UPDATES

സിനിമ

‘സിനിമ ഗ്യാങുകൾ’ മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവന്നു: ‘തണ്ണീർ മത്തൻ ദിനങ്ങൾ’ സംവിധായകൻ ഗിരീഷ് എ.ഡി/ അഭിമുഖം

എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റിയത് ഞാൻ ഒരു ഷോർട് ഫിലിം ചെയ്‌ത്‌ ശ്രദ്ധേയനായതുകൊണ്ടാണ്”

‘അള്ള് രാമേന്ദ്രന്‍’, ‘പോരാട്ടം’ തുടങ്ങിയ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എ.ഡിയുടെ ആദ്യസംവിധാന സംരംഭമാണ് ‘തണ്ണീർമത്തൻ ദിനങ്ങൾ’. പ്ലസ്ടു കാല സ്കൂൾ ജീവിതവും പ്രണയവുമൊക്കെ പ്രമേയമായി വരുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം മാത്യു തോമസിനും അനശ്വരയ്ക്കും ഒപ്പം വിനീത് ശ്രീനിവാസനും ഒരു മുഖ്യ കഥാപാത്രമായെത്തുന്നുണ്ട്. ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്.’തണ്ണീർ മത്തൻ ദിനങ്ങളെ’ കുറിച്ചും, സിനിമ കാഴ്ച്ചപ്പാടുകളെ കുറിച്ചും സംവിധായകൻ ഗിരീഷ് എ.ഡി അഴിമുഖത്തോട് സംസാരിക്കുന്നു.

കഥ പശ്ചാത്തലം

സ്കൂൾ പശ്ചാത്തലത്തിൽ ഒരു പയ്യന്റെ രണ്ടു വർഷത്തെ ജീവിതത്തിന്റെ കഥയായാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിയായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ട്രെയിലറിൽ കണ്ടത് ഈ സിനിമയുടെ ഒരു മിനിയെച്ചർ ആണ്. ജെയ്സൺ ഒരു കൌമാരക്കാരനാണ്. പഠിക്കുന്ന സ്കൂളും വീടുമാണ് അവന്റെ ലോകം. ആ ജീവിതത്തിൽ വരുന്ന കൊച്ചു കൊച്ചു പ്രശ്നങ്ങളും സന്തോഷങ്ങളും എല്ലാം നർമ്മ പശ്ചാത്തലത്തിൽ പറയുകയാണ് സിനിമ. ചിത്രത്തിലെ ചില സന്ദർഭങ്ങൾ എന്റെയും തിരക്കഥാകൃത്തായ ഡിനോയുടെയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള കാര്യങ്ങളാണ്. എന്നാൽ മുഴവനായിട്ട് നോക്കിയാൽ റിയൽ ലൈഫ് ആയിട്ട് സാമ്യം ഇല്ലാത്ത ഒരു കഥയാണ് ഈ സിനിമയുടേത്. പക്ഷെ നമുക്ക് റിലേറ്റ് ചെയ്യാവുന്ന ചെറിയ ചെറിയ സന്ദർഭങ്ങൾ ഈ സിനിമയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.

‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന പേരിന് പിന്നിൽ

ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്ന പേരായിരിക്കണം എന്ന ധാരണയിലാണ് ഈ ഒരു ടൈറ്റിലിലേക്ക് എത്തുന്നത്. ഇവിടെ ഈ കുട്ടികൾ അവരുടെ സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കഴിക്കുന്ന ഒരു വസ്തുവാണ് തണ്ണി മത്തൻ ജ്യൂസ്, അല്ലങ്കിൽ തണ്ണീർ മത്തൻ. അവരുടെ ഇടവേളകളും വൈകുനേരങ്ങളിലുമെല്ലാം ഈ തണ്ണീർ മത്തൻ കടന്ന് വരുന്നുണ്ട്. സ്കൂളിന്റെ അടുത്തുള്ള വിനു ചേട്ടന്റെ കടയിൽ ഈ തണ്ണിമത്തൻ ജ്യൂസ് കുടിച്ചുകൊണ്ടാണ് അവരുടെ കാര്യങ്ങൾ എല്ലാം സംസാരിക്കുന്നത്. അവരുടെ സ്കൂൾ ലൈഫിനെ അവർ ഓർക്കുന്നതും ആ തണ്ണിമത്തൻ ജ്യൂസിലൂടെ ഒക്കെയാണ്. അങ്ങനെയാണ് ‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന പേരിലേക്ക് എത്തിയത്.

