UPDATES

സിനിമ

ഹീറോകളില്‍ നിന്ന് നമ്മള്‍ പുറത്തുവരണം, പ്രേക്ഷകര്‍ കുറച്ചുകൂടി നല്ല മനുഷ്യനായി തിയേറ്റര്‍ വിട്ടിറങ്ങട്ടെ; ബോബി-സഞ്ജയ്/ അഭിമുഖം

ഉയരെ ഉയര്‍ത്തി വിടുന്ന ചര്‍ച്ചകള്‍ സമൂഹത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സിനിമകളെ കുറിച്ചും തീരുമാനങ്ങളെയും നിലപാടുകളെയും കുറിച്ചും ബോബി സംസാരിക്കുന്നു

അച്ഛനും അച്ഛന്റെ സഹോദരനും (പ്രേം പ്രകാശും ജോസ് പ്രകാശും) ഉണ്ടായിരുന്ന ബന്ധവും സ്വാധീനവുമല്ല സഹോദരങ്ങളായ ബോബിയേയും സഞ്ജയിനെയും മലയാള സിനിമയിലേക്കെത്തിച്ചത്. അത് സിനിമയോടുള്ള അവരുടെ ഇഷ്ടമായിരുന്നു. ഒരുമിച്ച് തിയേറ്ററില്‍ പോയി സിനിമകള്‍ കണ്ട് അവയെക്കുറിച്ച് സംസാരിച്ചും പിന്നീട് വിദേശ സിനിമകളോടുള്ള ആസക്തി മനസിനെ കീഴടക്കിയും ആ ഇഷ്ടമൊരു ഭ്രമമായി മാറി. അത് വളര്‍ത്താന്‍ അമ്മ മറ്റൊരു വഴിയില്‍ കാരണമായി. അധ്യാപികയായിരുന്ന അമ്മയാണ് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ ബോബിയേയും സഞ്ജയിനെയും കൊണ്ട് നിര്‍ബന്ധിച്ച് മെംബര്‍ഷിപ്പ് എടുപ്പിക്കുന്നത്. വിദ്യാഭ്യാസത്തിനു മാത്രമല്ലാതെയും പുസ്തകങ്ങളുമായി ബന്ധമുണ്ടായിരിക്കണമെന്ന് അമ്മ മക്കള്‍ക്ക് മനസിലാക്കി കൊടുത്തു. എന്തു വായിക്കണം, എങ്ങനെ വായിക്കണമെന്നും പഠിപ്പിച്ചും കൊടുത്തു. രണ്ടുപേരുടെയും ജീവിതത്തില്‍ വായനയെ ഗൗരവമേറിയൊരു ഘടകമാക്കി മാറ്റുന്നതും അമ്മയായിരുന്നു. അക്കാലത്ത് ലൈബ്രറിയില്‍ ഇരുന്നു ചേട്ടനും അനിയനും കൂടുതലും വായിച്ചത് നാടകങ്ങളായിരുന്നു. അത് പിന്നീട് തിരക്കഥ രചനയില്‍ രണ്ടുപേരെയും ഒരുപാട് സഹായിക്കുകയും ചെയ്തു.

