UPDATES

സിനിമ

തമാശയിലെ ശ്രീനിവാസനെ ഇമേജുകളുടെ ഭാരമില്ലാത്ത ഒരാളെ ഏല്‍പ്പിക്കണമായിരുന്നു: സംവിധായകന്‍ അഷ്‌റഫ് ഹംസ/അഭിമുഖം

തമാശയില്‍ പറയുന്ന വിഷയം വെറും തമാശയാണോ? പ്രേക്ഷകര്‍ തീരുമാനിക്കട്ടെ

അനു ചന്ദ്ര

അനു ചന്ദ്ര

പ്രേമം എന്ന സിനിമയിലെ അധ്യാപകനായ വിമല്‍സര്‍ എന്ന കഥാപാത്രത്തിന് ശേഷം വിനയ് ഫോര്‍ട്ട് വീണ്ടും അധ്യാപകനായി ബിഗ്‌സ്‌ക്രീനില്‍ എത്തുന്ന പോകുന്ന ചിത്രമാണ് തമാശ. നവാഗതനായ അഷറഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പെരുന്നാളിന് തീയേറ്ററുകളില്‍ എത്താന്‍ പോകുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ അഷറഫ് ഹംസ പങ്കു വെക്കുന്നു.

തമാശയില്‍ എത്രമാത്രം പ്രാധാന്യമുണ്ട് തമാശയ്ക്ക്‌?

തമാശ എന്നതിന് എപ്പോഴും ഒരു പൊതു പ്രത്യേകത ഉണ്ട്. അത് എല്ലായിപ്പോഴും ജനറലൈസ് ചെയ്യപ്പെടുന്നത് നമ്മള്‍ നോക്കുന്ന ആംഗിളില്‍ കൂടിയാണ്. നമ്മുടെ ഉള്ളില്‍ ഹാസ്യം ആസ്വദിക്കാന്‍ ഉള്ള പ്രാപ്തി ഉണ്ട് എങ്കില്‍ നമുക്ക് ഏത് തമാശയും അതിന്റേതായ രീതിയില്‍ ഉള്‍കൊള്ളാന്‍ സാധിക്കും. എന്നാല്‍ അത് മറ്റൊരാള്‍ക്ക് തമാശയായി അനുഭവപ്പെടണം എന്നുമില്ല. നമ്മള്‍ ഇവിടെ ഈ സിനിമ പറഞ്ഞു പോകുന്നത് തന്നെ തമാശയിലൂടെയാണ്. സിനിമ മൊത്തമായും കടന്നുപോകുന്നതും തമാശയിലൂടെയാണ്. പിന്നെ തമാശ എന്ന സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന വിഷയം അത് തമാശ തന്നെയാണോ എന്നത് പ്രേക്ഷകര്‍ കണ്ടു തീരുമാനിക്കട്ടെ. തത്കാലം അതൊരു ചോദ്യമായി തന്നെ ഞാന്‍ അവശേഷിപ്പിക്കുന്നു.

ശ്രീനിവാസന്റെ അപകര്‍ഷകതകള്‍?

ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ചെയ്യുന്ന നായക കഥാപാത്രത്തിന്റെ പേരാണ് ശ്രീനിവാസന്‍. ശ്രീനിവാസന്‍ ഒരു കോളേജ് അധ്യാപകനാണ്. മലയാളം പ്രൊഫസര്‍ ആണ്. അയാള്‍ ജോലി പെര്‍മനന്റ് ആകുന്ന സമയത്ത് കല്യാണം കഴിക്കുന്നു. ഓരോ മനുഷ്യനെയും പോലെ അയാള്‍ക്കും ഉണ്ട് ചില അപകര്‍ഷകതകള്‍. ആളുടെ കഷണ്ടി തല, അപ്പിയറന്‍സ് അതില്‍ ഒന്നും തന്നെ പുള്ളിക്ക് കൃത്യമായ ആത്മവിശ്വാസം ഇല്ല. ആ കാരണത്താല്‍ തന്നെ അയാള്‍ ലൈഫില്‍ മൂന്നു നാലു സ്ത്രീകളിലൂടെ കടന്നുപോകുന്നുണ്ട്. അങ്ങനെ ഓരോ സമയത്തും അയാള്‍ ഓരോ സ്ത്രീകളില്‍നിന്നായി ഓരോന്ന് പഠിച്ചെടുക്കുന്നു. അയാള്‍ അത്തരത്തില്‍ കടന്നു പോകുന്ന ഘട്ടങ്ങളാണ് നമ്മള്‍ പറയുന്നത്.

