UPDATES

സിനിമ

ഡബ്ബിംഗ് ലോകത്തെ സൂപ്പര്‍ സ്റ്റാര്‍; ആനന്ദവല്ലിയെ കുറിച്ച് ഷോബി തിലകന്‍

പ്രഗത്ഭരായ പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും നമുക്കുണ്ടെങ്കിലും അവരില്‍ നിന്നൊക്കെ ആനന്ദവല്ലി ചേച്ചിക്ക് ഒരു പ്രത്യേകയുണ്ടായിരുന്നു

അന്തരിച്ച പ്രശ്‌സത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലിയുമായി തൊഴില്‍പരമായും വ്യക്തിപരമായും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഷോബി തിലകന്‍. രണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ എന്നതിനപ്പുറമായിരുന്നു തനിക്ക് ആനന്ദവല്ലി ചേച്ചിയുമായി ഉണ്ടായിരുന്ന ആത്മബന്ധമെന്നാണ് മരണവാര്‍ത്തയക്കു പിന്നാലെ അഴിമുഖവുമായി സംസാരിക്കുമ്പോള്‍ ആനന്ദവല്ലിയെ കുറിച്ച് ഷോബി പറയുന്നത്. അച്ഛനുമായി ഉണ്ടായിരുന്ന വ്യക്തിബന്ധം തങ്ങള്‍ മക്കളോടും കുടുംബത്തോടും ഒരു കളങ്കവുമില്ലാതെ പുലര്‍ത്തിപ്പോന്ന ആനന്ദവല്ലി ചേച്ചിയുടെ മരണം വലിയ വേദനയും നഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നത് ഷോബി തിലകന്‍ പറയുന്നു. ഷോബി തിലകന്‍ കൂടുതലായി അനന്ദവല്ലിയെ കുറിച്ച് അഴിമുഖവുമായി പങ്കുവച്ച കാര്യങ്ങള്‍ വായിക്കാം.

ആനന്ദവല്ലി ചേച്ചിയെന്ന കലാകാരിയെ കുറിച്ച് ഞാന്‍ പറയേണ്ട ആവശ്യമില്ല. ചേച്ചി ശബ്ദം നല്‍കിയ കഥാപാത്രങ്ങളിലൂടെ അതേവര്‍ക്കും അറിയാവുന്നതാണല്ലോ. എനിക്ക് ചേച്ചി എന്റെ ഗുരുവും അമ്മയുമാണ്. ഞങ്ങളുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാള്‍. അച്ഛനുമായി ഏറെ അടുത്ത സൗഹൃദമായിരുന്നു ചേച്ചിക്ക്. അച്ഛനുമൊത്ത് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്. ആ ബന്ധമാണ് എന്റെ കുടുംബവുമായും ഷമ്മി ചേട്ടന്റെ(ഷമ്മി തിലകന്‍) കുടുംബവുമൊക്കെയായി ചേച്ചി നിലനിര്‍ത്തി പോന്നിരുന്നത്.

