UPDATES

സിനിമ

നാട്ടുവഴികളിലേക്ക് വീണ്ടുമാ സിനിമാവണ്ടി; തന്‍റെ സിനിമയുമായി വണ്ടി ഓടിച്ച് ഒരു സംവിധായകന്‍ പ്രേക്ഷകരിലേക്ക്

Avatar

രാകേഷ് നായര്‍

നാട്ടിന്‍പുറത്തെ ചെമ്മണ്‍പാതകളിലൂടെ ഇരമ്പിവന്നിരുന്നൊരു സിനിമാ വണ്ടി ഇന്നും മലയാളി ഓര്‍മ്മകളുടെ ഫ്രെയിമില്‍ നിന്ന് മറഞ്ഞുകാണില്ല. അന്തിചാഞ്ഞ മണല്‍വിരിപ്പിലിരുന്ന് അന്നു കണ്ട സിനിമകള്‍ക്ക് എന്തൊക്കെയോ പ്രത്യേകതകളുണ്ടായിരുന്നു. ദൈവീകഗുണമുള്ള നായകന്മാരില്ലായിരുന്നു, നായികമാര്‍ക്കും മുമ്പുകണ്ടത്ര ആസ്വാദ്യതയില്ലായിരുന്നു. ശുഭാന്ത്യങ്ങളുമായിരുന്നില്ല ആ സിനിമകള്‍. പതിയെ പതിയെ അവര്‍ക്കു മനസിലായി വലിച്ചുകെട്ടിയൊരു വെള്ളത്തുണിയില്‍ തങ്ങള്‍ ഇതുവരെ കണ്ട നിഴലാട്ടങ്ങളല്ല ഇതെന്ന്. ഇത് ജീവിതമാണ്, എന്റെയും നിന്റെയും; അവര്‍ പരസ്പരം പറഞ്ഞു. അപ്പോള്‍ ആരോ പറഞ്ഞവരെ മനസിലാക്കി; ഇത് സമാന്തര സിനിമയാണ്. നിങ്ങള്‍ ഇതുവരെ കണ്ട് കച്ചവടക്കാഴ്ച്ചകളല്ല, കലയാണിത്. അങ്ങനെ ജോണും ഓഡേസയും അമ്മ അറിയാനുമൊക്കെ ഗ്രാമത്തിന്റെ വലിയ വര്‍ത്തമാനങ്ങളായി. പിന്നെയെപ്പോഴോ ആ ചെമ്മണ്‍പാതകളിലേക്ക് സിനിമാവണ്ടികള്‍ വരാതെയായി. ഗ്രാമത്തിലെ കൊട്ടകകളിലും ആളുകുറഞ്ഞു. പതിയെ സിനിമ നഗരകേന്ദ്രീകൃതമായി; കാഴ്ചക്കാരും.

കാലം പിന്നെയുമിരുണ്ടു വെളുത്തപ്പോള്‍ വീണ്ടുമൊരു സിനിമാവണ്ടി കാഴ്ചക്കാരെ തേടിയിറങ്ങി. അതോടിച്ചത് ഒരു സംവിധായകനായിരുന്നു. ഒരാള്‍പൊക്കം എന്ന സിനിമയിലൂടെ മലയാളി അടുത്തറിഞ്ഞ സനല്‍കുമാര്‍ ശശിധരന്‍. തേടിവരാത്തവരെ തേടിച്ചെന്ന പണ്ടത്തെ അതേ സിനിമാപ്രവര്‍ത്തനം പോലെ. വിണ്ടുമുരുണ്ട ആ സിനിമ വണ്ടിയെക്കുറിച്ച് സനല്‍ കുമാര്‍ ശശിധരന് പറയാനുള്ളത്. 

