UPDATES

സിനിമ

ഉണ്ടയിലെ ബിജുകുമാറാകാന്‍ ഖാലിദ് റഹ്മാന്‍ പറഞ്ഞത് നൂറു സിംഹാസനങ്ങള്‍ വായിക്കാനാണ്: ലുക്മാന്‍/ അഭിമുഖം

മമ്മൂട്ടി എന്ന നടന്റെ ആരാധകനായിരുന്ന എനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടയില്‍ കിട്ടി

“എന്റെ ചോര മുഴുവന്‍ തലയ്ക്കകത്തു കയറി. കണ്ണുകളില്‍, കാതുകളില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചൂടുള്ള ചോര ഇരച്ചു പാഞ്ഞു. മറ്റുള്ളവരും ആ ചോദ്യം കൊണ്ട് വല്ലാതെ ഉന്മേഷവാന്മാരായി എന്നു കസേരകള്‍ അനങ്ങിയതിലൂടെ ഞാന്‍ മനസിലാക്കി. ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായി അറിയാം. പക്ഷേ ഞാനപ്പോള്‍ ഓര്‍ത്തത് സ്വാമി പ്രജാനന്ദയെയാണ്. ഉറച്ച ശബ്ദത്തില്‍, ‘സര്‍ ന്യായം എന്നുവച്ചാലെന്താണ്?’ എന്നു ഞാന്‍ പറഞ്ഞു. ‘വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്? ന്യായം എന്നു പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മം ഉണ്ടായിരിക്കണം. ധര്‍മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്. ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടു വശത്ത് നിര്‍ത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും അവന്‍ നിരപരാധിയാണ്.’

ശരീരങ്ങള്‍ അയഞ്ഞപ്പോള്‍ കസേരകള്‍ പിന്നെയും ശബ്ദിച്ചു. ചോദിച്ചയാള്‍ ഒന്നു മുന്നോട്ടാഞ്ഞൂ.

അത് കൊലപാതകമാണെങ്കിലോ? മിസ്റ്റര്‍ ധര്‍മപാലന്‍, കൊലപാതകമാണെങ്കില്‍ നിങ്ങള്‍ എന്തു പറയും?”

മുന്‍പൊരിക്കല്‍ വായിച്ചു പാതിയില്‍ അവസാനിപ്പിച്ച, ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ മനസിരുത്തി വായിച്ചു തീര്‍ത്തിട്ടായിരുന്നു ലുക്മാന്‍, ഖാലിദ് റഹ്മാന്റെ ഫ്‌ളാറ്റിലേക്ക് പോയത്. തലേന്ന് കണ്ടപ്പോള്‍ റഹ്മാന്‍ ആവശ്യപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു. നൂറു സിംഹാസനങ്ങള്‍ വായിക്കൂ, എന്നിട്ട് നീയെന്നെ വന്നു കാണുക. പറഞ്ഞതുപോലെ ചെയ്തതിനു ശേഷമാണ് റഹ്മാന്‍ ഉണ്ടയുടെ സ്‌ക്രിപ്റ്റ് ലുക്മാന് വായിക്കാന്‍ കൊടുക്കുന്നത്.

