UPDATES

സിനിമ

സോളോ; വിജയിച്ച പരീക്ഷണം

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ ഹീറോയിസത്തെ അയാളിലെ നടന് യാതൊരു പരിക്കുമേല്‍പ്പിക്കാതെ അവതരിപ്പിച്ച സിനിമ കൂടിയാണ് സോളോ

അപര്‍ണ്ണ

അപര്‍ണ്ണ

മോഹന്‍ലാലിന്റെ റിഫ്‌ളക്ഷനിലൂടെയും വസീറിലൂടെയും മലയാളിക്ക് സുപരിചിതനായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ കന്നി മലയാള സംരംഭമാണ് സോളോ. ഒരേ സമയം തമിഴിലും മലയാളത്തിലും റിലീസ് ചെയ്യൂന്ന ഈ ദുല്‍ഖര്‍ സല്‍മാന്‍ സിനിമ കുറച്ചു കാലമായുള്ള പ്രേക്ഷക പ്രതീക്ഷയാണ്. പാട്ടുകളും ട്രെയിലറും നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. 200 ലധികം റിലീസ് കേന്ദ്രങ്ങള്‍ കേരളത്തില്‍ മാത്രമുണ്ട്. തമിഴ് വേര്‍ഷനും ഏതാണ്ട് ഇത്രയും റിലീസിംഗ് കേന്ദ്രങ്ങളുണ്ടെന്നാണ് അറിയുന്നത്. ദുല്‍ഖറിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ആരാധകര്‍ക്കിടയില്‍ റിലീസിനു മുന്‍പെ ട്രെന്‍ഡിങ്ങ് ആയി.

കേരള കഫേക്കു ശേഷം പോപ്പുലര്‍ സിനിമ ആന്തോളജി പരീക്ഷിക്കുകയാണ് ‘സോളോ’യിലൂടെ. ശിവനിലൂടെ പഞ്ചഭൂതങ്ങളില്‍ നാലെണ്ണത്തെ ആശ്രയിച്ചാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നീ ടൈറ്റില്‍ റോളുകളില്‍ ദുല്‍ഖര്‍ എത്തുന്നു. വെള്ളം അഥവ വേള്‍ഡ് ഓഫ് ശേഖറിലൂടെ ആണ് ആന്തോളജി മലയാളത്തില്‍ തുടങ്ങുന്നത്. ശേഖറും രാധിക (ധന്‍സിക) യും തമ്മിലുള്ള തീവ്രാനുരാഗത്തിന്റെ കഥയാണിത്. കടല്‍ പോലെ ആഴമുള്ള ഈ ബന്ധത്തിന്റെ തുടക്കം മുതല്‍ ജലം സാക്ഷിയാണ്. വായു അഥവ വേള്‍ഡ് ഓഫ് ത്രിലോക് ആയിഷയുടെയും (ആരതി വെങ്കിടേഷ് ) ത്രിലോകിന്റെയും പ്രണയത്തിന്റെ കഥ പറയുന്നു. ശ്വാസം അഥവ വായു ആണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നത്. ആദ്യത്തെ പ്രണയ കഥയില്‍ നിന്നും ശ്വാസം പോലെ അനിവാര്യമായ ഒരു പ്രതികാരത്തിലേക്കാണ് കഥ സഞ്ചരിക്കുന്നത്. തീ അഥവ വേള്‍ഡ് ഓഫ് ശിവ നിസഹായമായ, അനിവാര്യമായ ചില തുടര്‍ച്ചകളുടെ കഥയാണ്. ശിവ എന്ന കൊട്ടേഷന്‍ ടീമംഗത്തിന്റേയും അവന്റെ അനുജന്‍ സിദ്ദുവിന്റേയും(രോഹന്‍ മനോജ് ) പിരിഞ്ഞു ജീവിക്കുന്ന അവരുടെ രക്ഷിതാക്കളുടെയും കഥയാണ്. തീ പോലെ പൊള്ളുന്ന അവരുടെ ജീവിതത്തുടര്‍ച്ചകള്‍, വിഷ്ണുവിലേക്കെത്തിയ സ്ത്രീ, പരാജയപ്പെട്ട നായകന്‍, പ്രതികാരം മുന്നോട്ടു നയിക്കുന്ന അയാളുടെ അനുജന്‍ ഇങ്ങനെ കഥ മുന്നോട്ടു പോവുന്നു. ഭൂമി അഥവ വേള്‍ഡ് ഓഫ് രുദ്രന്‍ ആണ് അവസാന ഭാഗം. ഹിറ്റായ രണ്ടു പാട്ടുകളും ട്രെയിലറിലും മറ്റും കണ്ട പല പ്രശസ്ത രംഗങ്ങളും ഈ ഭാഗത്തെയാണ്. അക്ഷരയും(നേഹ ശര്‍മ)യും രുദ്ര രാമചന്ദ്രനും തമ്മിലുള്ള പ്രണയത്തിന്റെ വിചിത്രമായ പരിണാമഗുപ്തിയാണ് ഈ ഭാഗം(സ്‌റ്റോറി ലൈന്‍ മലയാളം വേര്‍ഷന്റെ ഓര്‍ഡറിലാണ്). മനോജ്. കെ. ജയന്‍, രഞ്ജി പണിക്കര്‍, നാസര്‍, സുഹാസിനി, ആന്‍ അഗസ്റ്റിന്‍, സൗബിന്‍, ദീപ്തി സതി, ബോളിവുഡ് താരം ദിനോ മോറിയ, സായ് തഹാന്‍കര്‍, ശ്രുതി ഹരിഹരന്‍, ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നിവര്‍ സപ്പോര്‍ട്ടിങ്ങ് റോളുകളില്‍ പല ഭാഗത്തായി എത്തുന്നു.