രവി പത്മനാഭൻ ആകാൻ ഏറ്റവും അനുയോജ്യൻ വിനീത് ശ്രീനിവാസൻ തന്നെ

സിനിമയുടെ കഥ മുന്നോട്ട് പോകുന്നത് വിനീത് ശ്രീനിവാസന്റെ രവി പത്മനാഭൻ എന്ന കഥാപാത്രത്തിലൂടെയാണ്. ഈ ഒരു കഥാപാത്രത്തിൽ നിന്നാണ് ഈ സിനിമ ഉണ്ടാകുന്നത് തന്നെ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ല. ഒരു അറിയപ്പെടുന്ന താരം തന്നെ ഈ കഥാപാത്രം ചെയ്യണം എന്ന നിർബന്ധം ഉണ്ടായിരുന്നു. ഈ റോളിലേക്ക് മറ്റ് പലരെയും ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യനായ നടൻ വിനീത് ശ്രീനിവാസൻ തന്നെയാണെന്ന് തോന്നിയത്. മറ്റ് പല പേരുകളും ചർച്ചയായിരുന്നെങ്കിലും വിനീത് ശ്രീനിവാസൻ എന്ന പേര് വന്നപ്പോൾ അതിൽ ഉടക്കി നിന്നു. എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു നടനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇത്തരം ഒരു കഥാപാത്രം വിനീത് ശ്രീനിവാസൻ അവതരിപ്പിച്ചാൽ വ്യത്യസ്തമായിരിക്കും, അത് തന്നെ ഒരു പ്രത്യേകതയായിരിക്കും.

രവി പത്മനാഭനെ പോലുള്ള ഒരധ്യാപകൻ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. പക്ഷെ ഞാൻ കണ്ടിട്ടുള്ള പല ആളുകളെയും ഈ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടികളെ സംബന്ധിച്ച് അവർക്ക് ഏറ്റവും വൈകാരികമായ പ്രശ്നങ്ങൾ ഉണ്ടാകുന്ന ഒരു സമയമാണ് അവരുടെ പ്ലസ് ടു കാലഘട്ടം. ആ ഒരു സമയത്ത് ഇത്തരം ഒരു അധ്യാപകന്റെ സാന്നിധ്യം സിനിമയിൽ നന്നായിരിക്കും എന്ന ആലോചനയിൽ ആണ് രവി പത്മനാഭൻ എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത്.

കുമ്പളങ്ങിയിലെ സജിയോട് സാമ്യം ഉണ്ട് തണ്ണീർ മത്തൻ ദിനങ്ങളിലെ ജെയ്‌സണ്

ഒരു പ്ലസ് ടു പയ്യനാണ് ഈ സിനിമയിലെ ജയ്സൺ എന്ന കഥാപാത്രം. അതെ പ്രായത്തിലുള്ള ഒരാളായിരിക്കണം ഈ കഥാപാത്രം ചെയ്യേണ്ടത് എന്ന് ഒരു നിർബന്ധം ഉണ്ടായിരുന്നു. നിലവിൽ സജീവമായിട്ടുള്ള താരങ്ങളൊക്ക ആ ഒരു പ്രായം കഴിഞ്ഞവരാണ്. അപ്പോൾ അവരെ ഷേവ് ഒക്കെ ചെയ്യിപ്പിച്ച് കൊണ്ടുവന്നാലും കാര്യമില്ല, അവരുടെ ബോഡി ലാംഗ്വേജ് എല്ലാം വേറെ ആയിരിക്കും. പുതിയൊരു ആളെ തന്നെ എടുക്കാം എന്ന ആലോചനയിലായിരുന്നു ആദ്യം. എന്നാൽ ആ സമയത്താണ് കുമ്പളങ്ങി നെറ്റ്‌സ് എന്ന സിനിമ വരുന്നതും ‘ഫ്രാങ്കി’ ശ്രദ്ധയിൽ പെടുന്നതും. നമ്മുടെ കഥാപാത്രത്തിന് വേണ്ട അതെ ബോഡി ലാംഗ്വേജും മാത്യുവിന് ഉണ്ടായിരുന്നു.

