‘സ്ഫടികം ഇന്നത്തെ കാലഘട്ടത്തില്‍ ഇറങ്ങിയാല്‍ വിജയിക്കില്ല, ആടുതോമ എന്ന കഥാപത്രം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്. കൂടാതെ സ്ഫടികം എന്ന സിനിമയുടെ ഒന്നും തന്നെ തനിക്ക് ആവിശ്യമില്ല,
ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു സ്ഫടികം. ലാലേട്ടന്റെ ആട് തോമയും തിലകന്റെ ചാക്കോ മാഷും എന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ചിത്രം ഇറങ്ങി 24 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും സ്ഫടികം വീണ്ടും ചര്‍ച്ചയാവുന്നത് മറ്റൊരു സ്ഫ്ടികത്തിന്റെ പേരിലാണ്.
സ്ഫടികത്തിന് രണ്ടാം ഭാഗമൊരുക്കുന്നുവെന്ന വാര്‍ത്തയാണ് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. സ്ഫടികം സിനിമയുടെ രണ്ടാം ഭാഗമെന്ന പേരില്‍ ബിജു കെ. കട്ടയ്ക്കല്‍ ആണ് ഇത്തരമൊരു സിനിമയുടെ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. മലയാളത്തിലെ യുവ സൂപ്പര്‍ താരം നായകനാകുമെന്നും ആട് തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് തൊട്ടു പിന്നാലെ തന്നെ സ്ഫടികമൊരുക്കിയ ഭദ്രനും സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍..’ എന്നായിരുന്ന ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ചിത്രവുമായി മുന്നോട് പോവുകയാണെന്നും ആദ്യ ഘട്ട ജോലികള്‍ കഴിഞ്ഞതായും നാല് ഘട്ടങ്ങളായി ഒരുങ്ങുന്ന സിനിമ മാസും ക്ലാസും ചേര്‍ന്ന എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നു ബിജു ജെ. കട്ടയ്ക്കല്‍ അഴിമുഖത്തോട് പറഞ്ഞു. ചിത്രം 2020 ല്‍, സ്ഫടികത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ തിയേറ്ററില്‍ എത്തുമെന്നാണ് സംവിധായകന്‍ പറയുന്നത്.
സ്ഫടികത്തിന്റെ ഇരുപത്തിനാലാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് 30 ന് ഈ ചിത്രത്തിന്റെ ആദ്യ ടീസറും പുറത്ത് വിട്ടിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ആണ് ആരാധകരുടെ ഭാഗത്തു നിന്ന് ടീസറിന് ലഭിച്ചത്. സിനിമ രംഗന്തു നിന്നുള്ളവര്‍ പോലും വിമര്‍ശനവുമായി രംഗത്തെത്തി.
സ്ഫടികം 2 ഇരുമ്പന്റെ കഥയാണ്, ഈ ചിത്രം എടുക്കാന്‍ തനിക്ക് ആരുടേയും അനുമതി വേണമെന്ന് തോന്നുന്നില്ല. അതിനുള്ള ഉത്തരം സിനിമ റിലീസ് ആകുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ സിനിമ ആദ്യമേ തന്നെ നായകനെയും നായികയെയും വെച്ച് പ്രഖ്യാപിക്കുകയല്ലലോ ചെയ്തത്, ഓരോ ഘട്ടങ്ങളിലും ഓരോ വിവരങ്ങള്‍ പുറത്ത് വിടും. ഇത് പ്രേക്ഷകരില്‍ ആകാംഷ ഉണ്ടാക്കാന്‍ സഹായിച്ചതായും സംവിധായകന്‍ പറയുന്നു.