"</p

ബിജോയ് നമ്പ്യാരിലുള്ള പ്രതീക്ഷ വെറുതെയായില്ല എന്ന് തോന്നിപ്പിക്കും വിധമാണ് സോളോയുടെ ഓവര്‍ ആള്‍ മേക്കിംഗ്. ബേസിക് എലമെന്റിനെ ഓരോ തന്തുവുമായി കൃത്യമായി ബന്ധപ്പെടുത്താനും അപ്പോള്‍ വന്നു ചേരാവുന്ന ഏച്ചു കൂട്ടലുകളെയും പൂര്‍ണമായി ഒഴിവാക്കാനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ സോളോ പെര്‍ഫോര്‍മന്‍സിന്(ഒരാള്‍ ഒറ്റയ്ക്കൂ നടത്തുന്ന പല പരകായ പ്രവേശങ്ങളെ ആണ് അഭിനയത്തില്‍ സോളോക്ക് നിര്‍വചനം) വേണ്ടിയുള്ള ശരിയായ പ്ലാറ്റ്‌ഫോം ബിജോയ് ഒരുക്കിയിട്ടുണ്ട്. ടെക്‌നിക്കല്‍ ബ്രില്യന്‍സിന്റെ കാര്യത്തില്‍ യാതൊരു സംശയവുമുണ്ടാകാത്ത തരത്തിലായിരുന്നു പാട്ടും ട്രെയിലറും പുറത്തുവന്നത്. പക്ഷെ മലയാള സിനിമയില്‍ ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ മന:പൂര്‍വം എടുക്കുന്ന കഠിന ശ്രമമായി പോകാറുണ്ട് പലപ്പോഴും. പക്ഷെ മലയാളത്തില്‍ ധന്യ സുരേഷ് (തമിഴില്‍ കാര്‍ത്തിക് ഐയ്യര്‍) എഴുതിയ കഥക്ക് ബിജോയ് നമ്പ്യാര്‍ തന്നെ എഴുതിയ തിരക്കഥ സിനിമക്കു വേണ്ട ഒതുക്കം കൃത്യമായി പാലിക്കുന്നുണ്ട്. വെള്ളത്തേയും തീയിനേയും മണ്ണിനേയും വായുവിനേയും ഒരേ സമയം തിരക്കഥയിലേക്കും ക്രാഫ്റ്റിലേക്കും പകുത്തു കൊടുത്തിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ ഹീറോയിസത്തെ അയാളിലെ നടന് യാതൊരു പരിക്കുമേല്‍പ്പിക്കാതെ അവതരിപ്പിച്ച സിനിമ കൂടിയാണ് സോളോ. വിക്കുള്ള ശേഖറും കോള്‍ഡ് ബ്ലഡഡ് റേജ് ഹീറോ ആയ ത്രിലോകും ഭൂതകാലം എപ്പോഴും പരാജയപ്പെടുത്തുന്ന ശിവയും വിരഹിയായ കാമുകന്‍ രുദ്രയും ദുല്‍ഖര്‍ എന്ന നടനില്‍ ഭദ്രമായിരുന്നു. അദ്ദേഹത്തിന്റെ കരിയറില്‍ നേരിട്ട ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രങ്ങളായിരുന്നു സോളോയിലേത്. അത് അദ്ദേഹം വളരെ വിജയകരമായി പ്രേക്ഷകരിലെത്തിച്ചു.