അമ്മ കഴിഞ്ഞാല്‍, മറ്റൊരു സ്ത്രീയും ബോബിയിലും സഞ്ജയിലും സ്വധീനം ചെലുത്തി. അത് മേരി റോയിയാണ്. മേരി റോയിയുടെ ‘പള്ളിക്കൂട’ത്തിലായിരുന്നു (കോര്‍പ്പസ് ക്രിസ്റ്റി സകൂള്‍) ബോബിയും സഞ്ജയും പഠിച്ചത്. പഠനത്തിനൊപ്പം കുട്ടികളിലെ നല്ല വാസനകളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു പള്ളിക്കൂടത്തില്‍. അവിടെവച്ച് സ്വന്തമായി നാടകമെഴുതി അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ ബോബിക്കും സഞ്ജയ്ക്കും കിട്ടി. എഴുതാനുള്ള അഭിരുചി തങ്ങളില്‍ ഉണ്ടെന്ന് രണ്ടുപേര്‍ക്കും തിരിച്ചറിയാന്‍ അത് ഉപകരിച്ചു. നല്ല സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചും ആ അഭിരുചി വളര്‍ത്തി. പിന്നീട് സിനിമയിലെത്തിയപ്പോള്‍, മുന്‍കാല പശ്ചാത്തലങ്ങള്‍ ബോബിയേയും സഞ്ജയിനെയും വ്യത്യസ്തരായ എഴുത്തുകാരാക്കി. മൊത്തം സമൂഹത്തോടും സംസാരിക്കാന്‍ കുറച്ചു പേര്‍ക്കു മാത്രമാണ് സാധിക്കുക, തങ്ങള്‍ക്ക് അതിനുള്ള അവസരമാണ് സിനിമയെന്നു ബോബിയും സഞ്ജയും വിശ്വസിച്ചു. അങ്ങനെയുള്ള അവസരം കിട്ടുമ്പോള്‍ പറയാനായി നല്ല കാര്യങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് അവര്‍ തീരുമാനിച്ചു. എന്നാല്‍ എല്ലാ സിനിമകളിലൂടെയും സമൂഹത്തിനു മുഴുവന്‍ സാരോപദേശം നല്‍കി കളയാമെന്ന വിചാരമില്ലായിരുന്നു. പ്രേക്ഷകര്‍ക്ക് രസിക്കാന്‍ വേണ്ടി സിനിമ ചെയ്യാനായിരുന്നു ആഗ്രഹിച്ചത്. എല്ലാത്തരത്തിലുമുള്ള സിനിമകള്‍ ചെയ്യാന്‍. തങ്ങളുടെ സിനിമകളിലെല്ലാം സാമൂഹ്യബോധം ഉദ്ദീപിപ്പിച്ചു നിര്‍ത്താന്‍ അവര്‍ ശ്രമിച്ചില്ല, എല്ലാ സിനിമകളിലും ഒരു സന്ദേശം നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നും ശഠിച്ചില്ല. തെറ്റായവയൊന്നും കാണിച്ചു കൊടുക്കരുതെന്നു മാത്രം തീരുമാനിച്ചു. സിനിമയ്ക്ക് മറ്റേതൊരു കലാരൂപത്തേക്കാള്‍ കൂടുതലായി ആളുകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തിരിച്ചറിവ്.

‘എന്റെ വീടും അപ്പൂന്റെം’ മുതല്‍ ‘ഉയരെ’ വരെയുള്ള ബോബി-സഞ്ജയ് ചിത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ പ്രത്യേകമായൊരു ഇടം കിട്ടുന്നതും സിനിമയോടും സമൂഹത്തോടുമുള്ള അവരുടെ വീക്ഷണങ്ങളും നിലപാടുകളും കൂടിക്കൊണ്ടാണ്. അത്തരത്തിലൊരു അവകാശവാദം അവര്‍ പറയാതിരിക്കുമ്പോള്‍ പോലും ബോബി-സഞ്ജയ് ടീമിന്റെ സിനിമകള്‍ കേവലം പ്രേക്ഷകരോടല്ല, ഒരു സമൂഹത്തോടു മൊത്തത്തിലാണ് സംവേദനം ചെയ്യുന്നതെന്നു നമുക്ക് പറയാനാകും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഉയരെ.

ഉയരെ ഉയര്‍ത്തി വിടുന്ന ചര്‍ച്ചകള്‍ സമൂഹത്തില്‍ സജീവമായി നില്‍ക്കുന്ന സമയത്ത് തന്നെ തങ്ങളുടെ സിനിമകളെ കുറിച്ചും തീരുമാനങ്ങളെയും നിലപാടുകളെയും കുറിച്ചും ബോബി-സഞ്ജയ് സഹോദരന്മാരില്‍ ബോബി അഴിമുഖത്തോട് സംസാരിക്കുകയാണ്.

ആരെയെങ്കിലും ലക്ഷ്യം വച്ചല്ല, എല്ലാവര്‍ക്കും വേണ്ടി

ഒരു പ്രത്യേക പ്രേക്ഷക വിഭാഗത്തെ ലക്ഷ്യം വച്ചല്ല ഞങ്ങള്‍ സിനിമ എഴുതുന്നത്. ഒരു സിനിമയ്ക്ക് നിരൂപക പ്രശംസ കിട്ടുന്നതിനൊപ്പം സാമ്പത്തിക വിജയം കൂടി ഉണ്ടാകണം. എല്ലാ വിഭാഗം പ്രേക്ഷകരും വന്നാലെ ഒരു സിനിമ തിയേറ്ററില്‍ സാമ്പത്തിക വിജയം നേടുകയുള്ളൂ. അതുകൊണ്ട് ഞങ്ങളുടെ സിനിമകള്‍ എല്ലാ വിഭാഗം പ്രേക്ഷകരയെും ആകര്‍ഷിക്കുന്നതാക്കാനാണ് ശ്രമിക്കുന്നത്. അതല്ലാതെ, ഫാന്‍സിനെ/യൂത്തിനെ/സ്ത്രീകളെ എന്നിങ്ങനെ കാറ്റഗറി നോക്കി സിനിമ ചെയ്താല്‍ ആ വിഭാഗം മാത്രമെ തിയേറ്ററില്‍ എത്തൂ, ബാക്കിയുള്ളവര്‍ വരില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമകളാണ് ഉണ്ടാക്കേണ്ടത്. ഉയരെയും ഏതെങ്കിലും ഒരു പ്രത്യേക പ്രേക്ഷകരെ ഉദ്ദേശിച്ച് ചെയ്ത സിനിമയല്ല.