ശ്രീനിവാസനായി വിനയ് ഫോര്‍ട്ട് എന്ത്‌കൊണ്ട്?

വിനയ് ഫോര്‍ട്ട് മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളാണ്. ശ്രീനിവാസന്‍ എന്ന കഥാപാത്രം വേറെ തലത്തിലുള്ള ഇമേജുകളുടെ ഭാരം ഒന്നുമില്ലാത്ത ഒരാളിലേക്ക് എത്തിക്കാന്‍ ആണ് ഞാനും ആഗ്രഹിച്ചത്. ഈ രണ്ടു കാരണങ്ങള്‍ കൊണ്ടും തന്നെ എനിക്ക് ഏറ്റവും കംഫര്‍ട്ട് ആയി തോണിയത് വിനയ് ഫോര്‍ട്ട് തന്നെയാണ്.

കഷണ്ടി മൂലം അപകര്‍ഷത തോന്നുന്ന ഒരാളെ വിനയ് ഫോര്‍ട്ട് എത്രമാത്രം ഭംഗിയാക്കിയിട്ടുണ്ട്?

നമുക്കെല്ലാവര്‍ക്കും അറിയാം വിനയ് ഫോര്‍ട്ട് എന്നു പറയുന്ന വ്യക്തി അത്ര മുടി ഒന്നും ഉള്ള ആളല്ല എന്ന്. പക്ഷേ എന്നിട്ടും ഈ സിനിമക്ക് വേണ്ടി പുള്ളി ബോധപൂര്‍വം വീണ്ടും കഷണ്ടി ആവുകയാണ് ചെയ്തത്. മുടി കളയേണ്ടി വന്നു അദ്ദേഹത്തിന്. അങ്ങനെ ഒരു മാറ്റത്തിന് വേണ്ടി വിനയ് ഫോര്‍ട്ട് തയാറായി എന്നത് തന്നെ ആളുടെ ഡെഡിക്കേഷന്‍ വ്യക്തമാക്കുന്നു. പിന്നെ ഈ സബ്ജക്ട് പറഞ്ഞത് മുതല്‍ മറ്റു വര്‍ക്കുകള്‍ ഒന്നും ചെയ്യാതെ ഈ സിനിമക്ക് വേണ്ടി കാത്തിരുന്നു എന്നതാണ് മറ്റൊരു കാര്യം. സിനിമ ഷൂട്ട് തുടങ്ങുമ്പോഴേക്കും വിനയ് പൂര്‍ണ്ണമായും ശ്രീനിവാസനായി മാറി കഴിഞ്ഞിരുന്നു. പിന്നെ പ്രേമം’ എന്ന സിനിമയിലെ വിമല്‍ സാറിനെപ്പോലെ കോളേജ് അധ്യാപകനാണ് ശ്രീനിവാസനും. കഥാപാത്രങ്ങള്‍ തമ്മില്‍ സാമ്യം വരുമോ എന്ന ആശങ്ക ഒരിക്കലും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നെയില്ല എന്നതാണ് മറ്റൊരു സത്യം. കാരണം വിനയ് ഫോര്‍ട്ട് എന്ന നടനില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അത്രമാത്രം വിശ്വാസം ഉണ്ടായിരുന്നു.

