UPDATES

സിനിമാ വാര്‍ത്തകള്‍

നാന പടേക്കറുടെ നിര്‍ദേശ പ്രകാരം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും നേരിട്ട അക്രമത്തെക്കുറിച്ച് തനുശ്രീ ദത്ത

നാന പടേക്കര്‍ മോശം നടന്‍, സ്വന്തമായി ഒരു പടം വിജയിപ്പിക്കാന്‍ കഴിവില്ല

സിനിമ സെറ്റില്‍ വച്ച് നടന്‍ നാന പടേക്കര്‍ തന്നെ ലൈംഗികമായി പീഢിപ്പിച്ചെന്ന് വെളിപ്പെടുത്തിയ നടി തനുശ്രീ ദത്ത, നാനയ്‌ക്കെതിരേ വീണ്ടും ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ത്തുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നാന പടേക്കര്‍ക്കെതിരേയുള്ള തന്റെ ശക്തമായ നിലപാടുകളും നാനയില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങളും തനുശ്രീ ദത്ത പറയുന്നത്.

നാന പടേക്കറിനൊപ്പം രജനികാന്ത്, അക്ഷയ് കുമാര്‍ എന്നിവര്‍ അഭിനയിക്കരുതായിരുന്നുവെന്ന് പറഞ്ഞതിനു കാരണമായി എന്‍ ഡി ടി വിയോട് തനുശ്രീ ദത്ത പറയുന്നത്, വന്‍ താരങ്ങളുടെ കൂടെ സഹതാരമായി അഭിനയിച്ചാണ് നാന പടേക്കര്‍ തന്റെ കരിയര്‍ ഉണ്ടാക്കിവച്ചിരിക്കുന്നതെന്നും അത്തരം അവസരങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ നാന ഒന്നുമല്ലാതായി തീരുമെന്നുമാണ്. സ്വന്തം നിലയ്ക്ക് ഒരു ചിത്രം വിജയമാക്കാന്‍ കഴിവില്ലാത്തയാളായ നാന പടേക്കര്‍ മോശം നടനാണെന്നും തനുശ്രീ ദത്ത കുറ്റപ്പെടുത്തുന്നു. ക്രിമിനലായ, സ്ത്രീകളെ ഉപദ്രവിക്കുന്ന, ഒരുപെണ്‍കുട്ടിയെ ഉപദ്രവിച്ചശേഷം രാഷ്ട്രീയ പാര്‍ട്ടിയുടെ ഗൂണ്ടകളെ ഉപയോഗിച്ച് അവളെ അപമാനിക്കാന്‍ ശ്രമിക്കുകയും അവളുടെ കുടുംബത്തെ അക്രമിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്ന ഒരാള്‍ക്കൊപ്പം ജോലി ചെയ്യാന്‍ ഒരിക്കലും തയ്യാറാകരുതെന്നാണ് താന്‍ മറ്റ് താരങ്ങളോട് പറയുന്നതെന്നും തനുശ്രീ ദത്ത വ്യക്തമാക്കുന്നു.

നാന പടേക്കറില്‍ നിന്നും തനിക്ക് ഭീഷണി ഉണ്ടായിട്ടുള്ള കാര്യവും നാന പടേക്കറുടെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) പാര്‍ട്ടിയുടെ ഗൂണ്ടകള്‍ തന്റെ മാതാപിതാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ച കാര്യവും തനുശ്രീ ദത്ത എന്‍ഡിവിയോട് വെളിപ്പെടുത്തുന്നു.

തന്റെ കാര്യത്തില്‍ സിനിമ മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണ പരസ്യമായി ഉണ്ടാകില്ലെന്നും തനുശ്രീ ദത്ത പറയുന്നു.സിനിമ മേഖല പിന്നില്‍ നിന്നുള്ള പിന്തുണ നല്‍കും, പക്ഷേ അവര്‍ ഒരിക്കലും മുന്നിലേക്ക് വരികയോ ആരെയെങ്കിലും എതിര്‍ക്കാനോ ഒപ്പം പ്രവര്‍ത്തിക്കില്ലെന്നു പറയാനോ തയ്യാറാകില്ലെന്നാണ് തനുശ്രീ ദത്ത ചൂണ്ടിക്കാണിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