‘സ്ഫടികം ഇന്നത്തെ കാലഘട്ടത്തില്‍ ഇറങ്ങിയാല്‍ വിജയിക്കില്ല, ആടുതോമ എന്ന കഥാപത്രം യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തിയാണ്. കൂടാതെ സ്ഫടികം എന്ന സിനിമയുടെ ഒന്നും തന്നെ തനിക്ക് ആവിശ്യമില്ല, പിന്നെ എന്തിനാണ് ഒരു അനുവാദം. ഭദ്രന്‍ സാറിന്റെ എതിര്‍പ്പില്‍ ഒരു കാര്യവുമില്ല. സിനിമയുടെ നിര്‍മാതാക്കള്‍ അല്ലെ ഇത്തരത്തില്‍ ഒരു വിഷയമുണ്ടെങ്കില്‍ രംഗത്ത് വരേണ്ടത്. ഒരു സിനിമ പരാജയപ്പെട്ടാല്‍ തന്നെ നിര്‍മാതാവിന് ആണ് നഷ്ട്ടം‘ ബിജു ജെ. കട്ടയ്ക്കല്‍ പറയുന്നു.
‘വിമര്‍ശിക്കുന്നവര്‍ക്ക് എന്തും പറയാം. ആടുതോമ യഥാര്‍ത്ഥ ജീവിതത്തില്‍ സിനിമയേക്കാള്‍ നാലിരട്ടി മാസ്സ് ആണ്. അതിലുമൊരു ഭാഗം മാത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളൂ. ഒന്ന് ചോദിക്കട്ടേ ഈ പഴശ്ശിരാജ എന്ന ചിത്രം ഇനി ആര്‍ക്കും ചെയ്യാന്‍ പറ്റില്ലേ, കുഞ്ഞാലി മരക്കാരും രണ്ടു പേരില്‍ വരുന്നുണ്ടല്ലോ. അതുപോലെ തന്നെയാണ് ഈ സിനിമയും. നല്ലതാണെങ്കില്‍ സിനിമ ജനം സ്വീകരിക്കും അത്രമാത്രം, ആട് തോമയുടെ മകന്‍ എങ്ങനെ റൗഡി ആകും എന്ന സംവിധായകന്‍ ഭദ്രന്റെ ചോദ്യവും പ്രസക്തമല്ലെന്നും, ആട് തോമക്ക് മറ്റൊരു കഥ അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ സിനിമ ചെയ്യാമായിരുന്നല്ലോ എന്തുകൊണ്ട് അദ്ദേഹം ചെയ്തില്ല എന്നും ബിജു ചോദിക്കുന്നു.
നാല് ഷെഡ്യൂളുകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഘട്ടം വിദേശത്ത് പുരോഗമിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മുന്‍നിര യുവ താരം ആയിരിക്കും നായകന്‍. ചിത്രത്തില്‍ ഐ.പി.എസ് ഓഫീസറുടെ വേഷത്തില്‍ സണ്ണി ലിയോണും എത്തുന്നതായിരിക്കും. സിനിമയുടെ മറ്റു കഥാപാത്രങ്ങളെ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പറയുന്നു.
മലയാളത്തിലെ ഒരു വലിയ പ്രൊഡ്യൂസറുമായിട്ട് ഈ പ്രൊജക്റ്റ് 2010 ല്‍ ചെയ്യാനിരുന്നതാണ്. പക്ഷെ അദ്ദേഹത്തിന്റെ കുറച്ച് സിനിമകള്‍ നഷ്ടമായതിനെ തുടര്‍ന്ന് ഈ ചിത്രം നീട്ടി വെക്കേണ്ടി വന്നു. അന്ന് 8 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങേണ്ടിയിരുന്ന ചിത്രമായിരുന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ടും ചിത്രം മാറ്റി വെക്കേണ്ടി വന്നു. കൂടാതെ ഈ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഇത്രയുമൊരു വലിയ പബ്ലിസിറ്റി കിട്ടുമെന്ന് കരുതിയിരുന്നില്ല. ഇത്തരം വലിയ വിമര്‍ശനങ്ങള്‍ ആണ് ചിത്രത്തിന്റെ ബഡ്ജറ്റ് ഉയര്‍ത്താന്‍ കാരണമാക്കിയതും.
