അഭിപ്രായയങ്ങള്‍ മൂടിവയ്ക്കാനുള്ളതെല്ലെന്നും പ്രതികരണങ്ങള്‍ നിശബ്ദമാക്കി വയ്‌ക്കേണ്ടതല്ലെന്നും തിരിച്ചറിയുന്ന തമിഴ് സിനിമാ താരങ്ങള്‍
മലയാളത്തിലെ ഒരു പ്രമുഖ നടനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു. സംസാരത്തിനിടയിലും അദ്ദേഹം തന്റെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കുന്നുണ്ട്. ഫോര്‍വേഡ് വീഡിയോകളായി വരുന്ന മതപ്രഭാഷണങ്ങളാണവയെന്ന് മനസിലാകും. കുറച്ചു സമയത്തിനുശേഷം മൊബൈല്‍ മാറ്റിവച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്; ഇവരൊക്കെ ഈ വീഡിയോസ് എനിക്കെന്തിനാ അയച്ചു തരുന്നേ? ഞാനൊരു ദേശീയ മുസ്ലിമായിട്ടാണ് ജീവിക്കുന്നത്…
ദേശീയ മുസ്ലിം എന്നതു കൊണ്ട് അദ്ദേഹം എന്താണ് അര്‍ത്ഥമാക്കിയത്? മതപ്രഭാഷണം കേള്‍ക്കുന്നത് തെറ്റാണോ? ഇതൊക്കെ മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതെന്തിനാണ്? ഇതൊന്നും അന്നു മനസിലായില്ല. വിജയ്-മെര്‍സര്‍ വിവാദം ശ്രദ്ധിക്കുമ്പോള്‍ ചില വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഈ കാര്യം വീണ്ടും ഓര്‍മയില്‍ വന്നു. മമ്മൂട്ടി മുസ്ലിം ആണെന്നും മോഹന്‍ലാല്‍ നായരാണെന്നുമൊക്കെ ചിലര്‍ എടുത്തു പറയാന്‍ തുടങ്ങിയതിനു ശേഷം സൃഷ്ടിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു താനൊരു ദേശീയ മുസ്ലിം ആണെന്ന് ബോധ്യപ്പെടുത്താന്‍ ആ നടന്‍ ശ്രമം നടത്തിയെന്നതിലെ രാഷ്ട്രീയവശം ഇപ്പോള്‍ മനസിലാകുന്നുണ്ട്.
ജിഎസ്ടിയും ക്യാഷ്‌ലെസ് ഇക്കോണമിയും പരാമര്‍ശിക്കപ്പെടുന്ന ഡയലോഗുകളുടെ പേരില്‍, സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരു ചിത്രത്തിനു നേരെ കത്രികയുമയര്‍ത്തി ബിജെപിയും അതിന്റെ സില്‍ബന്തികളായവരും ചാടിപ്പുറപ്പെടുകയും വിജയ് എന്ന നടന്‍ ക്രിസ്ത്യാനിയായ ജോസഫ് വിജയ് ആണെന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് വിതരണവുമൊക്കെ കാണുമ്പോള്‍, ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ടു തന്നെയായിരിക്കും മലയാളത്തിലെ ആ ഇസ്ലാംമത വിശ്വാസിയായ നടന്‍ താനൊരു ദേശീയ മുസ്ലിം ആണെന്ന് മുന്‍പേര്‍ തന്നെ പ്രഖ്യാപിച്ചത്.
വിജയ് തന്റെ നേര്‍ക്കുയര്‍ന്ന വിവാദങ്ങളെ എങ്ങനെയാണു നേരിട്ടതെന്നു കാണുമ്പോള്‍ ആ മലയാള നടനോട് സഹാതപമാണ് തോന്നുന്നത്. ‘ദേശീയത’ എന്ന ബാഡ്ജ് ധരിച്ച് തന്റെ മതവിശ്വാസവുമായി മുന്നോട്ടു പോയ്‌ക്കോളാമെന്ന പ്രഖ്യാപനം ഭീരുത്വമാണ്. ഈ പറയുന്ന ദേശീയതയ്ക്ക് യഥാര്‍ത്ഥഭരണഘടന സാധുതയില്ല. ഇത് സംഘരാഷ്ട്രീയകാലത്തെ ഭയപ്പെടുത്തലുകളില്‍ നിന്നു രക്ഷനേടാനുള്ള അടവ് മാത്രമാണ്. അവിടെയാണ് തന്നെ ക്രിസ്ത്യാനിയെന്നു വിളിച്ചവരോട് അതേ ഞാന്‍ ജോസഫ് വിജയ് എന്ന ക്രിസ്ത്യാനി തന്നെയാണെന്നു വിജയ് ഉറക്കെ പ്രഖ്യാപിച്ചത്. യേശു രക്ഷിക്കുന്നു എന്ന കുറിവാചകമുള്ള തന്റെ ലെറ്റര്‍ പാഡില്‍ സിനിമയ്ക്കും തനിക്കുമെതിരേയുള്ള വിമര്‍ശനങ്ങള്‍ക്ക് പക്വതയോടെ മറുപടി പറയുമ്പോള്‍, അതിലെ ഏറ്റവും ശക്തമായ താക്കീതായി തോന്നിയത് ജോസഫ് വിജയ് എന്ന പേര് തന്നെയായിരുന്നു. ഒരുപക്ഷേ വിജയ് എന്ന സൂപ്പര്‍ നായകന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സും ഇതു തന്നെ.
