UPDATES

സിനിമ

ജീവിതമെന്ന തൊണ്ടിമുതല്‍; ദൃക്‌സാക്ഷികളായി നമ്മളും

എല്ലാം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന് ഭരണകൂടം നിങ്ങളെ ഭീഷണിപ്പെടുത്തുന്ന കാലത്ത് ഒരു രേഖകളുമില്ലാതെ ജീവിക്കുന്നവന്‍ ക്രിമിനല്‍ അല്ലാതെ മറ്റെന്താകും?

‘പോത്തേട്ടന്‍ ബ്രില്യന്‍സ്’ തുടരുകയാണ്. അത് പ്രേക്ഷകര്‍ കല്‍പ്പിച്ച് നല്‍കിയ ഒരു സോഷ്യല്‍മീഡിയ പരസ്യവാചകമല്ലെന്ന് ദിലീഷ് പോത്തനും സംഘവും വ്യക്തമാക്കുന്നു. മഹേഷിന്റെ പ്രതികാരം അതിന്റെ സൂക്ഷ്മമായ ജീവിത നിരീക്ഷണത്തിലൂടെയും ശുദ്ധമായ ആക്ഷേപഹാസ്യത്തിലൂടേയും വെളിവാക്കിയ ആ ബ്രില്യന്‍സ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന രണ്ടാമത്തെ ചിത്രത്തിലും ദിലീഷ് പോത്തന്‍ തുടരുന്നു, തീര്‍ത്തും വ്യത്യസ്തമായ ശൈലിയില്‍. മഹേഷിന്റെ പ്രതികാരത്തേക്കാള്‍ വളരെ ഗൗരവമായും ആഴത്തിലുമാണ് അത് ജീവിതത്തേയും രാഷ്ട്രീയത്തേയും സമീപിച്ചിരിക്കുന്നത്. തൊണ്ടി കിട്ടുക എന്നതും അതിന് സാക്ഷിയുണ്ടാവുക എന്നതും മാത്രമാണ് ആവശ്യം. യഥാര്‍ത്ഥത്തില്‍ നഷ്ടപ്പെട്ടതാണോ തിരിച്ച് കിട്ടുന്നത് എന്നത് അത് നഷ്ടപ്പെട്ടവരെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതിജീവനമാണ് പ്രശ്‌നം. അത് തന്നെയാണ് പ്രശ്‌നം എല്ലാവര്‍ക്കും. പ്രസാദിനും ശ്രീജയ്ക്കും കള്ളന്‍ പ്രസാദിനും പൊലീസുകാര്‍ക്കുമെല്ലാം. അവരുടെ ജീവിതമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. അതിജീവനം, കുടിയേറ്റം, മനുഷ്യാവകാശങ്ങള്‍, ജാതി എല്ലാം പ്രശ്‌നവത്കരിക്കപ്പെടുന്നു.

കുടിയേറ്റം കേവലം മാറ്റത്തിന് വേണ്ടിയോ സഞ്ചാര കൗതുകം കൊണ്ടോ തിരഞ്ഞെടുക്കുന്നവരല്ല ഭൂരിഭാഗം മനുഷ്യരും. ജീവിക്കാന്‍ വേണ്ടി സ്വന്തം ഇടങ്ങളില്‍ നിന്ന് ഓടിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നവരാണ് അവര്‍. പുറത്താക്കുന്നവരെ സംബന്ധിച്ച് ഒളിച്ചോട്ടവും ഓടിപ്പോകുന്നവരെ സംബന്ധിച്ച് ജീവിക്കാനുള്ള രക്ഷപ്പെടലുമാണ് അത്. എണസ്റ്റോ ഗുവേരയുടേയും സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനേഡോയുടേയും ലാറ്റിനമേരിക്കന്‍ സഞ്ചാരത്തിന്റെ അനുഭവം പറഞ്ഞ ചിത്രമാണ് വാള്‍ട്ടര്‍ സാലസിന്റെ മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. മുഖത്ത് കരിപുരണ്ട, ക്ഷീണിതരും കുടിയേറ്റക്കാരുമായ ദമ്പതി ഏണസ്റ്റോയോടും ആല്‍ബര്‍ട്ടോയോടും ചോദിക്കുന്നുണ്ട്: “നിങ്ങള്‍ എന്തിനാണ് യാത്ര ചെയ്യുന്നത്?” എന്ന്. ആ ചോദ്യത്തിന് മുന്നില്‍ അവര്‍ സ്തബ്ധരാകുന്നുണ്ട്. വെറുതെ യാത്രയ്ക്ക് വേണ്ടി മാത്രം എന്ന് മറുപടി നല്‍കുന്നുണ്ടെങ്കിലും ഏറെ അസ്വസ്ഥരാക്കുന്നുണ്ട് ആ ചോദ്യം ഇരുവരേയും. കാരണം ചോദ്യം ചോദിച്ചവര്‍ യാത്ര ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ സമൂഹങ്ങളിലും ഇത്തരം പ്രദേശാന്തര, പ്രവിശ്യാന്തര, രാജ്യാന്തര കുടിയേറ്റങ്ങള്‍ക്ക് മനുഷ്യര്‍ നിര്‍ബന്ധിതരാകുന്നുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍കൊണ്ട് സ്വന്തം പരിസരങ്ങള്‍ നഷ്ടപ്പെടുന്നവര്‍.