ഉയരെ സ്ത്രീപക്ഷ സിനിമയല്ല

ഉയരെ നായിക കേന്ദ്രീകൃത സിനിമയാണ്, എന്നാലതൊരു സ്ത്രീപക്ഷ സിനിമയല്ല. ഉയരെയില്‍ കേന്ദ്ര കഥാപാത്രം സ്ത്രീയാണ്. സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നതും. എന്നാല്‍ അവരവരുടെതായ പ്രശ്‌നങ്ങളുള്ള രണ്ടു പുരുഷ കഥാപാത്രങ്ങള്‍ കൂടി ആ സിനിമയിലുണ്ട്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലും കേന്ദ്രകഥാപാത്രം ഒരു സ്ത്രീയാണ്. ആ സിനിമയിലും നിരുപമയുടെ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള മറ്റു കഥാപാത്രങ്ങളെക്കുറിച്ചു കൂടി സംസാരിക്കുന്നുണ്ട്.

സിനിമയില്‍ സ്വാതന്ത്ര്യമുണ്ടാകാന്‍ അത്തരം സാഹചര്യങ്ങള്‍ തകര്‍ക്കണം

നമ്മുടെ സിനിമയുടെ സ്റ്റാറ്റിസ്റ്റിക്സ് പരിശോധിച്ചാല്‍ പുരുഷനെ കേന്ദ്രകഥാപാത്രമാക്കിയെടുത്ത് വിജയിച്ചിരിക്കുന്ന സിനിമകളോളം സ്ത്രീ കേന്ദ്രകഥാപാത്രമായി വന്നിട്ടുള്ള സിനിമകള്‍ വിജയിച്ചിട്ടില്ലെന്നു കാണാം. എല്ലാവര്‍ക്കും പുരുഷന്‍ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമകളാണ് കാണേണ്ടത്. അങ്ങനെയൊരു ശീലം ഉണ്ടായിപ്പോയി. പ്രേക്ഷകര്‍ മനസില്‍ ആഗ്രഹിക്കുന്നതും ഹീറോയുടെ സിനിമകളാണ്. അങ്ങനെ വരുന്നതുകൊണ്ടാണ് പുരുഷകേന്ദ്രീകൃതമായ ഒരിടത്ത് ഒരു സ്ത്രീയെ പ്രധാനകഥാപാത്രമായി ഒരു സിനിമ നമുക്ക് ചെയ്യാന്‍ പറ്റാതാകുന്നത്. ആ സാഹചര്യം തകര്‍ക്കണം. എങ്കില്‍ മാത്രമേ സിനിമയില്‍ സ്വാതന്ത്ര്യം ഉണ്ടാകൂ. ബ്ലാക് ആന്‍ഡ് വൈറ്റ് കാലത്ത് വളരെ ശക്തമായ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. അവിടെ നിന്നാണ് പുരുഷന്റെ ഹീറോയിസത്തിലേക്ക് സിനിമ മാറിയത്. ഒരു സ്ത്രീയെ കുറിച്ച് പറയാന്‍, അങ്ങനെയൊരു സിനിമയിലൂടെ സമൂഹത്തോട് പറയാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സ്ത്രീ കേന്ദ്രീകൃത സിനിമയായി തന്നെ ചെയ്യണം. അതിനുള്ള ആത്മവിശ്വാസം നമുക്കുണ്ടാകണം.

പാര്‍വതിയും വിവാദവും സിനിമയുടെ മാജിക്കും

പാര്‍വതി ഞങ്ങളെ സംബന്ധിച്ച് ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു സുഹൃത്താണ്. ഞങ്ങളെഴുതിയ നോട്ട്ബുക്ക് എന്ന സിനിമയിലൂടെയാണ് പാര്‍വതി വരുന്നത്. അന്നു തുടങ്ങിയ ബന്ധമാണ്. പാര്‍വതിയില്ലാത്ത സിനിമകളുടെ കഥകള്‍ പോലും ഞങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഉയരെയുടെ പ്രമേയം ആദ്യം പാര്‍വതിയോടാണ് പറയുന്നത്. ചെയ്യാന്‍ താത്പര്യം ഉണ്ടോയെന്നു ചോദിച്ചപ്പോള്‍, ആ പ്രമേയം മാത്രം കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞാനിത് ചെയ്യും എന്നു പാര്‍വതി പറഞ്ഞത്. അത് ഞങ്ങളിലുള്ളൊരു വിശ്വാസം കൂടിയാണ്.

