UPDATES

സിനിമ

ഞാന്‍ ശ്രീനിവാസന്‍: മലയാള സിനിമയിലെ ക്വാളിഫൈഡ് കമ്യൂണിസ്റ്റ് വിമര്‍ശകന്‍!

ശ്രീനിവാസന്റെ സാമൂഹ്യ ബോധവും ബോധ്യവും കുറ്റിയില്‍ കറങ്ങുന്ന പശുവിനെ പോലെയാണ്

മലയാള സിനിമയിലെ ‘ക്വാളിഫൈഡ്’ ഇടതു രാഷ്ട്രീയ വിമര്‍ശകനായ ശ്രീനിവാസന്റെ പുതിയ എഴുത്താണ് ‘ഞാന്‍ പ്രകാശന്‍’. ഇതൊരു രാഷ്ട്രീയ സിനിമയല്ല. എന്നാല്‍ രാഷ്ട്രീയമേയില്ല എന്നും പറയാന്‍ കഴിയില്ല. പ്രകാശനിലെ രാഷ്ട്രീയം ഗോപാല്‍ജീ ആണ്. രചയിതാവ് തന്നെ അവതരിപ്പിക്കുന്ന ഗോപാല്‍ജീയിലൂടെ ശ്രീനി തനിക്ക് മാത്രം കഴിയുന്നതെന്നു കരുതുന്ന ഇടത് രാഷ്ട്രീയ കളിയാക്കല്‍/വിമര്‍ശനം പ്രകാശനിലും നടത്തുന്നുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികളെ അവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഒരു തൊഴില്‍ ഉടമയാണ് ഗോപാല്‍ജീ. ആ ബിസിനസില്‍ അയാള്‍ ലാഭം കൊയ്യുന്നുണ്ടെന്ന് ജീവിത സാഹചര്യങ്ങളില്‍ നിന്നും മനസിലാകും. ഇതര സംസ്ഥാനക്കാരുടെ തൊഴില്‍-ജീവിത പരിസരങ്ങളുമായി കുറച്ചൊക്കെ അടുത്ത് ഇടപെടാനായിട്ടുള്ളതിനാല്‍ ഞാന്‍ പ്രകാശനിലെ ഗോപാല്‍ജീയില്‍ അമിത കൃത്രിമത്വം ഒന്നും തോന്നിയില്ല. പക്ഷേ, ആ കഥാപാത്രത്തില്‍ കയറിക്കൂടിയ ശ്രീനിവാസന്റെ രാഷ്ട്രീയബോധത്തില്‍ വീണ്ടും കല്ലു കടിക്കുന്നുണ്ട്.

ശ്രീനിയെ എന്തുകൊണ്ടാണ് സിനിമയിലെ ക്വാളിഫൈഡ് ഇടതു വിമര്‍ശകന്‍ എന്നു വിളിച്ചതെന്നു സംശയിക്കുന്നവരോട്, ശ്രീനിവാസന്‍ തന്നെ പലതവണ പറഞ്ഞിട്ടുള്ള തന്റെ കമ്യൂണിസ്റ്റ് പാരമ്പര്യങ്ങളും അനുഭവങ്ങളും ഒരാവര്‍ത്തി വായിക്കാന്‍ നിര്‍ദേശിക്കുന്നു. വീണ്ടുമത് എഴുതിയാല്‍ സത്യന്‍ അന്തിക്കാട് സിനിമയായ ‘ഞാന്‍ പ്രകാശന്‍’ കണ്ടപോലൊരു ചെടിപ്പ് തോന്നും. ഒരു കമ്യൂണിസ്റ്റിനെ ആധികാരികമായി വിമര്‍ശിക്കാന്‍ ഒരു മുന്‍ കമ്യൂണിസ്റ്റിനെ അവകാശമുള്ളൂ എന്നാണല്ലോ നാട്ടുനടപ്പ്. ആ നടപ്പുശീലം വച്ചാണ് ശ്രീനിയെ ക്വാളിഫൈഡ് ഇടതു വിമര്‍ശകനെന്നു വിളിച്ചത്.

