UPDATES

സിനിമ

പ്രണയ ദിനത്തില്‍ ഒ. എന്‍. വിയെ ഓര്‍ക്കുമ്പോള്‍; മരണമില്ല ഈ പ്രണയഗാനങ്ങള്‍ക്ക്

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു മലയാളി കൊതിക്കുന്ന പ്രണയാക്ഷരങ്ങളുടെ കൂട്ടുകാരന്റെ ഓര്‍മകള്‍ക്കിന്ന് മൂന്നു വര്‍ഷം

ഒരു നറുപുഷ്പമായി ആത്മാവില്‍ മുട്ടിവിളിച്ച കവി. ഹൃദയത്തിന്റെ തന്ത്രികളില്‍ വിരല്‍മീട്ടി ഇതുവരെ കാണാത്തകരയിലേക്കോ ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ നമ്മെ കൂട്ടികൊണ്ടുപോയ ഒ.എന്‍.വി കുറുപ്പ്. എന്തുകൊണ്ടോ, ഒ.എന്‍.വി പ്രണയം അക്ഷരങ്ങളായി പെയ്തൊഴിക്കുമ്പോള്‍ മനസിന്റെ മാന്ത്രികവീണ പിന്നെയും പാടിക്കൊണ്ടിരുന്നു. പ്രണയത്തെക്കുറിച്ചു പറയാനേറെയുണ്ടെന്ന് ഓര്‍മിപ്പിച്ച് കടന്നു പോയ കവിയുടെ മരണവും പ്രണയദിനത്തോടു ചേര്‍ന്നെത്തി. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു മലയാളി കൊതിക്കുന്ന പ്രണയാക്ഷരങ്ങളുടെ കൂട്ടുകാരന്റെ ഓര്‍മകള്‍ക്കിന്ന് മൂന്നു വര്‍ഷം.

പ്രണയത്തിന്റെ ആര്‍ദ്രതയെ അത്രമേല്‍ ഹൃദ്യമായി എഴുതിയ ഗാനരചയിതാവായിരുന്നു ഒ. എന്‍. വി. പ്രണയത്തിന്റെ ഭാഷയും പ്രകൃതിയുമൊക്കെ മാറുമ്പോഴും ഒ. എന്‍. വി കുറിച്ച വാക്കുകള്‍ ഇന്നും മലയാളി ഏറ്റുപാടുന്നത് അതിലെ ഭാവതീവ്രത കൊണ്ടുതന്നെ. ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ പുഷ്പമായി നിന്നവള്‍, എന്തീനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്നു പരിഭവം പറയുമ്പോള്‍ പവിഴംപോല്‍ പവിഴാധരംപോല്‍ എന്നവളെ നോക്കി ചൊല്ലി പരിഭവമകറ്റി. മലയാളിയുടെ പ്രണയഗാനങ്ങളുടെ വാതില്‍പ്പഴുതിലൂടെ ഇന്നും വാരി വിതറുകയാണ് ആ വരികള്‍. പുഴയോരഴകുളള പാട്ടുകള്‍. അറിയാതെ കൊതിച്ചു പോകുന്നു, അരികില്‍ നീയുണ്ടായിരുന്നെങ്കില്‍..

1965ല്‍ പുറത്തിറങ്ങിയ കാട്ടുപൂക്കള്‍ എന്ന ചിത്രത്തിന് ഗാനങ്ങളൊരുക്കാന്‍ ഒ. എന്‍. വി മദിരാശിയ്ക്കു തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ മനസില്‍ പ്രണയം നിറഞ്ഞിരുന്നു. വണ്ടി ഇറങ്ങുമ്പോള്‍ കാത്തിരുന്ന ദേവരാജന്‍ മാസ്റ്റര്‍ക്കൊരു പേപ്പര്‍വച്ചു നീട്ടി. ‘മാണിക്യവീണയുമായെന്‍ മനസിന്റെ താമരപ്പൂവിലുണര്‍ന്നവളെ’ എന്ന പ്രണയം തുളുമ്പുന്ന വരികള്‍. ദേവരാജന്‍ മാസ്റ്ററുടെ താളത്തില്‍ ആ പാട്ടു വിടര്‍ന്നതോടെ മലയാളിയുടെ എക്കാലത്തെയും മികച്ച ഗാനമായി മാറി അത്. വേദന ചൊല്ലാതെ എന്‍മുഖം കാണുമ്പോള്‍ കണ്‍മുനകളില്‍ കോപമായി നിന്നവളുടെ ഉള്ളു കാണാനാ കാമുകന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

നിന്‍ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനീ എന്നിനീ കാണും ഞാന്‍ എന്ന് ഏതു കാമുകനാണ് കൊതിയ്ക്കാത്തത്.

ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി ഒ. എന്‍. വി – ദേവരാജന്‍ കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചത് ‘നീയെത്ര ധന്യ’ എന്ന ചിത്രത്തിലൂടെയാണ്. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഏതു കമിതാക്കളാണ് കൊതിയ്ക്കാത്തത്. ഗാനഗന്ധര്‍വന്റെ മാസ്മരിക ശബ്ദത്തില്‍ ഗാനം പിറന്നതോടെ പുതിയ തലമുറയും ആ ഗാനം ഏറ്റു പാടി.

ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രിമഴ പെയ്തു തോര്‍ന്ന കുളിരിലും മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളിലും ആരാണ് പ്രിയപ്പെട്ട ഒരാളുടെ സാന്നിധ്യം കൊതിയ്ക്കാത്തത്! പ്രണയവും സുഖമുള്ള വിരഹവുമൊക്കെ ഒത്തു ചേര്‍ന്ന വരികള്‍.

ഒ. എന്‍. വി – ദേവരാജന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ ‘കരുണ’ എന്ന ചിത്രത്തിലെ ‘എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍’ എന്ന ഗാനം കേള്‍ക്കുമ്പോള്‍ വിരഹിണിയായ ഏതു കാമുകിയുടെ കണ്ണുകളാണ് ഈറനണിയാത്തത്. സ്വപ്നച്ചിറകില്‍ പറന്നുയരുന്ന പ്രണയത്തിന്റെ പ്രതീക്ഷകളെ ഇതില്‍ കൂടുതലായി എങ്ങനെ, മറ്റാര്‍ക്കാണ് എഴുതാന്‍ കഴിയുക?

ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ചു നില്‍ക്കും
ആമുഖമരികില്‍ ഞാന്‍ എന്നു കാണും?
താഴെ തൊഴുതു നില്‍ക്കും താമരപ്പൂവാണു ഞാന്‍
താലോലിച്ചെന്നെ നാഥന്‍ തഴുകുകില്ലെ?
നാഥന്‍ തഴുകുകില്ലെ?

വാസനത്തൈലം പൂശി വാര്‍മുടി കോതി വയ്ക്കാനും വാലിട്ടു കണ്ണെഴുതാനും മറന്നുപോയ കാമുകിമാര്‍ എവിടെയോ ഇരുന്നിന്നും ഈ വരികള്‍ മൂളിയാല്‍ ഒരതിശയവും പറയാനില്ല.

ഒ. എന്‍. വി എഴുതുമ്പോള്‍ ഗാനരചനയുടെ സ്വഭാവത്തില്‍ നിന്നും വ്യത്യസ്തമായി കവിതയുടെ തലങ്ങളിലേക്ക് പലപ്പോഴും അത് സഞ്ചരിച്ചു. താളം മറന്ന് മനസിരുത്തി ഒന്നു വായിക്കുമ്പോഴത് കവിതയായ് പെയ്തു നിന്നു.

നിത്യകാമുകീ നിന്നെത്തിരഞ്ഞുഞാന്‍
എത്രജന്മങ്ങളലഞ്ഞൂ!
നിദ്രയില്‍ മധുരസ്വപ്നം പോലെ
മറ്റൊരു ജന്മമണഞ്ഞൂ

1976ല്‍ പുറത്തിറങ്ങിയ ‘സൃഷ്ടി’ എന്ന ചിത്രത്തില്‍ എം. എസ് ബാബുരാജിന്റെ സംഗീതത്തില്‍ എസ്. ജാനകി പാടിയ ഈ ഗാനത്തിന്റെ വരികള്‍ ഏതു പ്രണയിനികള്‍ക്കാണ് മറക്കാന്‍ കഴിയുക.