ആലപ്പുഴ ചേര്‍ത്തല തവണക്കടവ് സ്വദേശികളായ പ്രസാദും ശ്രീജയും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് പ്രണയിച്ച്‌ വിവാഹിതരാവുകയും നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം മൂലം കാസര്‍ഗോഡെത്തി താമസമാക്കുകയുമാണ്. ജാതി തന്നെയാണ് പ്രശ്‌നമാകുന്നത്. ഒട്ടുമിക്ക കുടിയേറ്റക്കാരേയും പോലെ കൃഷിയുടെ സാദ്ധ്യതകളാണ് അവര്‍ പ്രധാനമായും അന്വേഷിക്കുന്നത്. കിണര്‍ കുഴിക്കണം. കിണര്‍ കുഴിക്കാന്‍ പണം വേണം. അതിനായി രണ്ട് പവന്റെ കെട്ടുതാലിയെയാണ് അവര്‍ ആശ്രയിക്കുന്നത്. അത് പണയം വയ്ക്കാന്‍ തീരുമാനിക്കുന്നു. ഇത്തരമൊരു ആവശ്യത്തിന്റെ ഭാഗമായുള്ള ബസ് യാത്രയ്ക്കിടെ ഒരു കള്ളന്‍ മാല മോഷ്ടിക്കുകയും അത് വിഴുങ്ങുകയും ചെയ്യുന്നു. ബസിലുണ്ടായിരുന്നവര്‍ എല്ലാം ചേര്‍ന്ന് അയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിക്കുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

പ്രസാദ് എന്ന പേരുള്ള അല്ലെങ്കില്‍ അങ്ങനെയൊരു പേര് ഏറ്റെടുക്കുന്ന കള്ളനായി ഫഹദ് ഫാസില്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അത്രയ്ക്കും ഫ്‌ളെക്‌സിബിളായാണ് ഫഹദ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡോ യാതൊരു തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്ത മനുഷ്യനാണ് പ്രസാദ്. അയാള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ആകെയുള്ളത് ജീവിക്കാനുള്ള ആഗ്രവും നിറഞ്ഞ വിശപ്പും. കള്ളന്‍ പ്രസാദിനെ ഏതെങ്കിലും ഒരു പ്രദേശത്തുകാരനായി അവതരിപ്പിക്കാനാവില്ല. അയാള്‍ കുടിയേറ്റക്കാരനാണ്. അന്യ സംസ്ഥാന തൊഴിലാളിയാണ്. ചിലപ്പോള്‍ അയാള്‍ രാജ്യാതിര്‍ത്തികളെ തന്നെ അപ്രസക്തമാക്കും. മംഗലാപുരത്തെ ഒരു നൈറ്റ് കടയില്‍ പൊറോട്ടയടിയായിരുന്നു പണിയെന്നാണ് പ്രസാദ് പറയുന്നത്. തിരിച്ചറിയല്‍ കാഡില്ലാത്തതിനാലാണ് അയാള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. കര്‍ണാടകക്കാരെ സംബന്ധിച്ച് അയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്. ബംഗാളില്‍ നിന്നും ആസാമില്‍ നിന്നും വരുന്നവര്‍ നമുക്ക് അന്യസംസ്ഥാന തൊഴിലാളികളും, ജോലി തേടി മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറുന്ന നമ്മള്‍ നമുക്ക് സ്വാഭാവിക തൊഴിലാളികളുമാണല്ലോ.