തിരക്കഥാകൃത്ത് ഹര്‍ഷാദ് പറഞ്ഞ് ഏതെങ്കിലും ഒരു വേഷം ഉണ്ടയില്‍ കിട്ടുമെന്ന് മാത്രമേ ലുക്മാന്‍ കരുതിയിരുന്നുള്ളൂ. അതുവരെ കിട്ടിയ വേഷങ്ങളൊക്കെയും സൗഹൃദങ്ങള്‍ നല്‍കിയ ചാന്‍സുകളായിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെ ചെയ്ത നാടകങ്ങളിലൂടെ മനസില്‍ കയറിയ സിനിമ അഭിനയമോഹം ആദ്യമായി ഫലം കാണുന്നത് ഹര്‍ഷാദ് വച്ച കാമറയ്ക്കു മുന്നില്‍ ആയിരുന്നു; ദായം പന്ത്രണ്ട്. പക്ഷേ, ആദ്യ ചിത്രം തിയേറ്ററില്‍ എത്തിയില്ല. എന്നാല്‍ സൗഹൃദത്തിന്റെയൊരു ചങ്ങലക്കണ്ണിയാകാന്‍ ആ ചിത്രം സഹായിച്ചു. ദായം പന്ത്രണ്ടിന്റെ സംഭാഷണം എഴുതിയത് മുഹ്‌സിന്‍ പരാരി ആയിരുന്നു. വരത്തന്‍, വൈറസ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഷറഫു ആയിരുന്നു സഹസംവിധായകന്‍. ഷറഫു വഴിയാണ് സുഹാസിനെ പരിചയപ്പെടുന്നത് (വരത്തന്റെയും വൈറസിന്റെയും സഹ എഴുത്തുകാരന്‍). മുഹ്‌സിന്‍ തന്നെയാണ് സംവിധായകന്‍ സക്കരിയേയും പരിചയപ്പെടുത്തുന്നത്. അഷ്‌റഫ് പൊന്നാനിയുമായി സൗഹൃദത്തില്‍ ആകുന്നതും ഈ ബന്ധങ്ങള്‍ വഴിയാണ്. അങ്ങനെ കോഴിക്കോടുകാര്‍ ചേര്‍ന്നുണ്ടായ ആ സിനിമ സംഘത്തിന്റെ ഭാഗമായി ലുക്മാനും. ഹര്‍ഷദ് ആയിരുന്നു ആ സംഘത്തിന്റെ തണല്‍വൃക്ഷം.  ആ തുടക്കത്തില്‍ നിന്നുകൊണ്ട് ലുക്മാന്‍ സംസാരിക്കുന്നു

ജീവിതത്തില്‍ കെട്ടിയ വേഷങ്ങള്‍

ദായം പന്ത്രണ്ട് കഴിഞ്ഞ് എല്ലാവരും എറണാകുളത്ത് എത്തി. സിനിമ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു. അങ്ങനെ ഓരോരുത്തരും ഓരോ വഴി സിനിമയിലെത്തുകയും ചെയ്തു. ഞാന്‍ ഇതിനിടയില്‍ ഒരു ഷോര്‍ട് ഫിലിം ചെയ്തു. റായിസ്‌ മുഹമ്മദ് സംവിധാനം ചെയ്ത ‘കിട്ടുവോ’. അത്യാവശ്യം ശ്രദ്ധിക്കപ്പടുകയും ചെയ്തു. എങ്കിലും സിനിമയില്‍ ഒരു പിടിവള്ളി കിട്ടാന്‍ കാത്തിരിക്കേണ്ടി വന്നു. വീട്ടില്‍ പറഞ്ഞിരിക്കുന്നത് എറണാകുളത്ത് ജോലിയാണെന്നാണ്. എഞ്ചിനീയറിംഗ് കഴിഞ്ഞ മകന്‍ അതുമായി ബന്ധപ്പെട്ട് ജോലി നേടി വീട് നോക്കുമെന്ന പ്രതീക്ഷയില്‍ ഇരിക്കുന്ന മാതാപിതാക്കളോട് സിനിമയില്‍ ചാന്‍സ് കിട്ടാനാണ് എറണാകുളത്ത് വന്നു കിടക്കുന്നതെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ട് ചാന്‍സ് ചോദിക്കലും ഓഡീഷനില്‍ പങ്കെടുക്കലുമെല്ലാം പല പല ജോലികള്‍ക്കിടയിലൂടെയാണ് ചെയ്തു പോന്നത്. മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്ത് കൊടുക്കുന്നയാള്‍, ബയോഗ്യാസ് പ്രൊജക്ടിലെ ജീവനക്കാരന്‍, സ്വകാര്യ വ്യക്തികളുടെ ഡ്രൈവര്‍ എന്നിങ്ങനെ പല വേഷങ്ങളും സിനിമയില്‍ എത്തുന്നതിനു മുന്നെ ജീവിത്തില്‍ കെട്ടി. കിട്ടുന്ന ശമ്പളത്തില്‍ നിന്നും പകുതി വീട്ടിലേക്ക് അയച്ചുകൊടുത്തു. ആരെയും വേദനിപ്പിക്കാതെ എന്റെ ലക്ഷ്യത്തിലേക്ക് എന്നെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ പോകുന്നതിനിടയിലാണ് സപ്തമശ്രീ തസ്‌കര എന്ന സിനിമയുടെ ഓഡീഷനില്‍ പങ്കെടുക്കാന്‍ പോകുന്നത്. ഓഡീഷന്‍ നടത്തുന്നത്, ഖാലിദ് റഹ്മാന്‍ ആയിരുന്നു. അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ സഹസംവിധായകനാണ് അന്ന് റഹ്മാന്‍. ഞാന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം റഹ്മാന്‍ കണ്ടിട്ടുണ്ടായിരുന്നു. സിനിമയില്‍ ചാന്‍സ് കിട്ടി. പക്ഷേ, രണ്ട് ഷോട്ട് മാത്രം. അത് മതിയായിരുന്നു. അങ്ങനെ ആദ്യത്തെ സിനിമ റിലീസ് ചെയ്തു.

