UPDATES

സിനിമ

നോ ഉളുപ്പ് മിസ്റ്റര്‍ ജിനു ജോസഫ്? ഇത് സര്‍ക്കാസം അല്ല തരംതാഴ്ന്ന ന്യായീകരണമാണ്

വംശീയത ആരോപിക്കുന്നതിനും പകരം ഒരു നല്ല സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ ഭാഗമായതില്‍ സന്തോഷിക്കൂ എന്നാണ് സാമുവേലിന് ജിനുവിന്റെ ഉപദേശം

അമല്‍ നീരദ്, സമീര്‍ താഹിര്‍, അന്‍വര്‍ റഷീദ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ജിനു ജോസഫ് പ്രേക്ഷകര്‍ക്ക് പരിചിതമായൊരു മുഖമാകുന്നതും ഈ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ്. ആകാരംഭംഗിയും സ്റ്റൈലിഷ് ലുക്കും ആണ് ജിനുവെന്ന നടനെ സഹായിക്കുന്ന ഘടകങ്ങള്‍. കൊച്ചി ഗ്യാംഗിന്റെ ചിത്രങ്ങളില്‍ കൂടുതല്‍ സ്‌റ്റൈലിഷ് ആയി മാറും ജിനു. ഇപ്പോള്‍ പുറത്തുള്ള സംവിധായകരും ജിനുവിനെ തങ്ങളുടെ സിനിമകളില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും തന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ നിന്നു തന്നെയാണ് ജിനു ജോസഫിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നത്. അതിന്റേതായ ഒരു നന്ദിയും കടപ്പാടുമൊക്കെ ഉണ്ടാകാം.

എന്നാല്‍ ആ നന്ദിയും കടപ്പാടും എപ്പോഴൊക്കെ പ്രകടപ്പിക്കാന്‍ തനിക്ക് അവസരം കിട്ടുന്നോ അപ്പോഴെല്ലാം സ്വയം മറന്ന് അത് ചെയതുകളയും എന്നു ജിനു ജോസഫ് എന്ന് തെളിയിച്ചിരിക്കുന്നത്, സമീര്‍ താഹിറും ഷൈജു ഖാലിദും നിര്‍മിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ(മലയാള സിനിമയുടെ വ്യാകരണപ്രകാരം ആ വേഷം സഹനടന്‍ എന്നായിരിക്കാം അറിയപ്പെടുന്നത്)അവതരിപ്പിച്ച സാമുവേല്‍ അബിയോള റോബിന്‍സണ്‍ എന്ന നൈജീയരന്‍ നടന്‍( വെറും നൈജീരിയക്കാരന്‍ അല്ല, അയാള്‍ തന്റെ നാട്ടിലെ ഒരു എസ്റ്റാബ്ലിഷ്ഡ് നടന്‍ തന്നെയാണ്. അവകാശം പറഞ്ഞ് കാശു വാങ്ങാന്‍ അയാള്‍ എത്രനാള്‍ സിനിമയില്‍ ‘ കഷ്ടപ്പെട്ടു’ എന്നറിയില്ലെങ്കിലും നടന്‍ ആണ്) താന്‍ പറഞ്ഞു പറ്റിക്കപ്പെട്ടു എന്ന ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ്. അഞ്ചു മാസം ഈ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടൊരാള്‍, പ്രേക്ഷകര്‍ അയാളെയും അയാളുടെയും പ്രകടനത്തേയും ഏറെ പുകഴ്ത്തുന്നു, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം അത്ഭുത വിജയം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ചതും അയാള്‍ തന്നെയാണ്( പ്രേക്ഷകരുടെ വാദമാണ്) താന്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ വഞ്ചിക്കപ്പെട്ടുവെന്നും അത് തന്നോടു കാണിച്ച വംശീയ വിവേചനമാണെന്നും പരാതി പറയുന്നൊരു സാഹചര്യം ഏറെ ഗൗരവകരമാണ്. സാമുവേല്‍ കേവലം ഒരു സഹനടന്‍ അല്ല, അയളെ ഏത്ര നന്നായി പരിഗണിച്ചതാണെങ്കില്‍ പോലും വംശീയ വിവേചനം പോലുള്ള പരാതി അയാള്‍ ഉയര്‍ത്തുമ്പോള്‍ അത് ഗൗരവമായി തന്നെ കണ്ട്, സാമുവേല്‍ ആരെങ്കിലുമാലോ തെറ്റിദ്ധരിക്കപ്പെട്ടതാണെങ്കില്‍ ആ ധാരണകള്‍ തിരുത്തി, അയാളുടെ സങ്കടം തീര്‍ക്കും വിധം, തങ്ങളാല്‍ കഴിയും വിധമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യേണ്ട ബാധ്യത സമീര്‍ താഹിറിനും ഷൈജു ഖാലിദിനും മാത്രമല്ല, മലയാള സിനിമയ്ക്ക് മൊത്തത്തിലുണ്ട്. കാരണം, സാമുവേല്‍ ഉയര്‍ത്തിയ വംശീയാക്ഷേപം മലയാള സിനിമയ്ക്കു മേലാണ് വീണിരിക്കുന്നത്.