പാര്‍വതിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അവരുടെ പ്രൊഫഷനുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. അവരൊരു അഭിനേത്രിയായതുകൊണ്ടാണ് അതിങ്ങനെയൊരു തലത്തിലേക്ക് ഉയര്‍ന്നത്. ഒരു പ്രൊഫഷനില്‍ ഒരു വ്യക്തി മികവ് കാട്ടിപ്പോവുകയാണെങ്കില്‍ ഒരു വിവാദവും അവരെ ബാധിക്കില്ല. എന്തിനു നമ്മളവരെ ഒഴിവാക്കി നിര്‍ത്തണം? പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദം അവരുടെ സ്വകാര്യയിടത്തില്‍ ഒരു സ്വകാര്യ അഭിപ്രായം പറഞ്ഞതില്‍ നിന്നുണ്ടായതാണ്. ഞങ്ങള്‍ക്കതില്‍ യാതൊരുവിധത്തിലും ഇടപെടാനുള്ള താത്പര്യമില്ല. ഇത്രയും കഴിവുള്ളൊരു അഭിനേത്രി മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്നതെന്തിനാണ്? അവരിവിടെ തീര്‍ച്ചയായും ഉണ്ടാകേണ്ടൊരാളാണ്.

കഴിവുള്ളവര്‍ എത്രയൊക്കെ പ്രതിസന്ധികള്‍ വന്നാലും ഇവിടെ ഉണ്ടാകും. ഉയരെ റിലീസ് ചെയ്തശേഷം ഞങ്ങള്‍ക്ക് കിട്ടുന്ന അഭിപ്രായങ്ങളില്‍ ധാരാളം പേര്‍ പറഞ്ഞൊരു കാര്യം, അവര്‍ക്ക് ആ വിവാദം ഉണ്ടായ സമയത്ത് പാര്‍വതിയോട് ഭയങ്കര ദേഷ്യം തോന്നിയിരുന്നുവെന്നും ഉയരെ കണ്ടപ്പോള്‍ ദേഷ്യമെല്ലാം മാറി പാര്‍വതിയോട് ഒരുപാട് ഇഷ്ടം കൂടിയെന്നാണ്. അങ്ങനെയൊരു മാജിക്കും സിനിമ വഴി ചെയ്യാന്‍ പറ്റും എന്ന് ഞങ്ങള്‍ക്ക് മനസിലായി.

കുറച്ചുകൂടി നല്ല മനുഷ്യനായി പ്രേക്ഷകന്‍ തിയേറ്റര്‍ വിട്ടിറങ്ങട്ടെ

നമ്മള്‍ ലോക ക്ലാസിക്കുകള്‍ എന്നു വിശേഷിപ്പിക്കുന്ന സിനിമകളുണ്ട്. അവ ക്ലാസിക്കുകളായി നിലനില്‍ക്കുന്നതിന് കാരണം ആ സിനിമകള്‍, അല്ലെങ്കില്‍ അതിലെ ഏതെങ്കിലും ഭാഗം നമ്മുടെ മനസിനെ എപ്പോഴും അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരിക്കുന്നത് കൊണ്ടാണ്. ഓര്‍ത്തിരിക്കാനുള്ള, മനസില്‍ നിന്നും മാഞ്ഞുപോകാത്ത ഒന്ന്. ഒരു സാധാരണ സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ ആ രണ്ടര മണിക്കൂര്‍ നമ്മള്‍ ചിരിക്കും, കൈയടിക്കും. പക്ഷേ, പിറ്റേ ദിവസം ആ സിനിമ മറക്കും. ഞങ്ങളുടെ ആഗ്രഹം സിനിമ കാണുന്ന പ്രേക്ഷകന് ഓര്‍ത്തിരിക്കാന്‍ അതില്‍ എന്തെങ്കിലും ഉണ്ടായിരിക്കണം എന്നാണ്. അതിനുവേണ്ടിയാണ് എപ്പോഴും ശ്രമിക്കുന്നത്. അങ്ങനെയൊരു ചിന്ത ഓരോ സ്‌ക്രിപ്റ്റ് എഴുതുമ്പോഴും ഉണ്ടായിരിക്കും. എല്ലാ സിനിമയിലും അത് പ്രായോഗികമാകില്ലെന്നറിയാം. ചില കഥകള്‍ വരുമ്പോള്‍ തന്നെ തോന്നും ഈ കഥയില്‍ ഇങ്ങനെയൊരു നിരീക്ഷണത്തിന് സാധ്യതയുണ്ടല്ലോ, അത് ചേര്‍ക്കണമെന്ന്. ഒരു ശുദ്ധീകരണ പ്രക്രിയ പോലെ. ഒരു സിനിമ കണ്ട് കഴിയുമ്പോള്‍ കുറച്ചു കൂടി നല്ല മനുഷ്യനായി പ്രേക്ഷകന് തിയേറ്റര്‍ വിട്ടിറങ്ങാന്‍ കഴിയണം. എന്നാലതിനു വേണ്ടി സാരോപദേശ കഥ പറയാന്‍ ഞങ്ങളില്ല. സിനിമ കാണുന്ന പ്രേക്ഷകനില്‍ സ്വാഭാവികമായൊരു പോസ്റ്റിറ്റീവ് ഇന്‍ഫ്‌ളുവന്‍സ് സംഭവിക്കുന്ന അവസ്ഥയുണ്ടാകണം. അങ്ങനെയൊരു അവസ്ഥ ഞങ്ങളുടെ സിനിമകള്‍ക്ക് ഉണ്ടാക്കാന്‍ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. അക്കാര്യത്തില്‍ ഞങ്ങള്‍ വിജയിക്കുന്നുണ്ടോയെന്നു പറയേണ്ടത് പ്രേക്ഷകനാണ്. ഞങ്ങളായിട്ട് അവകാശവാദത്തിനില്ല.