എന്താ ശ്രീനിയുടെ സിനിമകള്‍ പറഞ്ഞതൊന്നും ശരിയല്ലെന്നാണോ? എന്നു ചോദിക്കാം. കമ്യൂണിസ്റ്റ് കണ്ണട വച്ചുകൊണ്ടല്ല ഇതെഴുതുന്നതെന്നതുകൊണ്ട് തന്നെ പറയാം, ശ്രീനിയുടെ പല വിമര്‍ശനങ്ങളും നേര് പറച്ചില്‍ തന്നെയായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശരികേടുകളെയും നെറികേടുകളെയും ശ്രീനിയോളം പരിഹസിച്ചിട്ടുള്ള രചയിതാക്കള്‍ വേറെയില്ല മലയാളത്തില്‍. എന്നു കരുതി ശ്രീനി പറയുന്നത് എല്ലാം ശരിയാണെന്നു സമ്മതിക്കാനും വയ്യല്ലോ! ശ്രീനിയുടെ ജൈവ സിദ്ധാന്തങ്ങളോടെന്ന പോലെ. തനിക്ക് ശരിയെന്നു തോന്നുന്നത് പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്(ഉണ്ടെന്നാണ് വിശ്വാസം). എന്നു കരുതി ഞാന്‍ പറയുന്നതെല്ലാം ശരിയാണെന്നു നിര്‍ബന്ധം പിടിക്കാന്‍ പാടുണ്ടോ? അത് ശ്രീനിയായാലും!

ഞാന്‍ പ്രകാശനിലെ രണ്ട് ശ്രീനിവാസന്‍ രാഷ്ട്രീയ ഡയലോഗുകളുണ്ട്. അതിനോട് രണ്ടിനോടും യോജിക്കുന്നവരുണ്ടാകാം. പക്ഷേ, ശ്രീനിവാസന്‍ അവിടെ പൂര്‍ണമായും ശരിയല്ല എന്ന വിയോജിപ്പ് പറയാനാണ് ഇതെഴുതുന്നത്.

ഉള്ളി തൊലി പൊളിക്കുന്നത് പോലെയാണ് സത്യന്‍ അന്തിക്കാട് മലയാളി പുരുഷന്റെ തൊലിയുരിയുന്നത്; ചിരിക്കാം, വേണമെങ്കില്‍ കരയാം