സൗഹൃദങ്ങള്‍ സിനിമാ നടനാക്കിയവന്‍

അവസരത്തിനു വേണ്ടിയുള്ള അലച്ചില്‍ പിന്നെയും തുടര്‍ന്നു. യാത്ര കുറെയായപ്പോള്‍ സൗഹൃദങ്ങളുടെ തുണ കിട്ടിത്തുടങ്ങി. മുഹ്‌സിന്‍ പരാരി, കെഎല്‍10 പത്ത് എടുത്തപ്പോള്‍ അതില്‍ വേഷം കിട്ടി, ഉണ്ണി മുകുന്ദനുമായുള്ള ബന്ധം വഴി സ്‌റ്റൈല്‍ എന്ന ചിത്രത്തില്‍ അവസരം കിട്ടി. സുധി കോപ്പ വഴി ഉദാഹരണം സുജാതയില്‍ എത്തി, അജു വര്‍ഗീസും ശ്രീജിത്ത് രവിയും പറഞ്ഞിട്ടാണ് ഗോദയില്‍ അഭിനയിക്കുന്നത്. സക്കരിയ സുഡാനി ഫ്രം നൈജീരിയ ചെയ്തപ്പോള്‍ അതിലും കിട്ടി ഒരു വേഷം. സൗഹൃദത്തിന്റെ പേരിലായിരുന്നു എനിക്ക് ചാന്‍സുകള്‍ കിട്ടിക്കൊണ്ടിരുന്നത്. അതല്ലാതെ എനിക്ക് മറ്റൊരു സിനിമ പശ്ചാത്തലവും ഇല്ലായിരുന്നു.

നിന്റെ മറ്റൊരു മുഖവും രൂപവുമാണ് എനിക്ക് വേണ്ടത്

ഉണ്ടയില്‍ എത്തുന്നതും സൗഹൃദത്തിന്റെ പുറത്ത് തന്നെ. സിനിമയുടെ വണ്‍ലൈന്‍ ഹര്‍ഷാദ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ചെറിയ വേഷമെങ്കിലും ആ സിനിമയില്‍ പ്രതീക്ഷിച്ചത്. ഖാലിദ് റഹ്മാനെ സപ്തമശ്രീ തസ്‌കരയുടെ ഒഡീഷനില്‍ വച്ച് കണ്ടതിനു ശേഷം മുഹ്‌സിനും മറ്റുമുള്ള സൗഹൃദസംഘങ്ങള്‍ക്കിടയില്‍ വച്ച് കണ്ടിട്ടുണ്ട്. പരസ്പരം അറിയാമെന്നതില്‍ കവിഞ്ഞ് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ് സുഹൃത്തുക്കളെല്ലാവരും ഒരു ഫ്‌ളാറ്റില്‍ കൂടുന്ന സമയത്താണ്, റഹ്മാന്‍ ബിജുകുമാര്‍ എന്ന കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയില്‍ ബിജുകുമാര്‍ എന്നൊരു പ്രധാന കഥാപാത്രമുണ്ട്. ലുക്മാന്‍ ആണ് അത് ചെയ്യാന്‍ പോകുന്നത്. സുഡാനിപോലൊരു സിനിമയല്ല, ലുക്മാന് വേറൊരു മുഖവും രൂപവും വേണം… അതൊക്കെ വന്നു കഴിഞ്ഞാലേ ഞാന്‍ ഷൂട്ട് ചെയ്യുകയുള്ളൂ; തീരുമാനിച്ചുറപ്പിച്ചൊരു കാര്യം പറയുന്നതുപോലെയായിരുന്നു റഹ്മാന്‍ അന്ന് സംസാരിച്ചത്.