ഉയരെ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നുണ്ട്

ആണിനോടും പെണ്ണിനോടും സംസാരിക്കുന്ന സിനിമയാണ് ഉയരെ. ഒരു ആസിഡ് ആക്രമണ ഇരയുടെ കഥയാണ് ആ സിനിമ. നമ്മള്‍ അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ പലതും കേട്ടു. പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കുത്തിക്കൊലപ്പെടുത്തുന്നു, പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നു… എത്ര ഭയങ്കരമായ അവസ്ഥയിലൂടെയായിരിക്കും അതിന്റെ ഇരകള്‍ കടന്നു പോയിട്ടുണ്ടാവുക. ഇവിടെയെല്ലാം നമ്മുടെ ശ്രദ്ധ മുഴുവന്‍ പോകുന്നത് ഇരയിലായിരിക്കും. ഇത് ചെയ്തയാളുടെയും കൂടെ ഒന്നു സഞ്ചരിച്ചു നോക്കുകയാണ് ഞങ്ങള്‍ ചെയ്തത്. സാധാരണ ആര്‍ക്കും അവനോട് വിദ്വേഷം തോന്നും, ഒരിക്കലും നീതികരിക്കാനാവാത്ത കൊള്ളരുതായ്മയാണ് അവന്‍ ചെയ്തത്. ഉയരെയില്‍ പല്ലവിയുടെ കഥയല്ലാതെ, ഗോവിന്ദിന്റെയും വിശാല്‍ രാജശേഖരന്റെയും കഥകളുണ്ട്. പല്ലവിയുടെയും വിശാലിന്റെയും ഗോവിന്ദിന്റെയും അച്ഛന്മാരുമുണ്ട്. വ്യത്യസ്തരായ മൂന്നു പിതാക്കന്മാരാണവര്‍. പല്ലവിയും അച്ഛനും തമ്മിലുള്ള ബന്ധം പോലെയല്ല, ഗോവിന്ദിനും വിശാലിനും അവരവരുടെ അച്ഛന്മാരുമായി ഉള്ളത്. അവര്‍ രണ്ടു പേരും തങ്ങളുടെ അച്ഛന്മാരുമായി ഒട്ടും കംഫര്‍ട്ടബിള്‍ അല്ല. ഇവര്‍ക്കിടയില്‍ കൂടിയുള്ള സഞ്ചാരം കൂടിയാണ് ഉയരെ. അതുകൊണ്ട് ഇത് പല്ലവിയുടെ മാത്രം കഥയല്ല.