‘ഇനീം വേണം, ഇനീം വേണം’; സാമുവേലിനെ കളിയാക്കി നടന്‍ ജിനു ജോസഫ്, ലൈക് ചെയ്ത് സൗബിനും

ജിനു, അയാള്‍ സമീറിന്റെയും സൗബിന്റെയും ഷൈജുവിന്റെയുമൊക്കെ സുഹൃത്തായിരിക്കാം, അതിലുപരി അയാള്‍ ഒരു നടനാണ്, മലയാള സിനിമയുടെ പ്രതിനിധി. അങ്ങനെയൊരാള്‍ ‘സര്‍ക്കാസം’ എന്ന പേരില്‍ സാമുവേലിനെ പരിഹസിച്ചു രംഗത്തിറങ്ങുന്നു. ആ പരിഹാസത്തിന് സൗബിന്‍ ഷാഹിറിനെ പോലുള്ളവര്‍ ലൈക് ചെയ്യുന്നു. സാമുവേലിനെ ആര്‍ത്തിക്കാരനും പണം കിട്ടാന്‍ എന്ത് കള്ളവും വിളിച്ചു പറയാന്‍ തയ്യാറാകുന്നൊരുത്തനായും ചിത്രീകരിച്ചു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുന്നു. എന്നിട്ടതിനെ സര്‍ക്കാസം എന്നും പേരിട്ടു വിളിക്കുന്നു. സാമുവേലിന്റെ പോസ്റ്റിനു താഴെ ഒരു മലയാളി കമന്റ് ചെയ്തത് സാമുവേല്‍ ഒരു നൈജീരിയന്‍ ഫ്രോഡ് ആണെന്നാണ്. ഏതാണ്ട് അതേ കാര്യം തന്നെ പൊതിഞ്ഞു പറയുകയാണ് ജിനുവും ചെയ്തത്. താന്‍ കറുത്തവനായതുകൊണ്ടാണോ അവഗണിക്കപ്പെട്ടത് എന്നു സാമുവേല്‍ ചോദിക്കുന്നത്, തന്റെ വര്‍ഗം തലമുറകളായി അത്തരം ദുരനുഭവങ്ങളുടെ ഇരകളായി ജീവിച്ചു പോരുന്നതു കൊണ്ടാണ്. ഇനി വരുന്നൊരു തലമുറയെങ്കിലും തങ്ങളുടെ മുന്‍ഗാമികളെ പോലെ ചതിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യരുതെന്നാഗ്രഹിക്കുന്നതു കൊണ്ടാണ്. അവര്‍ പേടിക്കുന്ന തൊലി നിറത്തെ പോലും ജിനുവിന് പരിഹാസത്തോടെ കാണാന്‍ കഴിയുന്നുള്ളൂ.

ഇങ്ങനെയൊരു പോസ്റ്റില്‍ സര്‍ക്കാസമാണോ, അതോ പരിഹാസമാണോ ഉള്ളതെന്ന് വായനക്കാരന് മനസിലാകുമെന്ന് വിശ്വസിക്കുന്നു;

ഞാന്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളുടെയും നിര്‍മാതാക്കളോടും, ഷൂട്ടിംഗിനു മുമ്പ് കരാര്‍ നിശ്ചിച്ചയിച്ച പ്രതിഫലത്തിന്റെ കാര്യം മറന്നേക്കുക, എനിക്ക് കൂടുതല്‍ വേണം, സമീര്‍ താഹിര്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്… ആ ചിത്രങ്ങളെല്ലാം വന്‍വിജയങ്ങളായിരുന്നു. എനിക്ക് കൂടുതല്‍ വേണം.. ഇനീം വേണം..ഇനീം വേണം, ഇനീം വേണം… എനിക്ക് കുറഞ്ഞ പ്രതിഫലമാണ് കിട്ടിയിരുന്നത്. എന്റെ തൊലിയുടെ നിറം തവിട്ട് ആയിപ്പോയതിനാല്‍ എന്റെ ആദ്യ സിനിമയ്ക്ക് പ്രതിഫലം പോലും കിട്ടിയില്ല. അതിനുശേഷമുള്ള ചില സിനിമകള്‍ക്ക് ആകെപ്പാടെ കിട്ടിയത് പതിനായിരം രൂപയാണ്. ഇനീം വേണം ഇനീം വേണം…

