UPDATES

സുജയ് രാധാകൃഷ്ണന്‍

കാഴ്ചപ്പാട്

Optical Illusions

സുജയ് രാധാകൃഷ്ണന്‍

സിനിമ

ആരാണ് ബാല്‍ താക്കറെ? ക്രിക്കറ്റ് ഭ്രാന്തന്‍, ബിയര്‍ കുടിയന്‍, വീട്ടില്‍ ഇസ്ലാം മതവിശ്വാസിക്ക് നിസ്‌കാരത്തിന് സൗകര്യമൊരുക്കുന്ന ‘മതേതരന്‍’?…

ഒരു ബയോപ്പിക് സിനിമയെന്ന നിലയില്‍ ബാല്‍ താക്കറെ എന്ന തീവ്രവലതുപക്ഷ ഗുണ്ടാനേതാവിന്റെ ജീവിതം ഒരു ശിവസേന പ്രൊഡക്ഷന്‍ ഹൗസിന് കഴിയും വിധം സത്യസന്ധമായി അവതരിപ്പിച്ചിട്ടുണ്ട് അഭിജിത്ത് പാന്‍സെയും സംഘവും

ലക്‌നൗ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു വിഐപി വന്നിറങ്ങുന്നു. എയര്‍പോര്‍ട്ടിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരും സാധാരണക്കാരുമടക്കം വന്‍ ജനക്കൂട്ടം. “ഇതാരാ വരുന്നത് അമിതാഭ് ബച്ചനാണോ?” എന്ന് ആളുകള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുമ്പോളാണ് കാവി ഷാള്‍ പുതിച്ച്, അമിതാഭ് ബച്ചന്റെയടക്കം ആരാധനാപാത്രമായി മാറിയ ആ മനുഷ്യന്‍ കയ്യില്‍ ജപമാലയുമായി പുറത്തിറങ്ങി കാറില്‍ കയറുന്നത്. കാവിക്കൊടികളുമായി ഏതെങ്കിലും ആരാധകര്‍ ബച്ചനെ കാണാനെത്തുമോ എന്ന് ആരും ചോദിക്കരുത്. ഇവിടെ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല. ബോംബെയില്‍ തൊഴില്‍ തേടിയെത്തിയതിന്റെ പേരില്‍ ശിവസൈനികരുടെ ‘സ്‌നേഹപ്രകടനങ്ങള്‍’ ശരീരത്തില്‍ പതിഞ്ഞ യുപി കുടിയേറ്റക്കാരുടെ നാട്ടിലും ‘മറാത്ത രാജാവി’ന് ആരാധകവൃന്ദങ്ങള്‍ നിറയെ. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതിയായ ശിവസേന തലവന്‍ ബാല്‍ കേശവ് താക്കറെ ലക്‌നൗ കോടതിയിലെ വിചാരണയ്ക്കായി ബോംബെയില്‍ നിന്ന് വന്നിറങ്ങിയതാണ്.

കോടതി മുറിയിലെ പ്രതിക്കൂട്ടില്‍ അഭിഭാഷകന്റെ ചോദ്യത്തിന് മറുപടിയായി നാടകീയമായി പേര് പറയുമ്പോള്‍ മാത്രമാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ രൂപത്തില്‍ ബാല്‍ താക്കറെ പുനര്‍ജ്ജനിച്ചിരിക്കുന്നതായി കാണുന്നത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെടേണ്ടത് എന്തുകൊണ്ട് അനിവാര്യമായിരുന്നു എന്ന തന്റെ നിലപാടാണ് താക്കറെ പങ്കുവയ്ക്കുന്നത്. കോടതിമുറിയിലെ ചില രംഗങ്ങള്‍ക്ക് ശേഷം ഫ്‌ളാഷ് ബാക്കിലേക്കാണ്. പിന്നീട് ഇടയ്ക്കിടെ കോടതി മുറിയിലേയ്ക്ക് തിരിച്ചുവരുന്നു. പരിഹാസവും അഹന്തയും വെറുപ്പും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്ന പരാമര്‍ശങ്ങളുമായി ആധുനിക ‘ഹിന്ദു ഹൃദയ സാമ്രാട്ടി’ന്റെ മറുപടികള്‍. ജനാധിപത്യത്തില്‍ താന്‍ എന്തുകൊണ്ട് വിശ്വസിക്കുന്നില്ല എന്ന് താക്കറെ തുറന്നുപറയുന്നു. ഭൂതകാലവും വര്‍ത്തമാനവും ഇഴചേര്‍ന്ന്‌ ബാല്‍ കേശവ് താക്കറെ എങ്ങനെ ബോംബെയെ സ്തംഭിപ്പിക്കാനും നഗരത്തെ കത്തിക്കാനും ശേഷിയുള്ള ബാലാസാഹിബ് ആയി മാറി എന്ന കഥ പറയുന്നു. പൊലീസ് സംവിധാനത്തെയടക്കം തന്റെ പ്രതിലോമ രാഷ്ട്രീയ പ്രചാരണങ്ങളിലൂടെ താക്കറെ എങ്ങനെയാണ് കയ്യിലെടുത്തത് എന്നും. ശിവസേനയില്‍ ജനാധിപത്യത്തിനും ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള കൂട്ടായ തീരുമാനങ്ങള്‍ക്കും വേണ്ടി വാദിച്ച നേതാവിനെ ഹിന്ദു സാമ്രാട്ടിന്റെ ആജ്ഞാനുവര്‍ത്തികള്‍ എങ്ങനെയാണ് ഇടിച്ചുപിഴിഞ്ഞ് മുന്നില്‍ കൊണ്ടുചെന്നിട്ടത് എന്ന് അഭിമാനപൂര്‍വം പറയുന്നുണ്ട് താക്കറെ സിനിമ.