ഒരു പണിയും ചെയ്യാന്‍ മെനക്കെടാതെ, പഠിച്ച തൊഴിലിന് സ്റ്റാറ്റസ് പോരെന്നു തോന്നി മേലനങ്ങാതെ എങ്ങനെ ജീവിക്കാം എന്നു കരുതുന്ന പ്രകാശന് ആ സിനിമയുടെ എഴുത്തുകാരനായ ശ്രീനി കൊടുക്കുന്ന നിര്‍ദേശമാണ് രാഷ്ട്രീയത്തില്‍ ചേരുക എന്നത്. പ്രകാശന്‍ അതനുസരിച്ച് പാര്‍ട്ടി നേതാവിനെ കാണാന്‍ പോകുന്നു. മുന്നില്‍ പാറുന്നൊരു കൊടി കാണുമ്പോള്‍ ആദ്യം നമ്മളോര്‍ക്കും പ്രകാശന്‍ ബിജെപിയില്‍ ചോരാന്‍ പോവുകയാണോ എന്ന്. അല്ല, പ്രകാശനെ ശ്രീനി കാത്തു നിര്‍ത്തുന്നത് തട്ടിന്‍പുറത്തെ പാര്‍ട്ടിയോഫീസില്‍ നിന്നും പടികളിറങ്ങി വരുന്ന നേതാവിനെയും അനുയായികളെയും പ്രതീക്ഷിച്ചാണ്(ശ്രീനിയും സത്യനും ഇതുവരെയെന്താ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫിസ് തട്ടിന്‍പുറത്ത് നിന്നും ഇറക്കാത്തത്! പ്രകാശന്‍ സമീപിച്ചിരിക്കുന്ന പാര്‍ട്ടി ഏതാണെന്ന് ഇനിയൊരു തെറ്റിദ്ധാരണ വരാതിരിക്കാന്‍ വേണ്ടി ചുവപ്പ് കൊടികള്‍ ആവശ്യത്തിലധികം പാറിപ്പറത്തുന്നുണ്ട്. മറ്റു കുറുക്കു വഴികളിലൊന്നും രക്ഷപ്പെടാതെ വരുന്ന പ്രകാശന്‍ ജനങ്ങളെ സേവിക്കാന്‍ താനും ഈ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് പറയുന്നത്. ശ്രീനിവാസന്‍ എന്ന അരാഷ്ട്രീയവാദിയുടെ, അല്ലെങ്കില്‍ ഇടത് വിരുദ്ധന്റെതായ വാക്കുകളാണ് പ്രകാശന്‍ പ്രോംപ്റ്റ് ചെയ്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയോടും അതിന്റെ യുവജന സംഘടനകളോടും തനിക്കുള്ള മടുപ്പ് പലവുരി പറഞ്ഞിട്ടുണ്ട് ശ്രീനി. ജോലി ചെയ്ത് ജീവിക്കാന്‍ തയ്യറാകാത്തവന്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന പതിവ് വിമര്‍ശനത്തിന്റെ പ്രഖ്യാപിത വക്താവാണല്ലോ ശ്രീനി. പ്രകാശനെപോലുള്ള തത്പരകക്ഷികളുടെ കൂടാരമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കാണിക്കുന്നതില്‍ ശ്രീനിക്കുള്ള സന്തോഷം മാത്രമാകണം, അത്തരമൊരു സീന്‍ പോലും സിനിമയില്‍ ചേര്‍ത്തതിനു പിന്നില്‍. പ്രകാശന്റെ ആഗ്രഹത്തെ നുള്ളിക്കളഞ്ഞുകൊണ്ട് പാര്‍ട്ടി നേതാവ് പറയുന്നത്; നിന്നെപ്പോലെ ജനസേവനത്തിന് വന്നുകൂടിയിരിക്കുന്നവര്‍ക്ക് കൊടുക്കാന്‍ പോലും ഫണ്ട് തികയുന്നില്ലെന്നാണ്. ഒറ്റ വാക്കില്‍ എത്ര വൃത്തിയായിട്ടാണ് ശ്രീനി പാര്‍ട്ടിക്ക് കൊട്ട് കൊടുത്തത്. ഒന്ന്, പാര്‍ട്ടി ഫണ്ട് എന്നത് പാര്‍ട്ടിക്കാര്‍ക്ക് തീറ്റ കൊടുക്കാനാണ്. രണ്ട്, ഫണ്ട് ഉണ്ടായിട്ടും അതുകൊണ്ട് പോലും തീറ്റപ്പോറ്റി കൂടെ നിര്‍ത്താനാകാത്ത വിധം മേലനങ്ങാ സഖാക്കള്‍ പാര്‍ട്ടില്‍ പെരുകിയിരിക്കുകയാണത്രേ!

ആക്ഷേപ ഹാസ്യമെന്നൊക്കെയാകും ശ്രീനിയിതൊക്കെ കാണുക. പക്ഷേ, എല്ലാവര്‍ക്കും അങ്ങനെയാകുമോ? കഷ്ടപ്പെടാന്‍ തയ്യാറുള്ളവരും അതിനു തയ്യാറാകത്തവരുമെന്ന രണ്ട് വിഭാഗങ്ങളുണ്ടോ നമ്മുടെ യുവാക്കള്‍ക്കിടയില്‍? ആ രണ്ടാമത്തെ വിഭാഗമാണോ രാഷ്ട്രീയത്തില്‍ വരുന്നത്? ശ്രീനിവാസന്റെ സാമൂഹ്യ നിരീക്ഷണത്തിന്റെ ചുവട് ചീഞ്ഞു തുടങ്ങിയിട്ടുണ്ടെന്നേ ഇക്കാര്യത്തില്‍ പറയാനാകൂ. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്നല്ല, ഏതൊരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരും സ്വന്തമായി എന്തെങ്കിലുമൊക്കെ തൊഴില്‍ നോക്കുന്നുണ്ട്. രാഷ്ട്രീയം കൊണ്ടുമാത്രം ജീവിക്കാന്‍ ഇറങ്ങിയവരല്ലവര്‍. ശ്രീനിയുടെ കണ്ണട മാറ്റേണ്ടിയിരിക്കുന്നൂ.

