UPDATES

സിനിമ

തീവണ്ടി; ഒരു ലളിത സുന്ദര ഗ്രാമീണ ചിത്രം, അല്പം രാഷ്ട്രീയവും

തീവണ്ടിയെന്ന് വിളിപ്പേര് കിട്ടും വിധം ഒരു ചെയിൻസ്മോക്കറായി ജീവിക്കുന്ന ബിനീഷ് ദാമോദരൻ എന്ന ‘പുകഞ്ഞ കൊള്ളി’യായി ടൊവിനോ തോമസ് അസാധ്യമായ അഭിനയമാണ് കാഴ്ചവെക്കുന്നത്.

വിഖ്യാത ചിത്രകാരനായ പാബ്ളോ പിക്കാസോ ജനനസമയത്ത് ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ടപ്പോൾ പ്രിയപ്പെട്ടവരാരോ നവജാതശിശുവായ പിക്കാസോയുടെ കുഞ്ഞുമുഖത്തേക്ക് സിഗരറ്റിന്റെ പുകയൂതിയാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചതെന്ന ചരിത്രത്തെ ആപ്തവാക്യമായി സ്വന്തം ജീവിതത്തോടു ചേർത്തു വെച്ചാണ് ബിനീഷ് ദാമോദരൻ എന്ന ഇരുപത്തിയേഴുകാരൻ പുകച്ചു പുകച്ച് തീവണ്ടിയായ തന്റെ ജീവിതകഥ പറഞ്ഞു തുടങ്ങുന്നത്. പിറവി സമയത്തെ മരണ വക്കിൽ നിന്നും പുകവലിയുടെ പുക പ്രഥമ ശുശ്രൂഷയായി നൽകി തന്റെ ജീവനും ജീവിതവും വീണ്ടെടുത്ത അമ്മാവനാണ്‌ ബിനീഷിന്റെ എന്നത്തേയും മാതൃകാ ഗുരു.

ഞങ്ങൾ പുകവലിക്കാരെന്താ ഈ രാജ്യത്തെ പൗരന്മാരല്ലേയെന്നും, താടിയും മുടിയും നീട്ടി പാട്ടും കൂത്തുമായി നടക്കുന്ന ചെറുപ്പക്കാരെങ്ങിനെയാണ് ആന്റി- സോഷ്യലായി ചാപ്പ കുത്തുന്നതെന്നും തുടങ്ങി സമകാലിക പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് തീവണ്ടി എന്ന ചിത്രം രാഷ്ട്രീയം പറയുന്നുണ്ട്. ഭക്ഷണം, വസ്ത്രം, വിനോദം, ലൈഫ് സ്റ്റൈൽ തുടങ്ങി വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് നേരെയുള്ള കയ്യേറ്റത്തിന്റെയും, വിലക്കുകളുടേയും, നിരോധനത്തിന്റെയും മാരകമായ രീതിയിലേക്ക് ജനാധിപത്യവിരുദ്ധമായി തീരുന്ന സ്റ്റേറ്റിനെയും, മൊറാലിറ്റിയേയും പ്രശ്നവത്ക്കരിക്കുന്ന ഒരു ചിത്രമാണ് തീവണ്ടി എന്ന് സൂക്ഷ്മവായനയിലൂടെ അടിവരയിട്ടു പറയാം.

വിശ്വപ്രസിദ്ധ സംവിധായകനായ ഫെഡറികോ ഫെല്ലിനിയുടെ അതേ നാമധേയമുള്ള ഫെല്ലിനി ടി.പി. എന്ന യുവചലച്ചിത്രകാരന്റെ പ്രഥമ ചിത്രമായ തീവണ്ടി നമ്മുടെ പതിവു ഗ്രാന്റ് നരേറ്റീവ് സിനിമകളിൽ നിന്നും ആഖ്യാനത്തിലും, പ്രമേയ പരിചരണത്തിലും തെന്നി മാറി സഞ്ചരിക്കുന്ന ഒരു കൊച്ചു ചിത്രമാണ്. പുള്ളിനാട് എന്ന ഗ്രാമത്തിലെ മനുഷ്യരുടെ പച്ചയായ സാമൂഹിക-കുടുംബ ജീവിത പരിസരത്തെ നേരിനേയും നെറികേടിനേയും ബിനീഷ് എന്ന ചെറുപ്പക്കാരന്റെ പുകവലിഭ്രാന്തിന്റെ പശ്ചാത്തലത്തിൽ പൊടിപ്പും തൊങ്ങലുമില്ലാതെ പറയുന്ന ഈ സിനിമ ഗ്രാമം നന്മകളാൽ സമൃദ്ധമെന്ന കെട്ടുകഥയുടെ കൂടി കഥകഴിക്കുന്നുണ്ട്.