എല്ലാം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന് ഭരണകൂടം നിങ്ങളെ ഭീഷണിപ്പെടുത്ത കാലത്ത് യാതൊരു തിരിച്ചറിയല്‍ രേഖയുമില്ലാതെ ജീവിക്കുന്നവന്‍ ക്രിമിനല്‍ അല്ലാതെ മറ്റെന്താകും? താന്‍ ആരാണെന്ന് പല തവണ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അത് മനസിലാകാത്തവര്‍ക്കോ അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നവര്‍ക്കോ മുന്നില്‍ അയാള്‍ക്ക് ചിലപ്പോളെങ്കിലും കള്ളനും പെരുംനുണയനുമായേ പറ്റൂ. സമൂഹത്തിന്റെ വേട്ടയാടലില്‍ നിന്ന് രക്ഷപ്പെടാനുള്ള കുടിയേറ്റം, ജോലിക്ക് വേണ്ടിയുള്ള കുടിയേറ്റം ഇതിനെയൊക്കെ ഈ അടുത്ത കാലത്ത് മലയാളത്തില്‍ രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം ഏറ്റവും റിയലിസ്റ്റികായി അവതരിപ്പിച്ചിരിക്കുന്നു.

മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്ന പയ്യനെ കണ്ട് നല്ല തട്ടാണല്ലോ എന്ന മട്ടില്‍ പൊലീസുകാര്‍ അതിനെ കുറിച്ച് പറയുമ്പോള്‍ പ്രസാദിന്റെ മറുപടി വലിയ നോവുണ്ടാക്കുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്കൊക്കെ നല്ല വിശപ്പായിരിക്കും എന്നാണ് അയാള്‍ പറയുന്നത്. അയാളുടെ ജീവിതാനുഭത്തിന്‍റെ പൊള്ളല്‍ ഓര്‍ത്തെടുത്താണ് നമ്മളെ അസ്വസ്ഥരാക്കുന്നത്. ഭക്ഷണത്തോടും ജീവിതത്തോടുമുള്ള വിശപ്പ് എന്ന മറ്റെന്തിനെക്കാളും വലിയ സാര്‍വദേശീയ സത്യം. ശ്രീജയേയും പ്രസാദിനേയും സംബന്ധിച്ച് താലി വളരെ വികാരപരവും പവിത്രവുമായി കരുതുന്ന ഒന്നാണെങ്കിലും അനുഭവങ്ങള്‍ അവരെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. പണയം വയ്ക്കാനോ വില്‍ക്കാനോ അതിലൂടെ പണം കണ്ടെത്താനോ സാധിക്കുന്ന വിപണി മൂല്യമുള്ള വസ്തു മാത്രമാണ് അതെന്നും മറ്റ് മാനങ്ങള്‍ അതിന് നല്‍കേണ്ട കാര്യമൊന്നും ഇല്ലെന്നും കുറച്ച് നേരത്തേക്കെങ്കിലും ജീവിതം അവരെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഫഹദിന്റെ പ്രസാദും അയാളെ വിടാതെ പിടികൂടുന്ന സുരാജിന്റെ പ്രസാദും വേട്ടക്കാരല്ല, ഇരകള്‍ മാത്രമാണ്. അവര്‍ക്ക് രണ്ട് പേര്‍ക്കും ജീവിക്കണം. കോടതിയില്‍ ശ്രീജയും പ്രസാദും കൊടുക്കുന്ന മൊഴികള്‍ എഎസ്‌ഐ ചന്ദ്രനേയും കള്ളന്‍ പ്രസാദിനേയും സംബന്ധിച്ച് പ്രധാനമാണ്. ഇരുവരും തങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