സത്യന്‍ അന്തിക്കാട്/അഭിമുഖം: പുതുതലമുറയില്‍ എല്ലാ അർത്ഥത്തിലും പൂർണനായ നടനാണ്‌ ഫഹദ് ഫാസില്‍

ശ്രീനിവാസന്റെ കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മറ്റൊരു രംഗം പ്രകാശന്‍ ഗോപാല്‍ജീയെ കാണാന്‍ വരുന്നതാണ്. ഇതര സംസ്ഥാന തൊഴിലാളികളെ പുലര്‍ച്ചെ തന്നെ ഓരോയിടത്തേക്കും അവശ്യമനസരിച്ച് കയറ്റി വിടുന്ന ഗോപാല്‍ജീയെ സമീപിക്കുന്ന ഏതോ ആവശ്യക്കാരന്‍ ചോദിക്കുന്നത്, പറഞ്ഞതില്‍ കുറച്ച് കൂടുതല്‍ പേരെ വിട്ടു തരാമോയെന്നാണ്. അതിനുള്ള മറുപടി, ബാംഗാളില്‍ നിന്നൊന്നും പഴയപോലെ ആളുകള്‍ വരുന്നില്ലെന്നും അവിടെ ഭരണം മാറിയെന്നുമാണ്. കമ്യൂണിസ്റ്റ് വിരുദ്ധരെ പൊട്ടിച്ചിരിപ്പിക്കാന്‍ ഈ ഡയലോഗിന് കഴിഞ്ഞിട്ടുണ്ട്. ഒരു തമാശ തന്നെ വീണ്ടും വീണ്ടും കേട്ടാല്‍ ആളുകള്‍ ചിരിക്കില്ലെന്ന ചാപ്ലിന്റെ വാക്കുകള്‍ ഫ്രഷ് ഉപദേശമെന്നോണം നായികയെക്കൊണ്ട് നായകനോട് പറയിപ്പിച്ച ശ്രീനീവാസന്, ചില തമാശകള്‍ എത്രവട്ടം ആവര്‍ത്തിച്ചാലും ആളുകള്‍ ചിരിക്കുമെന്നും അറിയാം. അതിന്റെ ആത്മവിശ്വാസമാണ് ആ ബംഗാള്‍ തമാശ. തൊഴിലില്ലായ്മയും ദാരിദ്ര്യവും കൂടി ജീവിക്കാന്‍ വയ്യാതെയായിട്ട് ജീവന്‍ പണയം വച്ചാണെങ്കിലും ഗള്‍ഫിലേക്ക് കടക്കാന്‍ നോക്കിയ ദാസന്മാരുടെയും വിജയന്മാരുടെയും നാടായിരുന്നു ഒരിക്കല്‍ കേരളം. ആ കേരളത്തിലാണ് തൊഴിലാളികളെ സപ്ലൈ ചെയ്ത് ജീവിക്കുന്ന ഗോപാല്‍ജീമാര്‍ ഉള്ളത്. ശ്രീനിവാസന്‍ പറഞ്ഞതുപോലെ, ഒരു നാടിന്റെ ഗതികെട്ട അവസ്ഥയ്ക്ക് കാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നെങ്കില്‍ കേരളത്തില്‍ ഇപ്പോഴും ദാസനും വിജയനും ഉണ്ടാകേണ്ടിയിരുന്നു, ഗോപാല്‍ജീമാര്‍ വെറും അത്ഭുത കഥാപാത്രങ്ങള്‍ മാത്രമായിരുന്നേനെ. ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നു പറയുമ്പോലെ, ലോകത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം കമ്യൂണിസം ആണെന്നു സ്ഥാപിക്കാന്‍ ആഞ്ഞു പരിശ്രമിക്കുന്ന ശ്രീനിവാസന് ഇന്ത്യ മഹാരാജ്യം ഇന്നു നേരിടുന്ന തൊഴിലില്ലായ്മ, പട്ടിണി, ദളിത്-സ്ത്രീ അതിക്രമങ്ങള്‍, ജാതി-മത വര്‍ഗീയത തുടങ്ങി സകലമാന പ്രശ്‌നങ്ങള്‍ക്കും കാരണമായി മറ്റൊന്നിനു നേരെ വിരല്‍ ചൂണ്ടാന്‍ അറിയാഞ്ഞിട്ടോ, മടിയായിട്ടോ!