ഞങ്ങളുടെ സിനിമ വണ്ടി ഓരോയിടത്തും ചെല്ലുമ്പോഴും ആളുകളുടെ മനസ്സില്‍ ആദ്യമെത്തുക ജോണ്‍ എബ്രഹാമും ഒഡേസയുമൊക്കെയാണ്. സമാന്തര സിനിമയുടെ ഒരു പാത ജനങ്ങള്‍ക്കിടയിലേക്ക് വെട്ടിയൊരുക്കിയതവരാണ്. പിന്നീടെപ്പോഴോ ആ പാതയടഞ്ഞുപോയി. നഗരത്തിനു വെളിയിലേക്ക് ഇത്തരം സിനിമകള്‍ കടന്നു ചെല്ലാതിരുന്നതോടെ അവയ്ക്കുള്ള കാഴ്ചയ്ക്കാരും ഇല്ലാതായി. താല്‍പര്യമില്ലായ്മയല്ല, അവസരമില്ലായ്മയായിരുന്നു പ്രശ്‌നം. ആ കാഴ്ചക്കാരെ തേടിയാണ് വീണ്ടുമൊരിക്കല്‍ കൂടി ഒരു സിനിമാ വണ്ടിക്ക് യാത്ര ചെയ്യേണ്ടി വരുന്നത്. അന്നിറങ്ങിപുറപ്പെട്ടവര്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ ഇപ്പോഴില്ല. ഒരു സിനിമ കാണിക്കാന്‍ വേണ്ടുന്ന സംവിധാനങ്ങളെല്ലാം കൈയിലൊതുങ്ങുന്നതായിരിക്കുന്നു. അന്നതല്ലല്ലോ സ്ഥിതി. അവരുടെ വണ്ടിയോടിയ പാതകളെക്കാള്‍ പ്രതലം മിനുസപ്പെട്ടിരിക്കുന്നു. പക്ഷെ അവര്‍ക്കുണ്ടായിരുന്ന ആത്മവിശ്വാസം ഇന്നുള്ളവര്‍ക്കില്ല. സ്വപ്‌നങ്ങള്‍ കാണുന്നതിലല്ല, നടപ്പാക്കുന്നതിലാണല്ലോ വിജയിക്കേണ്ടത്. മുന്നോട്ടുരുളാന്‍ ഭയപ്പെടുന്നവരാണ് ഇന്നുള്ളത്. ഒരാള്‍പൊക്കവുമായി ഞങ്ങള്‍ ഇറങ്ങിയപ്പോഴാണ് പലര്‍ക്കും ആത്മവിശ്വാസം ഉണ്ടായത്. ഇപ്പോള്‍ ഇതേവഴിയിലേക്ക് വരാന്‍ പലരും താല്‍പര്യപ്പെടുന്നുണ്ട്.

നമ്മുടെ ചലച്ചിത്രമേളകള്‍ ഇന്ന് നഗരകേന്ദ്രീകൃതമായിരിക്കുകയാണ്. സിനിമ ഉണ്ടാക്കുന്നവര്‍ക്കും അതിന്റെ കാഴ്ച്ചക്കാരില്‍ ഭൂരിഭാഗംപേരും ഈ നഗരവത്കരണത്തെ അബദ്ധധാരണകള്‍ കൊണ്ട് ആഘോഷിക്കുകയാണ്. നഗരത്തില്‍ ജീവിക്കുന്നവര്‍, അല്ലെങ്കില്‍ ഈ സംസ്‌കാരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക് മാത്രം ആസ്വദിക്കാനും പങ്കെടുക്കാനുമുള്ളതായി ചലച്ചിത്രമേളകള്‍ മാറുമ്പോള്‍ അവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന സിനിമകളും ഈ വിഭാഗത്തിന് മാത്രം കാണാനുള്ളതായി മാറുന്നു. മറ്റൊരു തെറ്റിദ്ധാരണ ഇത്തരം സിനിമകള്‍ (നമ്മള്‍ സമാന്തരസിനിമകളെന്നു വിളിക്കുന്ന കലാപരമായി ഔന്നത്യം പുലര്‍ത്തുന്ന സിനിമകള്‍) ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നതാണ്. ഇംഗ്ലീഷ് സബ്‌ടൈറ്റലുകള്‍ വായിക്കാന്‍ പോലും അറിയാത്തവരാണ് ഗ്രാമീണാസ്വാദകര്‍ എന്നുപോലും ചിന്തിക്കുന്നവരുണ്ട്. ഇത്തരം അബദ്ധധാരണകളുടെ ഫലമായാണ് നല്ല സിനിമകള്‍ പലപ്പോഴും നമ്മുടെ നാട്ടിന്‍പുറങ്ങള്‍ എത്താത്തത്. സ്വാഭാവികമായും അവിടെയുള്ള ആസ്വാദകരെ സിനിമയ്ക്ക് നഷ്ടപ്പെടുകയും ചെയ്യും. സിനിമകളെക്കുറിച്ചും അതിന്റെ ആസ്വാദകരെ സംബന്ധിച്ചും ഏകപക്ഷീയമായ ധാരണകള്‍ പുലര്‍ത്തുന്നവരാണ് ഇതിന് കാരണം.