സിനിമ തീയേറ്ററുമായി ബന്ധപ്പെട്ടു വളര്‍ന്ന താങ്കളുടെ കുട്ടിക്കാലം?

എന്റെ വാപ്പ ഒരു സഖാവ് ആയിരുന്നു. അദ്ദേഹം ഒരു സിനിമ തീയേറ്റര്‍ നടത്തിയിരുന്നു. സിനിമ വലിയ ഒരു ഇഷ്ടമുള്ള ഒരു മനുഷ്യന്‍ ആയിരുന്നു വാപ്പ. ആ വാപ്പയുടെ മകന്‍ ആയിരുന്നത് കൊണ്ട് തന്നെ ചെറുപ്പം മുതല്‍ക്കേ പ്രൊജക്ടര്‍, പോസ്റ്റര്‍,സിനിമ എന്നിങ്ങനെയുള്ള ചുറ്റുപാടുകളില്‍ ആണ് ഞാന്‍ വളരുന്നത്. അതിന്റെ ഒരു സ്വാഭാവികതയില്‍ ആണ് സിനിമ എന്നെ സ്വാധീനിക്കുന്നത് പോലും.

സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിങ്ങനെ ഒരു താരനിര തന്നെ നിര്‍മാതാക്കളായും തമാശയോടൊപ്പമുണ്ടല്ലോ?

ഞങ്ങള്‍ക്കിടയില്‍ നല്ല ഒരു സൗഹൃദം ഉണ്ട്. പിന്നെ എല്ലാവരുടെയും പൊതുതാത്പര്യം എന്നു പറയുന്നത് സിനിമയാണ്. അതുകൊണ്ട് തന്നെ നമുക്കിടയിലെ കൂടുതല്‍ ചര്‍ച്ച പോലും സിനിമയാണ്. അത്തരം ചര്‍ച്ചകളില്‍, സൗഹൃദത്തില്‍ നിന്നാണ് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. ചെമ്പനും ലിജോയുമാണ് ആദ്യമായി ഒരു സിനിമ ചെയ്യാം എന്ന് പറയുന്നത്. അത് ഞാന്‍ സ്വാഭാവികമായും സമീര്‍ താഹിറിനോട് ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് പറയുകയും അപ്പോള്‍ ആള്‍ വളരെ താല്പര്യത്തോടെ ഞാന്‍ ക്യാമറ ചെയ്ത് തരട്ടെ എന്നു ചോദിക്കുകയും ചെയ്തു. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ആണ് സമീര്‍ താഹിര്‍ അവസാനമായി ക്യാമറ ചെയ്യുന്നത്. സമീറിനെ പോലെ ഒരു ഹിറ്റ് ക്യാമറ മാന്‍ എന്നോട് ക്യാമറ ചെയ്തു തരട്ടെ എന്നു ഇങ്ങോട്ട് ചോദിക്കുമ്പോള്‍ വളരെ സന്തോഷം തോന്നി. അങ്ങനെ നല്ല സൗഹൃദത്തില്‍ നിന്നും ഒരു ഭാരവുമില്ലാതെ തന്നെയാണ് ഈ വര്‍ക്ക് നടക്കുന്നത്.

സ്വദേശമായ പൊന്നാനിയില്‍ തന്നെയാണല്ലോ സിനിമയുടെ ചിത്രീകരണവും നടന്നത്. അനുഭവം?

തീര്‍ച്ചയായും നല്ല സഹകരണം എല്ലാവരില്‍ നിന്നും എന്റെ നാട്ടുകാരില്‍ നിന്നെല്ലാം കിട്ടി. പിന്നെ എന്റെ നാട്ടുകാരോട് എന്ത് ആവിശ്യം വന്നാലും എനിക്ക് അവരുടെ സഹായം എല്ലാം യാതൊരു മടിയും കൂടാതെ ആവശ്യപ്പെടാന്‍ ഉള്ള അവസരവും അവിടെ ഉണ്ടായിരുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