തമിഴ് താരങ്ങള്‍ക്ക് രസികര്‍മണ്‍ട്രങ്ങള്‍ മലയാളത്തിന്റെ മണ്ണിലും ഉണ്ടായി വരുന്നത് വിജയ്-അജിത് കാലഘട്ടത്തോടെയാണ്. ഇന്ന് മലയാളതാരങ്ങളെക്കാള്‍ കൂടുതല്‍ തമിഴ് താരങ്ങള്‍ക്ക് കേരളത്തില്‍ ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ട്. മുമ്പ് രജനിക്കും കമലിനും ആസ്വാദകര്‍ മാത്രമുണ്ടായിരുന്നൊരിടത്താണ് ഇങ്ങനെയൊരു മാറ്റമെന്നോര്‍ക്കണം. അക്കാലത്താകട്ടെ, പൊതുവില്‍ തമിഴ് നായകന്മാരോട് ഒരു തരം പരിഹാസവും മലയാളിക്കുണ്ടായിരുന്നു. സിനിമയില്‍ അവര്‍ കാണിക്കുന്ന വീരത്വം തന്നെ കാരണം. സിനിമയ്ക്കപ്പുറം അത്രകണ്ട് കൂടുതല്‍ തമിഴ്താരങ്ങളെ ശ്രദ്ധിക്കാനോ അറിയാനോ കഴിഞ്ഞിരുന്നുമില്ല, ശ്രമിച്ചിട്ടുമില്ല. ഇന്നതല്ല സ്ഥിതി. നമുക്ക് എല്ലാവരെയും അറിയാം, എല്ലാത്തിനെയും കുറിച്ച്. അതുകൊണ്ട് തന്നെയാണ് ഒരുകാലത്ത് നമ്മുക്ക് പുച്ഛമായിരുന്നവരാണ് നമ്മുടെ സ്വന്തം താരങ്ങളെക്കാള്‍ റിയല്‍ ലൈഫിലും നായകരാണെന്നു മനസിലാകുന്നത്.
ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രയില്‍ പണക്കൊഴുപ്പിലുള്ള ബോളിവുഡിന്റെ തിളക്കം മാറ്റി നിര്‍ത്തിയാല്‍ കലാപാരമായ ഗ്രാഫില്‍ ഇന്നു മുകളില്‍ കോളിവുഡ് എന്ന തമിഴ് സിനിമലോകം തന്നെയാണ്. തമിഴില്‍ ബിഗ്ബഡ്ജറ്റ് തട്ടുപൊളിപ്പന്‍ മസാലപ്പടങ്ങള്‍ ഇറങ്ങുന്നു. തങ്ങളുടെ മാര്‍ക്കറ്റ് കൂടുതല്‍ വികസിച്ചിരിക്കുന്നുവെന്നറിഞ്ഞു തന്നെയവര്‍ അത്തരം പടങ്ങളെടുക്കുന്നു. തമിഴ്‌നാട്ടില്‍ സാമ്പത്തിക പരാജയമായിട്ടും കേരളത്തില്‍ നിന്നും പണം വാരിയ എത്രയോ സിനിമകള്‍. അതുപോലെ തെലുഗു, കന്നഡ, ഇപ്പോള്‍ ബോളിവുഡും തമിഴ് ഉള്‍പ്പെടെയുള്ള സൗത്ത് സിനിമകളെ ശ്രദ്ധിക്കുന്നു. ഈ ബിസിനസ് മാര്‍ക്കറ്റ് കണ്ടറിഞ്ഞ് തമിഴില്‍ സിനിമകള്‍ ഇറങ്ങുമ്പോള്‍ അതുമാത്രമാണവരുടെ സിനിമകളെന്നു ധരിക്കരുത്. ബിഗ്ബഡ്ജറ്റ് സിനിമകള്‍ക്കൊപ്പം സമാന്തരമായി ലോ ബഡ്ജറ്റില്‍ നല്ല കലാമൂല്യമുള്ള പടങ്ങളും അവര്‍ ഇറക്കുന്നു. കുട്രം 23, മാനഗരം, കടുഗ്, 8 തോട്ടകള്‍, ഒരു കിടയിന്‍ കരുണൈ മാനു, ധ്രുവങ്ങള്‍ 16, ഉരു, വിസാരണൈ, മെട്രോ, ജോക്കര്‍, ഉറിയടി, കാതലും കടന്തുപോകും, കുട്രം കടൈത്തല്‍, കുരങ്ങ് ബൊമൈ; കഴിഞ്ഞ രണ്ടു വര്‍ഷത്തെ ലിസ്റ്റ് നോക്കിയാല്‍ തന്നെ മനസിലാകും എത്രയെത്ര നല്ല സിനിമകള്‍ അവിടെ ഉണ്ടായെന്ന്. ഇതിനിടയില്‍ വിരലില്‍ എണ്ണാവുന്നതുമാത്രമാണ് സൂപ്പര്‍-മെഗാ താരങ്ങളുടേതായ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍. മലയാളമാകട്ടെ ഇപ്പോള്‍ ബിഗ് ബഡ്ജറ്റുകള്‍ക്കു മാത്രം പുറകെയാണ്; വിഡ്ഡിയായ ഒരു ചൂതാട്ടക്കാരനെ പോലെ.