പൊലീസുകാരുടെ പ്രശ്‌നം സ്വാഭാവികമായും ശ്രീജയ്ക്കും പ്രസാദിനും മാല തിരിച്ച് കിട്ടുന്നതോ, അവരുടെ ജീവിതം രക്ഷപ്പെടുന്നതോ കുറ്റമോ സത്യമോ തെളിയുന്നതോ നീതിയോ ഒന്നുമല്ല. പകരം മേലധികാരികളേയും സമൂഹത്തേയും ചില കാര്യങ്ങള്‍ ബോധിപ്പിക്കലാണ്. അവരുടെ തൊഴില്‍സംബന്ധമായ നിലനില്‍പ്പിന്റെ പ്രശ്‌നമാണത്. തോന്നലുകളെ സത്യങ്ങളായും കാണാത്തവയെ കണ്ടവയായും പരാതിക്കാരെ പൊലീസുകാര്‍ ബോദ്ധ്യപ്പെടുത്തുന്നത് ഭീഷണിപ്പെടുത്തിയോ പേടിപ്പിച്ചോ ഒന്നുമല്ല. വളരെ മര്യാദയോടെയുള്ള ഇടപെടലുകളോടെയും ആവശ്യം സംബന്ധിച്ചുള്ള ബോദ്ധ്യപ്പെടുത്തലിലൂടെയുമാണ്. ഒത്തുതീര്‍പ്പുകളും അനുനയങ്ങളും സമരസപ്പെടലുകളും മാത്രം. സിഐയും എസ്‌ഐയുമെല്ലാം അവരുടെ കീഴുദ്യോഗസ്ഥരെ വിരട്ടുന്നതും അവര്‍ക്ക് പലതിനേയും പേടിക്കേണ്ടതുള്ളത് കൊണ്ടാണ്. പ്രതികളുടെ മേല്‍ അവര്‍ നടത്തുന്ന നിര്‍ദ്ദയവും ഭീകരവുമായ അധികാര പ്രയോഗങ്ങളും മര്‍ദ്ദന മുറകളുമെല്ലാം വ്യവസ്ഥിതി അവരെ പരിശീലിപ്പിച്ച ഭയപ്പെടാനും ഭയപ്പെടുത്താനും ഭയം വിതയ്ക്കാനുമുള്ള പരിശീലനത്തിന്റെ ഭാഗമാണ്. ഒട്ടും ശരീരത്തെ നോവിക്കാതെയും ബുദ്ധിമുട്ടിക്കാതെയും താന്‍ നടത്തിയ മോഷണത്തെ കുറിച്ച് കള്ളന്‍ പ്രസാദ് കൂടെയുള്ള തടവുകാരനോട് പറയുന്നുണ്ട്. പൊലീസുകാര്‍ തൊണ്ടി കിട്ടാന്‍ തന്റെ മേല്‍ നടത്തിയ പരാക്രമത്തെ കുറിച്ച് പറയുമ്പോളാണിത്. പൊലീസ് സ്റ്റേഷനിലെ കാലാവസ്ഥ മാറുന്നതും പൊലീസുകാരുടെ പെരുമാറ്റ രീതികള്‍ മാറുന്നതും തന്ത്രവും കൗശലവും അനുനയവും ഭീഷണിയും തമാശയും പരിഹാസവുമെല്ലാം വേഗത്തില്‍ മാറി മറയുന്നതും കാണാം.

