ശബ്ദത്തിലെ പ്രധാന നടീനടന്മാര്‍ യഥാര്‍ത്ഥത്തില്‍ കേള്‍വി ശക്തിയില്ലാത്തവര്‍
ചലച്ചിത്ര നിര്‍മാണത്തിന്റെ വാര്‍പ്പുമാതൃകകളെ വെല്ലുവിളിച്ചുകൊണ്ട്, ഒക്ടോബര്‍ പതിനൊന്നാം തീയതി ‘ശബ്ദം’ തീയേറ്ററുകളിലെത്തുകയാണ്. സൂപ്പര്‍ താര ചിത്രങ്ങളോടു മത്സരിക്കാനുള്ള സാമ്പത്തിക ശേഷിയോ സാറ്റലൈറ്റ് അവകാശ മൂല്യമോ ഇല്ലാത്ത ഈ കുഞ്ഞു ചിത്രം പ്രദര്‍ശിപ്പിക്കാനായി തീയേറ്ററുകള്‍ വിട്ടുകൊടുക്കാനാകില്ലെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷനും (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രനും പറഞ്ഞു കഴിഞ്ഞു. കായംകുളം കൊച്ചുണ്ണി നല്‍കിയേക്കാവുന്ന സാമ്പത്തിക ലാഭമോ, പ്രേക്ഷകരുടെ തള്ളിക്കയറ്റമോ ഒരുപക്ഷേ ശബ്ദത്തിന് ഉറപ്പു നല്‍കാനാകില്ലെങ്കിലും, കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തെങ്കിലും സര്‍ക്കാര്‍ തന്റെ ചിത്രത്തെ പരിഗണിക്കേണ്ടതായിരുന്നുവെന്നാണ് സംവിധായകന്‍ പി.കെ. ശ്രീകുമാറിനു പറയാനുള്ളത്.
ഒട്ടേറെ കൗതുകങ്ങളാണ് ശബ്ദത്തിനു ചുറ്റുമുള്ളത്. ബധിരരായ കുശവകുടുംബത്തിന്റെ കഥ അവതരിപ്പിക്കാനായി ശ്രീകുമാര്‍ തെരഞ്ഞെടുത്ത പ്രധാന നടീനടന്മാരില്‍ രണ്ടു പേര്‍ യഥാര്‍ത്ഥത്തില്‍ ബധിരരാണെന്നതാണ് ശ്രദ്ധേയം. ശബ്ദത്തിലെ അഭിനേതാക്കളെക്കുറിച്ച് അന്വേഷണങ്ങള്‍ എത്തിച്ചേരുക, വളരെ അസാധാരണമായ ഒരു ജീവിത കഥയിലാണ്. ജന്മനാ വെല്ലുവിളികള്‍ നേരിടേണ്ടി വന്നവരായിട്ടും അതു വകവയ്ക്കാത്ത രണ്ടു സഹോദരങ്ങളും, ചുറ്റുമുള്ളവരെല്ലാം എതിര്‍ത്തിട്ടും മക്കളുടെ ആത്മവിശ്വാസത്തിനു കൈത്താങ്ങായ ഒരച്ഛനുമമ്മയുമാണ് ആ കഥയിലുള്ളത്.
ശബ്ദത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സോഫിയ എം. ജോയ്ക്ക് ജന്മനാ കേള്‍വിശക്തിയില്ല. പത്താം മാസത്തില്‍ത്തന്നെ അക്കാര്യം തിരിച്ചറിഞ്ഞ് ലിപ് റീഡിംഗ് പരിശീലിപ്പിക്കുകയായിരുന്നു സോഫിയയുടെ മാതാപിതാക്കളായ ഗൊരോത്തിയും ജോ ഫ്രാന്‍സിസും. ‘ലിപ് റീഡിംഗ് പരിശീലിച്ച് ആളുകളോട് ആശയവിനിമയം നടത്താനായതിനാല്‍ സാധാരണ സ്‌കൂളില്‍ തന്നെയാണ് ഇവര്‍ മകളെ പഠിപ്പിച്ചത്. നാഷണല്‍ ഓപ്പണ്‍ സ്‌കൂളില്‍ നിന്നും പത്താം ക്ലാസും പ്ലസ് ടുവും പാസ്സായ ശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവുമെടുത്തു. ഇപ്പോള്‍ ഫാഷന്‍ ടെക്നോളജി ചെയ്യുന്നുണ്ട്.’ മകള്‍ കടന്നുവന്ന വഴികളെക്കുറിച്ചു പറയുമ്പോള്‍ അമ്മ ഗൊരോത്തിക്ക് അഭിമാനം.
