UPDATES

സിനിമ

‘ആത്മാക്കളെ തിരയുന്നവന്‍’; ഉണ്ടയില്‍ എസ് ഐ മണി വായിക്കുന്ന ഈ പുസ്തകം ആരും എഴുതിയിട്ടില്ല

താന്‍ ചെയ്യുന്ന ജോലിയെക്കാള്‍, മണിയുടെ ചിന്തകളും വിചാരങ്ങളും മറ്റൊരു തരത്തില്‍ വഴിമാറിയാണ് സഞ്ചരിക്കുന്നതെന്ന് പറയാന്‍ അത്തരമൊരു പുസത്കം അയാളെക്കൊണ്ട് വായിപ്പിക്കുന്നതിലൂടെ കഴിയും

ബസ്തറിലെ ആ പഴയ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ മരണത്തിന്റെ ഉണ്ടകള്‍ ഏതു നിമിഷവും തുളഞ്ഞു കയറാമെന്ന ഭീതിയില്‍ മറ്റുള്ളവര്‍ കഴിയുമ്പോഴും എസ് ഐ മണി, ഭിത്തിയില്‍ ചാരിയിരുന്ന് ഒരു പുസ്തകം വായിക്കുന്നുണ്ട്. ‘ഉണ്ട’ പറയുന്ന, രാഷ്ട്രീയങ്ങളില്‍ ഏതെങ്കിലുമൊന്നുമായി ആ പുസ്തകത്തിന് ബന്ധമുണ്ടാകും എന്ന് ഉറപ്പുണ്ടായിരുന്നു. ‘കബാലി’ സിനിമയില്‍ ജയിലിനകത്തിരുന്നു കബാലീശ്വരന്‍ വായിക്കുന്ന ‘മൈ ഫാദര്‍ ബാലിയ'(വൈ ബി സത്യനാരായണയുടെ ആത്മകഥ)പോലെ ഒരു പുസ്തകം! അവസാന സീനില്‍ മണി സാര്‍ ആ പുസ്തകം അവിടെ വച്ച് പോകാന്‍ ആലോചിക്കുന്ന സമയത്ത് മാത്രമാണ്, അതിന്റെ പേര് വ്യക്തമാകുന്നത്- ‘ആത്മാക്കളെ തിരയുന്നവന്‍’.

ആരെഴുതിയ പുസ്തകം? ആരെക്കുറിച്ച്, എന്തിനെക്കുറിച്ച്? നക്‌സല്‍ രാഷ്ട്രീയത്തെക്കുറിച്ചോ? സ്വന്തം ഭൂമിയില്‍ നിന്നും അന്യരാക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ആദിവാസികളെ കുറിച്ചോ? അക്രമികള്‍ക്കു മുന്നില്‍ കീഴടങ്ങിക്കൊടുക്കാന്‍തക്കവണ്ണം ഭീരുത്വമേറിയ ജനധിപത്യത്തെക്കുറിച്ചോ? അതോ? ‘ആത്മാക്കളെ തിരയുന്നവന്’ ആ സിനിമയുമായി ഏതു രീതിയിലാണ് ബന്ധം? അതൊരു പ്രേക്ഷകന്റെ മാത്രമല്ല, നിലവിലെ സാമൂഹ്യ വ്യവസ്ഥകളുടെ ഇടയില്‍പ്പെട്ട് നില്‍ക്കുന്നൊരു വ്യക്തിയുടെ കൂടെ ചോദ്യമായിരുന്നു.

അതിനുള്ള ആദ്യത്തെ ഉത്തരം; ‘ആത്മാക്കളെ തിരയുന്നവന്‍’ എന്ന പേരില്‍ ഇതുവരെ ഒരു പുസ്തകം ആരും എഴുതിയിട്ടില്ല!

പിന്നെ സിനിമയില്‍ കാണിക്കുന്നതോ?

