UPDATES

സിനിമ

നമസ്‌തേ ഇന്ത്യ; ഒരു പൊളിറ്റിക്കല്‍ ട്രാവലോഗ്- സംവിധായകന്‍ ആര്‍ അജയ് / അഭിമുഖം

ഒരു വര്‍ഷത്തോളം ഇന്ത്യ മൊത്തത്തില്‍ സഞ്ചരിച്ചു കൊണ്ടാണ് ഈ സിനിമ തുടങ്ങിയത്. യാത്ര ചെയ്തു കൊണ്ട് സ്‌ക്രിപ്റ്റ് ചെയ്യുകയായിരുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

നവാഗതനായ ആര്‍ അജയ് തിരക്കഥയും സംവിധാനവും നിര്‍മ്മിച്ചിരിക്കുന്ന,രണ്ടു യുഗങ്ങളുടെ കഥ പറയുന്ന ചിത്രമായ നമസ്‌തേ ഇന്ത്യ നിഗൂഢതകള്‍ നിറഞ്ഞ ഹോളിവുഡ് സിനിമയെ വെല്ലുന്ന ആദ്യ ടീസറിലൂടെ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ക്രീയഷയോ മൂവി ഹൗസിന്റെ ബാനറില്‍ ജോസി കാഞ്ഞിരപ്പള്ളി നിര്‍മിക്കുന്ന ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫി രാഹുല്‍ മേനോനാണ്. മലയാളികള്‍ക്ക് വലിയൊരു വിസ്മയ കാഴ്ച ഒരുക്കുന്ന നമസ്‌തേ ഇന്ത്യയുടെ വിശേഷങ്ങള്‍ സംവിധായകന്‍ ആര്‍ അജയ് അഴിമുഖവുമായി പങ്കു വെക്കുന്നു.

ഇന്ത്യയുടെ സംസ്‌കാരത്തെയും, വൈവിധ്യത്തെയും പരിചയപ്പെടുത്തുവാന്‍ ഉള്ള ഒരു ശ്രമം നമസ്‌തേ ഇന്ത്യ എന്ന ഈ പേരിനകത്തു തന്നെ കിടപ്പുണ്ടല്ലോ?

ഇന്ത്യന്‍ സിനിമകളിലോ, വിദേശത്തു നിന്നും ഇറങ്ങുന്ന ഇന്ത്യന്‍ സിനിമകളിലോ ഇന്ത്യയിലെ കഥകള്‍ പറയുമ്പോള്‍ പലപ്പോഴും ഇന്ത്യയിലെ ചേരികളിലെ കഥകള്‍ ഒക്കെയാണ് പറയാന്‍ ശ്രമിക്കാറ്. പക്ഷെ അത്തരം ഒന്നല്ല ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. നമുക്ക് അവകാശപ്പെടാന്‍ ഒരു ഇന്ത്യന്‍ സംസ്‌കാരം ഉണ്ട്, കുറെ പൗരാണികമായ കഥകള്‍ ഉണ്ട്. അത്തരത്തില്‍ ഉള്ള കഥകളും, ഇന്ന് ആളുകള്‍ കാണുന്ന അതിനെ കാണുന്ന മറ്റൊരു തലത്തില്‍ കൂടിയുള്ള യാത്രകള്‍ ഒക്കെയാണ് ഈ സിനിമ പറയുന്നത്. ഒരു പൊളിറ്റിക്കല്‍ ട്രാവലോഗ് എന്നൊക്കെ പറയാം. അതുകൊണ്ട് തന്നെയാണ് ചിത്രത്തെ നമസ്‌തേ ഇന്ത്യ എന്നു വിളിക്കുന്നത്.

രണ്ട് യുഗങ്ങളിലെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. അത്തരമൊരു കണ്‍സപ്റ്റിന് പുറകിലെ കാരണം?

പണ്ട് കാലങ്ങളില്‍ ധാരാളം കഥകള്‍ അതായത് കെട്ടുകഥകള്‍ എന്നൊക്കെ പറയാവുന്ന തരത്തില്‍ തന്നെയുള്ള ധാരാളം കഥകള്‍ ഉണ്ടായിരുന്നു. പക്ഷെ ഇന്നത്തെ തലമുറ അത്തരം കഥകളില്‍ വലിയ ബോധവാന്മാരോ അല്ലെങ്കില്‍ ശ്രദ്ധ കൊടുക്കുന്നവരോ അല്ല. പക്ഷെ ഇന്ന് നമ്മള്‍ കാണുന്ന ഒരു അമ്പലം ഒരു പക്ഷെ പണിഞ്ഞത് അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാകാം അല്ലെങ്കില് അതു പോലുള്ള വലിയ വലിയ ആരെങ്കിലും ആയിരുന്നിരിക്കാം. അപ്പോള്‍ അത്തരത്തില്‍ ഉള്ള സംഭവങ്ങളുടെ ഒരു ഫ്‌ളാഷ് ബാക്കും അതിന്റെ വര്‍ത്തമാനകാലവും ഉള്‍പ്പെടുത്തിയാണ് നമ്മള്‍ കഥ നരേറ്റ് ചെയ്തിരിക്കുന്നത്.

ആദ്യമായി ഇന്ത്യയിലാണ് ജനാധിപത്യം ഉടലെടുത്തതെന്ന ആശയത്തെ ഈ സിനിമയിലൂടെ ആളുകളിലേക്ക് എസ്റ്റാബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചത് എങ്ങനെയാണ്?

