UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാല്‍ പിന്‍മാറിയ ചാരക്കേസ് സിനിമ ഉടന്‍; മാധവന്‍ നായകന്‍

ആനന്ദ് മഹാദേവന്‍ ഒരുക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്

കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ട്ടിച്ച കേസ് ആണ് ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെട്ട ചാരക്കേസ്. കേസിൽ കഴിഞ്ഞ ദിവസം പുറത്തു വന്ന സുപ്രീം കോടതി വിധിക്കു ശേഷം നമ്പി നാരായണനും, ചാരക്കേസും വീണ്ടും ചർച്ചകളിൽ സജീവം ആവുമ്പോൾ നമ്പി നാരായണന്‍ രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സിനിമ ഒരുക്കാൻ തയ്യാറെടുക്കുകയാണ് സംവിധായകൻ ആനന്ദ് മഹാദേവൻ.

ഒരു വർഷത്തിലധികമായി ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇനിയും ഷൂട്ടിങ് ആരംഭിച്ചിട്ടില്ല. നേരത്തെ നടൻ മോഹൻലാൽ നമ്പി നാരായണനായി വേഷമിടും എന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും താരം പിന്മാറിയതായി സംവിധായകൻ വെളിപ്പെടുത്തുന്നു. തമിഴ് നടൻ മാധവൻ മോഹൻലാലിന് പകരക്കാരനാകും എന്നാണു പുതിയ റിപ്പോട്ടുകൾ. ആനന്ദ് മഹാദേവന്‍ ഒരുക്കുന്ന ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.

 

നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമാണെന്നും 50 ലക്ഷം രൂപ നഷ്ട്ട പരിഹാരം നൽകണം എന്നുമുളള സുപ്രീം കോടതി വിധിക്കു പിന്നാലെ മാധവനും നമ്പി നാരായണനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കമാകട്ടെയെന്ന് മാധവന്‍ ട്വീറ്റ് ചെയ്തു.

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു മറിയം റഷീദയും ഫൗസിയ ഹസ്സനും ഉള്‍പ്പെട്ട ചാരക്കേസ്. ഇതുമായി ബന്ധപ്പെട്ട് 1994 ഒക്ടോബര്‍ 30നു നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.

പിന്നീട് 1998-ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളാണ് നമ്പി നാരായണന്‍ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ ആനന്ദ് മഹാദേവൻ തമിഴ്, ഹിന്ദി, മറാഠി എന്നീ ഭാഷകളിൽ അഭിനയിക്കുകയും,പതിനഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തന്റെ മറാഠി ചിത്രമായ ‘മീ സിന്ധുതായി സപ്കലി’ന് ദേശീയ അവാര്‍ഡിലെ സ്‌പെഷല്‍ ജൂറി പുരസ്‌കാരം ഉള്‍പ്പെടെ നാല് ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