UPDATES

സിനിമ

മോഹനേട്ടന്‍; വികെ ശ്രീരാമന്‍ എഴുതുന്നു

പക്വത മോഹനേട്ടന് തെല്ലേറിപ്പോയോ എന്ന് എനിയ്‌ക്കെപ്പോഴും തോന്നും

അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനനെക്കുറിച്ച് അടുത്ത സുഹൃത്തും നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ എഴുതിയത്.

പണ്ടുപണ്ട് കുറ്റിയില്‍ രാമന്‍ എന്ന യുവ അദ്ധ്യാപകന് വേണ്ടി കല്ലായില്‍ മാക്കുണ്ണിയുടെ മകള്‍ ഭാര്‍ഗവിക്ക് ഒരു വിവാഹാലോചന വന്നു. ദല്ലാളായ പന്തായില്‍ വേലായുധന്‍ ഒരു സൈക്കിളിലാണ് മാക്കുണ്ണിയുടെ വീട്ടിലെത്തിയത്. സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് അയാള്‍ പൂമുഖത്തേയ്ക്ക് കയറി. മാക്കുണ്ണിക്ക് കാര്യങ്ങളൊക്കെ ബോധിച്ചു. ഇനി വേണ്ടപ്പെട്ടവരൊക്കെ വന്ന പെണ്ണ് കാണട്ടെ എന്ന് പറഞ്ഞ് ദല്ലാളെ യാത്രയാക്കി.

വേലായുധന്‍ പുറത്തിറങ്ങിയപ്പോള്‍ സൈക്കിള്‍ കാണാനില്ല. കുറച്ച് നേരം കഴിഞ്ഞിട്ടും ദല്ലാള്‍ പോകുന്നില്ല എന്ന് കണ്ടപ്പോള്‍ മാക്കുണ്ണി പുറത്ത് വന്ന് ചോദിച്ചു: “എന്താ ഇനിയെന്തെങ്കിലും അറിയാനുണ്ടോ?”

“അതൊന്നുമല്ല കാര്യം ഞാന്‍ വന്ന സൈക്കിള്‍ ഈ മുറ്റത്ത് വച്ചിരുന്നതാ, അതിപ്പൊ കാണാനില്ല”.

വേലായുധന്‍ അത് പറഞ്ഞുതീരുമ്പോഴേക്കും പത്ത് പതിനാല് വയസായ ഒരു പെണ്‍കുട്ടി ആ സൈക്കിളില്‍ കയറി ചവിട്ടിക്കൊണ്ട് വരുന്നു. അത് സ്റ്റാന്‍ഡില്‍ വച്ചിട്ട് പെണ്‍കുട്ടി വേലായുധനോട്: “ബ്രേക്കൂല്യ ബല്ലൂല്ല്യ ഇങ്ങളെങ്ങന്യാ ഇതുമ്മ കേറി പോണത്?”

മാക്കുണ്ണി ചിരിച്ചുകൊണ്ട് വേലായുധനോട് പറഞ്ഞു:
“ആ, ഇവളാണ് പെണ്‍കുട്ടി, രാമന്‍ മാഷ്‌ക്ക് ഇബളെ പിടിയ്‌ക്കോ അറീല്ല. എട്ടും പൊട്ടും തിരിയാത്ത ജാത്യാ. ഒന്നേ ഉള്ളു എന്നതോണ്ട് ലാളന അല്‍പ്പം കൂടി”.

ഭാര്‍ഗവിയും രാമന്‍ മാഷും തമ്മിലുള്ള കല്യാണം നടക്കാത്തതിന്റെ കാരണം അതായിരുന്നുവെന്ന് എന്റെ അമ്മമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. നടക്കാത്തത് നടക്കാത്തത് നന്നായി എന്നെനിക്കും തോന്നി. തോന്നാന്‍ കാരണം ആ കല്യാണം നടന്നിരുന്നെങ്കില്‍ ഞാനും മോഹനേട്ടനും ഉണ്ടാവുമായിരുന്നില്ലല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. മോഹനേട്ടന്റെ അച്ഛന്‍ രാമന്‍ മാസ്റ്റര്‍ക്കും എന്റെ അമ്മ ഭാര്‍ഗവിക്കും ഈ കഥ അറിയാമായിരുന്നു. ഞാനീ കഥ ഓര്‍മ്മിപ്പിക്കുമ്പോളെല്ലാം രാമന്‍ മാസ്റ്റര്‍ കുലുങ്ങിച്ചിരിക്കും.

അശ്വത്ഥാമാവ് തൃശൂര്‍ രാഗം തീയറ്ററില്‍ പ്രിവ്യൂ കാണിച്ച ദിവസമാണ് ഞാന്‍ മോഹനേട്ടനെ നേരിട്ട് കാണുന്നത്. പിടി കുഞ്ഞുമുഹമ്മദും പവിത്രനും കെഎന്‍ ശശിധരനുമെല്ലാം ഉണ്ടായിരുന്നു അന്നവിടെ. അന്നുതൊട്ടുള്ള ഒരു സഹോദരബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്.