‘സ്ഫടികം ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ചിത്രമാണ് ഇപ്പോഴും ജനമനസുകളില്‍ ഉണ്ട് എന്ന വിശ്വാസം ഉള്ളത് കൊണ്ടാണ് ഇത്തരമൊരു സിനിമയുമായി മുന്നോട്ട് പോയതെന്നും സംവിധായകന്‍ പറഞ്ഞു. തങ്ങള്‍ ഈ സിനിമയുടെ ടീസര്‍ സ്ഫടികത്തിന്റെ ഇരുപത്തിനാലാം വാര്‍ഷികത്തില്‍ പുറത്ത് വിടും എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ഈ സംവിധായകനടക്കം ഇതേ കുറിച്ച് അറിയുന്നതും.
സ്ഫടികത്തിന്റെ പേരില്‍ ചിത്രം മാര്‍ക്കറ്റ് ചെയ്യുകയാണെന്നുള്ള വിമര്‍ശനങ്ങള്‍ ശരിയല്ല. ചിത്രത്തിന് സ്ഫടികവുമായി ബന്ധമുണ്ടോ ഇല്ലയോ എന്ന് സിനിമ ഇറങ്ങുമ്പോള്‍ അറിയാം കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും, മാര്‍ക്കറ്റിങ്ങിന് മാത്രമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും’ ബിജു പറയുന്നു.
‘ഏതു സിനിമയുടെ ആണെങ്കിലും രണ്ടാം ഭാഗമിറക്കിയാല്‍ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ കാണും. ആര്‍ക്കാണിവിടെ സ്വന്തമായി കഥയുള്ളത്? നമ്മള്‍ നേരത്തെ കണ്ട സിനിമകള്‍, അല്ലെങ്കില്‍ രാമായണമോ ബൈബിളോ, ഖുറാനോ ഒക്കെ വായിച്ചിട്ടും, ആരുടെയെങ്കിലും അനുഭവങ്ങള്‍ വെച്ചിട്ടുമെല്ലാം ആയിരിക്കും ഒരു സിനിമ ഉണ്ടാക്കുന്നത്. നമ്മള്‍ ജീവിച്ച സാഹചര്യങ്ങളും സമൂഹവും എല്ലാത്തില്‍ നിന്നുമാണ് ഓരോ കഥകള്‍ ലഭിക്കുന്നത്. അല്ലാതെ നമുക്ക് സ്വന്തമായി ഉണ്ടാക്കി എടുക്കാന്‍ സാധിക്കുന്നതല്ല. അത് കൊണ്ട് തന്നെ ഒരാള്‍ രണ്ടാം ഭാഗവുമായി വരുമ്പോള്‍ തര്‍ക്കവുമായി വരേണ്ട കാര്യമില്ല. അതിന്റെ പേരില്‍ ആദ്യത്തെ സിനിമക്ക് ഒന്നും സംഭവിക്കുന്നില്ലലോ. അതിപ്പോള്‍ ഏതു താരത്തെ വെച്ചുള്ള സിനിമയാണെങ്കിലും ആദ്യത്തെ ഷോ കഴിയുമ്പോള്‍ പ്രേക്ഷകര്‍ തീരുമാനിക്കും. നല്ല സിനിമകള്‍ ആണെങ്കില്‍ രണ്ടാം ഭാഗം ഉണ്ടാകട്ടേ’.
എന്നാല്‍ വെറുതെ രണ്ടാം ഭാഗമെന്ന് പേര് മാത്രം വെച്ചിട്ട് ആദ്യ സിനിമയുമായി ഒരു ബന്ധവുമില്ലാതെ ആളുകളെ പറ്റിക്കുന്ന നിലപട് ശരിയല്ല. ഇത്തരം സിനിമകള്‍ വരുമ്പോള്‍ ആളുകളുടെ പ്രതീക്ഷയും വളരെ വലുതായിരിക്കും. അതുകൊണ്ട് തന്നെ ആദ്യ ഭാഗത്തേക്കാള്‍ മുകളില്‍ നിന്നിലെങ്കിലും, താഴെ പോകാതിരിക്കാന്‍ ശ്രമിക്കണം’ അദ്ദേഹം കൂട്ടി ചേര്‍ത്തു.