കാസർഗോഡ് നടന്നൊരു ജ്വല്ലറി മോഷണത്തെ തുടർന്ന് സിബി തോമസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഉത്തര്‍ പ്രദേശില്‍ ചെന്ന് പ്രതികളെ പിടികൂടുന്നതാണ് പ്രമേയം
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ എസ് ഐ വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സിബി തോമസ്. തുറമുഖം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയുന്ന ചിത്രത്തിലൂടെ സിബി തോമസ് തിരക്കഥാകൃത്താവുകയാണ്. കാസർഗോഡ് നടന്നൊരു ജ്വല്ലറി മോഷണത്തെ തുടർന്ന് സിബി തോമസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കാസർഗോഡ് നിന്ന് ഉത്തർ പ്രദേശിൽ എത്തുകയും ഒൻപതു ദിവസത്തെ നീണ്ട പരിശ്രമത്തിന് ശേഷം പ്രതികളെ പിടികൂടിയ സംഭവമാണ് പ്രമേയം. റിയലിസ്റ്റിക് പോലീസ് സ്റ്റോറി പറയുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകനായി എത്തുന്നത്. തിരക്കഥാകൃത്താവുന്ന തന്റെ ആദ്യ സിനിമയെ കുറിച്ച് സിബി തോമസ് അഴിമുഖത്തോട് സംസാരിക്കുന്നു.
തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായ ഒരു കുറ്റാന്വേക്ഷണത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. 2016ൽ കാസർഗോഡ് നടന്നൊരു ജ്വല്ലറി മോഷണമാണ് കഥക്ക് ആധാരം. അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്തി മോഷണം നടത്തി ഉത്തർ പ്രദേശിലേക്ക് രക്ഷപെട്ട സംഘത്തെ പിന്തുടർന്ന് പിടികൂടുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സിബി തോമസ് പറയുന്നു.
‘രാജീവ് രവി തന്നെ ഈ സിനിമ ചെയ്യണമെന്നുള്ളത് തന്റെ ആഗ്രഹമായിരുന്നു. റിയലിസ്റ്റിക് സിനിമകളുടെ രാജാവാണ് രാജീവ് രവി. 94 ൽ ഫിലിം ഇൻസ്റ്റിട്യൂട്ടിന്റെ ഓറിയന്‍റേഷന് കോഴ്സിൽ ഞാനും രാജീവും ഒരുമിച്ചുണ്ടായിരുന്നു. മോഷൻ പിക്ചർ ഫോട്ടോഗ്രാഫി ആയിരുന്നു വിഷയം, എന്നാൽ രാജീവ് രവി അവസാന ഘട്ട ഇന്റർവ്യൂ പാസാവുകയും കോഴ്‌സുമായി മുന്നോട്ട് പോവുകയും ചെയ്തപ്പോൾ എനിക്ക് അഡ്മിഷൻ ലഭിച്ചിരുന്നില്ല. രാജീവ് രവിക്കൊപ്പമുള്ള കൂട്ടുകെട്ട് വിജയിക്കുമെന്നാണ് എന്റെ പ്രതീക്ഷ’– സിബി തോമസ് പറഞ്ഞു.
സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ താൻ അവതരിപ്പിക്കുന്നതായും തന്റെ നായകനാകാൻ ഏറ്റവും അനുയോജ്യനായ നടൻ ആസിഫ് അലിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബലിഷ്ഠനായ നായകനെയല്ല തനിക്കാവശ്യം, അതികം പോലീസ് കഥാപാത്രങ്ങൾ ചെയ്‌തു ശ്രദ്ധനേടാത്ത ഒരാളായിരിക്കണം. ഹീറോയിസം ഇല്ലാതെ വളരെ ലളിതമായിട്ടാണ് ഈ കഥാപാത്രം കുറ്റാന്വേക്ഷണം നടത്തുന്നത്. എന്നാൽ അവസാന ഘട്ടത്തിൽ മാത്രമാണ് നായകന്റെ ഒരു ഹീറോയിസം പ്രകടമാകുന്നത്. അത്രത്തോളം അപകടകരമായ സാഹചര്യത്തിലാണ് ഉത്തർ പ്രദേശിലെ ഗ്രാമത്തിൽ നിന്ന് പ്രതിയെ പിടികൂടുന്നത്.
സിബി തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എന്നാൽ ചിത്രം വേണ്ടരീതിയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നതിന്റെ വിഷമവും അദ്ദേഹം പങ്കുവെച്ചു.
നിലവിലെ സാമൂഹിക വ്യവസ്ഥിതികൾക്കെതിരെ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്ന ചിത്രമാണിത്. ജാതി മത അസമത്വങ്ങൾ എല്ലാം ഈ സിനിമ ചർച്ചചെയ്യുന്നു. ദാരിദ്യം മൂലം ഉണ്ടാകുന്ന മധുവിന്റെ കൊലപാതകവും, കെവിനെ കല്ലെറിഞ്ഞു കൊല്ലുന്നതെല്ലാം ഉൾപ്പടെ പ്രതിപാദിക്കുന്ന സിനിമയാണിത്. എന്നിട്ടും സിനിമ ശ്രദ്ദിക്കപ്പെടാതെ പോകുന്നത് വളരെ വിഷമകരമാണ്.
ഫിലിം റോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ വി ആര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്നു അരുണ്‍കുമാര്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. സിനിമ സെപ്റ്റംബർ ആദ്യ വാരം ചിത്രികരണം ആരംഭിക്കും.