ശിവസേന എംപിയായ സഞ്ജയ് റാവത്ത് രചന നിര്‍വഹിച്ച്, അഭിജിത്ത് പാന്‍സെ സംവിധാനം ചെയ്ത്, നവാസുദ്ദീന്‍ സിദ്ദിഖി ബാല്‍ താക്കറെയെ അവതരിപ്പിച്ച ‘താക്കറെ’ സിനിമ നോണ്‍ ലീനിയര്‍ ശൈലിയിലാണ് മുന്നോട്ടുപോകുന്നത്. ബാല്‍ താക്കറെ ഒരു മഹാനായിരുന്നു എന്നും അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നുമുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ ട്വീറ്റുകളോട് നടന്‍ സിദ്ധാര്‍ത്ഥ് പ്രതികരിച്ചത് ഒരു യുപി മുസ്ലീം തന്നെ മറാത്ത ഹിന്ദു വര്‍ഗീയവാദിയെ അവതരിപ്പിക്കുന്നതിലെ കാവ്യനിതീയെക്കുറിച്ചുള്ള പരിഹാസവുമായാണ്. ഈ പരിഹാസത്തെ സിനിമ ഉടനീളം ശരിവയ്ക്കുന്നു. അതേസമയം ഈ കാസ്റ്റിംഗിന് പിന്നിലുള്ള ശിവസേനയുടെ നിര്‍ബന്ധബുദ്ധിയും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ഹിന്ദുത്വ ചേരിയില്‍ ബിജെപിക്ക് പിന്നില്‍ രണ്ടാം കക്ഷിയായി ശിവസേന ചുരുങ്ങുകയും നിലനിപ്പിനായി ബിജെപിയുമായി ഇടയ്ക്കിടെ സംഘര്‍ഷത്തിലേര്‍പ്പെടുകയും അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ മോദി സര്‍ക്കാരിനെ അവര്‍ വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.

വെറുമൊരു പ്രാദേശിക തീവ്രവാദി മാത്രമായിരുന്ന ബാല്‍ താക്കറെ എങ്ങനെയാണ് ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് ആയി വളര്‍ന്നത് എന്ന് സിനിമ പറയുന്നു. മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കാന്‍ ശ്രമിച്ചാല്‍ ഹിന്ദുക്കള്‍ സംഘടിച്ച് അതിനെ അടിച്ചമര്‍ത്തും എന്ന സന്ദേശം നല്‍കുന്നു. വിധേയരായി കഴിഞ്ഞാല്‍ ഇവിടെ ജീവിക്കാം എന്ന സംഘപരിവാര്‍ സന്ദേശം തന്നെ. മുസ്ലീം സമുദായ സംഘടനാ വേദിയിലെ ‘മതസൗഹാര്‍ദ്ദ’ പ്രസംഗത്തില്‍ നിന്ന്‌ നിന്നും ബിജെപി നേതാവ് പ്രമോദ് മഹാജന്‍ ഉള്‍പ്പെടെ വേദിയിലുള്ള ഹിന്ദുസ്വത്വ പ്രഖ്യാപനത്തിലേയ്ക്കുള്ള ഥാക്കറെയുടെ മാറ്റത്തിനുള്ള യുക്തിസഹമായ കാരണങ്ങളൊന്നും സിനിമ പറയുന്നില്ല. ഹിന്ദുത്വ വലതുപക്ഷത്തിന്റെ ആക്ഷന്‍ – റിയാക്ഷന്‍ തിയറി മാത്രം.