അലന്‍സിയര്‍ ഒഴികെയുള്ളവരെല്ലാം ഒറിജിനല്‍ പൊലീസുകാര്‍ തന്നെയാണ്. എല്ലാവരും സ്വാഭാവികമായി ബിഹേവ് ചെയ്യുന്നു. ആക്ഷന്‍ ഹീറോ ബിജു പോലുള്ള ചിത്രങ്ങളിലെ പോലെ പൊലീസുകാരെ ഗ്‌ളോറിഫൈ ചെയ്യാനോ ആദര്‍ശവത്കരിക്കാനോ വീരവാദങ്ങള്‍ക്കോ ഒന്നും ശ്രമിക്കുന്നില്ല. എല്ലാവരും തങ്ങളുടേതായ കാപട്യങ്ങളും നന്മകളും കുരുട്ട് ബുദ്ധിയും പേടിയും എല്ലാമുള്ള സാധാരണ മനുഷ്യര്‍. ഈ അടുത്ത് മലയാള സിനിമയില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ഇതിന് മുമ്പ് റിയലിസ്റ്റികായി അവതരിപ്പിച്ചത് ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത് എന്ന ചിത്രത്തിലാണ്. അതിലും മനോഹരമായി ദിലീഷ് പോത്തനും സംഘവും പൊലീസ് സ്റ്റേഷനകത്തേയ്ക്ക് കടന്നുചെല്ലുന്നു. കാസര്‍ഗോഡ് ആദൂര്‍ സിഐ സിബി.കെ.തോമസാണ് ഇവിടെ സ്‌റ്റേഷന്‍ എസ്‌ഐ. സിബി തോമസിനെ സംബന്ധിച്ച് ഒരു ക്യാമറ മുന്നിലുണ്ട് എന്നത് മറന്ന് കളയുക എന്നത് മാത്രമാണ് ഇവിടെ വേണ്ടിയിരുന്നത്. സിബി അത് മറന്നിരിക്കുന്നു. സ്‌റ്റേഷനിലെ റൈറ്ററേയും മറ്റ് പൊലീസുകാരേയും അവരുടെ പെരുമാറ്റ രീതികളേയുമെല്ലാം ഒട്ടും സിനിമാറ്റിക്കല്ലാതെ അവതരിപ്പിച്ചിരിക്കുന്നു. പല സിനിമകളിലും കാണുന്ന പൊലീസ് വേഷങ്ങള്‍ വെറും ഹാസ്യകഥാപാത്രങ്ങളായി അനുഭവപ്പെടും ഇത് കാണുമ്പോള്‍.

സാധാരണ ജീവിതത്തിലെ പ്രത്യേകം ശ്രദ്ധിക്കാത്ത ചെറിയ ചെറിയ കാര്യങ്ങളും പെരുമാറ്റരീതികളുമെല്ലാം വളരെ സ്വാഭാവികമായി അവതരിപ്പിക്കുന്നു. വര്‍ഗീയ ധ്രുവീകരണം ഏറെ ശക്തമായ കാസര്‍ഗോഡിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ ചുവരെഴുത്തിലൂടെയും കൊടി തോരണങ്ങളിലൂടെയും, യാതൊരു കോലഹാലങ്ങളുമില്ലാതെ അവതരിപ്പിക്കുന്നുണ്ട്. സാമുദായിക സംഘര്‍ഷങ്ങള്‍ കൊണ്ട് വളരെ സെന്‍സിറ്റീവായ പ്രദേശത്തും സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങള്‍ക്കും പ്രയോറിറ്റികള്‍ക്കും മാറ്റമൊന്നുമില്ല. കൃഷി ചെയ്യാനും വെള്ളം കിട്ടാനും കിണര്‍ കുഴിക്കേണ്ടി വരും. അതിന് പണം കണ്ടെത്താനായി മാല പണയം വയ്‌ക്കേണ്ടിയോ വില്‍ക്കേണ്ടിയോ വന്നേക്കാം.