കാമുകിയുടെ ചുംബനം പോലും പുകവലി ശീലത്തിനു മുന്നിൽ ‘ബലി’കഴിക്കുന്ന ബിനീഷ് പതിയെ “സിഗരറ്റ് വലിക്കുന്നത് ബിനീഷാണ്, അല്ലാതെ സിഗരറ്റ് ബിനീഷിനെ വലിക്കുകയല്ല”എന്ന ആത്മനിയന്ത്രണത്തിലേക്കും തുടർന്ന് പുകവലി തന്നെ ഉപേക്ഷിക്കുന്നതിലേക്കും എത്തുന്ന നൂറ്റി നാല്പത് മിനിറ്റ് നീണ്ടു നിൽക്കുന്ന കഥാഗതിയിൽ ഉരുത്തിരിയുന്ന നുറുങ് ചിരിയും, പൊളിറ്റിക്കൽ സറ്റയറും അനുബന്ധ ട്വിസ്റ്റുകളും ചേർന്നതാണ് ‘തീവണ്ടി’യെന്ന് ചുരുക്കിപ്പറയാം.

ബിനീഷിന്റെ പുകവലി ശീലം, കളിക്കൂട്ടുകാരിയായി വളർന്ന ദേവിയോടുള്ള പ്രണയം, പ്രാദേശിക രാഷ്ട്രീയത്തിലെ അധികാര വടംവലികൾ എന്നിങ്ങനെ മൂന്ന് ഏരിയകളിലൂടെ വികസിക്കുന്ന ഈ ചിത്രം ഹൃദ്യമായ ചിരിയാല്‍ ഒന്നാം പകുതിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. പക്ഷേ, ആക്ഷേപ ഹാസ്യത്തിനു വേണ്ടിയുള്ള ബോധപൂർവ്വ ശ്രമമെന്ന് തോന്നിപ്പിക്കുന്ന കക്ഷിരാഷ്ട്രീയവും, മനുഷ്യചങ്ങലയും,കോമിക് നേതാക്കളും, മത്സരവും,ബ്ലൂ വെയിൽ ഗെയിമും, അനുബന്ധ അപകടവുമെല്ലാം ചേർന്നപ്പോൾ രണ്ടാം പകുതിയിലെ ചില ഭാഗങ്ങൾ നിരാശ സമ്മാനിച്ചു എന്ന് പറയാതെ വയ്യ.

ബി.എസ്.സി.എൽ എന്ന പാർട്ടിയുടെ നേതാവായ സുരഭിലക്ഷ്മിയുടെ കഥാപാത്ര നിർമ്മിതിയിലൂടെ നമ്മുടെ വനിതാ രാഷ്ട്രീയ നേതാക്കന്മാർ വിവരവും വിദ്യാഭ്യാസവുമില്ലാത്ത “കൺട്രി ഫെല്ലോ”യാണെന്ന ടിപ്പിക്കൽ പൊതു ബോധത്തെ ഒന്നു കൂടി ഉറപ്പിക്കുന്നുമുണ്ട്. രഞ്ജി പണിക്കർ – രഞ്ജിത്ത് ചിത്രങ്ങളിൽ സ്ഥിരം മഹിളകളായ നേതാക്കളെ അപഹസിക്കുന്ന സ്റ്റിരിയോടൈപ്പ് ശൈലി ഒരു പുതുമുഖ സംവിധായകൻ പിന്തുടരുന്നത് ഒട്ടും ശുഭകരമായ കാഴ്ചയല്ല.

ബിനീഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനലരികിൽ രാത്രിയിൽ ‘അസമയത്ത്’ നിർഭയം കോണി വെച്ച് കയറി വന്ന് പ്രണയാർദ്രതയോടെ ഇഷ്ടത്തോടെ സംസാരിക്കാനും, തൊടാനും കാമുകിയായ ദേവി ചങ്കൂറ്റപ്പെടുന്ന തരത്തിലുള്ള പുതുമയും കരുത്തുമുള്ള രംഗങ്ങള്‍ക്കൊണ്ട് കയ്യടി നേടുമ്പോള്‍ ഈ ചിത്രത്തിന്റെ ടോട്ടാലിറ്റിയോട്, സ്ത്രീപക്ഷ രാഷ്ട്രീയത്തോട് മേൽച്ചൊന്ന വാർപ്പുമാതൃകകൾ മുഖം തിരിച്ചു നിൽക്കുന്നു. വൈകാരിക ക്ഷോഭത്തിൽ ഒരു വേള തന്റെ പ്രിയപ്പെട്ടവളുടെ മുഖത്തടിച്ചതിൽ അത്രമേൽ ഇഷ്ടത്തോടെ, ചങ്ക് പൊട്ടി മാപ്പു പറയുന്ന ഒരു നായകൻ തീർച്ചയായും നമ്മുടെ കാലത്തെ സിനിമയിലെ ഒരു പുതിയ കാഴ്ച്ചയും, കാഴ്ചപ്പാടുമാണ് മുന്നോട്ട് വെക്കുന്നത്.

രണ്ടാം ഭാഗത്തെ തിരക്കഥയിലെ, പാത്ര നിർമ്മിതിയിലെ അതിശയോക്തിപരമായ ചില ചേരുംപടി ചേരാത്ത ട്വിസ്റ്റുകൾ മാറ്റി നിർത്തിയാൽ തീവണ്ടി പൊതുവെ കണ്ടിരിക്കാവുന്ന ചിത്രമായി വിലയിരുത്താം. തീവണ്ടിയെന്ന് വിളിപ്പേര് കിട്ടും വിധം ഒരു ചെയിൻസ്മോക്കറായി ജീവിക്കുന്ന ബിനീഷ് ദാമോദരൻ എന്ന, സ്നേഹിതനേ എന്ന് നീട്ടിവിളിക്കാൻ തോന്നുന്ന ‘പുകഞ്ഞ കൊള്ളി’യായി ടൊവിനോ തോമസ് അസാധ്യമായ അഭിനയമാണ് കാഴ്ചവെക്കുന്നത്. പുകയും ചങ്ങാത്തവും, പ്രണയവും നിറഞ്ഞ കൗമാരവും, യുവത്വവും സ്വാഭാവികമായ വേഷപ്പകർച്ചയിലൂടെ ടോവിനോ അത്രമാത്രം പ്രിയപ്പെട്ടവനായി തീവണ്ടിയുടെ പ്രധാന ആകർഷക ഘടകമായി തീരുന്നുണ്ട്. വ്രീളാവിവശയും നമ്രമുഖിയ്ക്കുമപ്പുറം അഭിപ്രായ സ്വാതന്ത്ര്യവും, അവകാശബോധമുള്ള സ്വതന്ത വ്യക്തിയാണ് പുതിയ കാലത്തെ പെൺകുട്ടിയെന്ന് ഉദാഹരിക്കാവുന്ന കഥാപാത്രമായ ദേവിയായി സംയുക്ത മേനോനും സ്വാഭാവികാഭിനയത്തിന്റെ പൂർണതയെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാണ് വിനി വിശ്വലാലിന്റെ തിരക്കഥയിൽ ഫെല്ലിനി ടി.പി.സംവിധാനം ചെയ്ത തീവണ്ടി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മഹമ്മൂദ് മൂടാടി

മഹമ്മൂദ് മൂടാടി

കോളമിസ്റ്റ്, കോഴിക്കോട് സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