ദക്ഷിണേന്ത്യക്കാരോടും തൊലി കറുത്തവരോടുമുള്ള വെറുപ്പും അസഹിഷ്ണുതയുമാണ് ഫ്രീ പ്രസ് ജേണലിലെ അന്തര്‍മുഖനായ പഴയ കാര്‍ട്ടൂണിസ്റ്റിനെ ഒരു തികഞ്ഞ ഗുണ്ടാ നേതാവായി വളര്‍ത്തിയെടുക്കുന്നത്. അധികമാരോടും സംസാരിക്കാതെ, തന്റെ കാബിനില്‍ വന്നിരുന്ന് ജോലി ചെയ്ത് മടങ്ങിയിരുന്ന ബാല്‍ താക്കറെ ബോംബെ നഗരത്തെ ഭീതിയിലാഴ്ത്തിയ, വെറുപ്പും വിദ്വേഷവും കലാപങ്ങളും പടര്‍ത്തിയ നേതാവായി മാറിയതിനെ പൂച്ച, പുലിയായി മാറിയ അദ്ഭുതത്തോടെയാണ് പഴയ സഹപ്രവര്‍ത്തകനായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ് കാണുന്നത്. തന്റെ ഓര്‍മ്മക്കുറിപ്പുകളായ ‘ഘോഷയാത്ര’യില്‍ ഇത്തരത്തിലാണ് താക്കറെയെ ജോര്‍ജ് അവതരിപ്പിക്കുന്നത്. എന്നാല്‍ ടിജെഎസ് ജോര്‍ജിന്റെ അദ്ഭുതത്തില്‍ വലിയ കാര്യമൊന്നുമില്ലെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. തമിഴന്മാരും മലയാളികളും അടങ്ങുന്ന ദക്ഷിണേന്ത്യന്‍ കുടിയേറ്റക്കാരോടുള്ള വംശീയ വെറി താക്കറെ പ്രകടിപ്പിച്ച് തുടങ്ങുന്നത് കുടവയറനും സര്‍വോപരി മദ്രാസിയുമായ എഡിറ്ററോടുള്ള തന്റെ അവജ്ഞയും പുച്ഛവും പ്രകടിപ്പിച്ചാണ്. എസ് സദാനന്ദ് എന്ന തമിഴ്‌നാട്ടുകാരനാണ് ഫ്രീ പ്രസ് ജേണലിന്റെ സ്ഥാപക എഡിറ്റര്‍ (സിനിമയില്‍ പറയുന്ന എഡിറ്റര്‍ സദാനന്ദിനെ ഉദ്ദേശിച്ചല്ല. സദാനന്ദ് 1953ല്‍ അന്തരിച്ചു. സദാനന്ദും കാര്‍ട്ടൂണിസ്റ്റ് ആര്‍കെ ലക്ഷ്മണും താക്കറെയ്ക്ക് വലിയ ബഹുമാനമുണ്ടായിരുന്ന ദക്ഷിണേന്ത്യക്കാരാണ് എന്ന് ടിജെഎസ് ജോര്‍ജ് പറഞ്ഞിട്ടുണ്ട്). “താക്കറെ, പതുക്കെ പറ, ഇവിടെ മറാത്തികളായി ഞാനും നീയും മാത്രമേയുള്ളൂ” എന്ന് ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നുണ്ട്.

താന്‍ ഒരു തൊഴിലാളിയല്ല, കലാകാരനാണ് എന്നാണ് താക്കറെ എഡിറ്ററോട് പറയുന്നത്. തൊഴിലാളി എന്ന് വിളിക്കപ്പെടുന്നത് തന്നെ അപമാനമാണ് എന്ന് അയാള്‍ കരുതുന്നു. ക്ഷിപ്രകോപത്തില്‍ ജോലി രാജിവച്ച് പുറത്തുവരുന്ന അയാള്‍ ഒരു സിനിമ തീയറ്ററില്‍ പോകുന്നു. വിവിധ മത, പ്രാദേശിക സ്വത്വങ്ങളുള്ളവരുടെ ബഹുസ്വര കൂട്ടത്തിനിടിയിലിരുന്ന്, ഹിന്ദുത്വവാദികളെ സംബന്ധിച്ച് നിറം കെട്ട കോസ്മോപൊളിറ്റന്‍ നഗരമായ ബോംബെയിലിരുന്ന് സിനിമ കാണുന്നു. സ്ക്രീനില്‍ കാണുന്നത് ഒരു കാര്‍ട്ടൂണ്‍ സിനിമയാണ്. പാവപ്പെട്ട മറാത്തിപുരുഷനെ തമിഴന്മാരും മലയാളികളും അടങ്ങുന്ന ഇതര ഭാഷാക്കൂട്ടങ്ങള്‍ ചേര്‍ന്ന് നിരന്തരം തള്ളിവീഴ്ത്തി കടന്നുപോകുന്നതിന്റെ ചിരി പടര്‍ത്തുന്ന ദൃശ്യങ്ങളാണ്. തീയറ്ററില്‍ കൂട്ടച്ചിരി മുഴങ്ങുമ്പോളും ഏറെ ഗൗരവത്തോടെയും വേദനയോടെയും രോഷത്തോടെയുമാണ് ബാല്‍ താക്കറെ അത് കാണുന്നത്.

