ എറണാകുളത്തായിരുന്നു.

അരവിന്ദന്റെ അതിഥികളുടെ പ്രധാന ആകര്‍ഷണം മൂകാംബിക ക്ഷേത്രവും പരിസരവുമാണ്. ആ ജ്യോഗ്രഫി അത്രമേല്‍ മികച്ചു നിന്നു സിനിമയില്‍. അവിടെ പോകാതെയാണ് എഴുതിയതെന്നു പറയുമ്പോള്‍?

മൂകാംബികയിലെ ഓരോ ഇടവും എനിക്ക്  പരിചിതമാണ്. എത്രയോ വട്ടം ഞാനവിടെ പോയിരിക്കുന്നു. എല്ലാം കാണാപാഠമാണ്. മംഗളത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് ആദ്യമായി മൂകാംബികയില്‍ പോകുന്നത്. ശമ്പളം കിട്ടിക്കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാവിലെ ഭാര്യയേയും മകനേയും കൂട്ടി ഒരുപോക്കായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചതൊന്നുമായിരുന്നില്ല. അതിനുശേഷം എണ്ണമോര്‍ക്കാത്തവണ്ണം ഞാനവിടെ പോയി. ഭക്തി കൊണ്ടു മാത്രമല്ല, പലപല വികാരങ്ങളിലൂടെയാണ് ഓരോ തവണയും ഞാന്‍ മൂകാംബികയില്‍ എത്തിയിരുന്നത്. ഞാന്‍ ഏറ്റവും ശാന്തനായി കാണുന്നത് മൂകാംബികയില്‍ എത്തുമ്പോഴാണെന്ന് ഭാര്യ പറയാറുണ്ട്. സത്യമാണത്. ഞാന്‍ ഏറ്റവുമധികം സ്‌ന്തോഷവാനാകുന്നത് അവിടെ എത്തുമ്പോഴാണ്. എന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുകയാണവിടം. ആദ്യം പോയിട്ടു വരുമ്പോഴാണ് എനിക്ക് മാതൃഭൂമിയില്‍ നിന്നും ഓഫര്‍ ലെറ്റര്‍ വരുന്നത്. അങ്ങനെ പലവിധത്തില്‍…

അതേ ഭാഗ്യം തന്നെയാണ് അരവിന്ദന്റെ അതിഥികളിലും സംഭവിച്ചത്?

അല്ല, അരവിന്ദന്റെ അതിഥികള്‍ ഭാഗ്യം കൊണ്ട് സംഭവിച്ച സിനിമയാണെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഭാഗ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ ജീവിതത്തില്‍ അത്തരമൊരു അനുഭവവും എനിക്കുണ്ടായിട്ടില്ല. എല്ലാം ഞാന്‍ നേടിയെടുക്കുകയായിരുന്നു. സിനിമയും. ഭാഗ്യം കൊണ്ടല്ല, കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്. സിനിമ പഠിച്ച്, തിരക്കഥയുടെ ക്രാഫ്റ്റ് എന്താണെന്ന് മനസിലാക്കി ഞാന്‍ എഴുതിയ സ്‌ക്രിപ്റ്റാണ് അരവിന്ദന്റെ അതിഥികള്‍. അത് വിജയിക്കുന്നത് എന്റെ പരിശ്രമം കൊണ്ടാണ്, ഒപ്പം മൂകാംബിക അമ്മയുടെ അനുഗ്രഹവും.

തിരക്കഥ അവസാനം വരെ മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നുവെന്ന് നിര്‍മാതാവ് പറഞ്ഞത് വായിച്ചു?

ഒരാളെ സൈഡ്‌ലൈന്‍ ചെയ്യാന്‍ പലതും പറയാമല്ലോ. രചയിതാവിന് കിട്ടേണ്ട അംഗീകരത്തിനും അഭിനന്ദനത്തിനോടമുള്ള ഇഷ്ടക്കേട്. തിരക്കഥ അവസാനം വരെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്ന അഭിപ്രായം തീര്‍ത്തും തെറ്റാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പൂര്‍ത്തിയായ തിരക്കഥ ലൊക്കേഷനില്‍ വായിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞത്, മലയാളത്തിലെ പത്ത് മികച്ച സിനിമകളുടെ കൂട്ടത്തില്‍ ഈ സിനിമയും ഉണ്ടാകുമെന്നാണ്. മൂല തിരക്കഥയില്‍ നിന്നും യാതൊരു മാറ്റങ്ങളും ആരും വരുത്തിയിട്ടില്ല. സ്വാഭാവികമായും സീന്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ചില ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അത് സംവിധായകനാണ് സഹായകമാകുന്നത്, തിരക്കഥയ്ക്കല്ല. സംവിധായകന് സഹായകമാകുന്ന കാര്യങ്ങള്‍ ടെക്‌നീഷ്യന്മാര്‍ ചെയ്തിട്ടുണ്ടാകും. ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്നല്ലാതെ ഒരാളും തിരക്കഥയില്‍ യാതൊരു വിധ ഇടപെടലുകളും നടത്തിയിട്ടില്ല. തിരക്കഥയില്‍ ഇല്ലാത്തതൊന്നും സിനിമയില്‍ ഉണ്ടായിട്ടില്ല.

അരവിന്ദന്റെ അതിഥികളുടെ വിജയത്തെപ്പറ്റി പറയുന്നിടത്തൊന്നും രാജേഷിന്റെ സാന്നിധ്യം അധികം കണ്ടിട്ടുമില്ലല്ലോ?