ശിവന്റെ ആരാധനാലയങ്ങളെയാണ് പഞ്ചഭൂതാലയങ്ങള്‍ എന്നു വിളിക്കാറുള്ളത്. പഞ്ചഭൂതങ്ങളിലൊന്നായ ആകാശം പ്രതിഫലിപ്പിക്കുന്നത് ശൂന്യതയെ ആയതു കൊണ്ട് ചാര്‍വാക ബുദ്ധ വിശ്വാസികള്‍ അത് അംഗീകരിക്കുന്നില്ല. അത്തരത്തില്‍ നാലെണ്ണത്തെ ആശ്രയിച്ചാണ് സോളോ നിലനില്‍ക്കുന്നത്. മിത്തിനെ ആശ്രയിച്ച് സമകാലികമായ കഥയായി വിജയകരമായി പരിണമിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനെ ബന്ധപ്പെടുത്തുന്ന കണ്ണികള്‍ പലപ്പോഴും വളരെ ദുര്‍ബലമാവും. പക്ഷെ സോളോയില്‍ ഒരിടത്തും ആ പ്രശ്‌നം കാണികള്‍ക്ക് അനുഭവപ്പെടുന്നില്ല.

പ്രണയം, പ്രതികാരം എന്നിവയാണ് സിനിമയുടെ മൂല പ്രമേയങ്ങള്‍. ഏറ്റവും അന്തര്‍മുഖരായവരാണ് പ്രതികാരത്തിനിറങ്ങുന്നത്. വൈകാരിക അരക്ഷിതത്വം ആണ് അതിനുള്ള മൂല കാരണം. വിക്കുള്ള ശേഖര്‍ ആണ് ഏറ്റവുമധികം സംസാരിക്കുന്നത്. അധോലോക സംഘാംഗമായ ശിവ പക്ഷെ ഒരൊറ്റ ഡയലോഗ് മാത്രമേ പറയുന്നുള്ളു. ഏറ്റവുമധികം അരക്ഷിതനായ കഥാപാത്രം ശിവയാണ്. ഭാര്യ മാത്രമുണ്ടായിരുന്ന ഒരു കുന്നിന്‍ ചെരുവില്‍ ശാന്ത ജീവിതം നയിക്കാനാഗ്രഹിച്ച ത്രിലോക് വര്‍ഷങ്ങള്‍ നിശബ്ദനായി മറഞ്ഞിരുന്ന് പ്രതികാരം നടത്തുന്നു. പ്രണയത്തിനും പ്രതികാരത്തിനുമായുള്ള കാത്തിരിപ്പും സിനിമയുടെ പ്രധാന പ്രമേയമാണ്. ഇതില്‍ ഒരിക്കലും തിരിച്ചു വരാത്തവര്‍ക്കു വേണ്ടിയും ഒഴിവാക്കപ്പെട്ടതിന്റെ കാരണത്തിനു വേണ്ടിയും ഉള്ള കാത്തിരിപ്പുണ്ട്. ഇതിനെ സാധൂകരിക്കാന്‍ ഉപയോഗിച്ച ജലം, വായു, തീ, ആകാശം എന്നീ നാലു ഘടകങ്ങളെ വിജയകരമായി എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട്. വീണുപോകുന്നവരും അതിജീവിക്കുന്നവരുമാണ് ദുല്‍ഖറിന്റെ നായകന്മാര്‍.

