UPDATES

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആ പെണ്ണുങ്ങള്‍ നിങ്ങളെ ജയിക്കുകയാണ്…

എന്തിന് നിങ്ങള്‍ ഒരു കുറ്റാരോപിതനെ സംരക്ഷിക്കുന്നു? എന്തുകൊണ്ട് നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നില്ല? എന്നീ ചോദ്യങ്ങള്‍ക്ക്, ആ പെണ്ണുങ്ങളോട് ഉത്തരം പറയാതെ ഒഴിഞ്ഞു മാറനോ, ചോദിക്കുന്നവരെ ഭീഷണിപ്പെടുത്താനോ എഎംഎംഎക്കാര്‍ക്ക് കഴിയില്ല

ദിവസം മൂന്നും നാലും പേര്‍ക്കും കിടന്നു കൊടുക്കാന്‍ എനിക്ക് വയ്യെന്നു പരിതപിക്കുകയും പിന്നീട് എല്ലാത്തിലും നിന്നുള്ള രക്ഷയായി മരണം തെരഞ്ഞെടുക്കുകയും ചെയ്ത നടി ഈ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. ഒന്നുകില്‍ സിനിമ ഉപേക്ഷിക്കുക, അല്ലെങ്കില്‍ ജീവിതം, അതിനുരണ്ടിനും തയ്യാറല്ലെങ്കില്‍ സഹകരിച്ച് മുന്നോട്ടു പോവുക; അതേ നടിമാരുടെ(നായികയോ സഹനടിയോ അമ്മവേഷക്കാരിയോ ആരുമായിക്കൊള്ളട്ടെ) മുന്നില്‍ ചോയ്‌സുകള്‍ ആയിട്ടുള്ളൂ എന്ന വിശ്വാസം സിനിമയിലെ ആണുങ്ങള്‍ക്കുണ്ടായിരുന്നു. വാഴച്ചോട്ടിലെ ചീരകള്‍ എന്നാണ് നായകന്മാര്‍ നടിമാരെ കുറിച്ച് പറയാറുള്ളത്. തങ്ങളുടെ സഹായമില്ലാതെ വളരാന്‍ കഴിയില്ല ഒരു പെണ്ണിനും സിനിമയില്‍ എന്ന അഹങ്കാരമായിരുന്നു. ‘ ഞാനൊരു നോണ്‍-വെജ് ആണേ…’എന്നു നായക നടന്‍( അയാള്‍ക്കൊപ്പം സ്റ്റാറ്റസ് ഉള്ള മറ്റു സഹനടന്മാരും) പറയുമ്പോള്‍, തല കുനിച്ചിരുന്നു മുഖത്ത് നാണം വിടര്‍ത്തി സമ്മതമറിയിക്കുന്നവരാണെങ്കിലും തനിക്കൊപ്പം പോയിട്ട്, തന്റെ കാല്‍ച്ചോടിനു മുകളിലേക്കു പോലും വളരാന്‍ ഒരാളെയും അവരൊട്ട് സഹായിക്കുകയുമില്ലായിരുന്നു. ആ ആണുങ്ങള്‍ അങ്ങനെ മദഗജങ്ങളെ പോലെ വിരാജിച്ചു പോന്നിരുന്ന മലയാള സിനിമാലോകത്ത് ദേ.. ഇപ്പോഴവര്‍ നിന്നു വിയര്‍ക്കുകയാണ്; അതും നാലഞ്ച് പെണ്ണുങ്ങള്‍ കാരണം.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ തിരികെ എടുത്ത തീരുമാനം അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ(അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആക്ടേഴ്‌സ്)യെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ദിലീപിന് അനുകൂലമായി ഉണ്ടായ തീരുമാനത്തിനെതിരേ സംഘടന പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിനിമാക്കാര്‍ക്കിടയില്‍ തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുകള്‍ വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മൂന്നോ നാലോ സ്ത്രീകള്‍ സംഘടനയില്‍ നിന്നും വിട്ടുപോയാലും അവര്‍ സംഘടനയ്‌ക്കെതിരേ ശബ്ദം ഉയര്‍ത്തിയാലും അത് കാര്യമായി ബാധിക്കില്ലെന്ന തോന്നലിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്.

