ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ബേണിംഗിനെക്കുറിച്ച് സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ വി എസ് സനോജ് സംസാരിക്കുന്നു
വരാണസിയെന്ന തീര്‍ത്ഥാടനകേന്ദ്രത്തെക്കുറിച്ച് പറയാനോ, അവിടം കഥാപരിസരമാക്കിക്കൊണ്ടുള്ള സിനിമകളില്‍ ബിംബങ്ങളായി ഉപയോഗിക്കാനോ ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് നേരത്തേ തയ്യാറാക്കിവച്ച ചില ദൃശ്യമാതൃകകളുണ്ട്. ദീപങ്ങളിലും ആരതിയിലും തുടങ്ങി കത്തുന്ന ചിത വരെയുള്ള ചില ക്ലീഷേകള്‍. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കു ശേഷം ഗോവയിലെ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ‘ബേണിംഗ്’ എന്ന ഹിന്ദി ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നതു പക്ഷേ, വാരാണസിയുടെ കണ്ടുപഴകാത്ത ദൃശ്യങ്ങളിലൂടെയുള്ള കഥപറച്ചിലാണ്.
മലയാളി മാധ്യമപ്രവര്‍ത്തകന്‍ വി.എസ് സനോജിന്റെ ബേണിംഗില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുന്നത് വാരാണസിയുടെ പശ്ചാത്തലത്തില്‍ പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടുന്ന ചിലരെയാണ്. ദീപങ്ങളും മൃതദേഹങ്ങളും ഒഴുകി നടക്കുന്നതായി കണ്ടുശീലിച്ച ഗംഗയിലൂടെ ചെറുവള്ളം തുഴഞ്ഞു പോകുന്ന പെണ്‍കുട്ടിയടക്കമുള്ള ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് സനോജ് തന്റേതായ മറ്റൊരു വരണാസിയുടെ ആഖ്യാനം സൃഷ്ടിക്കുന്നത്. പണക്കാരനും പാവപ്പെട്ടവനും എന്ന രണ്ടു പരിഛേദങ്ങളെ സൃഷ്ടിച്ച ശേഷം, ഇരു ശ്രേണികളിലും രണ്ടുതരത്തിലെങ്കിലും ഒന്നായി മാറുന്ന രണ്ടു സ്ത്രീകളുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു ദീര്‍ഘസംഭാഷണമാണ് ബേണിംഗ് എന്നും പറയാം.
പൃഥ എന്ന ദരിദ്രയായ അമ്മ, ശകുന്തള മിശ്ര എന്ന ധനികയായ അമ്മ. പുത്രദുഃഖമനുഭവിക്കുന്ന രണ്ടു സ്ത്രീകള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന ബേണിംഗ്, സൂക്ഷ്മമായി ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ലിംഗനീതിയുണ്ട്, വിശ്വാസങ്ങളിലെ വൈചിത്ര്യങ്ങളുണ്ട്, കൊടിയ ദാരിദ്ര്യമുണ്ട്. രണ്ടു തട്ടുകളില്‍ നിന്നുകൊണ്ട് ഒരേ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നവരാണ് ബേണിംഗിലെ അമ്മമാരെന്ന് സംവിധായകന്‍ പറയുന്നു. ഗോവ ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ബേണിംഗിനെക്കുറിച്ച് സംവിധായകന്‍ വി.എസ് സനോജ് സംസാരിക്കുന്നു:
പൊതു ധാരണകളെ തിരസ്‌കരിച്ചുകൊണ്ടുള്ള കാശി ബിംബങ്ങള്‍
കാശിയിലെ കണ്ടു പഴകിയ ഇമേജുകള്‍ വേണ്ടെന്ന് വിഷ്വല്‍ ട്രീറ്റ്‌മെന്റിനെക്കുറിച്ചു ചര്‍ച്ച ആരംഭിച്ചപ്പോഴെ തീരുമാനിച്ചിരുന്നതാണ്. ഒരുപാട് വര്‍ഷങ്ങളായി ഉത്തരേന്ത്യന്‍ തീര്‍ത്ഥാടക കേന്ദ്രങ്ങളായ കാശി, ഹരിദ്വാര്‍ പോലുള്ളിടങ്ങളെ സിനിമകളില്‍ ചിത്രീകരിക്കുന്നതെല്ലാം ഒരുപോലെയാണ്. അതായത്, ദാരിദ്ര്യമാണ് പറയുന്നതെങ്കില്‍ അതിന്റെ വിഷ്വല്‍ പാറ്റേണ്‍ ഇന്നതായിരിക്കണം എന്നൊരു തീരുമാനം നമ്മള്‍ തന്നെ എടുക്കുന്ന പോലെയാണ്. കഷ്ടപ്പാടിന്റെ കഥയാണെങ്കില്‍ വിഷ്വല്‍ റിച്ച്‌നെസ്സ് ഉണ്ടാകരുത് എന്നതടക്കമുള്ള ധാരണകള്‍. വാരാണസി കഥാപരിസരമായി വരുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ബിബിസിയടക്കമുള്ളവര്‍ ധാരാളം ചെയ്തിട്ടുമുണ്ട്. ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാതാക്കള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് കുറേ കാമറകള്‍ വച്ച് നായ്ക്കള്‍ അലഞ്ഞു നടക്കുന്നതും മൃതശരീരങ്ങള്‍ കത്തിയമരുന്നതുമടക്കമുള്ള ഇമേജുകള്‍ ധാരാളം വരുന്നത്. റിയലിസം പറയാനുള്ള വഴി അതാണ് എന്ന പൊതുധാരണ തന്നെയാണ് കാരണം. അതു ചെയ്യേണ്ടതില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.