"</p

ജിനുവിന്റെ ഈ പോസ്റ്റ് സാമുവേല്‍ കണ്ടിരിക്കുന്നു. സാമുവേല്‍ ഏറ്റവും മാന്യമായൊരു മറുപടിയും നല്‍കി. വൈകാരികമായോ, വൈരാഗ്യപൂര്‍വമോ അല്ല, hugs and kisses എന്നാണ് അയാള്‍ എഴുതിയത്. ബന്ധത്തേയും സ്‌നേഹത്തിന്റെയും പ്രകടനങ്ങളാണ് ആശ്ലേഷവും ചുംബനവും. നിങ്ങളോടുള്ള വ്യക്തി വിരോധമല്ല, ഞാന്‍ നേരിട്ട വിവേചനത്തോടുള്ള പ്രതികരണം മാത്രമാണ് എന്നില്‍ നിന്നുണ്ടായതെന്നാണ് സാമുവേല്‍ വ്യക്തമാക്കുന്നത്.

പക്ഷേ, സാമുവേലിന് ഉള്ള മാനസിക വലുപ്പം ഏതായാലും തനിക്ക് ഇല്ലെന്ന് ഉടന്‍ തന്നെ ഒരു കമന്റിലൂടെ ജിനു വ്യക്തമാക്കിയിട്ടുണ്ട്.

താന്‍ പറഞ്ഞ സര്‍ക്കാസം സാമുവേലിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും പിന്നെ നന്ദിയും മറ്റു ഗുണങ്ങളും എങ്ങനെ പ്രതീക്ഷിക്കുമെന്നും ചോദിക്കുന്ന ജിനു തുടര്‍ന്നു പറയുന്നത് ഇങ്ങനെയാണ്; ഇതിങ്ങനെയൊരു പൊതുവിടത്തില്‍ പറയേണ്ടി വന്നതില്‍ ദു:ഖമുണ്ട്. നിങ്ങള്‍ക്ക് കിട്ടിയ ഈ അവസരത്തിനായി ആയിരക്കണക്കിന് ആള്‍ക്കാര് മരിക്കും. പ്രതിഫലത്തിന്റെ കാര്യത്തില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കില്‍ സിനിമ ചെയ്യാമെന്ന് സമ്മതിച്ചത് എന്തിനായിരുന്നു?

ഒരു പ്രൊജക്ടിന്റെ ഭാഗമാകാമെന്ന് സമ്മതിച്ചാല്‍ അതിന് നിങ്ങളുടെ എല്ലാം നല്‍കണം. അവര്‍ക്കുള്ളതെല്ലാം നല്‍കിയിട്ടായാലും ഇത് നടക്കണമെന്ന് കരുതുന്ന ഈ സിനിമയുടെ നിര്‍മ്മാതാക്കളെ പോലെ. നിങ്ങളുടെ കൂടി വിജയമാണെന്ന് കരുതേണ്ട ഒന്നിനെ വായില്‍ കയ്പ്പുളവാക്കുന്ന തരത്തില്‍ എന്തോ ആക്കി മാറ്റിയിരിക്കുകയാണ് നിങ്ങള്‍.

പിന്നെ സൗബിന് കൂടുതല്‍ പ്രതിഫലം കിട്ടിയെന്ന് പറയുന്നത്, നിങ്ങള്‍ 16 സിനിമ ചെയ്തിട്ടുണ്ടെങ്കില്‍ സൗബിന്‍ 16 കൊല്ലം കഷ്ടപ്പെട്ടിട്ടാണ് ഇപ്പോള്‍ കിട്ടുന്ന പ്രതിഫലം ആവശ്യപ്പെടാവുന്ന അവസ്ഥയിലെത്തിയത്.