വിദ്യാഭ്യാസ കാലത്ത് കായിക ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സോഫിയ ഷോട്ട് പുട്ടിലും ഡിസ്‌കസ് ത്രോയിലും മൂന്നു വട്ടം ദേശീയ ചാമ്പ്യനായിട്ടുണ്ട്. പിന്നീട് താല്‍പര്യം മോഡലിംഗിലേക്കു തിരിഞ്ഞപ്പോഴും തെരഞ്ഞെടുക്കുന്ന മേഖലയില്‍ മികവു കാണിക്കുന്ന ശീലത്തിന് മാറ്റമൊന്നുമില്ല. മലയാളി മിസ് വേള്‍ഡും മിസ് ഡെഫ് വേള്‍ഡും പോലുള്ള ലോക വേദികളില്‍ വരവറിയിച്ചിട്ടുള്ള സോഫിയയുടെ ഇപ്പോഴത്തെ ഇഷ്ടം ബൈക്ക് റേസിംഗാണ്. ലൈസന്‍സും നേടിയിട്ടുണ്ട്. സഹോദരന്‍ റിച്ചാര്‍ഡിനൊപ്പം റേസിംഗ് പരിശീലനവുമായി നീങ്ങുമ്പോഴും, തരണം ചെയ്യേണ്ടി വരുന്ന പ്രതിബന്ധങ്ങള്‍ ചെറുതല്ല.
‘മക്കള്‍ പലപ്പോഴും എന്നോടു ചോദിച്ചിട്ടുണ്ട്, എന്തു ചെയ്തിട്ടും ലോകത്തിനു ഞങ്ങളെ അംഗീകരിക്കാന്‍ എന്തുകൊണ്ടാണ് മടിയെന്ന്. നിങ്ങള്‍ ആരുടെയും പിറകെ പോകേണ്ടതില്ലെന്നും, സമൂഹം നിങ്ങളുടെ പിന്നാലെയെത്തുന്നതിനായി പരിശ്രമിക്കുകയാണ് വേണ്ടതെന്നും ഞാന്‍ അവര്‍ക്കു മറുപടി നല്‍കുകയും ചെയ്യും. അവരുടെ കാര്യത്തില്‍ അവര്‍ കോണ്‍ഫിഡന്റ് ആണ്, സമൂഹത്തില്‍ നിന്നുള്ള മാറ്റിനിര്‍ത്തലുകള്‍ മാത്രമാണ് അവര്‍ക്കു പ്രശ്നം. ഞങ്ങള്‍ ജീവിക്കുന്ന ജീവിതം പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കില്ല. പല തവണ നിയന്ത്രണം വിട്ടു പോയിട്ടുണ്ട്. ബൈക്ക് റേസിംഗ് പോലുള്ള താല്‍പര്യങ്ങള്‍ക്കു ഞാന്‍ കൂട്ടു നില്‍ക്കുമ്പോള്‍, മക്കളെ കൊലയ്ക്കു കൊടുക്കുകയാണോ എന്നു വരെ ചോദിച്ചവരുണ്ട്. പക്ഷേ, അവര്‍ക്ക് ഇഷ്ടമുള്ളതെന്തോ, അതു ചെയ്യാനാണ് ഞാനെപ്പോഴും അവരോട് പറയാറ്. ഒന്നും അവര്‍ക്ക് തടസ്സമാകരുത്.’ സോഫിയയുടെയും റിച്ചാര്‍ഡിന്റെയും അച്ഛന്‍ ജോ പറയുന്നു.
ബധിരരുടെ ജീവിതവും അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചിത്രീകരിക്കാന്‍ ബധിരരായ അഭിനേതാക്കളെത്തന്നെ വേണമെന്ന് നിര്‍ബന്ധമായിരുന്നുവെന്ന് സംവിധായകന്‍ പി.കെ. ശ്രീകുമാര്‍ പറയുന്നു. സോഫിയയെയും റിച്ചാര്‍ഡിനെയും ചെറുപ്പം തൊട്ടറിയാവുന്ന പ്രൊഡ്യൂസര്‍ ജയന്ത് മാമ്മന്‍ വഴിയാണ് ഇരുവരും ശബ്ദത്തിലെത്തുന്നത്. പൂര്‍ണമായും ബധിരയായ സോഫിയയെയും ഇടതു ചെവിക്ക് മുപ്പതു ശതമാനം മാത്രം കേള്‍വിശക്തിയുള്ള റിച്ചാര്‍ഡിനെയും സ്‌ക്രിപ്റ്റ് പഠിപ്പിച്ച് അഭിനയിപ്പിക്കാന്‍ അല്‍പ്പം പാടുപെട്ടെങ്കിലും, ഇരുവരുടെയും പ്രകടനം കണക്കിലെടുക്കുമ്പോള്‍ ആ അധ്വാനം ഫലവത്തായിട്ടുണ്ടെന്ന് ശ്രീകുമാര്‍ പറയുന്നു.