ശരദിന്ദുമലര്‍ദീപനാളം നീട്ടി
സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി ..

പ്രണയനികളുടെ ഏകാന്തതകളെ കീറി മുറിച്ചുകൊണ്ട് ചിലപ്പോള്‍ പാടാത്തവനും ഒന്നു പാടാന്‍ കൊതിയ്ക്കുന്ന ചില നിമിഷങ്ങളുണ്ട്. പ്രണയഭാവം ഉളളില്‍ നിറയ്ക്കുന്ന ആത്മവിശ്വാസത്തില്‍ അറിയാതെ എത്രയോ കാമുകി കാമുകന്മാര്‍ പാടി സുഖിച്ച പാട്ടുകളായിരുന്നു ഇതൊക്കെ. 1979ല്‍ എം. ബി. ശ്രീനിവാസിന്റെ സംഗീതത്തില്‍ പിറന്ന ഈ ഗാനം ഒരുവട്ടം കൂടി ആരുടെ ഓര്‍മകളിലേക്കാണ് പ്രണയസൗന്ദര്യം പകര്‍ത്താത്തത്.

മഞ്ഞലകളില്‍ അമ്പിളി പോലെ
മന്ത്രകോടിയണിഞ്ഞു നീ
ആശതന്‍ ചക്രവാള സീമയില്‍
ഹാ സഖീ വന്നു നില്‍ക്കയോ?
സ്വപ്നസുന്ദരീ…

അക്ഷരാര്‍ത്ഥത്തില്‍ ഒ. എന്‍. വി എന്ന കവിയെ മലയാളി നുകര്‍ന്ന ഗാനങ്ങളായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ പിറന്ന 1968ല്‍ പുറത്തിറങ്ങിയ ‘അധ്യാപിക’ എന്ന ചിത്രത്തിലേത്. ‘സ്വപ്നസുന്ദരീ നീയൊരിക്കലെന്‍, സ്വപ്നശയ്യാതലങ്ങളില്‍’ എന്ന ഗാനത്തില്‍ സംസ്‌കൃത പദങ്ങളുടെ അടുക്കലുകള്‍ വന്നപ്പോഴും ആസ്വാദനത്തില്‍ ഒട്ടും പിന്നിലായില്ല. ഈ കൂട്ടുകെട്ടില്‍ മലയാളി അറിയാതെ കോരിത്തരിച്ച ഗാനമായിരുന്നു വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ….

ഇലകളില്‍ ജലകണം ഇറ്റു വീഴുമ്പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ

ഇങ്ങനെയൊക്കെ പ്രകൃതിയേയും പ്രണയത്തേയും ചേര്‍ത്തു പാടിയ കവി ജ്ഞാപീഠമേറിയതില്‍ എന്തതിശയമാണുള്ളത്!

സാഗരമേ ശാന്തമാക നീ
സാന്ധ്യരാഗം മായുന്നിതാ
ചൈത്രദിന വധു പോകയായ്
ദൂരെ യാത്രാമൊഴിയുമായ്
സാഗരമേ ശാന്തമാക നീ

ഉള്ളിലൊരു വിങ്ങലാണ് മലയാളിക്കിന്നും ഈ വരികള്‍ കേള്‍ക്കുമ്പോള്‍. ഉള്ളിലെ പ്രണയവിരഹത്തിന്റെ രസങ്ങളെ അതു വല്ലാതെ തൊട്ടുനോവിക്കുന്നപോലെ.അപ്പോഴും അസ്വസ്ഥമായ മനസിന് അതൊരു ആശ്വാസമാണ്. സലില്‍ ചൗധരിയുടെ സംഗീതം വരികള്‍ക്കു കൂടുതല്‍ ഊര്‍ജവും തേജസും പകര്‍ന്നപോലെ…

മാരിയില്‍ വേനലില്‍ കൂടെ വരാമോ ..
മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ…

‘മദനോത്സവം’ എന്ന ചിത്രത്തിലെ ‘മാടപ്രാവേ വാ’ എന്ന ഗാനവും അക്കാലത്തെ പ്രണയിനികളെ കോരിത്തരിപ്പിച്ച ഗാനങ്ങളില്‍ ഒന്നായിരുന്നു. സുന്ദരിയായ മാടപ്രാവായി കാമുകിയെ കാണാത്ത ഏതു കാമുകനാണുള്ളത്.

ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരെ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ…

കാളിദാസന്റെ ‘മേഘസന്ദേശം’ എന്ന കൃതിയുടെ സത്തുപിഴിഞ്ഞെടുത്ത വരികളായിരുന്നു ‘സമയമായില്ലപോലും’ ഏന്ന ചിത്രത്തിലെ ഈ ഗാനം. പ്രണയത്തിന്റെ പ്രതീക്ഷകളും കാത്തിരിപ്പുമൊക്കെ ആസ്വാദകമനസിലേക്ക് ആളി പടര്‍ത്തിയ ഗാനമായിരുന്നു ഇത്. സന്ദേശകാവ്യങ്ങളുടെ കാലത്തെ ഓര്‍മിപ്പിച്ച ഗാനമായും അത് പരിണമിച്ചു.

നിന്നനുരാഗമിതെന്‍ സിരയില്‍ സുഖ
ഗന്ധമെഴും മദിരാസവമായ്…

പ്രണയം സിരകളില്‍ കൂടുതല്‍ ഉത്തേജനം നിറപ്പിച്ച ഗാനങ്ങളായിരുന്നു ഒ. എന്‍. വി – ജോണ്‍സണ്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങള്‍. ‘പവിഴംപോല്‍ പവിഴാധരംപോല്‍’ എന്ന ഒറ്റ ഗാനം മതി ഈ കൂട്ടുകെട്ടിന്റെ പ്രണയ മധുരം നുകരാന്‍. തന്റെ പ്രണയം എത്ര മനോഹരമായാണ് ഈ ഗാനത്തിലൂടെ കാമുകന്‍ തന്റെ പ്രിയപ്പെട്ടവളോടു പറയുന്നത്. ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി,’ ‘ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ തുടങ്ങി’ എത്ര എത്ര പ്രണയഗാനങ്ങളാണാ ആ കൂട്ടുകെട്ടില്‍ പിറന്നത്.

‘നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍,’ ‘സാഗരങ്ങളെ പാടി ഉണര്‍ത്തിയ’ തുടങ്ങി ബോംബെ രവിയുടെ പാട്ടുകള്‍, രഘുനാഥ് സേഫിന്റെ സംഗീതത്തില്‍ പിറന്ന ‘ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ,’ പറയാതെപോയ പ്രണയത്തിന്റെ വിതുമ്പലായും ഒരു നറുപുഷ്പമായും പെയ്ത രമേശ് നാരായണന്റെ ഈണത്തില്‍ പിറന്ന ‘മേഘമല്‍ഹാറി’ലെ ഗാനങ്ങള്‍, രവീന്ദ്ര സംഗീതത്തില്‍ ഹൃത്തടം കുളിര്‍പ്പിച്ച ‘സര്‍വകലാശാല,’ ‘എന്റെ ഹൃദയത്തിന്റെ ഉടമ’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍, എം. ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ ‘അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍,’ ശരതിന്റെ സംഗീതത്തില്‍ പിറന്ന ‘പവിത്രം’ എന്ന ചിത്രത്തിലെ ‘ശ്രീരാഗമോ തേടുന്നു ഞാന്‍,’ എം. ജയചന്ദ്രന്റെ സംഗീത്തില്‍ പ്രണയം വിരിഞ്ഞ ‘പ്രണയ’ത്തിലെ ‘മഴത്തുള്ളി പളുങ്കുകള്‍,’ ‘കരയിലേക്ക് ഒരു കടല്‍ ദൂരം’ എന്ന ചിത്രത്തിലെ ‘ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീ എന്‍’ തുടങ്ങി എത്ര എത്ര ഗാനങ്ങളാണ് ഒ. എന്‍. വിയുടെ തൂലികയില്‍ വിടര്‍ന്നത്.
പ്രണയത്തിന്റെ അനുഭൂതികളെ ഒ.എന്‍.വി അത്രമേല്‍ നമുക്ക് സമ്മാനിച്ചതു കൊണ്ടാകാം മലയാളി ഇന്നും കൊതിക്കുന്നത് അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന്…

പി അയ്യപ്പദാസ്

പി അയ്യപ്പദാസ്

ചലച്ചിത്ര പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