കുമ്പളങ്ങി നെറ്റ്സിലെ ഫ്രാങ്കിയുടെ നേരെ ഓപ്പോസിറ്റാണ്‌ തണ്ണീർ മത്തൻ ദിനങ്ങളിലെ ജയ്സൺ. വളരെ പക്വതയുള്ള ഒരു കഥാപാത്രമാണ് ആ സിനിമയിൽ അവന്റേത്, റിയൽ ലൈഫിലും അവൻ അങ്ങനെ ആണെന്ന് സംശയിച്ചിരുന്നു. അങ്ങനെ ആണെങ്കിൽ നമുക്ക് ശരിയാകുമോ എന്നൊരു സംശയത്തിൽ നിൽക്കുമ്പോഴാണ്, മാത്യുവിനെ കണ്ട് സംസാരിക്കുന്നതും ഈ സിനിമയിലേക്ക് വരുന്നതും. കുമ്പളങ്ങിയിൽ ചേട്ടന്മാരെക്കാളും പക്വതയോടെ ഓരോ സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യുന്നത് ഫ്രാങ്കിയാണ്. ഇതിൽ നേരെ ഓപ്പോസിറ്റാണ്‌  ഉത്തരവാദിത്വബോധം ഒന്നുമില്ല, അതിനെ പറ്റി ഒരു ചിന്തയുമില്ല ജെയ്സണ്. വളരെ നിഷ്ക്കളങ്കനാണ്, വളരെ ഇൻസെക്യൂർഡ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. കുമ്പളങ്ങി നെറ്റ്സിലെ സജിയുമായി സാമ്യമുള്ള കഥാപത്രമാണെന്ന് പറയാം ഈ സിനിമയിലെ ജെയ്സൺ.

സിനിമ നടക്കും എന്ന് ഉറപ്പാക്കും മുൻപേ തീരുമാനിച്ച നായിക

ഉദാഹരണം സുജാത കണ്ടപ്പോൾ ആണ് സിനിമയിലേക്ക് അനശ്വരയെ തിരഞ്ഞെടുക്കാം എന്ന ആലോചന വന്നത്. ഈ സിനിമ നടക്കുമോ ഒരു ഉറപ്പും ഇല്ലാതിരുന്ന സമയമാണത്. കൂട്ടുകാരോടെല്ലാം ഈ കഥാപാത്രത്തെ കുറിച്ചും അനശ്വരയെ കുറിച്ചും സംസാരിച്ചിരുന്നു. എല്ലാവരും നല്ല അഭിപ്രായവുമാണ് പറഞ്ഞത്. വളരെ മികച്ച പ്രകടനം തന്നെയാണ് അനശ്വരയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മുതിർന്നവരെക്കാളും കുട്ടികളെ വെച്ച് സിനിമ ചെയ്യാനാണ് എനിക്കിഷ്ട്ടം. ആദ്യ ദിവസം മുതൽ തന്നെ വളരെ മികച്ച പ്രകടനം തന്നെയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായതും. ഒട്ടേറെ കുട്ടികൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. എല്ലാവരും വലിയ സപ്പോർട്ട് ആണ് നൽകിയത് അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് ഷൂട്ടിംഗ് മുന്നോട്ട് കൊണ്ട് പോകാനും ഞങ്ങൾക്ക് സാധിച്ചു.

ഹിറ്റ് ചാർട്ടിൽ ഇടം നേടിയ “ജാതിക്കത്തോട്ടം..” എന്ന ഗാനം

സംഗീത സംവിധായകൻ ജസ്റ്റിൻ ചേട്ടനെ നേരത്തെ അറിയാവുന്ന വ്യക്തിയാണ്. എന്റെ ആദ്യ ഷോർട്ട് ഫിലിം കണ്ട് അദ്ദേഹം എന്നെ വിളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമ കണ്ടതിനു ശേഷമാണു എന്റെ സിനിമയിൽ അദ്ദേഹത്തെ കൊണ്ട് മ്യൂസിക് ചെയ്യിപ്പിക്കണം എന്ന് തോന്നിയത്.തിരക്കുകൾ ഉള്ളത് കൊണ്ട് തന്നെ വളരെ വൈകിയാണ് അദ്ദേഹം ഈ സിനിമയിൽ ജോയിൻ ചെയ്തത്. ആദ്യം ചെയ്‌ത ഗാനവും “ജാതിക്കത്തോട്ടം..” ആണ് കേട്ട് മറന്ന ഒഴിക്കാൻ മട്ടിലുള്ള ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള വാക്കുകളും ഈണവും വേണമെന്നുള്ള ചർച്ചയിൽ നിന്നാണ് ഈ പാട്ട് ഉണ്ടാകുന്നത്. ഞാൻ ആദ്യമായിട്ടാണ് ഒരു സോങ് കോമ്പോസിഷൻ സെക്ഷനിൽ പങ്കെടുക്കുന്നത്. വരികൾ എഴുതിയ സുഹൈൽ കോയയും ജസ്റ്റിൻ ചേട്ടനും തന്നെയാണ് ഈ പാട്ടിന്റെ മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്. സിനിമയിൽ മൊത്തം നാല് പാട്ടുകളുമാണ് ഉള്ളത്.