ലൂസിഫറും മധുരരാജയും ഉണ്ടാകണം, കുമ്പളങ്ങിയും സുഡാനിയും വേണം

എല്ലാത്തരം സിനിമകളും ഇവിടെ ഉണ്ടാകണം. മധുരരാജയും ലൂസിഫറും ഉണ്ടാകണം, അതുപോലെ കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ളവയും. ഒരേ തരം സിനിമകള്‍ മാത്രം സൃഷ്ടിക്കപ്പെട്ടാല്‍ പോര. ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ ലൂസിഫറും മധുരരാജയും പോലുള്ള വലിയ സിനിമകള്‍ ഉണ്ടാകണം. പ്രേക്ഷകര്‍ക്ക് അത്തരം സിനിമകള്‍ വലിയ ഇഷ്ടവുമാണ്. അതോടൊപ്പം തന്നെ കുമ്പളങ്ങി നൈറ്റ്‌സ്, സുഡാനി ഫ്രം നൈജീരിയ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലുള്ള സിനിമകളും വരണം. ഞങ്ങളുടെ സിനിമകള്‍ ഈ രണ്ടിനും ഇടയിലുള്ള റൂട്ടിലൂടെ പോകുന്നവയാണെന്നാണ് തോന്നുന്നത്.

സംവിധായകന്‍ സുഹൃത്തായിരിക്കണം

ഒരു സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരുമിച്ച് നില്‍ക്കേണ്ടവരാണ് സംവിധായകനും എഴുത്തുകാരനും. ബാക്കിയുള്ളവരൊക്കെ പിന്നീട് വന്നു ചേരുന്നവരാണ്. സംവിധായകനും എഴുത്തുകാരനും തമ്മിലുള്ള ബന്ധമാണ് സിനിമയില്‍ ഏറ്റവും ശക്തമായത്. സംവിധായകന്‍ കഴിഞ്ഞാല്‍ സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടയാള്‍ തിരക്കഥാകൃത്ത് തന്നെയാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ആരാണോ സംവിധായകന്‍ അദ്ദേഹവുമായി നല്ലൊരു വ്യക്തിബന്ധം ഉണ്ടാക്കുകയാണ് ഞങ്ങള്‍ ആദ്യം ചെയ്യുന്നത്. ഞങ്ങള്‍ക്ക് തമാശ പറയാനും തര്‍ക്കിക്കാനും ചര്‍ച്ച ചെയ്യാനുമൊക്കെ കഴിയണം. എന്തും സംസാരിക്കാനുള്ള സ്വതന്ത്ര്യം ഉണ്ടാകണം. ആ സ്വാതന്ത്ര്യം കിട്ടിയാലെ ഒരു നല്ല സിനിമ ഉണ്ടാകൂ. വളരെ ഫോര്‍മലായി സിനിമയെ കുറിച്ച് മാത്രം സംസാരിച്ചു പോകുന്നൊരാളാണ് സംവിധായകനെങ്കില്‍ അവിടെ ഒരു നല്ല സിനിമ സംഭവിക്കില്ല. മനു അശോകന്‍, രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു. രാജേഷിനൊപ്പം ഉണ്ടായിരുന്ന സമയം തൊട്ട് അറിയാവുന്നയാളാണ് മനു. പ്രായത്തില്‍ ഇളയതാണ് മനുവെങ്കിലും സുഹൃത്തുക്കളാണ് ഞങ്ങള്‍. പൊതുവിടത്തിലിരുന്ന് തമാശ പറയാനും ഉറക്കെ പൊട്ടിച്ചിരിക്കാനും തര്‍ക്കിക്കാനും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാനുമൊക്കെ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ആ റാപ്പോയാണ് സിനിമയിലും പ്രതിഫലിച്ചത്.

ഞങ്ങള്‍ക്ക് ഇങ്ങനെ മാത്രമെ എഴുതാന്‍ കഴിയൂ എന്നു പ്രേക്ഷകന് തോന്നരുത്

എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ത്രില്ലര്‍, റൊമാന്‍സ്… അങ്ങനെയെല്ലാം. കായംകുളം കൊച്ചുണ്ണി ഒരു വീരേതിഹാസ കഥയാണ്. ചരിത്രവും മിത്തും എല്ലാം ചേര്‍ന്നത്. അമര്‍ ചിത്രകഥ വായിക്കുന്ന സമയം തൊട്ട് ഞങ്ങള്‍ക്ക് ആകര്‍ഷണം തോന്നിയ കഥാപാത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. അത് റോഷനുമായി ചര്‍ച്ച ചെയ്താണ് അങ്ങനെയൊരു സിനിമ ഉണ്ടാകുന്നത്. കായംകുളം കൊച്ചുണ്ണി ഒരു വലിയ സിനിമയാണ്. രണ്ട് വലിയ നടന്മാര്‍ അതിലുണ്ട്. ഒരു പക്കാ കൊമേഴ്‌സ്യല്‍ സിനിമ. അങ്ങനെയൊരു സിനിമ ചെയ്യുന്നതിലും ത്രില്ലുണ്ട്. എപ്പോഴും ഒരേ ടൈപ്പ് സിനിമകള്‍ ചെയ്തുകൊണ്ടിരുന്നാല്‍ വേറൊരു ഏരിയായില്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ പറ്റാതെ വരും. പ്രേക്ഷകരും കരുതും ഇവര്‍ക്ക് ഇതുമാത്രമെ ചെയ്യാന്‍ കഴിയൂ എന്ന്.