നൂറ് സിംഹാസനങ്ങളിലെ ധര്‍മപാലനും ഉണ്ടയിലെ ബിജു കുമാറും

ബിജുകുമാര്‍ എന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള പോലീസുകാരനിലേക്ക് എന്നെയെത്തിക്കാന്‍ റഹ്മാന്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. നോട്ടം, നടത്തം, രൂപം എന്നിവയിലൊക്കെ പൂര്‍ണമായി ബിജുകുമാര്‍ ആയി മാറണമെന്നായിരുന്നു റഹ്മാന്റെ നിര്‍ദേശം. കണ്ണ് എങ്ങനെയായിരിക്കണം പിടിക്കേണ്ടതെന്നു വരെ വളരെ സൂക്ഷ്മമായി റഹ്മാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച നിലയിലായിരിക്കണം, അതേസമയം വളരെ ഷാര്‍പ്പ് ആയിരിക്കണം, ആ കണ്ണുകളിലൂടെ ബിജു പലതും കണ്ടാണ് ഇവിടെ വരെ എത്തിയത്. ഇത്തരത്തില്‍ ബിജുവിനെ വളരെ കൃത്യമായി റഹ്മാന്‍ എന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. ‘നിന്റെയീ കഥാപാത്രം സിനിമയില്‍ അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. ഈ കഥാപാത്രം നന്നായാല്‍ മാത്രമേ സിനിമയും നന്നാകത്തുള്ളൂ’, റഹ്മാന്റെ ഈ ഓര്‍മപ്പെടുത്തല്‍ എപ്പോഴും ഒരു വെല്ലുവിളിയായി എന്റെയുള്ളില്‍ ഉണ്ടായിരുന്നു. എനിക്ക് ബിജുവിന്റെ ഒരു മുഖം കിട്ടണമായിരുന്നു. അങ്ങനെയുള്ളവരെ തേടി ഞാന്‍ പോയി. അവരെ നോക്കി കണ്ടു മനസിലാക്കി. ബിജുകുമാറിന്റെ കഥാപാത്രത്തിന്റെ ആഴം എനിക്ക് മനസിലായിരുന്നു. മറ്റുള്ളവരും അതേക്കുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് പിഴച്ചാല്‍, സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുമെന്ന ബോധ്യത്തോടെയാണ് ബിജുകുമാറിനെ ഞാന്‍ ചെയ്തത്. നൂറു സിംഹാസനങ്ങള്‍ വായിക്കണമെന്ന റഹ്മാന്റെ ആവശ്യവും എന്നെ സഹായിച്ചു. ആ കഥയിലെ കഥാപാത്രവും സാഹചര്യങ്ങളും ഉള്ളില്‍ ആവാഹിച്ചു. സിനിമയിലെ പ്രധാനപ്പെട്ട രംഗം ചെയ്യുമ്പോള്‍ എന്റെയുള്ളില്‍ നൂറു സിംഹാസനത്തിലെ ധര്‍മപാലനും ഉണ്ടായിരുന്നു. അയാള്‍ നേരിട്ട അനുഭവം ഉണ്ടായിരുന്നു. ആ രംഗത്തിലെ ഡയലോഗുകള്‍ പറയാന്‍ എന്നെ പ്രാപ്തനാക്കിയത് നൂറു സിംഹാസനങ്ങള്‍ ആയിരുന്നു. എന്ത് നേടിയിട്ടും, ഏത് നിലയില്‍ എത്തിയിട്ടും കാര്യമില്ല, സമൂഹം ഒരു അധഃസ്ഥിതനെ പരിചരിക്കുന്ന രീതിയില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ലെന്നു പറയുന്നവരാണ് ധര്‍മപാലനും ബിജുകുമാറും.