"</p

ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരത്തിന്റെ സാധ്യതകളെ ഈ ഒരു ടെക്സ്റ്റിനുള്ളില്‍ നില്‍ക്കുമ്പോഴും സോളോ ഉപയോഗിച്ചിട്ടുണ്ട്. മൂന്നു നായകര്‍ സമ്പന്നരാണ്. എല്ലാവരും എവിടെയൊക്കെയോ ഹീറോകളാണ്. തികച്ചും വ്യക്തികേന്ദ്രീകൃതമാണ് ഓരോ കഥയും സ്വാഭാവികമായും സോളോ അയാളില്‍ തന്നെ കേന്ദ്രീകൃതമാണ്. പക്ഷെ പ്രണയവും സ്ത്രീ കഥാപാത്രങ്ങളുമാണ് അയാളെ കാത്തിരിപ്പിലേക്കും തിരിച്ചു നടത്തത്തിലേക്കും എത്തിക്കുന്നത്. സ്വീകരിക്കാനും ഉപേക്ഷിക്കാനും ഉറച്ച തീരുമാനങ്ങളെടുക്കുന്നങ്ങളെല്ലാം. കുറ്റബോധം, തേപ്പ്, വിധേയത്വം എന്നീ പതിവു ക്ലീഷേകളില്‍ ഉള്ള കഥാപാത്രങ്ങള്‍ സാധ്യതകള്‍ ഉണ്ടായിട്ടും സൃഷ്ടിക്കപ്പെടുന്നില്ല. നാടു വിട്ടു പോവുന്ന ദുല്‍ഖറില്ല ഈ സിനിമയില്‍. പോയിടത്തു നിന്നെല്ലാം അയാള്‍ തിരിച്ചു വരുന്നു.

മധു നീലകണ്ഠനും സേജല്‍ ഷായും ഗിരീഷ് ഗംഗാധരനും ചേര്‍ന്നുള്ള ക്യാമറയും പ്രശാന്ത് പിള്ളയുടെ നേതൃത്വത്തിലുള്ള സംഗീതവും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങും പരാമര്‍ശിക്കാതെ സോളോ പൂര്‍ത്തിയാവില്ല. പശ്ചാത്തല സംഗീതമാണ് പലയിടത്തും സിനിമയുടെ ജീവന്‍. വെള്ളത്തെയും ഭൂമിയേയും വായുവിനേയും തീയിനേയും കാണികള്‍ക്ക് അനുഭവപ്പെടാന്‍ കാരണം ഇവര്‍ കൂടിയാണ്. സ്‌പേസിന്റെ വലിപ്പ ചെറുപ്പങ്ങളനുസരിച്ച് പെരുമാറിയ സഹതാരങ്ങളും കയ്യടി അര്‍ഹിക്കുന്നു. ട്വിസ്റ്റുകളില്‍ ചിലത് പ്രവചനീയമാണെങ്കിലും അതിന്റെ എക്‌സിക്യൂഷന്‍ എല്ലായിടത്തും രസകരമാണ്. കഥ ആവശ്യപ്പെടുന്ന നീളം ഓരോ ഭാഗത്തിനും വീതിച്ചിട്ടുണ്ട്.

സോളോ ഒരു ആന്തോളജി എന്ന നിലയിലും ബിജോയ് നമ്പ്യാരുടെ എന്‍ട്രി എന്ന നിലയിലും ദ്വിഭാഷ സിനിമ എന്ന രീതിയിലും ദുല്‍ഖറിന്റെ ഇമേജ് ബ്രേക്കര്‍ എന്ന നിലയിലും ഒരു പരീക്ഷണം തന്നെയായിരുന്നു. ഒരു വാണിജ്യ സിനിമയുടെ ചട്ടക്കൂടുകളെ നിരാകരിക്കാന്‍ ഒരിക്കലും സാധിക്കാത്ത സിനിമയായിരുന്നു. ആ പരീക്ഷണം ഏറെക്കുറെ വിജയിച്ചു എന്ന പ്രതീതി ഉണ്ടാക്കുന്നു.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