ഇനി പറയുന്ന കാര്യമാണ് ഈ പ്രത്യേക കാലത്തും നാം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത്. അത് സിനിമയിലെ രാഷ്ട്രീയമാണ്. തമിഴ്‌നാട്ടിലെ പണ്ടുകാലം മുതലെ സിനിമയും രാഷ്ട്രീയവും ഓരേ ട്രാക്കില്‍ സഞ്ചരിക്കുന്നതാണ്. നാടക, സിനിമ മേഖലയില്‍ നിന്നു വന്നവര്‍ തന്നെയാണ് തമിഴകം ഭരിച്ചവരില്‍ കൂടുതലും. മലയാളിയതിനെ, ‘പാണ്ടിയുടെ’ ബൗദ്ധികനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തിയതെങ്കിലും ദ്രാവിഡന്റെ രാഷ്ട്രീയം, അത് മണ്ണിനുവേണ്ടിയും ഭാഷയ്ക്കു വേണ്ടിയും, സ്വത്വത്തിനുവേണ്ടിയും വീറോടെ പറയുന്നവനോട് ജനത്തിനുണ്ടാകുന്ന മതിപ്പും ഇഷ്ടവുമായിരുന്നു തമിഴ്‌നാട്ടിലെ സിനിമാക്കാരന്റെ രാഷ്ട്രീയ വിജയം. മലയാളിക്ക് അത്തരം സ്വത്വതീവ്രതയൊന്നുമില്ല. വാടകവീട്ടില്‍ കഴിയുന്നവന്റെതായ അലസത പൂണ്ടവര്‍. സാര്‍വലോക ധൈഷണികതയാണ്, ഉയിരും ഉടലും എങ്കള്‍ മണ്ണുക്ക് എന്ന ആവേശത്തെക്കാള്‍ മലയാളി പുലര്‍ത്തിയത്. അതുകൊണ്ട് തന്നെ, ഒന്നോ രണ്ടോ പേരുടെ വിജയപരാജയങ്ങളുടെ കഥ പറഞ്ഞു തീര്‍ത്താല്‍ രാഷ്ട്രീയത്തിനും കലയ്ക്കും തമ്മില്‍ പറയത്തക്ക ബന്ധമൊന്നും ഇല്ല. മലയാളത്തില്‍ എത്ര രാഷ്ട്രീയ സിനിമകള്‍ വന്നിട്ടുണ്ടെന്നു നോക്കണം(ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ ശൈലിയിലുള്ള സിനിമകളെല്ല ഉദ്ദേശിച്ചത്) എത്ര സിനിമാക്കാര്‍ രാഷ്ട്രീയം പറയുന്നുണ്ടെന്നു നോക്കണം. ആ എണ്ണം കണ്ട് കേരളത്തിന്റെ രാഷ്ട്രീയബോധം തലകുനിക്കും. പക്ഷേ തമിഴന്‍ തല നിവര്‍ത്തില്‍ക്കുന്നു. കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം എന്നു നാം ഇടയ്‌ക്കൊക്കെ മൂളാറുണ്ടെങ്കിലും, തമിഴനെന്നു സൊല്ലടാ തലനിമിര്‍ന്തു നില്ലെടാ എന്നതിനൊത്ത ആവേശമൊന്നുമില്ല. ഇവിടെ വീണ്ടും ദേശീയത പറയാം, തമിഴന്‍, മലയാളി എന്നൊക്കെയുള്ള സങ്കുചിതചിന്തകള്‍ മാറ്റിവച്ച് ഇന്ത്യനെന്നു പറയാന്‍ ആഹ്വാനം ചെയ്യുന്ന ദേശീയത. എന്നാല്‍ ആ ദേശീയത ഇന്ന് വിഷം പുരട്ടിയൊരു അമ്പാണെന്നറിയുമ്പോഴാണ് സ്വത്വബോധത്തിന്റെ പേരിലെങ്കിലും ഫാസിസത്തിനെതിരേ തമിഴന്‍ ശബ്ദമുയര്‍ത്തുന്നത്.