പല തലത്തിലുള്ള സിനിമകള്‍ ചെയ്യുക തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അടുത്ത സിനിമ ഒരു രാഷ്ട്രീയ സിനിമയാണ്. മമ്മൂട്ടിയാണ് നായകന്‍. ഞങ്ങള്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ സിനിമ ചെയ്യുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമ സംവിധാനം ചെയ്ത സന്തോഷ് വിശ്വനാഥനാണ് സംവിധായകന്‍. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് തുടങ്ങും. എന്നാരംഭിക്കുമെന്നത് മമ്മൂക്കായുടെ ഡേറ്റ് അനുസരിച്ച് തീരുമാനിക്കും.

കാര്യങ്ങള്‍ നന്നായി പോകുമ്പോള്‍ ഞങ്ങളായി കുളമാക്കണ്ടല്ലോ

ഇപ്പോള്‍ അങ്ങനെയൊരു ഉദ്ദേശമില്ല. എഴുതാനുള്ള കമിറ്റ്‌മെന്റുകള്‍ കുറെയുണ്ടെന്നത് ഒരു കാര്യം. പിന്നെ, ഞങ്ങളുടെ തിരക്കഥ ഞങ്ങളെക്കാള്‍ നന്നായി സിനിമയാക്കി പറഞ്ഞ സംവിധായകരാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് ഞങ്ങളായിട്ട് ഒന്നും കുളമാക്കേണ്ടതില്ലെന്നു കരുതുന്നു.

ഞങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ട്

അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരാണ് ഞാനും സഞ്ജയും. പല കാര്യങ്ങളും വ്യത്യസ്ത വീക്ഷണമാണ് ഞങ്ങള്‍ക്കുള്ളത്. ചില സീനുകള്‍ രണ്ടു പേരും അവരവരുടെതായ രീതിയില്‍ കണ്‍സീവ് ചെയ്യും. അപ്പോള്‍ ചര്‍ച്ച വരും. ആ ചര്‍ച്ചയില്‍ സിനിമയ്ക്ക് ഗുണകരമായി വരുന്ന ഏറ്റവും മികച്ച തീരുമാനം സ്വീകരിക്കും. ഞങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവുന്നുണ്ട്. കഥകളെപ്പറ്റി, സീനുകളെപ്പറ്റിയൊക്കെ ഗൗരവമായ തര്‍ക്കങ്ങള്‍ ഉണ്ടാകും. ആ തര്‍ക്കങ്ങള്‍ ഒടുവില്‍ സിനിമയെ സംബന്ധിച്ച് ഗുണകരമായ തലത്തിലേക്ക് എത്തിച്ചേരും. ഒരേ പോലെ ചിന്തിക്കുന്ന രണ്ടുപേരല്ല ഞാനും സഞ്ജയും. അങ്ങനെയായിരുന്നെങ്കില്‍ രണ്ടുപേരുടെയും ആവശ്യമില്ലല്ലോ. ഒരാള്‍ ചിന്തിക്കാത്ത കാര്യമായിരിക്കും മറ്റയാള്‍ ചിന്തിക്കുന്നത്. അതിന്റെ ഗുണമാണ് ഞങ്ങളുടെ സിനിമകള്‍ക്ക് കിട്ടുന്നത്.