മറ്റൊരു പ്രശ്‌നം സമാന്തര സിനിമകളെ കുറിച്ച് പൊതുവെയുള്ള ഒരു ധാരണയാണ്. അവ വെറുതെ കാണാനുള്ളതാണെന്നാണ് ഭൂരിഭാഗത്തിന്റെയും വിശ്വാസം. കാലങ്ങളായി തന്നെ ഇത്തരമൊരു ധാരണയുണ്ട്. അതിന് കാരണണമായി എനിക്ക് തോന്നിയിട്ടുള്ളത് നമ്മുടെ ഫിലിം സൊസൈറ്റികളാണ്. ഫിലിം സൊസൈറ്റികളെ കുറ്റപ്പെടുത്തി പറയുന്നതല്ല. എഴുപത്-എണ്‍പത് കാലങ്ങളില്‍ വളരെ ശക്തമായി നിലനിന്നിരുന്ന ഫിലിം സൊസൈറ്റികള്‍ തന്നെയാണ് മലയാളിയുടെ സിനിമാബോധത്തില്‍ കാതലായ ഇടപെടലുകള്‍ നടത്തിയത്. ഇന്നും നമ്മെ നയിക്കുന്നതും ആ ബോധതലങ്ങള്‍ തന്നെയാണ്. ഞാന്‍ സൂചിപ്പിച്ച പ്രശ്‌നം മറ്റൊന്നാണ്. ഇത്തരം ഫിലിം സൊസൈറ്റികളും പിന്നീട് വന്ന ചലച്ചിത്രമേളകളും പ്രക്ഷകര്‍ക്ക് സൗജന്യമായി (അങ്ങനെയല്ലാതെയും ഉണ്ടാകാം) സനിമകള്‍ കാണാനുള്ള സൗകര്യമൊരുക്കി. ലോകസിനിമകളും നമ്മുടെ നാട്ടിലെ കലാമൂല്യമുള്ള സിനിമകളും (നമ്മളതിനെ ആര്‍ട്ട് പടം എന്നും അവാര്‍ഡ് പടം എന്നും വിളിക്കുന്നു) വെറുതെ കാണാനുള്ളതാണെന്ന, കാണിക്കാനുള്ളതാണെന്ന ധാരണയുണ്ടായി. ഈ ധാരണ ജനങ്ങള്‍ക്കിടയില്‍ ഉറച്ചുപോയി. അതുകൊണ്ട് തന്നെ അവര്‍ തിയേറ്ററില്‍ വന്നാല്‍പോലും ഇത്തരം സിനിമകള്‍ പോയി കാണില്ല. ആളുകേറാത്ത സിനിമ ആരു പ്രദര്‍ശിപ്പിക്കാന്‍? ആര് വിതരണത്തിനെടുക്കാന്‍? ഫലം; ഈ സിനിമകളുടെ സൃഷ്ടാക്കള്‍ക്ക് കലാസംതൃപ്തിക്കപ്പുറം മറ്റൊന്നിനും അവകാശമില്ലാതായി.

സിനിമ വണ്ടിയെന്നൊരാശയം സിനിമയുടെ നഷ്ടപ്പെട്ട (അല്ലെങ്കില്‍ മാറി നില്‍ക്കുന്ന) പ്രേക്ഷകരെ തേടിച്ചെല്ലല്‍ തന്നെയാണ്. പണ്ടുണ്ടായിരുന്നൊരു പാത തെളിച്ചെടുക്കല്‍. നല്ല സിനിമകള്‍ അവരെ തേടിച്ചെല്ലുമ്പോള്‍, ക്രമേണ അവരില്‍ തന്നെ ഒരു തോന്നലുണ്ടാകും- നമ്മളാണിത് തേടിപ്പോയി കാണേണ്ടതെന്ന്. അങ്ങനെയൊരു തോന്നല്‍ അവരിലുണ്ടാകുമ്പോള്‍ അതിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു നല്‍കണം. വസ്ത്രവും പാര്‍പ്പിടവും ആഹാരവുമെന്നപോലെ പ്രഥാമികമായ ആവശ്യമല്ല സിനിമ എന്നതിനാല്‍ സര്‍ക്കാര്‍ ഇതില്‍ അധികമൊന്നും തലപുകയ്ക്കില്ല. സബ്‌സിഡികള്‍ക്കപ്പുറം ജനങ്ങളെ ബോധവത്കരിച്ച് തിയേറ്റുകളില്‍ എത്തിക്കുകയൊന്നുമില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നത് ചലച്ചിത്ര അക്കാദമികള്‍ക്കാണ്. അവര്‍ ചെയ്യട്ടെ. പക്ഷെ, അതും കാത്തു നില്‍ക്കുന്നത് അബദ്ധമാണ്.

