UPDATES

സിനിമ

സൗബിനും ജയസൂര്യയും അല്ല, ജൂറി ചെയര്‍മാന്‍ മികച്ച നടനായി കണ്ടത് ഒരു സൂപ്പര്‍ സ്റ്റാറിനെ?; അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വന്നേനെയെന്ന് ജൂറിയംഗങ്ങള്‍

പുരസ്‌കാര പ്രഖ്യാപനത്തില്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഉണ്ടായിരുന്നില്ലെന്നും പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കാനായതെന്നും ജൂറിയംഗങ്ങള്‍

മികച്ച നടനായി ജൂറി ചെയര്‍മാന്‍ കുമാര്‍ സഹാനിയുടെ ചോയ്‌സ് സൗബിനോ ജയസൂര്യയോ അല്ലായിരുന്നു. പകരം മറ്റൊരു മുന്‍നിര നായകന്‍ ആയിരുന്നു.എന്നാല്‍ ആ നടന് അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വരുമായിരുന്നുവെന്ന് മറ്റ് ജൂറിയംഗങ്ങള്‍. 49ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തിനു പിന്നിലെ കാരണങ്ങള്‍ ജൂറി ചെയര്‍മാന്റെ പിടിവാശികളായിരുന്നുവെന്നു വെളിപ്പെടുത്തല്‍. ജൂറി ചെയര്‍മാനായിരുന്നു കുമാര്‍ സഹാനി അവാര്‍ഡ് തീരുമാനത്തില്‍ ഒപ്പ് ഇടാതെ മടങ്ങിയതും അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ സംബന്ധിക്കാതിരുന്നതുമൊക്കെ വലിയ വിവാദമായിരുന്നു. ചലച്ചിത്ര അക്കാദമിക്കും ജൂറിക്കുമെതിരേ ഇതിന്റെ പേരില്‍ ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ നടന്നതെന്നുവരെ പരാതികള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തരം ആക്ഷേപങ്ങളും വിവാദങ്ങളും കാര്യമറിയാതെയാണെന്നാണ് ജൂറി അംഗമായിരുന്ന വിജയകൃഷ്ണന്‍ അഴിമുഖത്തോട് പറയുന്നത്. ചെയര്‍മാന്റെ സമീപനം ജനാധിപത്യപരമായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം ജൂറിയംഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കാനായിരുന്നു കുമാര്‍ സഹാനി ശ്രമിച്ചതെന്നുമാണ് വിജയകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നത്.

മികച്ച സിനിമയുടെ സംവിധായകനെത്തന്നെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കണമെന്ന കുമാര്‍ സഹാനിയുടെ നിലപാടാണ് തര്‍ക്കത്തിനുള്ള ഒരു കാരണം. ഓസ്‌കര്‍ പുരസ്‌കാര നിര്‍ണയത്തില്‍ പോലും മികച്ച സംവിധായകന്റെ ചിത്രമല്ല മികച്ച സിനിമക്കുള്ള അവാര്‍ഡ് നേടിയതെന്ന് ചൂണ്ടി കാണിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‍ പൊട്ടിത്തെറിക്കുകയും തന്റെ തീരുമാനം അംഗീകരിച്ചാല്‍ മതി എന്ന നിലപാടെടുക്കുകയും ചെയ്യുകയായിരുന്നുവെന്നും വിജയകൃഷ്ണന്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു മറ്റു അംഗങ്ങള്‍. മികച്ച സിനിമയുടെ സംവിധായകനെത്തന്നെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കണമെന്ന അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കാമെന്ന് അംഗങ്ങള്‍ പറയുകയും ചെയ്തതാണ്. എന്നാല്‍ മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലും തന്റെ അഭിപ്രായം മാത്രം പരിഗണിച്ചാല്‍ മതി എന്ന നിലപാട് അദ്ദേഹം കൈക്കൊണ്ടതോടെയാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നതെന്നും വിജയകൃഷ്ണന്‍ പറയുന്നു.