Read More: ഉയരെ പാര്‍വതി; മലയാളി കാണേണ്ട സിനിമ

ഞങ്ങള്‍ പറയുന്ന ഫെമിനിസവും സ്ത്രീശാക്തീകരണവും

ഞങ്ങള്‍ ബോധപൂര്‍വം ഫെമിനിസമോ സ്ത്രീശാക്തീകരണമോ പറയുന്നില്ല. യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ആസിഡ് ആക്രമണത്തിലെ ഇരയുടെ അതിജീവനത്തിന്റെ കഥയാണ് ഉയരെ പറയുന്നത്. അതൊരു സ്ത്രീയെ അല്ലാതെ പുരുഷനെ കേന്ദ്രീകരിച്ച് പറയാന്‍ കഴിയില്ല. സ്ത്രീ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ സ്ത്രീകേന്ദ്രീകൃത സിനിമയായി കാണേണ്ടതില്ല. ചില ഏരിയകളില്‍ അത് ഫെമിനസവും സ്ത്രീശാക്തീകരണവും പറയുന്നുണ്ടാവാം. പുരുഷന്‍ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമയില്‍ പുരുഷമേധാവിത്വത്തിന്റെ നിഴലുകള്‍ പലഭാഗത്തും കാണും. അതുപോലെയാണിതും. അതല്ലാതെ സ്ത്രീശാക്തീകരണത്തിനു വേണ്ടിയോ ഫെമിനിസം പറയാന്‍ വേണ്ടിയോ ബോധപൂര്‍വം ഒന്നും എഴുതുന്നില്ല. ഒരു കഥ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ മാത്രമെ ആ സിനിമയില്‍ ഉള്‍പ്പെടുത്തുന്നുള്ളൂ.

മാറേണ്ട കാഴ്ച്ചപ്പാടും നിലപാടുമാണ് ആ രണ്ട് ഡയലോഗുകളും

ടൊവിനോ ചെയ്ത വിശാല്‍ രാജശേഖരന്‍ സംസാരിക്കുന്നത് സൗന്ദര്യത്തിന്റെ ഒരു നിര്‍വചനത്തെ കുറിച്ചാണ്. ബുദ്ധിയുണ്ട്, ഹൃദയമുണ്ട്, സൗന്ദര്യത്തെ നമുക്ക് മറ്റൊരു രീതിയില്‍ നിര്‍വചിച്ചുകൂടെയെന്നാണയാള്‍ ചോദിക്കുന്നത്. വളരെ പ്രസക്തമായി ഞങ്ങള്‍ക്കും തോന്നിയ കാര്യമാണത്. ഒരാളെ നമ്മള്‍ അളക്കുന്നത് അയാളുടെ മുഖസൗന്ദര്യം നോക്കിയാണ്. മുഖത്തെ സൗന്ദര്യമാണ് ഒരു സ്ത്രീയെ സുന്ദരിയെന്നു വിളിക്കാന്‍ നാം അടിസ്ഥാനമാക്കുന്നത്. ശരാശരി മുഖസൗന്ദര്യമുള്ളൊരു സ്ത്രീ നല്ലൊരു വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ സുന്ദരിയാണ്. നോക്കുന്നൊരാളുടെ കണ്ണിലാണ് മറ്റൊരാളുടെ സൗന്ദര്യമെന്നു നൂറ്റാണ്ടുകള്‍ക്കു മുന്നെ ഇവിടെ ഉണ്ടായിട്ടുള്ള ചിന്തയാണെങ്കിലും ഇന്നും നമ്മുടെ സമൂഹത്തില്‍ മുഖസൗന്ദര്യമാണ് അവസാന വാക്ക്. ആസിഡ് ആക്രമണം നേരിട്ട ഒരു സ്ത്രീ ഹൃദയത്തില്‍ നന്മയുള്ളവളാണെങ്കില്‍ സുന്ദരി തന്നെയാണെന്നു വിശാല്‍ പറയുന്നത്, ഇത്തരം സാമൂഹ്യബോധത്തെ തിരുത്താനാണ്.

പുരുഷ മേധാവിത്വമുള്ള സമൂഹത്തില്‍, കാമുകനായാലും ഭര്‍ത്താവായാലും അവര്‍ പറയുന്ന ചട്ടക്കൂടില്‍ സ്ത്രീ ജീവിക്കണമെന്നാണ് നിര്‍ബന്ധം. അതിനെയാണ് പല്ലവി തകര്‍ക്കുന്നത്. ഓവര്‍ പൊസസ്സീവ് ആയിട്ടുള്ള കാമുകന്‍, അവന്‍ അറിയാതെ അവള്‍ ഒന്നും ചെയ്യരുത്. അവന്‍ പറയും പോലെ മാത്രം ജീവിക്കാന്‍ പറ്റില്ലെന്നായപ്പോഴാണ് ഇനിയെനിക്ക് ഇങ്ങനെ ജീവിക്കാന്‍ സാധിക്കില്ല എന്ന തീരുമാനം പല്ലവി എടുക്കുന്നത്. അവിടെയാണവള്‍ പറയുന്നത്, എനിക്ക് ഇഷ്ടമുള്ള പോലെ ജീവിക്കണം, നിനക്ക് ഇഷ്ടമുള്ള ഞാനല്ല, എനിക്ക് ഇഷ്ടമുള്ള ഞാനായിട്ട് എന്ന്. ഇന്നത്തെ പല സ്ത്രീകളും അങ്ങനെയൊരു ചിന്താഗതി പേറുന്നവരാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