ശ്രീനിവാസന്റെ സാമൂഹ്യ ബോധവും ബോധ്യവും കുറ്റിയില്‍ കറങ്ങുന്ന പശുവിനെ പോലെയാണ്. ശ്രീനിയെന്നോ കണ്ട കാഴ്ച്ചകളില്‍ തന്നെ കണ്ണുടക്കി കിടക്കുന്നു. നോട്ടം മാറ്റുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയത്തോട് വിമര്‍ശനം പാടില്ലെന്നല്ല. അതിന്റെ നല്ല സന്ദേശങ്ങള്‍ ശ്രീനി നല്‍കിയിട്ടുമുണ്ട്. പക്ഷേ, ചെളിയില്‍ തലപൂത്തി നില്‍ക്കുന്ന കൊറ്റിയെ പോലെ ശരിയാതിനെപോലും കാണാതെയുള്ള വിമര്‍ശനം അഥവ ശ്രീനീ സ്‌റ്റൈല്‍ തമാശകളോട് രാഷ്ട്രീയമായി തന്നെ എതിര്‍പ്പ് ഉയര്‍ത്തേണ്ടതായുണ്ട്. ഭരണം മാറിയ ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു കൂടി ശ്രീനി അറിയാന്‍ ശ്രമിക്കണം. എന്തുകൊണ്ട് ബിഹാറികളെ ജോലിക്ക് നിര്‍ത്തുന്നില്ല എന്നതിന്റെ രാഷ്ട്രീയ വിശദീകരണം നല്‍കാനും ഗോപാല്‍ജീയിലെ ശ്രീനി തയ്യാറാകണം. ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ബാഗാളിലേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി തേടി കേരളത്തിലേക്ക് വരുന്നതിന്റെ പിന്നിലെ ജീവിതാവസ്ഥകളും ശ്രീനി കണ്ടെത്തണം. ഞാന്‍ പ്രകാശനില്‍ കാണിക്കുന്നപോലെ സന്തോഷത്തോടെ, ഒരുമയോടെ, അടിച്ചമര്‍ത്തലുകളോ, അപകടങ്ങളോ ഇല്ലാതെ തൊഴില്‍ ചെയ്യാന്‍, പാട്ടു പാടി പാടത്ത് ഞാറ് നടാന്‍ ഒക്കെ ഈ കേരളത്തില്‍ കഴിയുന്നത് എന്തുകൊണ്ടെന്നും കൂടി ശ്രീനിവാസന്‍ ചിന്തിക്കണം…സമൂഹത്തിന്റെ സമഗ്രവിശകലനത്തിലേക്ക് കണ്ണുകള്‍ പോട്ടെ, കമ്യൂണിസത്തിനെതിരേ തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍, ഞാന്‍ പ്രകാശന്‍ കണ്ടിറങ്ങുന്ന പ്രേക്ഷകനെ പോലെ ശ്രീനിയോടും പറയേണ്ടി വരും; ഒരു പുതുമയില്ല…

‘തേപ്പുകാരി’യാവാന്‍ ഒന്നു മടിച്ച നിഖില വിമലിന് സത്യന്‍ അന്തിക്കാട് നല്‍കിയ ഉപദേശം: അഭിമുഖം/നിഖില വിമല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