ചേച്ചി ആശുപത്രിയില്‍ ആകുന്നതിന് രണ്ടു ദിവസം മുമ്പ് എന്നെ ഫോണ്‍ ചെയ്തിരുന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. ചേച്ചി ആശുപത്രിയിലായ അന്നുതന്നെ രാത്രി ഞാന്‍ കാണാന്‍ പോയിരുന്നു. പക്ഷേ ചേച്ചിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്തിനാല്‍ കാണാന്‍ സാധിച്ചില്ല. ചേച്ചിയുടെ അസുഖത്തെ കുറിച്ച് ആനന്ദവല്ലി ചേച്ചി അറിയുന്നതിനു മുമ്പ് തന്നെ ഞാന്‍ അറിഞ്ഞിരുന്നു. ചേച്ചിയുടെ അസുഖത്തെ കുറിച്ച് അറിയാമായിരുന്ന ഞാനും ഭാഗ്യലക്ഷ്മി ചേച്ചിയുമൊന്നും ആ വിവരം ചേച്ചിയെ മനഃപൂര്‍വം അറിയിക്കാതെ നോക്കി. ചില സംശയങ്ങളൊക്കെ ചേച്ചിക്കു തോന്നിയപ്പോള്‍, പേടിക്കാനൊന്നുമില്ല, ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞ് ഞങ്ങള്‍ ചേച്ചിയെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. വൈകാതെ ചേച്ചി എല്ലാം അറിഞ്ഞു. ആദ്യം കുറച്ച് കരഞ്ഞെങ്കിലും പിന്നീട് തന്റെ അസുഖത്തെ അതീജിവിക്കാനും പോരാടി ജയിക്കാനും തയ്യാറായി ചേച്ചി മാറി. മറ്റൊരാളുടെ രക്തം സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വഭാവിക പ്രതികരണമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമെന്നാണ് എനിക്ക് കിട്ടിയ വിവരം. തലച്ചോറില്‍ ബ്ലീഡിംഗ് ഉണ്ടായിട്ടുണ്ട്. എന്തായാലും ആ യാത്ര വല്ലാത്തൊരു ശൂന്യത ഞാനുള്‍പ്പെടെ ചേച്ചിയെ അറിയുന്ന, ചേച്ചിയെ സ്‌നേഹിക്കുന്ന എല്ലാവരിലും നിറച്ചിട്ടാണ്. ചേച്ചി പോയപ്പോള്‍ എനിക്കെന്റെ ഗുരു നഷ്ടമായി, എനിക്കെന്റെ അമ്മയെ നഷ്ടമായി.

ശബ്ദം നല്ലതാണ് അതുകൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആകട്ടെയെന്ന് ചോദിച്ച് പലരും എന്റടുത്ത് വരാറുണ്ട്. ശബ്ദത്തിലല്ല കാര്യം, അതുപയോഗിക്കുന്നതിലെ കഴിവാണ് ഒരാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആക്കുന്നത്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ ആ കഥാപാത്രത്തെ ലിഫ്റ്റ് ചെയ്തു കൊടുക്കുന്നതാണ് ഡബ്ബിംഗ്. അതിനാവണമെങ്കില്‍ നമ്മുടെയുള്ളിലും ഒരു അഭിനേതാവ് ഉണ്ടായിരിക്കണം. അങ്ങനെ അഭിനയം അറിയാവുന്നൊരാളാണ് ആനന്ദവല്ലി ചേച്ചി. നല്ലൊരു നാടകപശ്ചാത്തലം ചേച്ചിക്കുണ്ടായിരുന്നു.

പ്രഗത്ഭരായ പല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളും നമുക്കുണ്ടെങ്കിലും അവരില്‍ നിന്നൊക്കെ ആനന്ദവല്ലി ചേച്ചിക്ക് ഒരു പ്രത്യേകയുണ്ടായിരുന്നു. ഒരു സിനിമയില്‍ തന്നെ രണ്ടും മൂന്നു കഥാപാത്രങ്ങള്‍ക്ക് ചേച്ചി ഡബ്ബ് ചെയ്യും. എന്നാലതെല്ലാം ഒരാളുടെ ശബ്ദമാണെന്ന് ആര്‍ക്കും മനസിലാവുകയുമില്ല. പല സിനിമകളിലും ചേച്ചി രണ്ടും മൂന്നും പേര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ഒരു സിനിമയില്‍ തന്നെ രണ്ട് നായികമാര്‍ക്ക് ചേച്ചി ശബ്ദം കൊടുത്തിട്ടുണ്ട്. കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശി കഥാപാത്രത്തിനു ശബ്ദം നല്‍കിയതും ആനന്ദവല്ലി ചേച്ചിയാണ്. പക്ഷേ, നമുക്കത് മനസിലാക്കാന്‍ കഴിയില്ല. ഇതൊക്കെ ആനന്ദവല്ലി ചേച്ചിയുടെ ശബ്ദമാണെന്നു മനസിലാകില്ല. വ്യത്യസ്ത ശബ്ദത്തില്‍ വ്യത്യസ്ത മോഡ്യുലേഷനില്‍ ചേച്ചി ഓരോ കഥാപാത്രങ്ങളായി സംസാരിക്കും.

സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ ഇത്രത്തോളം ഇല്ലായിരുന്ന കാലത്തായിരുന്നു ശബ്ദം കൊണ്ട് ചേച്ചി അത്ഭുതങ്ങള്‍ കാണിച്ചിരുന്നതെന്നതോര്‍ക്കണം. അതു തന്നെയാണ് ആനന്ദവല്ലി ചേച്ചിയുടെ മഹത്വവും. ഇപ്പോള്‍ ഡബ്ബ് ചെയ്യുമ്പോള്‍ കഥാപാത്രത്തിന്റെ ചുണ്ടനക്കവുമായി സിങ്ക് ആയില്ലെങ്കില്‍ അത് സിങ്ക് ആക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് എളുപ്പത്തില്‍ പറ്റും. ഇപ്പോള്‍ ഡബ്ബിംഗ് വളരെ എളുപ്പമാണന്നു പറയാം. പക്ഷേ ചേച്ചിയുടെയൊക്കെ കാലത്ത് വളരെ ബുദ്ധിമുട്ട് ആയിരുന്നു ഡബ്ബിംഗ്. ആകെ രണ്ട് ട്രാക്ക് ആയിരിക്കും ഉണ്ടാവുക, അതില്‍ ഇത്രയും ആര്‍ട്ടിസ്റ്റുകളുടെ ശബ്ദം ഡബ്ബ് ചെയ്യണം. ആര്‍ട്ടിസ്റ്റുകളുടെയൊക്കെ കൂടി കോമ്പിനേഷന്‍ ആയിരുന്നു. ഒരേ സമയം നാലും അഞ്ചും ആര്‍ട്ടിസ്റ്റുകളൊക്കെയായിരുന്നു ഡബ്ബ് ചെയ്തിരുന്നത്. അങ്ങനെയൊരു കാലത്ത് ഇത്രമാത്രം വേരിയേഷനുകളില്‍ ഡബ്ബ് ചെയ്യാന്‍ സാധിക്കുക എന്നത് കഴിവ് തന്നെയാണ്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി നല്ലൊരു അഭിനേത്രിയായി കൂടി ആനന്ദവല്ലി ചേച്ചിയെ കുറിച്ച് പറയണം. കെപിഎസിയിലൊക്കെ നിരവധി നാടകങ്ങളില്‍ ചേച്ചി അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അത്ര ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നില്ല. ഒരുപക്ഷേ ചേച്ചി അഭിനയത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാതിരുന്നതുമാകാം. കാരണം ചേച്ചിയുടെ നല്ല സമയത്ത് ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഉണ്ടായിരുന്നത്. അവസരങ്ങള്‍ നിരവധി മുന്നിലേക്ക് വന്നുകൊണ്ടിരിക്കുമ്പോള്‍ അഭിനയം വേണ്ട, ഡബ്ബിംഗില്‍ തന്നെ നില്‍ക്കാം എന്നു ചേച്ചി ചിന്തിച്ചിട്ടുണ്ടാകാം.

ചിലരെ കുറിച്ച് നമ്മള്‍ പറയാറില്ലെ, പകരം വയ്ക്കാനില്ലാത്തവരെന്ന്. ആനന്ദവല്ലി ചേച്ചുയും പകരം വയ്ക്കാനില്ലാത്ത പ്രതിഭയായിരുന്നു. ചേച്ചി ചെയ്ത സിനിമകളില്‍ കൂടി അത് മനസിലാകുന്നതാണ്. ഇനിയിങ്ങനെയൊരാളില്ല. പക്ഷേ, എനിക്ക് ചേച്ചി ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നില്ല എന്നതിനാല്‍ ആ നഷ്ടത്തിന് ആഴമേറെയാണ്.

(ഷോബി തിലകനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