നമുക്കിറങ്ങാം.നിരാശപ്പെടില്ല. ഈ സിനിമവണ്ടിക്ക് കിട്ടിയ പിന്തുണ ആശാവഹമാണ്. ഇതൊരിക്കലും മുതല്‍മുടക്ക് തിരിച്ചുപിടിക്കാനുള്ള ശ്രമമൊന്നുമല്ല. നൂറോ ഇരുന്നൂറോ ഇടങ്ങളില്‍ പത്തു രൂപ നിരക്കില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ എന്തുകിട്ടും. അതേസമയം ലക്ഷങ്ങള്‍മാത്രം ചെലവാക്കി നിര്‍മ്മിക്കുന്ന ഇത്തരം സിനിമകള്‍ ഈ നാട്ടില്‍ പത്തായിരത്തിയഞ്ഞൂറിടങ്ങളില്‍ ഒരു പത്തുരൂപാനിരക്കില്‍ കാണിക്കാന്‍ സാധിച്ചാല്‍ ഗുണമുണ്ട്. പത്തുരൂപ മുടക്കാതിരിക്കാന്‍ മാത്രം പിശുക്ക് നമുക്കുണ്ടെന്നു തോന്നുന്നില്ല. പണംമാത്രമല്ല, സിനിമയിലേക്ക് പ്രേക്ഷകനെ അടുപ്പിക്കാനുള്ള വഴികൂടിയാണിത്.

പരീക്ഷണാത്മക (കൊമേഴ്‌സ്യല്‍ പരീക്ഷണാത്മകതയല്ല) സിനിമകളോട് അടുക്കാനും അവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ ഇല്ലാതാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നു തന്നെയാണ് എന്റെ അനുഭവത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇതല്ലാതെ മറ്റൊരു തരത്തില്‍ ഇപ്പോള്‍ ഇത്തരം സിനിമകള്‍ പൊതുപ്രേക്ഷകരിലേക്ക് എത്തുമെന്നു തോന്നുന്നില്ല. പണ്ട് ദൂര്‍ദര്‍ശനില്‍ ഇത്തരം സിനിമകള്‍ വന്നിരുന്നു. ഏഷ്യാനെറ്റ് പോലുള്ള ഏതാനും സ്വകാര്യ ചാനലുകളും അതിന് തയ്യാറായിരുന്നു. ഇപ്പോള്‍ ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒരു ചാനലുകള്‍ക്കും അതില്‍ വല്യതാല്‍പര്യമില്ല. സമാന്തര സിനിമകളെ കുറിച്ച് ജനം അറിയുന്നത് തന്നെ സിനിമയ്‌ക്കോ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കോ അവാര്‍ഡുകള്‍ കിട്ടുമ്പോഴാണ്. അവാര്‍ഡ് സിനിമകള്‍ തിയേറ്ററില്‍ വരാത്തവയാണെന്നാണല്ലോ വയ്പ്പ്. ഏതെങ്കിലും സിനിമ റിലീസ് ചെയ്‌തെന്നിരിക്കട്ടെ, അത് നഗരത്തിലായിരിക്കും. നാട്ടിന്‍പുറത്തുള്ള ഒരാള്‍ നഗരത്തില്‍ പോയി ആ സിനിമ കാണുമോ!

ഇങ്ങനെയുള്ളൊരു സാഹചര്യത്തിലാണ് പ്രേക്ഷകനെ തേടിയിറങ്ങാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഒരിടത്ത് നൂറുപേര്‍ കാണാന്‍ വരുമെങ്കില്‍ പകുതിക്കുവെച്ച് അവരില്‍ പത്തോ ഇരുപതോ പേര്‍ എഴുന്നേറ്റുപോകും. ബാക്കിയുണ്ടാവുന്നവര്‍ സിനിമ കാണുന്നു. അവര്‍ തീര്‍ച്ചയായും നല്ല സിനിമയുടെ ആസ്വാദകരായി മാറുകയാണ്. നാളെ തങ്ങളെ തേടിവരാനിരിക്കാതെ തന്നെ അവര്‍ നല്ല സിനിമകളെ തേടിപ്പോകാന്‍ തുടങ്ങും. ഞങ്ങളുടെ ലക്ഷ്യവുമതാണ്. ഇപ്പോള്‍ ഒരാള്‍പൊക്കം മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒപ്പം തന്നെ, കഴിഞ്ഞ കാലത്തിനിടയില്‍ ഉണ്ടായവയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താതെയും പോയ നല്ല സിനിമകളും ഇതുപോലെ പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. സംശയം പ്രകടിപ്പിച്ച പലരും ഈ ഞങ്ങളുടെ ഈ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനും അവരുടെ സിനിമകളും ഇത്തരത്തില്‍ പ്രദര്‍ശിപ്പാക്കനും ആഗ്രഹിക്കുകയാണ്. 

സിനിമാ വണ്ടിയുടെ യാത്ര തുടരുകയാണ്….പണ്ട് ചെമ്മണ്‍ പാതയിലൂടെ പുകയൂതി വന്നുനിന്ന പഴയ ആ സിനിമ വണ്ടിയെപ്പോലെ നമുക്ക് കാത്തിരിക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