തോമസ് ഐസക്ക്, ജി. സുധാകരന്‍ എന്നീ മന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍, വനിത കമ്മിഷന്‍ അടക്കമുള്ള സംഘടനകള്‍ എന്നിവരൊക്കെ വിഷയത്തില്‍ ഇടപെട്ട് എഎംഎംഎയ്‌ക്കെതിരേയും അതിന്റെ ഭാരവാഹികളായവര്‍ക്കെതിരേയും തങ്ങളുടെ വിമര്‍ശനം പ്രകടിപ്പിക്കുന്നുണ്ട്. എഎംഎംഎ എന്നത് ഒരു സ്വകാര്യ സംഘടനയാണെന്നും അതില്‍ പുറത്തുള്ളവര്‍ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും സംഘടന വക്താക്കള്‍ പറയുന്നുണ്ടെങ്കിലും പൊതുജനങ്ങളും സര്‍ക്കാരുമായി ബന്ധപ്പെട്ട് നില്‍ക്കുന്നൊരു വ്യവസായമാണ് സിനിമ എന്നതിനാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന, പ്രതിഷേധ കൊടുങ്കാറ്റ് അവരെ കാര്യമായി തന്നെ ബാധിക്കും. ജൂലൈ ഒന്നിന് സിനിമ ബഹിഷ്‌കരണ കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ നടന്നു വരുന്നുണ്ട്. അതോടൊപ്പം പ്രമുഖര്‍ ഉള്‍പ്പെടെ പലരും എഎംഎംഎയുടെ ഭാരവാഹികളുടെയും കുറ്റാരോപിതനായ നടന്റെയും സിനിമകള്‍ ഇനി കാണുന്നില്ലെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതെല്ലാം നിസ്സാരമായി കാണാന്‍ ആ സംഘടനയ്‌ക്കോ അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കോ ഇനി കഴിയില്ല. സംഘടനയിലെ പ്രമുഖരായ ചിലര്‍ ഇടതുപക്ഷത്തിന്റെ നിയമസഭ-ലോക്‌സഭ പ്രതിനിധികളാണ്. അവര്‍ക്കുമേലും ശക്തമായ സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍ നിന്നും വരുന്നുണ്ട്. അതുകൊണ്ട്, ഇതൊക്കെ ഞങ്ങളുടെ കാര്യം, പുറത്തു നിന്നാരും തലയിടേണ്ട എന്ന ധിക്കാരം സിനിമാക്കാര്‍ക്ക് ഇനി തുടരാന്‍ കഴിയില്ല.