റിപ്പോര്‍ട്ടിംഗിനും മറ്റുമായി ധാരാളം തവണ സന്ദര്‍ശിച്ചിട്ടുള്ളയിടമാണ് വാരാണസി. ഇന്ത്യന്‍ വിശ്വാസങ്ങളുടെ സുപ്രധാനമായൊരു കേന്ദ്രമാണത്. പല തരത്തിലുള്ള വിശ്വാസങ്ങള്‍ വന്നടിയുന്നിടം. ശരീരം ദഹിപ്പിക്കാന്‍ വരുന്നവരും, തല മുണ്ഡനം ചെയ്യാനെത്തുന്നവരും പ്രായമായവരെ അവിടെ കൊണ്ടുവന്നു തള്ളുന്നവരുമുണ്ട്. ആത്മീയാന്വേഷണത്തിന്റെ ഭാഗമായി വിദേശികളെത്തി വര്‍ഷങ്ങളോളം അവിടെ ജീവിക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു ക്രോസ് സെക്ഷനാണ് അവിടെയുള്ളത്. വളരെ മലിനമായ വെള്ളമാണ്. പക്ഷേ, അതു തന്നെ തീര്‍ത്ഥമായി ഉപയോഗിക്കുന്നവരുടെ ലോകം. ഒരുപാട് വൈരുദ്ധ്യങ്ങളുടെയും ഇന്ത്യന്‍ മിത്തുകളുടെ പല തരത്തിലുള്ള കോണ്‍ട്രാസ്റ്റുകളുടെയും വിളനിലമാണ് കാശി. അതുകൊണ്ടു തന്നെ അവിടം ആസ്പദമാക്കി എന്തെങ്കിലും ചെയ്യാമെന്ന് കരുതി. മരണവുമായി ബന്ധപ്പെട്ട ഒരു വിഷയം ഉരുത്തിരിഞ്ഞു വരികയും ചെയ്തു. സാധാരണ കാണിക്കാത്ത തരത്തിലുള്ള വിഷ്വല്‍ നരേഷന്‍ വേണമെന്നും തീരുമാനമായി.
പശ്ചാത്തലത്തിലുപരി കഥാപാത്രമായി മാറുന്ന വരാണസി
വരാണസിയാണ് ആദ്യം ചിന്തയില്‍ വന്നത്. ഇവിടെയൊരു കഥ സൃഷ്ടിച്ചാല്‍, അതെങ്ങനെ എക്‌സ്‌പ്ലോര്‍ ചെയ്യാം എന്നാണ് ആദ്യമാലോചിക്കുന്നത്. വിചിത്രമായ പല വിശ്വാസങ്ങളുമുള്ളയിടമാണ് ഇന്ത്യ, പ്രത്യേകിച്ച് ഉത്തരേന്ത്യ. മഴ പെയ്യാന്‍ തവളക്കല്യാണം നടത്തുന്നതു മുതല്‍, ചിത്രത്തില്‍ കാണിക്കുന്നതു പോലെ മരിച്ച കുട്ടിയുടെ അതേ ജന്മനക്ഷത്രമുള്ള മറ്റൊരു ബാലന്റെ മൃതശരീരം തേടിപ്പിടിച്ചു ചടങ്ങുകള്‍ നടത്തുക എന്നിങ്ങനെയുള്ള വിചിത്ര വിശ്വാസങ്ങള്‍. ഇതിന്റെയെല്ലാം ഇരകളാവുന്നത് ആരാണ് എന്നുള്ളതാണ്. വീട്ടിലെ സ്ത്രീകളുടെ ചുമതലയായാണല്ലോ ഇതെല്ലാം വരിക. അടിസ്ഥാനപരമായി മതമെന്നത് പുരുഷനുണ്ടാക്കിയ ഒന്നാണല്ലോ. അതിന്റെ എല്ലാ നിര്‍ബന്ധങ്ങളും അടിച്ചമര്‍ത്തലുകളും സ്ത്രീയുടെ നേരേ വരുമ്പോള്‍, അവരെത്ര ധനികയാണെങ്കിലും ദരിദ്രയാണെങ്കിലും കടന്നു പോകുന്നത് ഒരേ അവസ്ഥയിലൂടെയാണെന്നു പറയാനുള്ള ശ്രമമായിരുന്നു ബേണിംഗ്. വരാണസി ഇതിലെ പശ്ചാത്തലമല്ല, മറിച്ച് കഥാപാത്രം തന്നെയാണ്. അതുകൊണ്ടാണ് ദൃശ്യങ്ങള്‍ക്ക് അത്രമേല്‍ പ്രാധാന്യം കൊടുത്തതും.