അതേ, അങ്ങനെയൊരു പുസ്തകം ഇല്ല, സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയതാണത്; ഉണ്ടയുടെ തിരക്കഥാകൃത്ത് ഹര്‍ഷാദ് സംശയം തീര്‍ത്തു പറയുന്നു. പക്ഷേ എന്തുകൊണ്ട് അങ്ങനെയൊരു പുസ്തകം കൃത്രിമമായിട്ടാണെങ്കിലും ഉണ്ടാക്കാനും അത് എസ് ഐ മണിയെക്കൊണ്ട് വായിപ്പിക്കാനും എഴുത്തുകാരന്‍ തയ്യാറായി എന്നു വീണ്ടും സംശയം ഉണ്ടാകുമല്ലോ, അതിനുള്ള മറുപടിയും ഹര്‍ഷാദ് തരുന്നുണ്ട്.

എസ് ഐ മണി ധാരാളം പുസ്തകങ്ങള്‍ വായിക്കുന്നൊരാളാണ്. അങ്ങനെയൊരു സാഹചര്യത്തിലും പുസ്തകം വായിക്കാന്‍ അയാള്‍ക്ക് കഴിയുന്നത്, അയാളിലെ വായനാശീലം കൊണ്ടായിരിക്കാം. ആത്മാക്കളെ തിരയുന്നവന്‍ എന്നത് ഒരു ആത്മീയ പുസ്തകമാണ്. അതയാള്‍ക്ക് എവിടെ നിന്നോ കിട്ടിയതാണ്. ആ പുസ്തകത്തിന്റെ പുറം ചട്ടയിലുള്ള രൂപമാണ് അയാള്‍ക്ക് പലപ്പോഴായി കാണുന്നതായി തോന്നുന്നത്. സിനിമയുടെ മറ്റിടങ്ങളിലെല്ലാം രാഷ്ട്രീയ സൂചികകള്‍ ഉള്ളതുകൊണ്ട്, ഇവിടെയും ഒരു രാഷ്ട്രീയം ഉണ്ടാകുമെന്ന് തോന്നിയതാവാം. യഥാര്‍ത്ഥത്തില്‍ അങ്ങനെയെന്തെങ്കിലും ഉദ്ദേശിച്ചിട്ടില്ല. ആസ്വാദകന് ഒരു സൃഷ്ടിയുടെ മേല്‍ പലതരം വ്യാഖ്യാനങ്ങള്‍ ഉണ്ടാകും, അതില്‍ കയറി എഴുത്തുകാരന്‍ അഭിപ്രായം പറഞ്ഞാല്‍ ചിന്തകളെല്ലാം ആ പറഞ്ഞതിലേക്കു മാത്രമായി ചുരുങ്ങും.