വിജയ്, കമല്‍, അരവിന്ദ് സ്വാമി, വിജയ് സേതുപതി, പ്രകാശ് രാജ് എത്ര പേരാണ് ജനത്തിനെതിരാകുന്ന രാഷ്ട്രീയത്തിനെതിരേ, ഫാസിസത്തിനെതിരേ, സദാചാരഭാഷ്യങ്ങള്‍ക്കെതിരേ രംഗത്തു വരുന്നത്. അഭിപ്രായയങ്ങള്‍ മൂടിവയ്ക്കാനുള്ളതെല്ലെന്നും പ്രതികരണങ്ങള്‍ നിശബ്ദമാക്കി വയ്‌ക്കേണ്ടതല്ലെന്നും തിരിച്ചറിയുന്ന കലാകാരന്മാര്‍. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രകാശ് രാജ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധിക്കുക. ഗൗരിയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്നതും ആ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സംസാരിച്ചതുമെല്ലാം ലങ്കേഷിനോടും ഗൗരിയോടും ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പം കൊണ്ടു മാത്രമല്ല, ഇന്ത്യയില്‍ പിടിമുറുക്കുന്ന ഫാസിസമാണ് ഗൗരിയുടെ തലയിലേക്ക് വെടിയുണ്ടകള്‍ പായിച്ചതെന്നുകൂടി അറിയാമായിരുന്നതുകൊണ്ടുമാണ്. പ്രകാശ് രാജ് ഭയന്നു മാറി നിന്നില്ല. അതേ സമയത്തു തന്നെയാണ് മലയാള സിനിമയിലെ പ്രമുഖര്‍ ആലുവ സബ് ജയിലിലേക്ക് ഘോഷയാത്ര നടത്തിയതും. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചു തന്നെ പ്രകാശ് പിന്നീട് രംഗത്തു വന്നു. മോദിയൊരു നടനാണെന്നയാള്‍ ഉറക്കെ വിളിച്ചു പരിഹസിച്ചു. അപ്പോഴും അയാള്‍ ഭയപ്പെട്ടില്ല. വിജയ്‌ക്കെതിരേ സംഘപരിവാര്‍-ബിജെപി ശക്തികള്‍ രംഗത്തു വന്നപ്പോള്‍ ഇതല്ല ജനാധിപത്യമെന്നും ഈ കയ്യേറ്റങ്ങളെ പ്രതിരോധിക്കുമെന്നും പറഞ്ഞു രംഗത്തുവന്നവരാണ് വിജയ് സേതുപതിയും അരവിന്ദ് സ്വാമിയും കമലുമെല്ലാം. അവര്‍ക്കൊക്കെ നഷ്ടപ്പെടാന്‍ ഏറെയുണ്ട്. പക്ഷേ അവര്‍ ഭയന്നില്ല.