കാസ്റ്റിംഗിലെ മികവ് മഹേഷിന്റെ പ്രതികാരത്തിലെ പോലെ തൊണ്ടിമുതലിലും ദിലീഷ് പോത്തനും സംഘവും പുലര്‍ത്തുന്നുണ്ട്. എസ്‌ഐയും സിഐയും മറ്റ് പൊലീസുകാരുടെയുമെല്ലാം തിരഞ്ഞെടുപ്പുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. നേരത്തെ ചെറിയ വേഷങ്ങളിലും ഹാസ്യസ്വഭാവമുള്ള കഥാപാത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്ന നടനാണ് വെട്ടുകിളി പ്രകാശ്. ശ്രീജയുടെ അച്ഛനായുള്ള പ്രകാശിന്റെ പെര്‍ഫോമന്‍സ് മികവുറ്റതാണ്. അതുപോലെ തവണക്കടവിലെ സ്ത്രീകള്‍. സുരാജ് വെഞ്ഞാറമ്മൂട് ഭദ്രമായ അണ്ടര്‍ ആക്ടിംഗിലൂടെ പോകുന്നുണ്ടെങ്കിലും സുരാജ് പല ചിത്രങ്ങളിലും അവതരിപ്പിച്ചിട്ടുള്ള ശുദ്ധനും നിഷ്കളങ്കനുമായ മനുഷ്യന്‍റെ സ്വഭാവ ചേഷ്ടകള്‍ അല്‍പ്പം സ്റ്റീരിയോ ടൈപ്പ് ആയി ചില രംഗങ്ങളിലെങ്കിലും മാറുന്നുണ്ട്. ശ്രീജയായി അഭിനയിക്കുന്ന പുതുമുഖം നിമിഷ സജയന്‍ കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ അലന്‍സിയറിന്‍റെ പൊലീസ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തീര്‍ത്തും വ്യത്യസ്തനായ മറ്റൊരു പൊലീസുകാരനാണ് അലന്‍സിയറിന്‍റെ എഎസ്ഐ ചന്ദ്രന്‍ ഇവിടെ. തമാശയും പുച്ഛവും ക്രൌര്യവും സഹതാപവും ദൈന്യതയും വളരെ വേഗത്തില്‍ അയാളുടെ മുഖത്ത് മാറിമറയുന്നു. സ്വന്തം ജോലിയേയെയും നിലനില്‍പ്പിനെയും കുറിച്ചുള്ള ആശങ്കളും ഭയവും അതിനായി ഉപയോഗിക്കുന്ന കൌശലങ്ങളും അനുനയ ശ്രമങ്ങളും എല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. മഹേഷിന്‍റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയുടെ ശരീരത്തില്‍ നിന്നും സ്വഭാവ ചേഷ്ടകളില്‍ നിന്നും പൂര്‍ണമായും അലന്‍സിയര്‍ മോചനം നേടിയിട്ടുണ്ട്. ഓരോരുത്തരും സാധാരണ ജീവിത പരിസരങ്ങളില്‍ നിന്ന് പകര്‍ത്തപ്പെട്ടവര്‍.

മലയാള സിനിമയ്ക്ക് ഒരു മികച്ച തിരക്കഥാകൃത്തിനെ കൂടി ലഭിച്ചിരിക്കുന്നു – സജീവ് പാഴൂര്‍. ശ്യാം പുഷ്‌കരനെന്ന സമര്‍ത്ഥനായ രചയിതാവിന്റെ സാന്നിദ്ധ്യം ക്രിയേറ്റീവ് ഡയറക്ടറെന്ന നിലയില്‍ ചിത്രത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാകുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാട്ടോഗ്രാഫര്‍മാരില്‍ ഒരാളും സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളിലും പ്രതിഭയും പെര്‍ഫക്ഷനും വെളിവാക്കാന്‍ കഴിഞ്ഞിട്ടുള്ളയാളുമായ രാജീവ് രവി, ഇവിടെ എല്ലാം കണ്ട് പകര്‍ത്തി വയ്ക്കുന്ന ഇന്‍വിസിബിള്‍ പവറായി ഒളിഞ്ഞിരിപ്പുണ്ട്. കാസര്‍ഗോഡെ വരണ്ട ഭൂപ്രദേശത്തിന്റെ ചൂടും പൊള്ളുന്ന വെയിലുമെല്ലാം അനുഭവവേദ്യമാക്കാന്‍ രാജീവ് രവിയുടെ ക്യാമറയ്ക്കും അതിന്റെ അനുയോജ്യമായ കളര്‍ടോണിനും കഴിയുന്നുണ്ട്. പോത്തേട്ടന്‍ ബ്രില്യന്‍സ് ഇനിയും പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും പറയുന്നത്’. മലയാള സിനിമ വീണ്ടും പക്വത നേടുന്നുണ്ട്, രാജീവ് രവിയേയും ദിലീഷ് പോത്തനേയും പോലുള്ളവരിലൂടെ.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