മറാത്തികള്‍ക്ക് ജോലി കിട്ടാത്തതിന് കാരണം ദക്ഷിണേന്ത്യന്‍ അധിനിവേശക്കാരാണ് എന്ന് ആരോപിക്കുന്നു. അവരുടെ ഉഡുപ്പി ഹോട്ടലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കേണ്ടതാണ് എന്നും പറയുന്നു. “ഹഠാവോ ലുങ്കി, ബജാവോ പുങ്കി” (ദക്ഷിണേന്ത്യക്കാരെ പുറത്താക്കാനുള്ള ആഹ്വാനം) എന്ന അക്രമാഹ്വാനം മുഴക്കുന്നു. കരിക്കിന്‍ വെള്ളം വിറ്റിരുന്ന മലയാളികള്‍, ഹോട്ടല്‍ നടത്തിയിരുന്ന തമിഴരും മലയാളികളും ഇവരെല്ലാമായിരുന്നു ശിവസൈനികരുടെ ആദ്യകാല ഇരകള്‍. ശിവസേനക്കാര്‍ ഇറങ്ങിയിട്ടുണ്ട് എന്ന് കേട്ട് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട അനുഭവമുള്ള മലയാളികള്‍ക്കും തമിഴന്മാര്‍ക്കും പല കാര്യങ്ങളും ഓര്‍മ്മയുണ്ടാകും. അവരുടെ പിന്‍തലമുറക്കാര്‍ പലരും ഇന്ന് ശിവസേന പ്രവര്‍ത്തകരും ആയിട്ടുണ്ടാകാം.

1963 മുതല്‍ 1975 വരെയുള്ള വസന്ത് റാവു നായിക്കിന്റെ 12 വര്‍ഷത്തെ ഭരണത്തിലാണ് ശിവസേന മഹാരാഷ്ട്രയില്‍ ശക്തമായി വേരുറപ്പിച്ചതും പടര്‍ന്നുപന്തലിച്ചതും. ശിവസേനയിലേക്കുള്ള താക്കറെയുടെ ആദ്യ ചുവടുവയ്പായ മാര്‍മിക് എന്ന മറാത്ത രാഷ്ട്രീയ – ആക്ഷേപഹാസ്യ മാഗസിന്‍ ഉദ്ഘാടനം ചെയ്യുന്നത് വരെ കോണ്‍ഗ്രസ് നേതാവായ വസന്ത് റാവു നായിക് ആണ്. മാര്‍മികിലൂടെ താക്കറെ പ്രചരിപ്പിച്ച സങ്കുചിത പ്രാദേശികവാദത്തിനും വെറുപ്പും വിദ്വേഷവും നിറഞ്ഞ രാഷ്ട്രീയത്തിനും മറാത്ത ജനസമൂഹത്തില്‍ ലഭിച്ച വമ്പിച്ച ജനസ്വീകാര്യതയാണ് ശിവസേന രൂപീകരിക്കാന്‍ താക്കറെയ്ക്ക് ധൈര്യം നല്‍കിയത്. ബോംബെയിലെ വ്യവസായ ലോബികളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് എങ്ങനെയാണ് താക്കറെയേയും ശിവസേനയേയും വളര്‍ത്തിയത് എന്ന് സ്‌ക്രോള്‍ (scroll.in) പ്രസിദ്ധീകരിച്ച സുജാത ആനന്ദന്റെ ലേഖനം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

