UPDATES

സിനിമ

കായംകുളം കൊച്ചുണ്ണിയായി എന്തുകൊണ്ട് നിവിന്‍ ?തിരക്കഥാകൃത്ത് സഞ്ജയ് പറയുന്നു

ചരിത്രത്തിനും ഐതിഹ്യത്തിനും ഇടയില്‍ നില്‍ക്കുന്ന സിനിമയാണ് ഇത്. വളരെക്കാലമായി ഈ കഥ മനസിലുണ്ടായിരുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമെന്ന വിശേഷണത്തോടെയാണ് കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര സിനിമ വ്യാഴാഴ്ച തിയ്യേറ്ററുകളിലേക്കെത്തുന്നത്. റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്‌ജറ്റ്‌ ചിത്രത്തിൽ നിവിന്‍ പോളിയാണ് കായംകുളം കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തുന്നത്. നിവിന്‍ പോളിയുടെ ക്യാരക്ടര്‍ പോസ്റ്ററും ട്രയിലറുമെല്ലാം ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. കൊച്ചുണ്ണിയുടെ ഉറ്റകഥാപാത്രമായ ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് ലാലെത്തുന്നത്.

ലാലേട്ടന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ എന്തുകൊണ്ട് നിവിന്‍ പോളിയെ കായംകുളം കൊച്ചുണ്ണിയാക്കി ? എന്താ ലാലേട്ടനു കഴിയില്ലേ ? എന്താണ്് മറ്റൊരു കഥാപാത്രത്തെ ലാലേട്ടന് നല്‍കിയത് ? തുടങ്ങി നിരവധി സംശയങ്ങളാണ് ചിത്രം പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി ഉള്ളുവെങ്കിലും സിനിമാ ആരാധകരുടെ ആകാംക്ഷ.

ശ്രദ്ധേയരായ ഒരുപാട് യുവ താരങ്ങളുണ്ടായിട്ടും എന്ത് കൊണ്ട് ‘കായംകുളം കൊച്ചുണ്ണി’ യെ അവതരിപ്പിക്കാൻ നിവിൻ പോളിയെ തന്നെ തെരഞ്ഞെടുത്തു. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ സഞ്ജയ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ “കായംകുളം കൊച്ചുണ്ണിയെ ഒരു ആക്ഷന്‍ ഹീറോ കഥാപാത്രമായി മാത്രം കാണാന്‍ കഴിയില്ല. തികച്ചും സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. പിന്നീട് കള്ളനായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തിന്റെ ആ സാധാരണത്വവും പിന്നീട് വരുന്ന മാറ്റവും ചിത്രത്തില്‍ വളരെ പ്രധാനമാണ്. ഇങ്ങനെയാണ് നിവിന്‍ പോളിയിലേക്ക് എത്തുന്നത്. പ്രതീക്ഷിച്ചതില്‍ അധികമായി കഥാപാത്രത്തിനോട് നീതി പുലര്‍ത്താന്‍ നിവിന് കഴിഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ രണ്ട് ഭാവമാറ്റങ്ങള്‍ വളരെ നന്നായി തന്നെ നിവിന്‍ അവതരിപ്പിച്ചു. നൂറു ശതമാനം കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്.”

സമര്‍ത്ഥമായി ചെയ്യേണ്ട കായംകുളം കൊച്ചുണ്ണി പോലുള്ള കഥാപാത്രത്തെ നിവിന് പൂര്‍ണമായും ഉള്‍ക്കൊള്ളാനാകും എന്നതില്‍ പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ 160 ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗിനായി നിവിന്‍ ചിലവഴിച്ചു. നിവിനെ പോലെ തിരക്കുള്ള ഒരു നടന്‍ ഇത്രയും ദിവസം ചിത്രത്തിനായി നീക്കിവെച്ചത് തന്നെ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയാണെന്നും സഞ്ജയ് പറയുന്നു.

അതേസമയം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഇത്തിക്കര പക്കിയുടെ വേഷം മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ ആകര്‍ഷണം നഷ്ടമാകുമോ ? എന്ന ചോദ്യത്തിന് സിനിമ കാണു എന്ന് മാത്രമാണ് സഞ്ജയുടെ മറുപടി.

വളരെക്കാലമായി ഈ കഥ മനസിലുണ്ടായിരുന്നു. മാത്രവുമല്ല ഏറെ ഇഷ്ടപ്പെടുന്ന കഥാപാത്രം തന്നെയായിരുന്നു കായംകുളം കൊച്ചുണ്ണി. അതുകൊണ്ട് തന്നെ നീണ്ട നാളത്തെ ആഗ്രഹമാണ് ചിത്രം പുറത്തിറങ്ങുന്നതോടെ പൂവണിയുന്നത് സഞ്ജയ് പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനും ഈ കഥാപാത്രത്തോടും കഥയോടും താത്പര്യമായിരുന്നു പിന്നെ തിരക്കഥ ധൈര്യത്തോടെ തയാറാക്കുകയായിരുന്നു. സിനിമയില്‍ ചെയ്യാവുന്നതിന്റെ അങ്ങേ അറ്റം ഭംഗിയായി ചെയ്തിട്ടുണ്ടെന്നും ചിത്രം മലയാളികള്‍ക്ക് ഏറെ ഇഷ്ടമാകുമെന്ന ആത്മവിശ്വാസവും തനിക്കുണ്ട് സഞ്ജയ് കൂട്ടിച്ചേർത്തു.

സഞ്ജയും സഹോദരൻ ബോബിയും ചേർന്ന് കഥയും തിരക്കഥയും രചിച്ച ഈ ഇതിഹാസ ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ ആണ്. സണ്ണിവെയ്‌ന്‍, മണികണ്‌ഠന്‍, സുധീര്‍ കരമന, ബാബു ആന്റണി, എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. പ്രിയആനന്ദ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു പിടി ജൂനിയര്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

സഞ്ജയ് അഭിമുഖം കടപ്പാട് : മലയാള മനോരമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