മലയാളി സംഘത്തിന്റെ ‘പാന്‍ഇന്ത്യന്‍’ ഹിന്ദി സിനിമ
പാന്‍ ഇന്ത്യന്‍ സിനിമയാണ് യഥാര്‍ത്ഥത്തില്‍ ബേണിംഗ്. പല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും അതില്‍ വന്നിട്ടുണ്ട്. മലയാളികളാണ് പ്രധാനമായും പിന്നണിയിലുള്ളതെങ്കിലും സിങ്ക് സൗണ്ട് ചെയ്തിരിക്കുന്നത് അജിത് മിശ്ര എന്ന ബംഗാളി സൗണ്ട് എഞ്ചിനീയറാണ്. എസ്.ആര്‍.എഫ്.ടിയില്‍ പഠിച്ചിറങ്ങിയയാളാണ്. ചിത്രത്തിലഭിനയിച്ച റുക്‌സാനാ തബാസ്സും യഥാര്‍ത്ഥത്തില്‍ ഹ്രസ്വചിത്രങ്ങളെടുക്കുന്ന ഒരു സംവിധായികയാണ്. മറ്റൊരു നടിയായ കേതകി മറാഠി നടിയും മോഡലുമാണ്. ഇവരൊഴിച്ചാല്‍ ബാക്കിയുള്ള ക്രൂവില്‍ അധികവും മലയാളികള്‍ തന്നെ. എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്, ഛായാഗ്രാഹകന്‍ മനേഷ്, ജിനോയിയുടേതാണ് തിരക്കഥ. ഇവര്‍ മൂന്നു പേരും എനിക്കൊപ്പം കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമപ്രവര്‍ത്തനം പഠിച്ചവരാണ്. എല്ലാവരുടെയും പ്രയത്‌നത്തിന്റെ ഫലമാണ്.
പിന്നെയുള്ളത് ബിജി ബാലും അരുണ്‍ രാമവര്‍മയുമാണ്. എല്ലാവരും കഥ കേട്ട് താല്‍പര്യപ്പെട്ടും നമ്മളോടുള്ള സൗഹൃദത്തിന്റെ പുറത്തുമാണ് ജോലി ചെയ്തത്. അങ്ങനെ നല്ലൊരു ടീമിനെ കിട്ടി എന്നുള്ളതാണ്. ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന മനേഷും, മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള കലാസ്‌നേഹിയായ നിര്‍മാതാവ് അജയ് ഞങ്ങള്‍ക്കൊപ്പമുണ്ടായതും നേട്ടമാണ്.
നിറഞ്ഞ സദസും മികച്ച പ്രതികരണങ്ങളും
കൊല്‍ക്കത്തയില്‍ നിന്നായാലും ഗോവയില്‍ നിന്നായാലും, നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ പ്രേക്ഷകരും ജൂറി അംഗങ്ങളും മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ഫിലിം ക്യൂറേറ്ററുകളുടെ ഭാഗത്തു നിന്നും നല്ല റെസ്‌പോണ്‍സുണ്ട്. ചില കാര്യങ്ങള്‍ മനസ്സിലാകുന്നില്ലെന്ന പരാതി പല മലയാളി സുഹൃത്തുക്കളും പറഞ്ഞിരുന്നു. സാംസ്‌കാരികമായി അത്തരമൊരു ലോകം അവര്‍ക്കു പരിചയമില്ലാത്തതിന്റെ പ്രശ്‌നമാണത്. രണ്ടാമതൊരിക്കല്‍ കാണുമ്പോള്‍ അതു വ്യക്തമാകാവുന്നതേയുള്ളൂ. കൊല്‍ക്കത്തയിലെ കുറച്ചു ബംഗാളി ഓഡിയന്‍സും സുഹൃത്തുക്കളും മാത്രമാണ് കാണാനുണ്ടായിരുന്നത്, പ്രധാന വേദിയില്‍ നിന്നും അല്പം വിട്ടു പ്രദര്‍ശിപ്പിച്ചതു കാരണം. ഗോവയില്‍ പക്ഷേ, നിറഞ്ഞ സദസ്സായിരുന്നു. ജൂറി ചെയര്‍മാനും ചിത്രം കണ്ടിരുന്നു. സിനിമ വളരെയിഷ്ടപ്പെട്ടതായും രണ്ടു മൂന്നു തവണ കാണുകയും ചെയ്തതായും പറഞ്ഞു, ദീര്‍ഘ നേരം സിനിമയെക്കുറിച്ചു സംസാരിച്ചു.
ക്യൂറേറ്റര്‍മാര്‍ കുറേപ്പേര്‍ വിളിച്ച് ചിത്രം പ്രമോട്ട് ചെയ്യുന്നതിനെക്കുറിച്ചും സംസാരിച്ചിരുന്നു. പ്രമേയം അവര്‍ക്കു ദഹിക്കും, ഇങ്ങനെയും ഒരു ലോകമുണ്ടെന്ന് ഒരു പക്ഷേ അവര്‍ക്കു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാകാം. നല്ല റിവ്യൂകളാണ് വരുന്നതെല്ലാം