ജോമോന്‍ ടി ജോൺ, ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ നിർമാണ കൂട്ടുകെട്ട്

‘മുക്കുത്തി’ എന്ന എന്റെ ഹ്രസ്വ ചിത്രം കണ്ടിട്ടാണ് എഡിറ്റർ ഷമീർ മുഹമ്മദ് എന്റെ ഒരു സുഹൃത്ത് വഴി സിനിമ ചെയ്യാൻ അവസരം ഒരുക്കാമെന്ന് പറയുന്നത്. അങ്ങനെ അദ്ദേഹത്തെ കാണുകയും കഥപറയുകയും ചെയ്‌തു. തുടർന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ ജോമോൻ ടി ജോണും ചേർന്ന് ഈ സിനിമ നിർമ്മിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു . പിന്നീട് ആണ് ഷെബിൻ ബക്കറും ഈ സിനിമയുടെ നിർമാണ പങ്കാളിയാകുന്നത്.

ഓരോ ഗ്യാങ്ങുകളും ഓരോ പാഠങ്ങളാണ്

നിലവിൽ ഉണ്ടായിരുന്ന സിനിമയുടെ ഒരു ശൈലി മാറ്റത്തിന് ‘സിനിമ ഗ്യാങുകൾ’ സഹായിച്ചിട്ടുണ്ട്. സിനിമയിലെ ഇത്തരം സൗഹൃദ കൂട്ടായ്‌മകൾ ഗുണകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. സിനിമകളിൽ വ്യത്യസ്തമായ ഒട്ടേറെ പ്രമേയങ്ങൾ ഉണ്ടായി. വളരെ ചിലവ് ചുരുക്കിയും നല്ല സിനിമകൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് തെളിയിച്ചു. ഓരോ ഗ്യാങ്ങുകളും ഓരോ പാഠങ്ങളാണ്. വളരെ പോസിറ്റീവ് ആയിട്ട് തന്നെയാണ് ഇത്തരം കൂട്ടായ്മകളെ ഞാൻ കാണുന്നത്.

കഴിവ് മാത്രം പോരാ അത് തെളിയിക്കാനുമാകണം

നമ്മൾ ആരുമല്ല എന്നുള്ളതാണ് സിനിമയിലേക്ക് കടന്ന് വരാനുള്ള ഏറ്റവും വലിയ തടസം. നമ്മുടെ കഴിവ് തെളിയിച്ചാൽ മാത്രമേ നമ്മൾ പറയുന്നത് കേൾക്കാൻ പോലും ആളുണ്ടാകു. എനിക്ക് ഈ സിനിമ ചെയ്യാൻ പറ്റിയത് ഞാൻ ഒരു ഷോർട് ഫിലിം ചെയ്‌ത്‌ ശ്രദ്ധേയനായതുകൊണ്ടാണ്. എന്റെ കയ്യിൽ ഒരു നല്ല സ്ക്രിപ്റ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നങ്കിൽ ചിലപ്പോൾ എനിക്ക് ഈ സിനിമ ചെയ്യാൻ കഴിയണമെന്നില്ല. പക്ഷെ നമ്മൾ ഒരു വർക്ക് ചെയ്‌ത്‌ കാണിച്ചിട്ടുള്ളത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി. പക്ഷെ ഇതൊന്നുമില്ലാതെ കടന്ന് വരുന്നവർക്ക് ഒരാളെ കാണണോ, സംസാരിക്കാനോ പോലും പരിമിതികൾ ഉണ്ട്. സൗഹൃദങ്ങൾ തന്നെയാണ് ഏറ്റവും ഗുണം ചെയ്യുക.