‘ഒന്നരമാസത്തെ വര്‍ക്ക്ഷോപ്പിനു ശേഷമാണ് സോഫിയയും റിച്ചാര്‍ഡും അഭിനയിക്കാനെത്തുന്നത്. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ച ഇരുവര്‍ക്കും മലയാളത്തില്‍ ഡയലോഗ് പറയുമ്പോള്‍ ലിപ് റീഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇംഗ്ലീഷില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ സംഭാഷണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുമ്പോഴും അവര്‍ക്കു ചെറിയ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. പറഞ്ഞു കൊടുത്ത കാര്യങ്ങള്‍ അത്രയും ഗംഭീരമായിത്തന്നെ ആ കുട്ടികള്‍ ചെയ്തതിനാല്‍ ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഞങ്ങള്‍ക്കു മടിയുണ്ടായിരുന്നില്ല. മനോഹരമായാണ് ഇരുവരും അഭിനയിച്ചത്.’
നിര്‍മാതാവാകണമെന്നോ സാമ്പത്തിക ലാഭമുണ്ടാക്കണമെന്നോ ആഗ്രഹിച്ചല്ല, മറിച്ച് നമുക്കിടയില്‍ ജീവിക്കുന്ന ഒരു വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പൊതുവായ ഒരു അവബോധം സൃഷ്ടിക്കാനാകും എന്ന ചിന്തയോടെയാണ് ശബ്ദത്തിനു വേണ്ടി ഇറങ്ങിത്തിരിച്ചതെന്ന് നടന്‍ കൂടിയായ ജയന്ത് മാമ്മനും കൂട്ടിച്ചേര്‍ക്കുന്നു. എത്ര ബുദ്ധിമുട്ടിയാണ് സോഫിയുടേയും റിച്ചാര്‍ഡിന്റേയും മാതാപിതാക്കള്‍ മുന്നോട്ടു പോകുന്നതെന്നറിയാം. അവരെയെല്ലാം ഉയര്‍ത്തിവിടേണ്ടത് കടമയായിത്തന്നെ കാണുന്നു – ജയന്ത് പറയുന്നു. അമ്മയും മകനുമായാണ് ശബ്ദത്തില്‍ സോഫിയും റിച്ചാര്‍ഡും അഭിനിക്കുന്നതെന്നതും മറ്റൊരു കൗതുകം.
കെ.എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള 13 തീയറ്ററുകളിലും ശബ്ദത്തിന് റിലീസ് നല്‍കാമെന്ന് ലെനിന്‍ രാജേന്ദ്രനടക്കമുള്ളവര്‍ വാക്കു നല്‍കിയിരുന്നതാണെന്നും, കായംകുളം കൊച്ചുണ്ണി പോലൊരു ബിഗ് ബജറ്റ് ചിത്രത്തിനു വേണ്ടി തങ്ങളെ തഴയുകയാണെന്നും ജയന്ത് വിശദീകരിക്കുന്നുണ്ട്. തിരുവനന്തപുരം നിളയില്‍ മാത്രം ഒരു ഷോയെങ്കിലും തരാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനുപോലും വഴങ്ങിയില്ല. കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നു പ്രതീക്ഷിച്ചല്ല, സാമൂഹികമായ ഒരു ദൗത്യവുമായാണ് തങ്ങള്‍ ഈ പ്രോജക്ട് ഏറ്റതെന്നും, സര്‍ക്കാര്‍ തീയേറ്ററുകള്‍ വിട്ടു തരുന്നില്ലെങ്കില്‍ തെരുവില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനങ്ങള്‍ നടത്തുകയെങ്കിലും ചെയ്യുമെന്ന് ജയന്തും ശ്രീകുമാറും ഉറപ്പിച്ചു പറയുന്നു.
ജീവിതത്തില്‍ സോഫിയയും റിച്ചാര്‍ഡും നേരിട്ടിട്ടുള്ള വെല്ലുവിളികളില്‍ ഒന്നുമാത്രമാണിത്. കൈവച്ച മേഖലകളിലെല്ലാം മികച്ചു നിന്നിട്ടുള്ള ഇരുവരും അഭിനയത്തിലും ഒട്ടും പിറകിലല്ലെന്ന് കണ്ടുനിന്നവര്‍ ഒന്നടങ്കം പറയുന്നുണ്ട്. ജോ തന്റെ മക്കളോടു പറയാറുള്ളതു പോലെ, ‘ഒരു ദിവസം സമൂഹം നിങ്ങളെത്തേടി നിങ്ങളുടെ പുറകേയെത്തുക തന്നെ ചെയ്യും.’