ഇത് നീ നന്നായി ചെയ്യണം

ആ സീന്‍ എടുക്കുന്നതിനു മുമ്പ് റഹ്മാന്‍ എന്നോട് പറഞ്ഞത്, ലുക്കൂ ഈ സീന്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് നീ നന്നായി ചെയ്യണം. ഇല്ലെങ്കിലും ഞാനിത് ഷൂട്ട് ചെയ്യും. പക്ഷേ, നിന്റെ മുഖം കാണിക്കാതെയായിരിക്കും ഞാനിത് ഷൂട്ട് ചെയ്യുന്നത്’. ഞാനത് നന്നായി ചെയ്യാന്‍ വേണ്ടിയാണെങ്കിലും റഹ്മാന്‍ അങ്ങനെ പറയുന്നത് അയാള്‍ക്ക് അയാളുടെതായ തീരുമാനങ്ങള്‍ ഉള്ളതുകൊണ്ടാണ്. റഹ്മാന്‍ ഓരോ കാര്യം ചെയ്യാന്‍ പോകുന്നതും ഒന്നലധികം പ്ലാനുകളുമായിട്ടായിരിക്കും. പ്ലാന്‍ എ നടന്നില്ലെങ്കില്‍ പ്ലാന്‍ ബി, അതല്ലെങ്കില്‍ പ്ലാന്‍ സി; അതായിരുന്നു റഹ്മാന്‍. അത്രയ്ക്ക് ബ്രില്യന്റ് ആയ സംവിധായകനാണ്. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയയാള്‍. അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, രാജീവ് രവി തുടങ്ങിയ പ്രഗത്ഭന്മാര്‍ക്കൊപ്പമാണ് അയാള്‍ സഹായായി നിന്നത്. ഇവരില്‍ നിന്നൊക്കെ പഠിച്ച കാര്യങ്ങള്‍ റഹ്മാന്‍ എന്ന സംവിധായകന്റെ ഉള്ളിലുണ്ട്. ആ സീന്‍ തന്നെ പലരീതിയില്‍ റഹ്മാന്‍ എടുത്തു നോക്കിയിരുന്നു. ആ കഥാപാത്രത്തിന്റെ ശരീരഭാഷയും സംസാരവും എങ്ങനെയായിരിക്കും അങ്ങനെയൊരു സാഹചര്യത്തില്‍ ഉണ്ടാവുകയെന്ന് റഹ്മാന് നിശ്ചയമുണ്ടായിരുന്നു. വളരെ വിഷമത്തോടെയെന്നപോലെ ഞാനാ ഡയലോഗുകള്‍ പറഞ്ഞപ്പോള്‍, അങ്ങനെ വേണ്ട, വിഷമം ഉണ്ടെങ്കില്‍ പോലും അവര്‍ക്കു മുന്നില്‍ തോറ്റുകൊടുത്തുകൊണ്ടെന്ന പോലെ സംസാരിക്കരുതെന്നും അവിടെ നീ നിന്റെ നിലപാടുകളാണ് പറയുന്നതെന്നും റഹ്മാന്‍ വ്യക്തമാക്കി തന്നത്, ആ കഥാപാത്രത്തെ അത്രയ്ക്ക് ഉള്‍ക്കൊണ്ടൊരു സംവിധായകനായതുകൊണ്ടാണ്. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിനപ്പുറം വ്യക്തമായ സാമൂഹിക കാഴ്ച്ചപ്പാടും രാഷ്ട്രീയ നിലപാടുകളുമുള്ളവരാണ് ഖാലിദ് റഹ്മാനും ഹര്‍ഷാദുമെല്ലാം.

