UPDATES

സിനിമ

ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിളില്‍ ഇന്ത്യന്‍ സൈന്യത്തിന് എന്ത് കാര്യം?

ഏജന്റ് ഏഥന്‍ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്. ലോകത്തെ ‘രക്ഷിക്കാ’നാണ് പതിവ് പോലെ ഏഥന്‍ ഹണ്ട് ഇന്ത്യയിലേയ്ക്കും വരുന്നത്.

ടോം ക്രൂസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മിഷന്‍ ഇംപോസിബിള്‍ – ഫാള്‍ ഔട്ടില്‍ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കാശ്മീരില്‍ കഥ നടക്കുന്നു എന്നത് തന്നെ കാരണം. ചിത്രത്തിന്റെ തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെ പല ഘട്ടങ്ങളിലായി ഇന്ത്യയും ഇന്ത്യന്‍ സൈന്യവും കാശ്മീരും കടന്നുവരുന്നു. ഏജന്റ് ഏഥന്‍ ഹണ്ട് ആയി ടോം ക്രൂസ് എത്തുന്ന മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്. ലോകത്തെ രക്ഷിക്കാനാണ് പതിവ് പോലെ ഏഥന്‍ ഹണ്ട് ഇന്ത്യയിലേയ്ക്കും വരുന്നത്.

എന്നാല്‍ ഇത്രയൊക്കെയാണെങ്കില്‍ പോലും ചിത്രത്തിലെ ഒരു രംഗം പോലും ഇന്ത്യയില്‍ ചിത്രീകരിച്ചിട്ടില്ല. ന്യൂസിലാന്റിലെ ഒരു താഴ്‌വരയാണ് കാശ്മീര്‍ ഗ്രാമമാക്കി കലാസംവിധായകര്‍ മാറ്റിയെടുത്തത്. കാശ്മീരില്‍ പകര്‍ച്ചവ്യാധി പടരുന്നതായി ചിത്രം പറയുന്നു. ലോകത്തെ രക്ഷിക്കാനായി ഏഥന്‍ ഹണ്ടും ടീമും അതിര്‍ത്തി കടന്ന് കാശ്മീരിലെത്തുന്നു. കാശ്മീരിലെ ദൈനംദിന ജീവിതം ചിത്രീകരിച്ചിട്ടുണ്ട്.

ക്രിസ്റ്റഫര്‍ മക്വാറിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ സീരിസില്‍ രണ്ട് ചിത്രം സംവിധാനം ചെയ്യുന്ന ഒരേയൊരു സംവിധായകനായിരിക്കുകയാണ് മക്വാറി. മിഷന്‍ ഇംപോസിബിളിന്റെ അഞ്ചാം ഭാഗമായ റോഗ് നാഷന്‍ (2015) സംവിധാനം ചെയ്തതും മക്വാറി തന്നെ. ഈ ചിത്രം നിര്‍മ്മിച്ചതും മക്വാറിയാണ്. ഇന്ത്യയില്‍ തന്നെ ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ അനുമതി കിട്ടാത്തതുകൊണ്ട് ന്യസിലാന്റിലേയ്ക്ക് പോവുകയായിരുന്നു എന്നും സംവിധായകന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. ഹെലികോപ്റ്റര്‍ ചേസ് രംഗം ചിത്രീകരിക്കാനുള്ള അനുമതി ന്യൂസിലാന്റില്‍ മാത്രമാണ് കിട്ടിയതെന്നും ക്രിസ്റ്റഫര്‍ മക്വാറി പറയുന്നു. ടോം ക്രൂസിനെ കൂടാതെ സൈമണ്‍ പെഗ്, റബേക്ക ഫെര്‍ഗൂസണ്‍, അലക് ബാല്‍ഡ്‌വിന്‍, മിഷേല്‍ മൊനാഗന്‍, സീന്‍ ഹാരിസ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. കൂടാതെ പുതുതായി ഹെന്‍ട്രി കാവിലും വനേസ കിര്‍ബിയും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