1970 ജൂണിലാണ് താക്കറെയുടെ ഇരുണ്ട ജീവിതത്തിന് നിറം കൈവരുന്നത് എന്നാണ് സഞ്ജയ് റാവത്തിന്റെ ഭാവനയും അഭിജിത്ത് പാന്‍സെയുടെ സാക്ഷാത്കാരവും. അടിച്ചാല്‍ തിരിച്ചടിക്കുന്ന ബോംബെയിലെ നിരായുധനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെ ഇരുട്ടിന്റെ മറവില്‍ ചക്രവ്യൂഹം ചമച്ച് ഒരു സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് താക്കറെയുടെ കറുപ്പും വെളുപ്പും നിറമുള്ള പൂന്തോട്ടത്തില്‍ കാവി നിറമുള്ള പൂ വിരിഞ്ഞത്. അത് വെള്ളയും കാവിയും ഇട കലര്‍ന്ന് പിന്നീടങ്ങോട്ട് വിരിഞ്ഞുതന്നെ നിന്നു. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എല്ലാം കഴിഞ്ഞതായി സിനിമ ആശ്വാസം കൊള്ളുന്നു. കോണ്‍ഗ്രസും വസന്ത് റാവു നായികും ശിവസേനയെ ഉപയോഗിക്കുകയായിരുന്നു എന്ന വിലയിരുത്തലുണ്ട്. സിനിമയും ഇത്തരത്തിലുള്ള സൂചന നല്‍കുന്നുണ്ട്. കേസിലെ പ്രതികള്‍ ശിവസേനക്കാരായിരുന്നു. മഹാരാഷ്ട്ര നിയമസഭയിലും പുറത്തും കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്വസ്ഥമായ ചോദ്യങ്ങള്‍ കൊണ്ട് വിറപ്പിച്ചിരുന്ന സിപിഐ നേതാവ് കൃഷ്ണ ദേശായ് ആണ് കൊല്ലപ്പെട്ടത്. ആരേയും കൂസാറില്ല. ആരേയും ഭയപ്പെടാറില്ല. എവിടേക്കും ഒളിച്ചോടാറില്ല. അപ്രിയ സത്യങ്ങള്‍ പറയും. അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. മിസ്റ്റര്‍ ദേശായ്, താങ്കളുടെ സമയം കഴിഞ്ഞിരിക്കുന്നു എന്ന് നിയമസഭയില്‍ സ്പീക്കര്‍ പറയുന്നുണ്ട്. കൃഷ്ണ ദേശായ് ഒരു ശല്യക്കാരനായിരുന്നു എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും സംശയമില്ല.

വ്യവസായ നഗരമായ ബോംബെയില്‍ സകല മേഖലകളിലും ആധിപത്യമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ നേരിടാന്‍ ശിവസേനയെ വളര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസും അന്നത്തെ മുഖ്യമന്ത്രി വസന്ത് റാവു നായികും ആയിരുന്നു എന്ന നഗ്ന സത്യം സിനിമ മറച്ചുവയ്ക്കുന്നില്ല. ബോംബെയില്‍ കമ്മ്യൂണിസ്റ്റുകാരെ ഒതുക്കേണ്ടത് കോണ്‍ഗ്രസിന്റേയും ശിവസേനയുടേയും ഒരുപോലെയുള്ള ആവശ്യമായിരുന്നു അന്ന് സിനിമ പറയുന്നു. താക്കറെ സിനിമ കാണാന്‍ പോകുമ്പോള്‍ തോന്നിയ സംശയം കൃഷ്ണ ദേശായിയെ പ്രതിപാദിക്കാതെ വിട്ടുകളയുമോ എന്നായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതേസമയം 1970 ജൂണ്‍ ആറിന് അതായത് കൃഷ്ണ ദേശായ് വധിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം താക്കറെയെ കൊല്ലാനും കണക്ക് തീര്‍ക്കാനുമായി തെരുവിലിറങ്ങിയ രോഷാകുലരായ തൊഴിലാളികളെക്കുറിച്ചും അവരെ തടഞ്ഞുനിര്‍ത്തി ശാന്തരാക്കിയ നേതൃത്വത്തെക്കുറിച്ചും നിശബ്ദത പാലിക്കുകയല്ലാതെ ഈ സിനിമയ്ക്ക് വേറെ വഴിയില്ല.