ഞാനൊരിക്കലുമൊരു ഉണ്ണിയാകില്ല; അതാണെന്റെ രാഷ്ട്രീയം

നിറത്തിന്റെ പേരില്‍ ഞാനും കളിയാക്കലുകള്‍ കേട്ടിട്ടുണ്ട്. അതൊന്നും ശ്രദ്ധിക്കാനോ പ്രതികരിക്കാനോ പോയിട്ടില്ല. എങ്കിലും പണ്ടു മുതലേ നിശ്ചയിച്ചെടുത്തൊരു നിലപാട്, ഒരാളെയും നിറത്തിന്റെയോ രൂപത്തിന്റെയോ സംസാരത്തിന്റെയോ പേരില്‍ നോട്ടം കൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിക്കില്ലെന്നതാണ്. സിനിമയില്‍ ബിജുകുമാറിനെ പരിഹസിക്കുന്ന ഉണ്ണി എന്ന പോലീസുകാരനുണ്ട്. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് ഉണ്ണിയുടെ ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ കഥാപാത്രത്തിനപ്പുറം എന്റെയുള്ളില്‍ സ്വഭാവികമായ ദേഷ്യം വന്നിരുന്നു. ഞാനെന്നും ബിജുകുമാറിനെ പോലുള്ളവരുടെ കൂടെയായിരിക്കും നില്‍ക്കുക, ഞാനൊരിക്കലും ഉണ്ണിയാകില്ല; അതാണ് എന്റെ രാഷ്ട്രീയം.

