UPDATES

സിനിമ

സുമംഗള്‍; മലയാള സിനിമയുടെ സ്വന്തം ഇതര സംസ്ഥാന തൊഴിലാളി

സജീവ് പാഴൂര്‍ തിരക്കഥ എഴുതി ജി പ്രജിത്ത് സംവിധാനം ചെയ്ത ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’യിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് സുമംഗള്‍

മലയാളിയുടെ സാമൂഹിക ജീവിതത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അനിഷേധ്യ ഭാഗമായി മാറിയതോടെ സിനിമയിലും അവര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാള സിനിമയിലെ ഒരു സ്ഥിരം ഇതര സംസ്ഥാന തൊഴിലാളിയായി മാറിയിരിക്കുകയാണ് മസാല ബോണ്ടിലൂടെ കടന്നുവന്ന സുമംഗള്‍ സിന്‍ഹ റോയ്. മലയാള സിനിമയുടെ സ്വന്തം ‘ബംഗാളി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് സുമംഗൾ. സജീവ് പാഴൂര്‍ തിരക്കഥ എഴുതി ജി പ്രജിത്ത് സംവിധാനം ചെയ്ത ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’യിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ മലയാളിയെ യുവതിയെ കല്യാണം കഴിച്ചു കേരളത്തില്‍ സ്ഥിര താമസമാക്കുന്ന ഷാനവാസായാണ് സുമംഗള്‍ പ്രത്യക്ഷപ്പെടുന്നത്.

സുമംഗള്‍ എന്ന അസം സ്വദേശി മലയാളിക്ക് ബിഗ് സ്‌ക്രീനില്‍ പരിചിതമായിട്ട് കുറച്ച് വർഷങ്ങളായി. ഒരു സിനിമ കഥപോലെ തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കഥ. 2011 ൽ അസമിലെ ഉദാല്‍ബുരി ജില്ലയിൽ നിന്നാണ് സുമംഗള്‍ ജോലി തേടി കേരളത്തിൽ എത്തുന്നത്. പിന്നീട് കൊച്ചി ഇടപ്പളളിയിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് ആദ്യമായി സിനിമയിലേക്കുളള അവസരം സുമംഗളിനെ തേടി എത്തുന്നത്. 2014ല്‍ മസാല റിപ്പബ്ലിക്കില്‍ തുടങ്ങി ഇപ്പോള്‍ പതിമൂന്നോളം ചിത്രങ്ങളിൽ സുമംഗള്‍ അഭിനയിച്ചു കഴിഞ്ഞു.

ഒരു ഞായറാഴ്ച വളരെ അവിചാരിതമായിട്ടാണ് സുമംഗള്‍ ഒരിക്കലും സ്വപ്നം പോലും കാണാത്ത മലയാള സിനിമയുടെ ഭാഗമായി മാറുന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സുമംഗളിന്റെ അടുത്ത് അപ്രതീക്ഷിതമായാണ് ആ ചോദ്യം വന്നത്. ബൈക്കില്‍ വന്നയാള്‍ നിങ്ങളുടെ കൂട്ടത്തില്‍ അഭിനയിക്കാന്‍ അറിയുന്ന ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. എന്നാൽ തനിക്ക് വേറെ ആരെയും പരിചയമില്ല എന്ന മറുപടിയാണ് സുമംഗള്‍ നൽകിയത്. മസാല റിപ്പബ്ലിക്ക് എന്ന സിനിമയുടെ സഹ സംവിധായകനായിരുന്നു അന്ന് സുമംഗളിലോട് ഇക്കാര്യം ചോദിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം സ്‌ക്രീന്‍ ടെസ്റ്റിന് പങ്കെടുക്കുകയും സംവിധായകന്‍ വിശാഖ് ജി.എസ് മസാല റിപ്പബ്ലിക്ക് എന്ന സിനിമയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്‌തു. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷമായിരുന്നു അത്. പിന്നീട് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അതൊന്നും രണ്ട് സീനുകളില്‍ കൂടുതല്‍ ഇല്ലായിരുന്നു.

അതിന്‌ ശേഷം ‘കനൽ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും സുമംഗള്‍ അഭിനയിച്ചു. പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ സ്ഥിരം ഇതര സംസഥാന തൊഴിലാളിയായി മാറുകയായിരുന്നു സുമംഗള്‍. ചെറിയ സീനുകൾ ആണെങ്കിൽ പോലും വളരെ പെട്ടന്നാണ് ഈ നടൻ ഇന്ന് മലയാള സിനിമയുടെ സ്വന്തം ‘ഭായി’യായി മാറിയിരിക്കുന്നത്. തീവണ്ടിയെന്ന ടൊവീനോ ചിത്രത്തിലെ ഡ്രൈവര്‍ ഭായി എന്ന കഥാപാത്രം ഉൾപ്പടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്‌തു.

ഒരു വടക്കൻ സെൽഫി ക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലും സുമംഗള്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ വേഷത്തിലാണ് എത്തുന്നത്. ബിജു മേനോൻ നായകനാകുന്ന ചിത്രത്തിൽ സംവൃത സുനിലാണ് നായിക. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സംവൃത വീണ്ടും തിരിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

സിനിമയിലെ സുമംഗളിന്റെ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച പ്രതികരണങ്ങളാണ് ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലെ ഈ ‘ബംഗാളിക്ക്’ ലഭിക്കുന്നത്. ചിത്രത്തിൽ ഒരു ഇതര സംസഥാന തൊഴിലാളിയായി മുഴുനീള കഥാപാത്രമായി തന്നെയാണ് സുമംഗള്‍ എത്തുന്നത്.

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