ബോംബെയിലെ ജനകീയ ട്രേഡ് യൂണിയന്‍ നേതാവായിരുന്ന കൃഷ്ണ ദേശായിയെ കേന്ദ്ര കഥാപാത്രമാക്കി, ബാല്‍ താക്കറെയേയും ശിവസേനയേയും അവരുടെ വിധ്വംസക രാഷ്ട്രീയത്തെക്കുറിച്ചും തുറന്നുകാട്ടിക്കൊണ്ട് ഒരു സിനിമ ഹിന്ദിയിലോ മറാത്തിയിലോ സമീപഭാവിയിലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കൃഷ്ണ ദേശായിയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭാര്യ സരോജിനി ദേശായിയെ ശിവസേന സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തുന്നതോടെ ബോംബെ രാഷ്ട്രീയം വഴിത്തിരിവിലാകുന്നു. പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷം തൊഴിലാളി യൂണിയനുകള്‍ ദുര്‍ബലമാകുന്നു. 80കളില്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ ഒട്ടുമിക്ക സ്ഥാപനങ്ങളില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ ശിവസേനയ്ക്ക് കഴിഞ്ഞു. ഈ വിജയാഹ്ലാദ പ്രകടനങ്ങളുടെ തുടക്കം താക്കറെ സിനിമയിലുണ്ട്.

ജയിലില്‍ കിടക്കുന്ന താക്കറെയുടെ വികാരനിര്‍ഭരമായ കത്ത് വായിച്ച് ഭാര്യ മീന താക്കറെ അടുക്കളയില്‍ കഷ്ടപ്പെട്ട് പൊട്ടിക്കരയുന്നുണ്ട്. എന്ത് ത്യാഗം ചെയ്താണ്, ഏത് മഹത്തായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് താക്കറെ ജയിലില്‍ പോയത് എന്ന് പ്രേക്ഷകര്‍ക്ക് സംശയം തോന്നും എന്ന് മാത്രം. ഒരു സാധാരണ മധ്യവര്‍ഗ ഭവനത്തില്‍ നിന്ന് താക്കറെയുടെ ‘മാതോശ്രീ’ എങ്ങനെയാണ് 24 മണിക്കൂറും കരിമ്പൂച്ചകളും പൊലീസും കാവല്‍ നില്‍ക്കുന്ന, മെറ്റല്‍ ഡിക്ടര്‍ പരിശോധനയിലൂടെ മാത്രം ആളുകളെ അകത്തേയ്ക്ക് കടത്തിവിടുന്ന ഒരു രാവണന്‍ കോട്ടയായി മാറുന്നത് എന്ന് പശ്ചാത്തല സംഗീതത്തിന്റെ നാടകീയതയുടേയോ ബഹളങ്ങളില്ലാതെ ശാന്തമായാണ് അവതരിപ്പിക്കുന്നത്.

1992 ഡിസംബറില്‍ ബാബറി മസ്ജിദ് ധ്വംസനത്തിന് ശേഷം എണ്ണൂറോളം പേരുടെ ജീവനെടുത്ത വര്‍ഗീയ കലാപമടക്കം ശിവസേന വിതച്ച കലാപങ്ങളെല്ലാം ബാല്‍ താക്കറെ എന്ന മനുഷ്യന്‍ തന്റെ ആജ്ഞകളിലൂടേയും സ്‌നഹപൂര്‍വമായ അപേക്ഷകളിലൂടെയും ശാന്തമാക്കി എന്നാണ് പറയുന്നത്. ബോംബെ വര്‍ഗീയ കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നും പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടയാള്‍ എന്നും ബാല്‍ താക്കറെയെക്കുറിച്ച് വ്യക്തമായി എഴുതി വച്ച ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണയെ ശിവസേനക്കാര്‍ ഈ സിനിമ കാണിക്കണം. താക്കറെ ‘സത്യത്തില്‍’ ആരായിരുന്നു എന്ന് ബോധ്യപ്പെടുത്തണം.