സംവിധായകനായിരിക്കാൻ തന്നെയാണ് ആഗ്രഹം

അള്ളു രാമേന്ദ്രന്റെ തിരക്കഥാകൃത്തായിരുന്നു. അതുപോലെ തന്നെ പോരാട്ടം എന്ന സിനിമയിൽ ചെറുതായിട്ട് തല കാണിച്ചിട്ടുണ്ടന്ന് പറയാം. പക്ഷെ സിനിമയിൽ സംവിധായകനായിരിക്കാൻ തന്നെയാണ് ആഗ്രഹം. കൂടാതെ എനിക്ക് സംവിധാനം ചെയ്യണമെങ്കിൽ ഞാൻ തന്നെ എഴുതണം. മറ്റൊരാൾക്ക് വേണ്ടി എഴുതാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അള്ളു രാമേന്ദ്രന്റെ കഥ വേറൊരാളുടെ ആയിരുന്നു. ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വന്നു. തിരക്കഥ എഴുതണം എന്ന് ഉദ്ദേശിച്ച് ചെയ്തൊരു സിനിമയല്ല പക്ഷെ ആ സിനിമയുടെ സംവിധായകൻ ബിലഹരി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ നിർബന്ധത്തെ തുടർന്നാണ് തിരക്കഥ എഴുത്തിൽ പങ്കാളിയായത്.

കോമഡി റൊമാന്റിക് ചിത്രങ്ങളോടാണ് ഇഷ്ട്ടം

എല്ലാത്തരം സിനിമകളും കാണുന്ന വ്യക്തിയാണ്. എന്നാൽ ഒരു കോമഡി റൊമാന്റിക് ചിത്രം ചെയ്യാനാണ് ഏറ്റവും ഇഷ്ട്ടം. പക്ഷെ എല്ലാത്തരം സിനിമകൾ ചെയ്യേണ്ട ഉത്തരവാദിത്തവും ഒരു സംവിധായകൻ എന്ന നിലയിൽ എനിക്കുണ്ട്.

വലിയ മാറ്റങ്ങൾ തന്നെ പ്രതീക്ഷിക്കാം

ഒരു സിനിമ ഹിറ്റായാൽ അതിന്റെ ചുവട് പിടിച്ച് കുറെ സിനിമകൾ വരുന്ന ഒരു ട്രെൻഡ് ഇൻഡസ്ട്രിയിൽ ഉണ്ട്. പുലിമുരുകൻ നൂറു കോടി കളക്ഷൻ നേടിയപ്പോൾ അങ്ങനൊരു സിനിമ എടുക്കാനായി എല്ലാവർക്കും ആഗ്രഹം. മാസ്സ് സിനിമ എടുക്കണം എന്ന് എല്ലാവരും പറയാൻ തുടങ്ങി. പക്ഷെ മാസ്സ് സിനിമകളെ പോലെ മറ്റ് സിനിമകലുളും പ്രേക്ഷകർ സ്വീകരിക്കാൻ തുടങ്ങി. ഒരു വശത്ത് ചെറിയ സിനിമകൾക്ക് കാഴ്ച്ചക്കാർ കൂടുന്നതും അതോടൊപ്പം വലിയ മാസ്സ് സിനിമകൾ ഹിറ്റാകുന്നതും കാണാൻ സാധിക്കുന്നുണ്ട്. അത് വളരെ വലിയൊരു മാറ്റമായി തന്നെ കാണണം.

ബാഹുബലി എന്ന ചിത്രമാണ് ഇന്ത്യയിൽ ഇത്തരത്തിൽ മാസ്സ് സിനിമകളുടെ ഒരു ട്രെൻഡ് സൃഷ്ട്ടിച്ചത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ ഇത്തരം സിനിമകളുടെ ഓളം ഒന്ന് അടങ്ങുബോൾ. ഒരു വലിയ മാറ്റം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റർനെറ്റിലൂടെ എല്ലാ രാജ്യത്തെയും സിനിമകൾ കാണാൻ സാധിക്കുന്ന ഒരു കാലഘട്ടത്തിലാണ് ഇപ്പോൾ നമ്മൾ ജീവിക്കുന്നത്. അത്തരത്തിൽ പുതിയൊരു തലമുറ വാരാൻ പോകുന്നതേയുള്ളു. സിനിമ കാണുന്ന രീതിൽ തന്നെ മാറ്റമുണ്ടായിട്ടുണ്ട്. ഓൺലൈൻ റിലീസുകൾ ഒക്കെ വ്യാപകമാവുകയാണ്. വലിയ മാറ്റം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Read More: ‘തോറ്റുപോകരുത്, കഴിവുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ തേടി വരാം’; ആദ്യമായി നിര്‍മിക്കുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ വിശേഷങ്ങളുമായി ജോമോന്‍ ടി. ജോണ്‍/അഭിമുഖം

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