എഎംഎംഎക്കാര്‍ ചിന്തിക്കാത്ത തരത്തില്‍ അവരിപ്പോള്‍ സമ്മര്‍ദ്ദത്തില്‍ വീണെങ്കില്‍ അതിനു പിന്നില്‍ കുറച്ച് സ്ത്രീകള്‍ ആണെന്നത് ഒരു കാവ്യനീതിയാണ്. ഇത്രകാലം നിലന്നിരുന്ന പുരുഷാധാപത്യത്തിന് സിനിമയില്‍ അന്ത്യം കുറിക്കാന്‍ ഉതകുന്ന പോരാട്ടമാണ് ഇപ്പോള്‍ ആ സ്ത്രീകള്‍ നടത്തുന്നത്. സംഘടനയില്‍ അംഗങ്ങളായ രണ്ടുപേരില്‍ ഒരാള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയും മറ്റൊരാള്‍ അതിനു കാരണക്കാരനാകുകയും ചെയ്തപ്പോള്‍, ആക്രമിക്കപ്പെട്ട അംഗത്തിനെക്കാള്‍ അക്രമിയായ അംഗത്തിന് പിന്തുണ നല്‍കിയതിലൂടെ എഎംഎംഎ അതിന്റെ പുരുഷാധിപത്യ സ്വഭാവം കൂടുതല്‍ വ്യക്തമാക്കിയപ്പോള്‍ അതിനെ ചോദ്യം ചെയ്തു കൊണ്ട് ആ സംഘടനയില്‍ നിന്നും നാലു സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങി വന്നപ്പോള്‍, അതിനും മുന്നേ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അംഗങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയെന്ന തരത്തില്‍ സ്ഥാപിതമായ സംഘടന അവള്‍ക്കൊപ്പം നില്‍ക്കാന്‍ വൈമനസ്യം കാണിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച് വിമന്‍ കളക്ടീവ് എന്നപേരില്‍ ഒരു സ്ത്രീ സംഘടന രൂപീകരിച്ചപ്പോഴും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തവര്‍ ഇന്ന് അതേ പെണ്ണുങ്ങളുടെ ആത്മവീര്യത്തിനു മുന്നില്‍ അടിപതറി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഏതെല്ലാം തരത്തില്‍ ആ പെണ്ണുങ്ങളെ തകര്‍ക്കാന്‍ നോക്കി. ചായം പൂശികള്‍ നേരിട്ടും അവരുടെ അടിയാളന്മാരെ കൊണ്ടും. എഎംഎംഎയില്‍ നിന്നും രാജിവച്ച ഗീതു, റിമ, രമ്യ എന്നിവര്‍ക്കെതിരേ ഫനറ്റിക്(ഫാന്‍സ്) അസോസിയേഷന്‍കാരും താരാരാധന തലച്ചോറിനെ കാര്യമായി ബാധിച്ചവരും ഉയര്‍ത്തുന്ന പരിഹാസം, പണിയില്ലാതെ വീട്ടിലിരിക്കുന്നവര്‍, ഫീല്‍ഡ് ഔട്ടായവര്‍ എന്നൊക്കെയാണ്. അവരുടെ പണി(അഭിനയം) ഇല്ലാതായതല്ല, ഇല്ലാതാക്കിയതാണ്. ആരാണത് ചെയ്തതെന്നും ഈ പരിഹസിക്കുന്നവര്‍ക്ക് നല്ലോണം അറിയാം. ഏട്ടന്മാരുടെ വളിപ്പിനെക്കാള്‍ നന്നായി ചെയ്ത ജോലിയില്‍ മികച്ചു നിന്നവരായിരുന്നു ആ നടിമാര്‍. എന്നിട്ടുമവര്‍ ഫീല്‍ഡ് ഔട്ടായെങ്കില്‍, അതിനവരെയല്ല പരിഹസിക്കേണ്ടത്, അവരെ ഒതുക്കിയവരെയാണ്. നിന്റെയൊന്നും സിനിമ ഇറങ്ങാന്‍ സമ്മതിക്കില്ല, തിയേറ്ററില്‍ വന്നാല്‍ കൂവിത്തോല്‍പ്പിക്കുമെന്നൊക്കെ വെല്ലുവിളിക്കാനും അവര്‍ പങ്കെടുക്കുന്ന പരിപാടികളിലും അവര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചെന്നു ആഭാസം പറയാനും ഉളുപ്പില്ലാത്ത തരത്തില്‍ ‘ ആരാധകന്മാര്‍’ ധൈര്യപ്പെട്ടപ്പോള്‍ അവര്‍ക്കു പിന്നില്‍ നിന്നും ചിരിച്ച മഹാപ്രതിഭകള്‍ ഇപ്പോള്‍ അതേ പെണ്ണുങ്ങളുടെ വീറിനു മുന്നില്‍ വിയര്‍ക്കുകയാണ്.

എന്തിന് നിങ്ങള്‍ ഒരു കുറ്റാരോപിതനെ സംരക്ഷിക്കുന്നു? എന്തുകൊണ്ട് നിങ്ങള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നില്ല? എന്നീ ചോദ്യങ്ങള്‍ക്ക്, ആ പെണ്ണുങ്ങളോട് ഉത്തരം പറയാതെ ഒഴിഞ്ഞു മാറനോ, ചോദിക്കുന്നവരെ ഭീഷണിപ്പെടുത്താനോ എഎംഎംഎക്കാര്‍ക്ക് കഴിയില്ല. കാരണം, അതേ ചോദ്യങ്ങള്‍ ഈ സമൂഹം മുഴുവന്‍ ചോദിക്കുന്നുണ്ട്. ആ പെണ്ണുങ്ങള്‍ക്കൊപ്പം പൊതുജനം നില്‍ക്കുമ്പോള്‍ താരപ്രഭുക്കന്മാര്‍ക്ക് പരാജയം സമ്മതിക്കാതെ വഴിയില്ല…

ഞാന്‍ അവര്‍ക്കൊപ്പം, നടിമാരുടേത് ധീര നിലപാട്: പൃഥ്വിരാജ്

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

ഇവര്‍ വില്‍ക്കുന്ന ‘ദാക്ഷായണി ബിസ്‌ക്കറ്റുകള്‍’ നാമിനി വാങ്ങി കഴിക്കണോ?

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