UPDATES

സിനിമ

അന്തം കമ്മി, മോഹന്‍ലാല്‍ വിരുദ്ധന്‍; ശ്യാം പുഷ്‌കരനെതിരേ സന്ദേശം ആരാധകരും മോഹന്‍ലാല്‍ ഫാന്‍സും

സന്ദേശം എന്ന സിനിമ എന്തു സന്ദേശമാണ് തരുന്നതെന്നു തനിക്ക് അറിയില്ലെന്നും വരവേല്‍പ്പ് ഇഷ്ടമല്ലെന്നുമായിരുന്നു ശ്യാമിന്റെ അഭിപ്രായം

ശ്രീനിവസാന്‍ എഴുതിയ സന്ദേശത്തെക്കുറിച്ചും വരവേല്‍പ്പ്, നരസിംഹം തുടങ്ങിയ മോഹന്‍ലാല്‍ സിനിമകളെക്കുറിച്ചും പ്രേക്ഷകനെന്ന നിലയില്‍ തന്റെ അഭിപ്രായം പറഞ്ഞതിന് തിരക്കഥകൃത്ത് ശ്യാം പുഷ്‌കരനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു സന്ദേശവും മോഹന്‍ലാല്‍ ചിത്രങ്ങളും ശ്യാമിന്റെ അഭിപ്രായങ്ങളിലേക്ക് കടന്നു വന്നത്. സന്ദേശം കാര്യമായിട്ട് എന്തു സന്ദേശമാണ് തരുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നാണ് ശ്യാമിന്റെ വാക്കുകള്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് താത്പര്യമുള്ളൊരാളാണു താനെന്നും സിനിമയുടെ അവസാനം വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വേണ്ടായെന്നു പറയുകയാണ് സന്ദേശമെന്നും ശ്യാം നിലപാട് വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്നൊരാളെന്ന നിലയിലാണ് ശ്യാം ഈ വാദങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത്. തുടര്‍ന്നാണ് ചില മോഹന്‍ ലാല്‍ ചിത്രങ്ങളെക്കുറിച്ചുള്ള അഭിപ്രായം അവതാരക ചോദിക്കുന്നത്. സ്ഫടികം തന്നെ സംബന്ധിച്ച് ഒരു ഭദ്രന്‍ മാസ്റ്റര്‍ പീസ് ആണെന്നും വരവേല്‍പ്പ് അതിലെ നായകന്റെ ഗതികേട് കണ്ട് സങ്കടം വരുന്നതിനാല്‍ കാണാന്‍ ഇഷ്ടമില്ലാത്ത പടമാണെന്നും പറയുന്ന ശ്യാം, നരസിംഹം ഒറ്റത്തവണ മാത്രം കാണാനേയുള്ളൂവെന്നും മിഥുനും ഉര്‍വശിയുടെ ഭാഗം കൊണ്ടാണ് ഇഷ്ടമാകുന്നതെന്നും വ്യക്തമാക്കുന്നു. ഈ അഭിപ്രായങ്ങളാണ് ശ്യാമിനെതിരേ തിരിയാന്‍ ഒരു വിഭാഗത്തെ തയ്യാറാക്കിയത്.

മലയാള സിനിമയിലെ ഏറ്റവും മികച്ച രാഷ്ട്രീയ ചിത്രമാണ് സന്ദേശമെന്നും ശ്യാമിന്റെ രാഷ്ട്രീയത്തെ അതില്‍ പരിഹസിക്കുന്നതുകൊണ്ടാണ് സിനിമയെക്കുറിച്ച് മോശം പറയുന്നതെന്നാണ് ചിലരുടെ വിമര്‍ശനം. ശ്രീനിവാസനെ വ്യക്തപരമായി ഇഷ്ടമില്ലാത്തതുകൊണ്ടാണെന്നു മറ്റു ചിലരും പറഞ്ഞുവയ്ക്കുന്നു. ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റ് ആയെന്നു കരുതി ശ്രീനിവാസനെ പോലൊരാളെ വിമര്‍ശിക്കാന്‍ ശ്യാം ആളായോ എന്നും ചിലരുടെ ചോദ്യമുണ്ട്.

ശ്യാം ഇടതുപക്ഷക്കാരനാണെന്നും സഖാവ് ആയതുകൊണ്ടാണ് സന്ദേശത്തിലെ സന്ദേശം ഇഷ്ടമാകാതിരുന്നതെന്നും ആക്ഷേപിക്കുന്നവരും കുറവല്ല. സഖാവ് ആയിരിക്കും, സന്ദേശത്തിലും വരവേല്‍പ്പിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ലോണം തട്ട് കിട്ടുന്നതുകൊണ്ടായിരിക്കും ഇഷ്ടക്കേടെന്നും പരിഹാസം. എന്താണ് സന്ദേശത്തിലെ സന്ദേശം എന്നു ശ്യാമിനെ മനസിലാക്കി കൊടുക്കാനും പലരും രംഗത്തു വന്നിട്ടുണ്ട്. ശ്യാം ഇടതുപക്ഷത്തെ വായിച്ചറിഞ്ഞവനും ശ്രീനിവാസന്‍ അനുഭവിച്ചറിഞ്ഞവനുമാണെന്നാണ് ചിലര്‍ സ്‌നേഹരൂപേണ ശ്യാമിനോട് നടത്തുന്ന ഉപദേശം.