അതാതുകാലത്തെ ഭരണകൂടങ്ങളുടെ തെറ്റായ തീരുമാനങ്ങളെ പരിഹസിക്കാനും എതിര്‍ക്കാനുമൊക്കെ ഒരു ഡയലോഗ് കൊണ്ടെങ്കിലും തയ്യാറാകുന്നുണ്ട് തമിഴ് സിനിമ എന്നും. ബോയ്‌സ് എന്ന മുഴുനീള എന്റര്‍ടെയ്‌നറില്‍ കൂടി പോട്ട നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യിപ്പിക്കുന്നുണ്ട്. ശങ്കര്‍ കച്ചവട സിനിമാക്കാരിലെ പ്രമാണിയാണെന്നു പറയുമ്പോഴും ഓരോ സിനിമയിലും ഒരു വരിയിലെങ്കിലും അയാള്‍ രാഷ്ട്രീയ/ ഭരണകൂട വിമര്‍ശനത്തിനു തയ്യാറാകുന്നുണ്ട്. തന്റെ സിനിമകളിലൂടെ എന്നും രാഷ്ട്രീയം പറഞ്ഞു കൊണ്ടിരുന്ന മണിരത്‌നം ഒ കെ കാതല്‍ കണ്‍മണി എന്ന പ്രണയ ചിത്രത്തില്‍ ആര്‍കിടെക്റ്റായ നായികയെക്കൊണ്ട് തഞ്ചാവൂരിലെയോ ചിദംബരത്തേയോ കലാവൈശിഷ്ട്യങ്ങളെക്കുറിച്ചല്ല അഹമ്മദാബാദില്‍ കൊണ്ടു ചെന്നു നിര്‍ത്തിയാണ് ഇന്ത്യന്‍ പൗരാണിക നിര്‍മാണവൈദഗ്ധ്യത്തെക്കുറിച്ച് സംസാരിപ്പിക്കുന്നത്. താജ്മഹല്‍ ഉള്‍പ്പെടെ പൊളിച്ചു കളയണമെന്ന് ആഹ്വാനം നടക്കുന്ന ഒരു കാലമാണിതെന്നുമോര്‍ക്കാം.
വലിയൊരു അത്ഭുതം എന്തെന്നാല്‍ രാജു മുരുഗന്‍ സംവിധാനം ചെയ്ത ജോക്കര്‍ സംഘപരിവാര്‍ കണ്ടില്ലേ എന്നതാണ്. സ്വഛ്ഭാരത് പദ്ധതിയെ ഇത്ര നന്നായി പരിഹസിക്കുന്ന ഒരു സിനിമ വേറെയുണ്ടോ? എത്ര ഗംഭീരമായ പൊളിറ്റിക്കല്‍ സറ്റയറാണ്. അഭിനയത്തിന്റെ കാര്യത്തിലല്ലെങ്കിലും ഗുരു സോമസുന്ദരത്തെക്കാള്‍ മൂല്യമുള്ള മറ്റൊരു നടനതില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ സിനിമയും മെര്‍സല്‍ പോലെ പണം വാരുമായിരുന്നു. കേരളത്തിലും സിനിമ റിലീസ് ചെയ്തില്ലെന്നു തോന്നുന്നു. വിസാരണൈ; ഇത്രത്തോളം മനസിനെ അസ്വസ്ഥതപ്പെടുത്തിയ ഒരു സിനിമ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല. എസ് പി ജനനാതന്‍ സംവിധാനം ചെയ്ത ആര്യയും വിജയ് സേതുപതിയും ശ്യാമും പ്രധാനകഥാപാത്രങ്ങളായ പുറമ്പോക്ക് എങ്കിര പൊതുവുടമൈ എന്ന ചിത്രം പറയുന്ന രാഷ്ട്രീയവും പിടിച്ചുകുലുക്കും. സിനിമ മൊത്തമായോ അതിനുള്ളിലോ(മെര്‍സല്‍പോലെ) രാഷ്ട്രീയം പറയുന്ന സിനിമകള്‍ തമിഴില്‍ ഇനിയുമുണ്ട്.
സിനിമയില്‍ രാഷ്ട്രീയം പറയുന്നത് യഥാര്‍ത്ഥ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണെന്നു വിമര്‍ശിക്കാമെങ്കിലും അതിനായിട്ടാണെങ്കില്‍ പോലും തമിഴന്‍ രാഷ്ട്രീയം പറയുന്നുണ്ട്, സമൂഹത്തിനുവേണ്ടി ശബ്ദിക്കുന്നുണ്ട്. കത്തിയും മെര്‍സലുമൊക്കെ ചെയ്തതുപോലെ. അപ്പോഴും അലന്‍സിയറെ പോലെ, ഒന്നോ രണ്ടോ പേരൊഴിച്ചുള്ള മലയാള ചലച്ചിത്രപ്രവര്‍ത്തകരോ? അവര്‍ കലാകാരന്റെ എന്ത് ഉത്തരവാദിത്വമാണ് ചെയ്യുന്നത്? എന്തിനോടാണവര്‍ പ്രതികരിക്കുന്നത്? അവരുടെ പ്രവര്‍ത്തികളും ബിസിനസുകളും കാണുന്നതുകൊണ്ട് അത്തരം ചോദ്യങ്ങള്‍ തന്നെ അനാവശ്യമാണെന്നതാണു സത്യം…