എന്തുകൊണ്ട് ഒരു പൊലീസുകാരന്‍, അതും അങ്ങനെയൊരു സാഹചര്യത്തില്‍ ആത്മീയതയെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നു എന്നതിന്റെ കാരണങ്ങളും എഴുത്തുകാരനോട് സംസാരിച്ചതില്‍ നിന്നും മനസിലാകുന്നുണ്ട്. ഏറെ ജീവിതാനുഭവങ്ങള്‍ ഉള്ളയാളാണ് എസ് ഐ മണി (താന്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ കഥ സഹപ്രവര്‍ത്തകരോട് പറയുന്ന സീന്‍ അതിനൊരു ഉദ്ദാഹരണമാണ്). ഉദ്യോഗം കൊണ്ടു മാത്രമല്ല, തന്റെ കൂടെയുള്ളവരെക്കാള്‍ പ്രായം കൊണ്ടും പക്വത കൊണ്ടും കൂടി മുകളിലാണയാള്‍. മണിയുടെ സ്വഭാവത്തിലും പെരുമാറ്റങ്ങളിലുമൊക്കെ ആ പക്വത കാണാം. അയാളൊരു അഗ്രസ്സീവായ പൊലീസുകാരനല്ല, നിര്‍ണായകമായൊരു സന്ദര്‍ഭത്തില്‍ മുന്നില്‍ നില്‍ക്കേണ്ടിയിരുന്ന ക്യാപ്റ്റന്‍ ആയിട്ടും ഒന്നും ചെയ്യാനാകാതെ തളര്‍ന്നു പോകുന്നുണ്ടയാള്‍. ഒരു മരുന്നുപെട്ടി എപ്പോഴും അയാളുടെ കൂടെയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നു, ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് വേണ്ട ഫിറ്റ്‌ന്‌സ് ഇല്ലാത്ത ശരീരമുള്ള ഉദ്യോഗസ്ഥനാണ് മണി. താന്‍ ചെയ്യുന്ന ജോലിയെക്കാള്‍, മണിയുടെ ചിന്തകളും വിചാരങ്ങളും മറ്റൊരു തരത്തില്‍ വഴിമാറിയാണ് സഞ്ചരിക്കുന്നതെന്ന് പറയാന്‍ അത്തരമൊരു പുസത്കം അയാളെക്കൊണ്ട് വായിപ്പിക്കുന്നതിലൂടെ കഴിയും.

എന്നാല്‍ എസ് ഐ മണിയുടെ ക്യാരക്ടര്‍ ആ പുസ്തകം വായിക്കുന്നതില്‍ നിന്നുമാത്രമല്ല മനസിലാക്കേണ്ടതെന്നാണ് ഹര്‍ഷാദ് പറയുന്നത്. മണി സാര്‍ ഒരു ദളിതനാണ്. ഒന്നുരണ്ടിടത്ത് അത് കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ബിജു(ലുക്ക്മാന്‍ അവതരിപ്പിച്ച കഥാപാത്രം)നേരിടുന്ന സാഹചര്യങ്ങള്‍ നേരിട്ടിട്ടുള്ളൊരാള്‍. ബിജുവിന്റെ അപ്രോച്ചും ആറ്റിറ്റിയൂഡുമൊക്കെ കാണുമ്പോള്‍ മണിക്ക് അയാളെ മനസിലാകുന്നതും അതുകൊണ്ടാണ്. ആദ്യത്തെ സീനില്‍ നീ എന്താടാ ഇവിടെ ഇരിക്കുന്നതെന്നു ചോദിക്കുന്നതും നിന്റെ അമ്മ വന്നെന്നെ കണ്ടിരുന്നുവെന്നു പറയുന്നിടത്തുമൊക്കെ ആ ബന്ധം കാണാം. ബിജു മണിയെ കാണുന്നത് ആരാധനയോടെയാണ്. തന്നെപ്പോലെ പല അനുഭവങ്ങളും നേരിട്ട് അതിനെയൊക്കെ മറികടന്നിട്ടുള്ളൊരാള്‍ എന്ന നിലയിലാണ് മണിയോട് ബിജുവിന് ബഹുമാനവും സ്‌നേഹവും തോന്നുന്നത്. സിനിമയില്‍ ശ്രദ്ധിച്ചാല്‍ മനസിലാകുന്നൊരു കാര്യമുണ്ട്, മണി സാറിന്റെ ഡയലോഗ് കഴിഞ്ഞാല്‍ പലപ്പോഴും അടുത്ത ഷോട്ട് ബിജുവിന്റെ ഒരു നോട്ടമായിരിക്കും. ബിജുവിനും മുന്നേ ആ വഴിയിലൂടെ നടന്നുവന്നൊരു മനുഷ്യനാണായള്‍. പലതും അതിജീവിച്ചാണ് എസ് ഐ പോസ്റ്റില്‍ എത്തിയത്. അനുഭവങ്ങളില്‍ നിന്നുണ്ടായ പക്വതയാണയാളില്‍ കാണുന്നത്. ഒരു കള്ളനെ കാണുമ്പോള്‍ മണി സാറിന്റെ ചിരിയില്‍ തന്നെയുണ്ട് അയാള്‍ അനുഭവിച്ചുപോന്ന ജീവിതം. ഇത്തരത്തില്‍ ഉള്ളൊരാള്‍, വായനാശീലമുള്ളൊരാള്‍ ഇപ്പോള്‍ എന്തായിരിക്കും വായിക്കുക എന്ന ആലോചിച്ചാല്‍, ഒരുപക്ഷേ ആത്മീയതുമായി ബന്ധപ്പെട്ടത് എന്തെങ്കിലും ആയിരിക്കുമെന്നു തോന്നി. അങ്ങനെയാണ് ആ പുസ്തകം ഉണ്ടാക്കുന്നത്.