ഒരു വിജയം സംഭവിക്കുമ്പോള്‍, അതില്‍ പങ്കാളികളായവരെയെല്ലാം ഒപ്പം നിര്‍ത്തുന്നത് ഓരോരുത്തരുടേയും സംസ്‌കാരമനുസരിച്ച് ഉണ്ടാകേണ്ട ശീലമാണ്. ആഘോഷങ്ങളില്‍ പങ്ക് ചേരാനോ, ഇടിച്ചു കയറി എന്നെ എവിടെയെങ്കിലും ഉള്‍പ്പെടുത്താനോ ഞാനിന്നുവരെ തയ്യാറായിട്ടുമില്ല. വിധേയത്വം ഞാന്‍ ശീലിച്ചിട്ടുമില്ല. അഞ്ചു സിനിമകള്‍ എഴുതിയ ഒരാളായിട്ടും ഇന്നും എന്നോട് പലരും ചോദിക്കാറുണ്ട്, എന്താണ് ജോലിയെന്ന്. അവരോടാരോടും ഞാനൊരു സിനിമാക്കാരനാണെന്ന് പറയാന്‍ പോയിട്ടില്ല. അതെന്റെ കഴിവുകേടോ പരാജയമോ ആയിട്ട് വേണമെങ്കില്‍ നിങ്ങള്‍ക്ക് പറയാം. എന്റെ രീതികള്‍ അതാണ്. ഞാന്‍ സ്ഥിരമായി പോകുന്നൊരു കഞ്ഞിക്കടയുണ്ട്, കണ്ടെയ്ന്‍ റോഡിലായി. ആ കടയുടെ മുന്നില്‍ ഒട്ടിച്ചുവച്ചിരിക്കുന്നത് അരവിന്ദന്റെ അതിഥികളുടെ പോസ്റ്റര്‍ ആണ്. ആ കടക്കാരനോ അവിടെ സ്ഥിരം വരുന്ന പരിചയക്കാരായ ആളുകള്‍ക്കോ ഇപ്പോഴും അറിയില്ല, ആ സിനിമ എഴുതിയ രാജേഷ് രാഘവന്‍ ഞാന്‍ ആണെന്ന്. സിനിമ ഒരു ഷോ ബിസിനസ് ആണെന്നറിയാം, പക്ഷേ, ഞാനവിടെ എന്റെ ജോലി ആത്മാര്‍ത്ഥമായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ഒരു സെയില്‍സ്മാന്റെ വേഷം ആരുടെയും മുന്നില്‍ കെട്ടാന്‍ പോകില്ല.

"</p

പരാജയങ്ങള്‍ക്കൊടുവില്‍ ഒരു വലിയ വിജയം വന്നിരിക്കുന്നു. സന്തോഷമുണ്ടോ? ആഗ്രഹിച്ചത് സാധിച്ചു എന്ന തോന്നലും?

വിജയിച്ചതില്‍ സന്തോഷമുണ്ട്. പക്ഷേ, ഇതുകൊണ്ട് എല്ലാം പൂര്‍ത്തിയായി എന്നു കരുതുന്നില്ല. ഇതിലും മികച്ചത് എനിക്ക് എഴുതാന്‍ കഴിയും. ഈ വിജയം ഒരിക്കലും എന്നെ കീഴ്‌പ്പെടുത്തില്ല. എന്റെ പരിശ്രമത്തിന് കിട്ടിയ അംഗീകരം എന്ന നിലയില്‍ ഈ വിജയം സ്വീകരിക്കുന്നു. ഇനിയും ചെയ്യാനുണ്ട്. അതിനുവേണ്ടി പരിശ്രമിക്കേണ്ടതുണ്ട്.

അടുത്ത സിനിമ?

പ്രണയമാണ് പ്രമേയം. അതിന്റെ സംവിധായകന്‍ അദ്ദേഹത്തിന് തൃപ്തി തരുന്നൊരു രചയിതാവിനെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് അരവിന്ദന്റെ അതിഥികളുടെ പൂര്‍ണമായ തിരക്കഥ വായിക്കുന്നത്. അത് ഇഷ്ടപ്പെട്ടാണ് എന്നെ സമീപിക്കുന്നത്. മറ്റ് ചില പ്രൊജക്ടുകളുടെയും ചര്‍ച്ച നടക്കുന്നുണ്ട്.

ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടകളും അവഗണനകളും അനുഭവിച്ചൊരാള്‍; ഇപ്പോള്‍ ഈ വിജയവും പേരും പ്രശസ്തിയുമെല്ലാം നേടി നില്‍ക്കുമ്പോള്‍ പഴയകാല അനുഭവങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

പലവട്ടം, പലയിടങ്ങളിലായി അപമാനിക്കപ്പെട്ടിട്ടുണ്ട്, അവഗണിക്കപ്പെട്ടിട്ടുണ്ട്, ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അവരോടെല്ലാമുള്ള പ്രതികാരം കൂടിയായിരുന്നു എനിക്ക് എന്റെ ജീവിതം. എല്ലാവരുടെയും മുന്നില്‍ ജയിച്ചു കാണിക്കണം എന്നതു തന്നെയായിരുന്നു ഞാന്‍ ചെയ്യാന്‍ തീരുമാനിച്ച പ്രതികാരം. അത് സിനിമയിലൂടെയായിരിക്കുമെന്നൊന്നും അന്ന് കരുതിയില്ല. ഇപ്പോഴത് സംഭവിച്ചത് സിനിമയിലൂടെയാണെന്നു മാത്രം. തോറ്റാല്‍ നമുക്ക് പോകാന്‍ ഒരിടമില്ലെന്ന് മനസിലാക്കിയാല്‍ പിന്നെ നമ്മള്‍ തോല്‍ക്കില്ല…അത് ജീവിതത്തിലായാലും സിനിമയിലായാലും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