1920കള്‍ മുതല്‍ കമ്മ്യൂണിസ്റ്റുകാരും പിന്നീട് 60കളില്‍ ശക്തി പ്രാപിച്ച ‘ജയന്റ് കില്ലര്‍’ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനുകളും നിയന്ത്രിച്ച ബോംബെ വ്യവസായ മേഖലയിലെ തൊഴിലാളികളെ ശിവസേന എങ്ങനെയാണ് ചോദ്യങ്ങളില്ലാത്ത വിധേയരാക്കി മാറ്റിയത് എന്നതിന്റെ വിശദീകരണമൊന്നും സിനിമ നല്‍കുന്നില്ല. അതേസമയം ബോംബ് രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്ന ജോര്‍ജും കൂട്ടരും അടക്കമുള്ളവര്‍ തന്നെ ഫാഷിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയാണോ എന്നാണ് താക്കറെയുടെ പരാതി. ബോംബെയെ സ്തംഭിപ്പിക്കാന്‍ കഴിവുള്ളത് ജോര്‍ജിന് മാത്രമല്ലെന്ന് അറിഞ്ഞതില്‍ സന്തോഷപൂര്‍വം അയാള്‍ താക്കറെയെ അഭിനന്ദിക്കുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടക്കം മുന്‍നിരയിലുണ്ടായിരുന്ന സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനത്തിന്റെ നേതൃത്വം അതില്‍ യാതൊരു പങ്കുമില്ലാത്ത ബാല്‍ താക്കറെയുടെയും ശിവസേനയുടേയും തലയില്‍ കെട്ടിവയ്ക്കുന്നു എന്ന ചരിത്രത്തിന്റെ വലിയ വളച്ചൊടിക്കലുണ്ട്. മറാത്തി ഭാഷ സംസാരിക്കുന്നവര്‍ക്ക് പ്രത്യേക സംസ്ഥാനം എന്ന ആവശ്യമുയര്‍ത്തിയുള്ള പ്രസ്ഥാനത്തില്‍ ബാല്‍ താക്കറെയുടെ പിതാവ് കേശവ് സീതാറാം താക്കറെ സജീവമായിരുന്നു. എന്നാല്‍ 1960ല്‍ ബോംബയെ വിഭജിച്ച് മഹാരാഷ്ട്രയും ഗുജറാത്തും രൂപീകരിച്ചതോടെ ഈ പ്രസ്ഥാനത്തിന്റെ ദൗത്യം പൂര്‍ത്തിയായി. 1966ലാണ് ശിവസേന രൂപീകരണം. കര്‍ണാടകയിലെ കാര്‍വാറും ബെല്‍ഗാമും മഹാരാഷ്ട്രയോട് ചേര്‍ക്കുക എന്ന ഇനിയും സാക്ഷാത്കരിക്കപ്പെടാത്ത ആവശ്യം മുന്‍നിര്‍ത്തിയുള്ളതാണ് സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനം എന്നാണ് താക്കറെ സിനിമയുടെ ചരിത്ര ഭാഷ്യം. ക്രിക്കറ്റ് ഭ്രാന്തനായ, എല്ലാ മതക്കാരേയും സഹിഷ്ണുതയോടെ കാണുന്ന, വീട്ടില്‍ ഇസ്ലാം മതവിശ്വാസിക്ക് നിസ്‌കാരത്തിന് സൗകര്യമൊരുക്കുന്ന, ബിയര്‍ കുടിക്കുന്ന ബാല്‍ താക്കറെ. പാകിസ്താനികളോടുള്ള വെറുപ്പ് മറച്ചുവയ്ക്കാത്ത, എന്നാല്‍ ജാവേദ് മിയാന്‍ദാദിനെ സ്വീകരിച്ചിരുത്തുന്ന താക്കറെ. ഇങ്ങനെ താക്കറെയുടെ വിചിത്രമായ അഭിരുചികളും ഭാവങ്ങളും കാണിക്കുന്നുണ്ട്.

ഇന്ദിര ഗാന്ധിയുടെ മുന്നില്‍ മുട്ടുവിറച്ച ഗര്‍ജ്ജിക്കുന്ന മറാത്ത കടുവയെ സത്യസന്ധമായി അവതരിപ്പിക്കുന്നുണ്ട് താക്കറെ സിനിമ. ഭയം ഒട്ടും പുറത്തുകാണിക്കാതെ കൗശലക്കാരനായ താക്കറെ തടിയൂരുകയാണ്. അടിയന്തരാവസ്ഥയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ഇന്ദിരയുടെ കൗശലം നിറഞ്ഞ ചോദ്യത്തോട് “അച്ചടക്കം കൊണ്ടുവരുമെങ്കില്‍ ഞാന്‍ അടിയന്തരാവസ്ഥയെ പിന്തുണക്കുന്നു” എന്ന് പറയുന്നതിലൂടെ നൈസായി ജയില്‍, നിരോധന ഭീഷണികളില്‍ നിന്ന് താക്കറെ രക്ഷപ്പെടുന്നു. മൊറാര്‍ജി ദേശായിയുടെ കാര്‍ തടഞ്ഞ് അതിനിടിയില്‍ ചതഞ്ഞരയാനായി ബലിദാനികളെ വിട്ടുകൊടുക്കുക, ക്രിക്കറ്റ് പിച്ച് കുത്തിക്കിളച്ച് നശിപ്പിച്ച് ഇന്ത്യ-പാകിസ്താന്‍ മത്സരം തടസപ്പെടുത്തുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ വീരസാഹസിക പ്രവര്‍ത്തനങ്ങള്‍.