ജയസൂര്യയ്ക്കും, സൗബിനും മികച്ച നടനുള്ള പുരസ്‌കാരം നല്‍കുന്നതില്‍ കുമാര്‍ സഹാനിയുടെ എതിര്‍പ്പ് ശക്തമായിരുന്നുവെന്നാണ് ജൂറിയംഗമായ വിജയകൃഷ്ണന്‍ പറയുന്നത്. എന്നാല്‍ ജൂറി അംഗങ്ങളില്‍ ബാക്കി എല്ലാവര്‍ക്കും ഈ തീരുമാനത്തോട് യോജിപ്പായിരുന്നുവെന്നും അദ്ദേഹം അഴിമുഖത്തോട് പറയുന്നു.

മുന്‍ നിരയിലുണ്ടായിരുന്ന ജയസൂര്യ, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍ എന്നീ നടന്മാര്‍ക്ക് ആര്‍ക്കും മികച്ച നടനുള്ള പുരസ്‌ക്കാരം നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സാധാരണ രീതിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സമവായത്തിലൂടെയാണ് അത് പരിഹരിക്കപ്പെടാറുള്ളത്. എന്നാല്‍ ഇവിടെ ഏകപക്ഷീയമായി ഒരു തീരുമാനം എടുക്കുകയും മറ്റു അംഗങ്ങള്‍ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്യണം എന്ന നിലപാട് കുമാര്‍ സഹാനിയില്‍ നിന്നുണ്ടായി. ഇതേ തുടര്‍ന്ന് പ്രധാനപ്പെട്ട മൂന്ന് അവാര്‍ഡുകളില്‍ തീരുമാനമെടുക്കുന്നത് മാറ്റിവെക്കുകയും ചെയ്തു. ജയസൂര്യയുടെയും സൗബിന്റെയും പേരുകള്‍ക്ക് ജൂറി അംഗങ്ങള്‍ക്കിടയില്‍ തുല്യ പിന്തുണയാണുണ്ടായിരുന്നത്. അതില്‍ ഒരാളെ ഒഴിവാക്കാതെ രണ്ടു പേര്‍ക്കും പുരസ്‌കാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ചെയര്‍മാന്‍ നിര്‍ദ്ദേശിച്ച പേരിനോട് ഒരാളുപോലും യോജിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആ തീരുമാനം അംഗീകരിച്ചിരുന്നെങ്കില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരുമായിരുന്നു; വിജയകൃഷ്ണന്‍ പറയുന്നു.

ഏത് നടനെയായിരുന്നു ജൂറി ചെയര്‍മാന്‍ കുമാര്‍ സഹാനി മികച്ച നടനായി നിര്‍ദ്ദേശിച്ചതെന്നു പുറത്തു പറയാന്‍ ജൂറിയംഗം തയ്യാറായില്ല. കുമാര്‍ സഹാനി നിര്‍ദ്ദേശിച്ചയാള്‍ക്കായിരുന്നു അവാര്‍ഡ് കൊടുത്തിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ പോലും അമ്പരന്ന് പോകുമായിരുന്നുവെന്നും ആ നടന് അവാര്‍ഡ് നല്‍കിയതിന്റെ പേരില്‍ ജൂറിയംഗങ്ങളായ തങ്ങള്‍ക്ക് കേരളത്തില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകുമായിരുന്നുവെന്നും വിജയകൃഷ്ണന്‍കൂട്ടി ചേര്‍ത്തു.

പുരസ്‌കാര പ്രഖ്യാപനത്തില്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലുമുള്ള ബാഹ്യ ഇടപെടലുകളും ഉണ്ടായിരുന്നില്ലെന്നും പൂര്‍ണ സ്വാതന്ത്ര്യത്തോടെയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കാനായതെന്നും ജൂറിയംഗങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജൂറിയിലെ ഭൂരിപക്ഷം പേരുടെയും തീരുമാനം അംഗീകരിച്ചുകൊണ്ടാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നതെന്നും അവസാന നിമിഷമാണ് ജൂറി ചെയര്‍മാന്‍ അവാര്‍ഡ് പ്രഖ്യാപന തീരുമാനത്തില്‍ ഒപ്പിടതെ മടങ്ങുന്നതെന്നും അതാണ് വിവാദങ്ങള്‍ ഉണ്ടാകാന്‍ കാരണമായതെന്നും ജൂറിയംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