സെന്റ് തോമസ് കോളേജില്‍ പഠിക്കുന്ന കാലത്ത് സത്യന്റെ സ്റ്റൈലില്‍ നാടകങ്ങളില്‍ അഭിനയിച്ച് ശ്രദ്ധേയനായിത്തീര്‍ന്നിരുന്നു മോഹനേട്ടനെന്ന് കുഞ്ഞുമുഹമ്മദ് പറയാറുണ്ട്. കുഞ്ഞുമുഹമ്മദാവട്ടെ, പ്രേംനസീര്‍ ആവാനും ശ്രമിച്ചുവത്രേ. അക്കാലത്ത് നാടകനടന്മാരില്‍ അവരുടെ ആരാധനാപാത്രം തൃശൂരിലെ സിഐ പോള്‍ ആയിരുന്നു. ആ കാലവും ശീലവുമൊന്നും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരിച്ചെത്തിയ മോഹനേട്ടനില്‍ തെല്ലും കണ്ടില്ലെന്ന് കുഞ്ഞുമുഹമ്മദ് എപ്പോഴും പറയും.

പക്വത മോഹനേട്ടന് തെല്ലേറിപ്പോയോ എന്ന് എനിയ്‌ക്കെപ്പോഴും തോന്നും. അതിന് കാരണം തന്റെ സിനിമകളുടെ പബ്ലിസിറ്റികളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനുള്ള മോഹനേട്ടന്റെ ശ്രമമായിരുന്നു. പത്രങ്ങള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കാനും ടിവിയില്‍ പ്രത്യക്ഷപ്പെടാനും വിമുഖനാണ് അദ്ദേഹം. ഒരു കൃഷിക്കാരന്‍ അല്ലെങ്കില്‍ സര്‍ക്കാരുദ്യോഗസ്ഥന്‍ ഈ വേഷങ്ങളോടാണ് മോഹനേട്ടന് താല്‍പര്യം. സിനിമ ആള്‍ക്കാരെ കാണിക്കാനുള്ളതല്ലേ. ഒരു കമേഴ്‌സ്യല്‍ റിലീസിനെ പ്റ്റി ആലോചിക്കാത്തതെന്താണ്, അശ്വത്ഥാമാവും സ്വരൂപവും പുരുഷാര്‍ത്ഥവുമൊന്നും ആള്‍ക്കാര് കാണണം എന്ന് എന്തുകൊണ്ടാണ് തോന്നാത്തത്, ഞാന്‍ ചോദിക്കാറുണ്ടായിരുന്നു. മറുപടി മൗനവും പതിവ് ചിരിയും.

ഞാന്‍ പുരുഷാര്‍ത്ഥത്തിന്റെ പ്രൊഡക്ഷന്‍ മാനേജറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കറ്റ മെതിക്കാനും ഞാറ് നടാനുമുള്ള സ്ത്രീകളെ വിളിച്ചുകൂട്ടാന്‍ ഞാന്‍ ഓടി നടക്കുമ്പോള്‍ മോഹനേട്ടന്‍ പറയും ശ്രീമോന് ആ വക കാര്യത്തില്‍ വലിയ ഉത്സാഹമാണ്.

ഉപ്പ് എന്ന സിനിമയുടെ തിരക്കഥയെഴുതാന്‍ വളരെ പണിപ്പെട്ടാണ് ഞാന്‍ തിരുവനന്തപുരത്ത് ചെന്ന് മോഹനേട്ടനെ കൂട്ടിക്കൊണ്ടുവന്നത്. തിരക്കഥ പൂര്‍ത്തിയാക്കാതെ സംവിധായകന്‍ പവിത്രന്‍ പത്‌നി ക്ഷേമാവതിയുടെ കൂടെ പാരീസ് പര്യടനത്തിന് പോയ സമയത്തായിരുന്നു അത്. പ്രൊഡ്യൂസറായ റഹീം വക്കീലിന് വലിയ പരിഭ്രമമായി. പവി തിരിച്ചെത്തിയാല്‍ നമ്മള്‍ എന്ത് തിരക്കഥ വച്ചാണ് ഷൂട്ട് ചെയ്യുക എന്ന് അദ്ദേഹം ചോദിച്ചു.

അങ്ങനെയാണ് തിരുവനന്തപുരത്ത് ചെന്ന് മോഹനേട്ടനെ കൂട്ടിക്കൊണ്ടുവന്നത്. തിരക്കഥ പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ മോഹനേട്ടന്‍ എന്നെയും റഹീമിനേയും വിളിച്ച് ഒരു സ്വകാര്യം പറഞ്ഞു: “ഒരു പ്രത്യുപകാരം ചെയ്യണം, ക്രെഡിറ്റ് ടൈറ്റിലില്‍ തിരക്കഥ കെആര്‍ മോഹനന്‍ എന്ന് വയ്ക്കരുത്, റഹീം എന്നോ പവിത്രന്‍ എന്നോ വച്ചോളൂ”. എന്തേ അന്നങ്ങനെ പറയാന്‍ കാരണമെന്ന് ചോദിക്കുമ്പോളും പതിവ് ചിരിയും ചിരിച്ച് മോഹനേട്ടന്‍ പറയും: “ശ്രീമോനേ, നമുക്ക് ഒരു സിനിമ കൂടി ചെയ്യണ്ടേ?”

(കെആര്‍ മോഹനന്റെ സിനിമകളെ കുറിച്ചുള്ള ഡോ. സി എസ് വെങ്കിടേശ്വരന്റെ സമാന്തര യാത്രകള്‍ എന്ന പുസ്തകത്തിന്റെ ആമുഖം)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