തീയേറ്ററുകളില്‍ മമ്മൂട്ടിയുടെ ഫ്‌ളെക്‌സ് കെട്ടാന്‍ പോയിരുന്ന ആരാധകന്‍

ഗുരുവായൂര്‍ ബാലകൃഷ്ണയിലും പൊന്നാനി പൗര്‍ണമിയിലുമൊക്കെ മമ്മൂക്കായുടെ ഫ്‌ളക്‌സ് വയ്ക്കാന്‍ പോയിട്ടുള്ളൊരാളാണ് ഞാന്‍. മായാവി എന്ന ചിത്രം ആറു തവണയാണ് തിയേറ്ററില്‍ കണ്ടത്. കൂട്ടുകാരെയും കൊണ്ടുപോയി കാണിക്കും. മമ്മൂട്ടി എന്ന നടന്റെ ആരാധകനായിരുന്ന എനിക്ക് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടയില്‍ കിട്ടി. സിനിമയില്‍ മമ്മൂക്കായുടെ ഫസ്റ്റ് ഷോട്ടില്‍ ഒപ്പം അഭിനയിച്ചതും ഞാനായിരുന്നു. ഞാന്‍ നടന്നു വന്ന് മമ്മൂക്കയോട് സംസാരിക്കുന്നതാണ് സീന്‍. മമ്മൂക്ക സെറ്റില്‍ വന്ന് സീന്‍ ഒക്കെ വായിച്ചു നോക്കി ഷോട്ട് എങ്ങനെയാണ് എടുക്കുന്നതെന്നൊക്കെ ചോദിച്ചറിഞ്ഞു. ഞാനപ്പോള്‍ അടുത്ത് നില്‍ക്കുന്നുണ്ട്. ഇയാളാണ് കൂടെ അഭിനയിക്കുന്നതെന്ന് ആരോ പറഞ്ഞുകൊടുത്തു. പരിചയപ്പെടുന്നതിനു മുന്നെ മമ്മുക്കാ എന്നോട് ചോദിച്ചത്, ഈ ഷോട്ടില്‍ നീ എങ്ങനെയാ നടന്നു വരുന്നത്? എന്നായിരുന്നു. ഒന്നും മിണ്ടാതെ നിന്നപ്പോള്‍, ഞാനൊന്നു നടന്നു കാണിക്കട്ടെ എന്ന് അദ്ദേഹം ചോദിച്ചു. എന്നിട്ട് നടന്നു കാണിച്ചു. ഇങ്ങനെ നടക്കാമോ? എനിക്ക് ആദ്യമായി ആ മഹാനടനില്‍ നിന്നും കിട്ടിയ ആദ്യത്തെ ടിപ്‌സ്. ഷോട്ട് കഴിഞ്ഞാണ് എന്നോട് പേര് എന്താണെന്നു ചോദിക്കുന്നത്. അന്ന് അത്രയെ സംസാരിച്ചുള്ളൂ. പിറ്റേ ദിവസം മുതല്‍ എന്നോട് മാത്രമല്ല, എല്ലാരോടും മമ്മൂക്ക വളരെ ക്ലോസ് ആയി. നമ്മുടെയൊക്കെ മനസില്‍ ഉണ്ടായിരുന്ന ഒരു മമ്മൂട്ടി അല്ലായിരുന്നു അത്. നമ്മളെക്കാള്‍ എനര്‍ജിയാണ് പുള്ളിക്ക്. അദ്ദേഹം ഉള്ള ദിവസം എല്ലാവര്‍ക്കും സന്തോഷമാണ്. ഇന്നു മമ്മൂക്കയുണ്ടോ എന്നായിരുന്നു ഞങ്ങള്‍ ആദ്യം ചോദിക്കുന്നത്. കളിയും ചിരിയുമൊക്കെയായിരിക്കുന്ന അദ്ദേഹം റോള്‍ കാമറ ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ കഥാപാത്രമാണ്, ആ കണ്ണുകളിലേക്ക് നോക്കി കഴിഞ്ഞാല്‍ നമുക്ക് അഭിനയിക്കാതിരിക്കാന്‍ പറ്റില്ല. അഭിനയിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് അദ്ദേഹം നമ്മള്‍ക്ക് പറഞ്ഞു തരും. പ്രധാനപ്പെട്ട ആ രംഗം എടുക്കുന്നതിനു മുമ്പും മമ്മൂക്ക ഇത്തരം നിര്‍ദേശങ്ങള്‍ തന്നിരുന്നു. വലിയ ഡയലോഗുകള്‍ പറയുമ്പോള്‍ എന്തൊക്കെ കാര്യം ശ്രദ്ധിക്കണം, എവിടെയൊക്കെ നിര്‍ത്തി പറയണം, ഒരു എക്‌സ്പ്രഷന്‍ നമ്മളായിട്ട് ഉണ്ടാക്കുമ്പോഴും മനസില്‍ തട്ടി സ്വയം മുഖത്ത് വരുമ്പോഴും സംഭവിക്കുന്ന വ്യത്യാസം എന്താണ് എന്നൊക്കെ അദ്ദേഹം മനസിലാക്കി തന്നു. ഒരു കഥാപാത്രമായി മാറി, ആ കഥാപാത്രത്തിന്റെ മാനസികവ്യാപരങ്ങള്‍ എങ്ങനെ മുഖത്തും ശരീരഭാഷയിലും കൊണ്ടുവരാമെന്ന് പഠിപ്പിച്ചു തന്നതും അദ്ദേഹമാണ്. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളുമൊക്കെ അന്വേഷിക്കുന്ന സ്‌നേഹനിധിയായ ഒരു മനുഷ്യന്‍.

നന്ദി, പടച്ചോനെ…

ഉണ്ട റിലീസ് ചെയ്യുന്ന അന്ന് ഇങ്ങനെയൊരു വേഷം എനിക്ക് ചെയ്യാന്‍ കഴിഞ്ഞതിന് ഞാന്‍ പടച്ചോനോട് നന്ദി പറഞ്ഞു. ഇതിന്റെ മേലില്‍ എനിക്കൊരു കഥാപാത്രം ഇനി കിട്ടുമോയെന്ന് അറിയില്ല. സിനിമകള്‍ കിട്ടുമായിരിക്കും, പക്ഷേ ഇതുപോലൊരു സിനിമ. പക്ഷേ മുന്നോട്ടുള്ള പോക്കില്‍ ചിലകാര്യങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കും; ടൈപ് കാസ്റ്റ് ചെയ്യപ്പെടരുത്. ഇനിയുമൊരു ബിജുകുമാര്‍ ആകില്ല. ആ കഥാപാത്രം ഞാന്‍ ചെയ്തു കഴിഞ്ഞു. ഇനി മറ്റൊരു കഥാപാത്രമാണ് ചെയ്യേണ്ട്. ആ കഥാപാത്രവുമായിട്ടായിരിക്കണം ഇനി ലുക്മാന്‍ എന്ന നടനെക്കുറിച്ച് സംസാരിക്കാന്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