എസ് ഐ ആണെങ്കിലും, ഒരു ടീമിന്റെ ലീഡര്‍ ആണെങ്കിലും നിസ്സഹായനായൊരു മനുഷ്യനാണ് മണി. അതയാള്‍ സ്വയം തിരിച്ചറിയുന്നുണ്ട്. എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. ഫോഴ്‌സിനുള്ളില്‍ തന്നെയുള്ള അട്രോസിറ്റീസ്, സീനിയര്‍-ജൂനിയര്‍ വ്യത്യാസങ്ങള്‍ ഇതിലൊന്നും ഒന്നും പറയാനും ചെയ്യാനും പറ്റുന്നില്ല. സബോര്‍ഡിനേറ്റ് ആയവരില്‍ തന്നെക്കാള്‍ ജാതിയില്‍ മേലെയുള്ളവര്‍ ഉണ്ടെന്ന് അയാള്‍ക്ക് അറിയാം. ഇതൊക്കെ മനസിലാക്കിയും തിരിച്ചറിഞ്ഞുമാണ് കൊല്ലങ്ങളായി മണി അവിടെ നില്‍ക്കുന്നത്. ജീവനോടെ തിരിച്ചു പോകാന്‍ കഴിഞ്ഞാല്‍ ഞാനീ ജോലി രാജിവയ്ക്കുമെന്നു പറയുന്ന ബിജുവിനെ തോളില്‍ കയ്യിട്ട് കൊണ്ടു പോകുന്നതും, അവനെയൊന്നു കേള്‍ക്കാന്‍ മറ്റുള്ളവരോട് പറയുന്നതും, അവന്‍ പറയുന്നത് നീയൊന്നു കേള്‍ക്കെന്ന് ബിജുവിനെ അപമാനിച്ച ഉണ്ണിയോട് തോളില്‍ കയ്യിട്ടു കൊണ്ടു തന്നെ പറയുന്നതുമൊക്കെ നിസ്സംഗത കൊണ്ടല്ല, അനുഭവങ്ങളിലൂടെ കിട്ടിയ പക്വത കൊണ്ടാണ്.

ബിജുവിനോട് അവിടെയാര്‍ക്കും വെറുപ്പില്ല. ഒരാളെ ജാതിപ്പേര് വിളിക്കുന്നത് അയാളോടുള്ള ദേഷ്യം കൊണ്ടായിരിക്കില്ല, തമാശയായിട്ടുമാകാം. എന്നാല്‍ അത് ബാധിക്കുന്നവന്റെ വിഷമം വേറെയാണ്. ബിജു പറയുന്നതും അതാണ്, നിങ്ങള്‍ക്കിതൊരു നേരം പോക്കായാരിക്കാം, പക്ഷേ എനിക്കങ്ങനെയല്ലെന്ന്. ബിജുവിന് രോഷം വരുന്നതവിടെയാണ്. എന്നാല്‍ മണി ഇത്തരം സന്ദര്‍ഭങ്ങളെ കടന്നെത്തിയത് രോഷാകുലനായി നേരിട്ടുകൊണ്ടായിരിക്കില്ല, അതാണയാളുടെ ഇപ്പോഴത്തെ ക്യാരക്ടര്‍ വ്യക്തമാക്കുന്നത്. ജോലി ഉപേക്ഷിച്ചു പോകുമെന്ന തീരുമാനം എടുത്തു നില്‍ക്കുന്ന ബിജുവിനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മണി ശ്രമിക്കുന്ന വഴിയും തന്റെ അനുഭവങ്ങളില്‍ നിന്നുതന്നെ തിരഞ്ഞെടുത്തതാകാം.