സാമ്പത്തിക അടിസ്ഥാനത്തിലേക്ക് കാര്യങ്ങളെ മാറ്റുന്നതിനും സങ്കടമുണ്ടാക്കുന്ന തരത്തില്‍ അവര്‍ക്കെതിരെ വംശീയത ആരോപിക്കുന്നതിനും പകരം ഒരു നല്ല സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ ഭാഗമായതില്‍ സന്തോഷിക്കൂ. ഒരു പ്രത്യേക പ്രതിഫലത്തിന് സിനിമ ചെയ്യാമെന്ന് സമ്മതിച്ചു കഴിഞ്ഞാല്‍, പിന്നീട് സിനിമ നന്നായെന്ന് കരുതി കൂടുതലൊന്നും പ്രതീക്ഷിക്കരുത്. അല്ലെങ്കില്‍ നഷ്ടമുണ്ടായാല്‍ അതും സഹിക്കാന്‍ നിങ്ങള്‍ തയ്യാറായിരുന്നിരിക്കണം.

ഒരു നല്ല ദിവസം ആശംസിക്കുന്നു ചങ്ങാതി. കേരളത്തില്‍ നിന്ന് സ്‌നേഹാശംസകള്‍.

Ps: സാമുവലിനെ അവരെങ്ങനെയാണ് പരിഗണിച്ചിരുന്നതെന്ന് ഞാനെന്റെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതാണ്. അത് കൊണ്ട് പുറത്ത് നിന്നുള്ള ഒരാളുടെ സാധാ അഭിപ്രായ പ്രകടനമല്ല എന്റെ പോസ്റ്റ്.

അന്ന് തിലകന്‍, ഇന്ന് സാമൂവേല്‍; മലയാള സിനിമയിലെ വംശീയ, വേതന വിവേചനങ്ങള്‍

തന്റെ സുഹൃത്തുക്കള്‍ എങ്ങനെയെല്ലാം സാമുവേല്‍ റോബിന്‍സണ്‍ എന്ന നൈജീരിയക്കാരനെ പരിഗണിച്ചിരുന്നുവെന്ന് നേരിട്ട് കണ്ട ബോധ്യപ്പെട്ടൊരാള്‍ എന്ന നിലയില്‍ താന്‍ പറയുന്നതെല്ലാം സത്യമായതും അംഗീകരിക്കേണ്ടതാണെന്നുമാണ് ജിനു പറയുന്നത്. ഒരു നല്ല സര്‍ഗാത്മക ആവിഷ്‌കാരത്തിന്റെ ഭാഗമായതില്‍ സന്തോഷിക്കേണ്ടതിനു പകരം വംശീയതയൊക്കെ ആരോപിച്ച് തന്റെ സുഹൃത്തുക്കളെ സങ്കടപ്പെടുത്തരുത്, 16 വര്‍ഷം സിനിമയില്‍ കഷ്ടപ്പെട്ട സൗബിനെ പോലെ വെറും 16 സിനിമകള്‍ മാത്രം ചെയ്ത സാമുവേല്‍ പ്രതിഫലം ആവശ്യപ്പെടരുത്, കരാര്‍ പ്രകാരം പറഞ്ഞ കാശ് കിട്ടിയിട്ടുണ്ടെങ്കില്‍ അത് വാങ്ങി പോയ്‌ക്കോളണം, കൂടുതലൊന്നും പ്രതീക്ഷിക്കരുത്… സാമുവേലിന് ജിനു നല്‍കുന്ന ഉപദേശങ്ങളും താക്കീതുകളുമാണ്.

പ്രിയപ്പെട്ട സമീര്‍ താഹിര്‍, ഷൈജു ഖാലിദ്; ഇത്തരം വിലകുറഞ്ഞ ന്യായീകരണങ്ങളുമായി നിങ്ങളുടെ സുഹൃത്ത് ഇറങ്ങിയിരിക്കുന്നത് അറിഞ്ഞു കാണുമെങ്കില്‍, അയാളെ തടയുക. സര്‍ക്കാസം എന്നപേരില്‍ ഒരു ഉളപ്പും ഇല്ലാതെ അയാള്‍ നടത്തുന്ന തരംതാഴ്ന്ന ന്യായീകരണങ്ങള്‍, നിലപാടുകളുടെയും രാഷ്ട്രീയത്തിന്റെയും നല്ല സിനിമകളുടേയും പേരില്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ തരുന്ന പിന്തുണയേയും ഇഷ്ടത്തേയും വെല്ലുവിളിക്കുന്നതാണ്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