ഇനിയൊരു 25 വര്‍ഷം കഴിഞ്ഞാലും സന്ദേശവും വരവേല്‍പ്പുമൊക്കെ ആളുകള്‍ കാണുമെന്നും ആ സിനിമകളെ കുറിച്ച് സംസാരിക്കുമെന്നും എന്നാല്‍ മായനദിയും കുമ്പളങ്ങി നൈറ്റ്‌സുമൊക്കെ ആരെങ്കിലും ഓര്‍ക്കുമോ എന്നു പുച്ഛിക്കുന്നവരുമുണ്ട്. എന്താണ് താങ്കളുടെ സിനിമകളിലെ സന്ദേശം എന്നാണ് മറ്റു ചില വിമര്‍ശകര്‍ക്കുള്ള ചോദ്യം. ആയുസ് മുഴുവന്‍ പണിയെടുത്താലും സന്ദേശം പോലൊരു സിനിമ എഴുതാന്‍ ശ്യാമിന് കഴിയില്ലെന്ന വെല്ലുവിളിയും നടക്കുന്നുണ്ട്. സന്ദേശത്തെ കുറ്റം പറയാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത. ഒരു ശരാശരി കുമ്പളങ്ങിയും ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന മഹേഷും അല്ല, എക്കാലത്തെയും മികച്ച സിനിമ ആയ സന്ദേശം. ശ്രീനിവാസന്റെ ഒക്കെ അടുത്ത് പോലും വരാന്‍ യോഗ്യത ഇല്ലാത്തവന്റെ ഗീര്‍വാണം കേള്‍ക്കാന്‍ നല്ല സുഖം; എന്നാണ് ഒരു വിമര്‍ശനം. സന്ദേശവും വരവേല്‍പ്പും ഇഷ്ടപ്പെടാതിരിക്കാനുള്ള ശ്യാമിന്റെ മാനസിക നിലയെക്കുറിച്ച് ചിലര്‍ സംശയം ഉയര്‍ത്തുന്നുണ്ട്. സന്ദേശം നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമാണ് ആ സിനിമ പറഞ്ഞു തരുന്ന ഒരു വലിയ പാഠമുണ്ട് അതുപോലെ വരവേല്‍പ്പ് എന്ന സിനിമയില്‍ ഒരു വലിയ ആഘോഷവും ഉണ്ട് ഇത് ഞങ്ങള്‍ പ്രേക്ഷകര്‍ മനസ്സ് നിറഞ്ഞു കണ്ട സിനിമകളാണ്… ഈ സിനിമകളൊക്കെ ഇഷ്ടപ്പെടാതിരിക്കാന്‍ ഉള്ള താങ്കളുടെ മാനസിക നില എന്താണെന്ന് മനസ്സിലാകുന്നില്ല ഞങ്ങള്‍ പ്രേക്ഷകര്‍ക്ക്; എന്നാണ് ചോദ്യം.

വരവേല്‍പ്പും നരസിംഹവും തള്ളിപ്പറഞ്ഞിനും ശ്യാമിനെതിരേ പ്രതിഷേധം ശക്തമാണ്. മോഹന്‍ലാലിനെ ഇഷ്ടമില്ലെന്നു മഹേഷിന്റെ പ്രതികാരത്തിലൂടെ മനസിലായതാണെന്നും നരസിംഹം ഒരു തവണ കാണാനേ ഉള്ളുവെന്നു പറഞ്ഞതിനെ കഷ്ടം എന്നല്ലാതെ എന്തു പറയാനാണെന്നും മോഹന്‍ലാല്‍ ആരാധകരുടെ രോഷം. നരസിംഹത്തെക്കുറിച്ച് പറയാന്‍ മാത്രം ശ്യാം വളര്‍ന്നിട്ടില്ലെന്ന താക്കിതും കൊടുക്കുന്നുണ്ട്.

പോപ്പുലാരിറ്റിക്കു വേണ്ടിയാണ് മോഹന്‍ലാല്‍ സിനിമകളെയും ശ്രീനിവാസനെയും കുറ്റം പറയുന്നതെന്നും ചിലര്‍ കണ്ടെത്തുന്നു. ശ്രീനിവാസന്‍ എഴുതിയത്ര ഹിറ്റുകള്‍ ശ്യാമിനെക്കൊണ്ട് എഴുതാന്‍ പറ്റുമോയെന്നാണ് ഇവര്‍ക്ക് ചോദിക്കാനുള്ളതും.

"</p "</p "</p "</p "</p "</p "</p "</p

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