ഞങ്ങള്‍ ഒരുപാട് ട്രാവല്‍ ചെയ്ത് ഒരു വില്ലേജില്‍ എത്തി. ഹിമാചല്‍ പ്രദേശിലെ 12,000 അടി ഉയരം ഉള്ള മലമുകളില്‍ ആണത്. അവിടെ ചെന്നപ്പോള്‍ അവിടുത്തെ കഥകള്‍, കാര്യങ്ങള്‍ അവിടത്തെ ആളുകളോട് അന്വേഷിച്ചപ്പോള്‍ നമുക്ക് മനസിലായ ഒരു കാര്യം എന്തെന്നാല്‍ 500 ബിസിയില്‍ സ്ഥാപിച്ച ഒരു അമ്പലം ഒക്കെ അവിടെ ഉണ്ട്. ആ സമയത്ത് രാജഭരണത്തിനെ എതിര്‍ത്തു കുറച്ചാളുകള്‍ സംഘടിച്ച് ഒരു മലമുകളില്‍ പോയി ഒരു ഗ്രാമം തുടങ്ങുകയും അവിടെ അവര്‍ ജീവിക്കുകയും ചെയ്തു. വാസ്തവത്തില്‍ അതു തന്നെയാണ് ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും. അതായത് രാജാവില്‍ നിന്നും രാജഭരണത്തില്‍ നിന്നെല്ലാം മാറി അവരുടെ സ്വതന്ത്ര ചിന്താഗതിയില്‍ അവര്‍ മലമുകളിലേക്ക് പോയതാണ്. ആദ്യമായി അത്തരമൊരു ആശയം ഉണ്ടാക്കിയത് അവരാണ്. നമ്മുടെ സിനിമയില്‍ അത്തരം കാര്യങ്ങള്‍ ഒക്കെ പറയുന്നുണ്ട്. വ്യക്തമായ തെളിവുകളോട് കൂടി തനെയാണ് അത് പറയുന്നതും..

ഇന്ത്യയെ കുറിച്ച് വലിയൊരു പഠനം നടത്തി ചെയ്യുന്ന ഒരു സിനിമ എന്ന നിലയില്‍ എത്ര കാലമെടുത്തു പഠനങ്ങള്‍ക്കായി?

ഒരു വര്‍ഷത്തോളം ഇന്ത്യ മൊത്തത്തില്‍ സഞ്ചരിച്ചുകൊണ്ടാണ് ഈ സിനിമ തുടങ്ങിയത്. യാത്ര ചെയ്തുകൊണ്ട് സ്‌ക്രിപ്റ്റ് ചെയ്യുകയായിരുന്നു. നമ്മള്‍ ഓരോ സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ അവിടെ ഉണ്ടാകുന്ന അനുഭവങ്ങള്‍ എല്ലാം ചേര്‍ത്താണ് സ്‌ക്രിപ്റ്റ് എഴുതിയത്. ഞങ്ങള്‍ പോയി കണ്ട കാഴ്ചകളിലൂടെ തനെയാണ് ഇതിലെ കഥാപാത്രങ്ങള്‍ സഞ്ചരിക്കുന്നതും. ഇന്ത്യ കാണുവാന്‍ വന്ന ഇവാ ഡി ലൂയിസ് എന്ന വെനിസ്വലക്കാരിയും, പഴയകാല സംഗീത ഉപകരണങ്ങള്‍ അന്വേഷിച്ചു യാത്രചെയ്യുന്ന രോഹിത് എന്ന ചെറുപ്പക്കാരനും താജ്മഹലില്‍ കണ്ടുമുട്ടുന്നതും പിന്നെ അവരൊന്നിച്ചു ഹിമാലയത്തിലേക്കുള്ള രസകരമായ യാത്രയും ഒക്കെയാണ് നമ്മള്‍ ചിത്രത്തിലൂടെ പറയുന്നത്.

ഇന്ത്യ മൊത്തത്തില്‍ സഞ്ചരിക്കുക എന്നത് തന്നെ ഒരു സാഹസികത അല്ലായിരുന്നോ?

ഞങ്ങള്‍ ഒരു 10 വര്‍ഷം മുന്‍പേ തന്നെ ഈ സിനിമയിലേക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഒരുപാട് ആര്‍ടിസ്റ്റുകളോട് കഥകള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഒക്കെ ശ്രമിച്ചിട്ടുണ്ട്. അവസാനം ഞങ്ങള്‍ എന്തെങ്കിലും വിഷ്വല്‍ ട്രീറ്റ്‌മെന്റ് ചെയ്യാന്‍ എലമെന്റ് കിട്ടുമെനുള്ള തരത്തില്‍ ആത്മാവിശ്വാസത്തോടെ യാത്രക്കായി ഇറങ്ങി തിരിച്ചത്.

ഇന്ത്യയെ കുറിച്ചു പറയുന്ന സിനിമ എത്ര ഭാഷകളില്‍ പുറത്തിറങ്ങും?

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആളുകളെ നമ്മള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ആഗ്ര തുടങ്ങി പല പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍.. പ്രധാന കഥാപാത്രം ചെയുന്നത് വിഷ്ണു നമ്പ്യാര്‍ ആണ്. വിവേക് ഗോകുല്‍, ഹരീഷ് പേരടി തുടങ്ങിയവരും ഉണ്ട്. പക്ഷെ സിനിമ തല്‍ക്കാലം മലയാളത്തില്‍ മാത്രമേ ഒള്ളു. വാസ്തവത്തില്‍ ഒരു ഭാഷയില്‍ സിനിമ ചെയ്യാന്‍ തന്നെ നമ്മുടെ ജീവിതം പോലും കൊടുക്കേണ്ട അവസ്ഥയായിരുന്നു.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