മനുഷ്യനേയും രാജ്യത്തേയും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന, വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ എന്നും നിലകൊണ്ട സാദത്ത് ഹസന്‍ മന്റോ എന്ന മനുഷ്യസ്‌നേഹിയായ എഴുത്തുകാരന്റെ, സമാധാനത്തിന്റെ ശുഭ്ര വസ്ത്രത്തില്‍ നിന്ന് കാവി പുതച്ച ഹിന്ദു വര്‍ഗീയവാദിയുടെ ശരീരത്തിലേയ്ക്കുള്ള നവാസുദ്ദീന്‍ സിദ്ദിഖിയുടെ പ്രവേശനം കൗതുകകരമാണ്‌. എന്നാല്‍ ട്വിറ്ററില്‍ സിനിമയുടെ പ്രചാരണത്തിനായി മീന തായ് താക്കറെ എന്ന് പേര് പോലും മാറ്റിയ അമൃത റാവു കഥാപാത്രമാകാന്‍ വല്ലാതെ കഷ്ടപ്പെടുന്നു. വസന്ത് റാവു നായികിനേയും ഇന്ദിര ഗാന്ധിയേയും അവതരിപ്പിച്ച അഭിനേതാക്കള്‍ രൂപ സാദൃശ്യം കൊണ്ടും ശരീരഭാഷ കൊണ്ടും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സംവിധായകനെന്ന നിലയിലുള്ള ക്രാഫ്റ്റ് അഭിജിത് പാന്‍സെയും പ്രകടമാക്കുന്നു.

ബോംബെ വര്‍ഗീയ കലാപത്തില്‍ താങ്കളുടെ കൈ ഉണ്ടായിരുന്നോ? (പങ്കുണ്ടായിരുന്നോ) എന്ന പ്രോസിക്യൂഷന്‍ അഭിഭാഷകന്റെ ചോദ്യത്തിന് താക്കറെ നല്‍കുന്ന മറുപടി “കൈ അല്ല, കാല്‍ ഉണ്ടായിരുന്നു” എന്നാണ്. 1993ല്‍ ഒരു അഭിമുഖത്തില്‍ ചോദ്യത്തിന് മറുപടിയായി താക്കറെ പറഞ്ഞ കാര്യമാണിത്. ഞങ്ങള്‍ അന്ന് തെരുവില്‍ ഇറങ്ങിയില്ലായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ ബാക്കിയുണ്ടാകില്ലായിരുന്നു എന്നും താക്കറെ വാദിക്കുന്നു. മദ്രാസികള്‍ ബോംബെ നഗരം കയ്യേറിയാല്‍, 100 വര്‍ഷം കഴിഞ്ഞ് അതായത് 2065ല്‍ എന്തായിരിക്കും അവസ്ഥ എന്ന് 1965 ഓഗസ്റ്റ് 15ന് മാര്‍മികില്‍ എഴുതിയ ലേഖനത്തില്‍ ബാല്‍ താക്കറെ ചോദിച്ചിരുന്നു. 2012 നവംബര്‍ 17ന് ബാല്‍ താക്കറെ മരിച്ചു. നവംബര്‍ 18ന്റെ മാതൃഭൂമി പത്രം ഒന്നാം പേജിലെ മെയിന്‍ ലീഡ് വാര്‍ത്തയ്ക്ക് ഇങ്ങനെ തലക്കെട്ട് നല്‍കി – ‘സാഗര ഗര്‍ജ്ജനം നിലച്ചു’. ഒരു ബയോപ്പിക് സിനിമയെന്ന നിലയില്‍ ബാല്‍ താക്കറെ എന്ന തീവ്രവലതുപക്ഷ ഗുണ്ടാനേതാവിന്റെ ജീവിതം ഒരു ശിവസേന പ്രൊഡക്ഷന്‍ ഹൗസിന് കഴിയും വിധം സത്യസന്ധമായി അവതരിപ്പിച്ചിട്ടുണ്ട് അഭിജിത്ത് പാന്‍സെയും സംഘവും.

തനിക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ല എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന ‘മറാത്താ സാമ്രാട്ട്’, ‘ജനകീയ കോടതി’യാണ് താന്‍ ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കുക എന്ന തള്ളും തള്ളിയാണ് സിനിമ പൂര്‍ത്തിയാക്കുന്നത്. കഥ തുടരും എന്ന ഭീഷണിയും അവസാനം സ്‌ക്രീനില്‍ എഴുതിക്കാണിക്കുന്നു. ദേശീയ പതാക പുതച്ചുള്ള താക്കറെയുടെ ശവമടക്കും കാണിച്ചേ ഈ കഥ അവസാനിപ്പിക്കൂ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ ഭീഷണി എന്ന് തോന്നുന്നു.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