ഈ സീനിനു ശേഷം ബിജു, ഉണ്ണിയെ കാണുന്ന സന്ദര്‍ഭത്തെ കുറിച്ച് ഹര്‍ഷാദിന് ചില കാര്യങ്ങള്‍ കൂടി പറയാനുണ്ട്. ഉണ്ണി ഒരു വില്ലന്‍ ഒന്നുമല്ല, സാധാരണക്കാരനാണ്. പിറ്റേ ദിവസം ബിജു ഉണ്ണിയെ കാണുന്ന രംഗം ഞങ്ങളെ സംബന്ധിച്ച് വലിയൊരു റിസ്‌ക് ആയിരുന്നു. കാരണം, അത്രയും നേരം ബിജുവിനെ സ്വത്വബോധമുള്ളവനാക്കിയാണ് നിര്‍ത്തിയത്. എനിക്ക് ഞാന്‍ ആയാല്‍ മതിയെന്ന സ്റ്റേറ്റ്മെന്റ് ഇറക്കിപ്പിച്ചു. അങ്ങനെയുള്ളൊരാള്‍ ഉണ്ണിയുടെ മുന്നില്‍ ചെന്നു നിന്ന് ക്ഷമാപണം പോലെ എന്തെങ്കിലും പറഞ്ഞാല്‍ അതുവരെ ഉണ്ടാക്കിവച്ചതെല്ലാം പരാജയപ്പെടും. പകരം സാര്‍ എന്നു മാത്രം വിളിച്ചുകൊണ്ട് അവിടെ വന്നു നില്‍ക്കുകയാണ്. ഉണ്ണി ബിജുവിന്റെ സീനിയര്‍ ആണ്, ഒപ്പമുള്ളയാളാണ്, മരണം എപ്പോഴാണ് സംഭവിക്കുകയെന്നറിയാത്തവരാണ്…അതെല്ലാം ബിജുവിന്റെ വിളിയിലുണ്ട്. ഉണ്ണിയാകട്ടെ മരണം മുഖാമുഖം കണ്ടവന്റെ പകപ്പിലാണ്. മരിച്ചുപോയെന്നു കരുതിയിടത്തു നിന്നും തിരിച്ചു വന്നവനാണ്, നാളെ മരിച്ചുപോകുമോ എന്നറിയുകയുമില്ല. അങ്ങനെയൊരു അവസ്ഥയില്‍ നിന്നുകൊണ്ടാണ്, ബിജുവിനോട് ഞാന്‍ ഇന്നലെ മരിച്ചെടാ എന്നയാള്‍ പറയുന്നത്. അവിടെ ഉണ്ണിയെക്കൊണ്ട് പറയിക്കാന്‍ ഒരുപാട് ഡയലോഗ് കേറ്റി നോക്കിയതാ…ഒടുവില്‍ അതൊക്കെ വെട്ടിയിട്ടാണ്, ആ ഒരൊറ്റ ഡയലോഗില്‍ നിര്‍ത്തിയത്.

Read More: “മാവോയിസ്റ്റുകള്‍ ദൂരെ നിന്നും വെടിവെച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല”; ഉണ്ടയുടെ ചിത്രീകരണ അനുഭവങ്ങള്‍ പങ്കുവെച്ച് ഛായാഗ്രാഹകന്‍ സജിത് പുരുഷന്‍/അഭിമുഖം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