UPDATES

സിനിമാ വാര്‍ത്തകള്‍

മായാനദി ഇഷ്ടപ്പെടാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍: ഷഹബാസ് അമന്‍

പിന്‍ഡ്രോപ്പ് സൈലന്‍സ് കൊണ്ട് ആളുകള്‍ ബാവ് രാ മന്‍ എന്ന മൂളക്കത്തിന്‌ കീപാഡ് ബാക്കിംഗ് നല്‍കിയിരുന്നു എന്ന് വേണമെങ്കില്‍ പറയാം

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയെക്കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. ഈ ചിത്രം ഇഷ്ടപ്പെടാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളുണ്ടെന്നാണ് സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍ പറയുന്നത്. മൂന്നു കൂട്ടുകാരികള്‍ സങ്കടപ്പെട്ട് ബാല്‍ക്കണിയിലിരിക്കുമ്പോള്‍ അതില്‍ ഒരുവള്‍ പാടുന്ന ‘ബാവ് രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്നാ’ എന്ന പാട്ട് സീനാണ് ചിത്രത്തിലെ ഏറ്റവും നല്ല പാട്ട് സന്ദര്‍ഭമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

“മായാനദി ഇഷ്ടപ്പെടാന്‍ ഓരോരുത്തര്‍ക്കും വേറെ വേറെ കാരണങ്ങള്‍! അതൊക്കെ മനോഹരമായി എല്ലാരും എഴുതുന്നുമുണ്ട്! ഓരോന്നും വായിക്കാന്‍ നല്ല രസമുണ്ട്.. ബാലമോഹനും റഷീദ് സാബിരിയും ധനേഷുമൊക്കെ എഴുതിയത് ഇവിടെ ഷെയര്‍ ചെയ്യേണ്ടതാണു! പക്ഷേ കറങ്ങിക്കറങ്ങി അതൊക്കെ എല്ലാരുടെയും കണ്ണുകളില്‍ എപ്പോഴെങ്കിലും ഒന്ന് കൊളുത്തിയേക്കാം എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.

ഇവിടെ പറയുന്നത് മായാനദിയിലെ മൂന്ന് കൂട്ടുകാരികളുടെ സങ്കടബാല്‍ക്കണിയിരുത്തത്തെക്കുറിച്ചാണു! അതിനെക്കുറിച്ചു മാത്രമാണു. ചങ്കില്‍ വന്നു നില്‍ക്കുന്ന ഗദ്ഗദത്തെ അതില്‍ ഒരുവള്‍ പാടിയൊഴിവാക്കാന്‍ നോക്കുന്നത് ഇങ്ങനെയാണു ‘ബാവ് രാ മന്‍ ദേഖ്‌നേ ചലാ ഏക് സപ്നാ’
ഒരു പാട് സന്ദര്‍ഭങ്ങളില്‍ പൊടുന്നനേ ഒരു പാട്ട് കൊണ്ട് സന്തോഷമോ സങ്കടമോ വരാന്‍ എത്രയോ എത്രയോ രാപ്പകലുകളില്‍ പാടിയിട്ടുണ്ട്! പല തര്‍ക്കങ്ങള്‍ക്കിടയിലേക്ക് ഗ്രീഷ്മം കൊണ്ടും സജ്‌നി കൊണ്ടും നൂറു തവണ ലൈന്‍ റഫറി ആയിട്ടുണ്ട്! സമരത്തലകളെ സോജപ്പീലിയും രഫ്ത്തപ്പീലിയും കൊണ്ടുഴിഞ്ഞിട്ടുണ്ട്! ഇപ്പോഴും ചെയ്യുന്നുണ്ട്! അതൊക്കെയും സ്‌നേഹത്തോടെ ഓര്‍മ്മ വന്നു, ഒറ്റസീനില്‍! അതിലും മികച്ച ഒരു കൗണ്‍സലിംഗ് ഇല്ല, ശരിക്ക്. എങ്കിലും ഒരു വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ട് ! പെണ്ണിരുത്തത്തില്‍ ഒരു പെണ്‍കുട്ടി പാടുമ്പോലെ പാടാന്‍-വേറൊരു നിലയില്‍ പറഞ്ഞാല്‍- ഏതിരുത്തത്തിലായാലും നല്ല പെണ്‍തുടിപ്പുകള്‍ അക്കൂട്ടത്തിലുണ്ടെന്നാകില്‍ ആണ്‍ ശബ്ദം കൊണ്ട് അവിടെ കാര്യമായി ഒന്നുമാകില്ല! മേപ്പരപ്പില്‍ കിടന്ന് ഓളം വെട്ടാം എന്നേയുള്ളു! കിണര്‍ കുഴിക്കല്‍ നടക്കില്ല.

സ്‌പെഷല്‍ സ്പീഷിസുകളെക്കുറിച്ചോ അല്ലെങ്കില്‍ ബാവുളുകളെക്കുറിച്ചൊന്നുമല്ല പറഞ്ഞത് ട്ടോ. ഇവിടെ ഇപ്പോള്‍ സാധാരണ നിലയില്‍ അവൈലബിള്‍ ആയ തൊണ്ണൂറ്റിയഞ്ചു ശതമാനം ആണ്‍ ശബ്ദങ്ങളെയും കുറിച്ചാണു! പറഞ്ഞു വന്നതെന്താ എന്ന് വച്ചാല്‍ മായാനദിയിലെ ഏറ്റവും മികച്ച പാട്ട് സന്ദര്‍ഭം ബാല്‍ക്കണിയിലെ ദര്‍ശനാമൂളക്കമാണു! ‘ബാവ് രാ മന്‍’ എന്തൊരു ഫീലാണതിനു! പേര്‍സ്സണല്‍ സിംഗിംഗ് എന്നൊരു സാധനം ഉണ്ട് അതില്‍! വെറും ചങ്ക് പാട്ട്. സ്‌നേഹമല്ലാതെ ഒന്നുമില്ല അവളുടെ കയ്യില്‍. പിന്‍ഡ്രോപ്പ് സൈലന്‍സ് കൊണ്ട് ആളുകള്‍ അപ്പോള്‍ അതിനൊരു കീപാഡ് ബാക്കിംഗ് നല്‍കിയിരുന്നു എന്ന് വേണമെങ്കില്‍ പറയാം! സ്‌ക്രീനിനെ കരുത്തുറ്റ വിധം ആര്‍ദ്ദ്രമാക്കിയ ഒരു സന്ദര്‍ഭം തന്നെ ആയിരുന്നു അത്! പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ ആണ്‍ സംഗീതജഞരെ മുഴുവന്‍ നിശബ്ദരാക്കിയ നിമിഷം! ബ്രാവോ ആഷിക്ക്! ബ്രാവോ മായാനദി! അല്ലെങ്കിലും ശ്യാമിന്റെ സ്‌ക്രീന്‍ ഡീറ്റെയിലിംഗ് മിടുക്കും ശബ്ദരേഖാ മികവും വളരെ വളരെ ഇഷ്ടമാണു! ആഷിക്കാവട്ടെ തനിക്കു നേരില്‍ അനുഭവമായി അറിയാവുന്ന നഗരജീവിതത്തിനു ഫ്രെയിം വ്യാഖ്യാനം നല്‍കുമ്പോള്‍ വളരെ ശ്രദ്ധയുള്ള സെന്‍സിബിള്‍ ആയ സ്‌നേഹത്തിന്റെ കരുതല്‍ ഉള്ള ഒരാളാണു! ഒരുനല്ല നടന്‍ ക്യാമറക്ക് മുന്നില്‍ എങ്ങനെ പെരുമാറുമോ അതുപോലെ ആഷിക്ക് ക്യാമറക്ക് പിന്നില്‍ നിന്നുകൊണ്ട് നല്ല പെരുമാറ്റം കാഴ്ച്ച വെക്കുക കൂടിയാണു സത്യത്തില്‍ ചെയ്യുന്നത്.

നഗരച്ചിത്രങ്ങളില്‍ ആഷിക്ക് ശ്യാം ദിലീഷ് കൂട്ടിക്കെട്ടിനു തീര്‍ച്ചയായും ഇനിയും ഒരുപാട് ബ്യൂട്ടിഫുള്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല! ഐശ്വര്യയുടെയും ടോവിനോയുടെയും ഇളവരശിന്റെയുമൊക്കെ (ഐശ്വര്യ ടോവിനോ ഇളവരശ് ഭായ് നിങ്ങള്‍ പൊളിച്ചിട്ടുണ്ട് ട്ടോ) ശരീര ഭാഷയും റെക്‌സിന്റെ സംഗീത ഭാഷയും ജയേഷിന്റെ ദൃശ്യഭാഷയുമൊക്കെ വെച്ച് വേണമെങ്കില്‍ ഇതു പോലെയുള്ള തുടര്‍ നീക്കങ്ങള്‍ തന്നെ ആവാം! കാരണം ഇപ്പോള്‍ തന്നെ മായാനദി വേറൊരു തരം നഗരകാന്താര ജീവിത ദൃശ്യത്വത്തിലേക്ക് ഇതുവരെ ഇല്ലാതിരുന്ന പുതിയൊരു വാതില്‍ തുറന്ന് വെക്കുന്നുണ്ട്! സാമാന്യം ധൈര്യത്തോടെത്തന്നെ! ആര്‍ക്കും അതിലൂടെ ഒന്ന് പ്രവേശിച്ചു നോക്കാവുന്നതാണു. തങ്ങളുടേതായ പല നിലകളില്‍!
മായാനദിക്കു നന്ദി. മിഴിക്കും കാറ്റിനും നന്ദി!

(ബാല്‍ക്കണിപ്പക്ഷികളുടെയും ദര്‍ശനയുടെയും -Darshana Rajendran ചിത്രം ദര്‍ശനയുടെത്തന്നെ -ചിത്രമതിലില്‍ നിന്നും ചൂണ്ടിയത്. ഇതാണു ഞങ്ങള്‍ പറഞ്ഞ ‘ബാവ്രാ മന്‍’ )

എല്ലാവരോടും സ്‌നേഹം”

‘ഇല്ല പാര്‍വതി, ഞങ്ങള്‍ക്കിത് ശീലമില്ല’: വ്യത്യസ്ത അഭിപ്രായവുമായി ബോബി സഞ്ജയ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