UPDATES

സിനിമ

സിനിമാ വണ്ടി- ജനകീയ സിനിമയിലേക്കൊരു യാത്ര

Avatar

പ്രകാശ് ബാരെ

താരങ്ങളും ചാനലുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൈയാളുന്ന മലയാള സിനിമയിൽ ജനകീയ സിനിമയുടെ ചെറുപ്രതിരോധങ്ങൾക്ക് പ്രസക്തിയുണ്ട്.

സിനിമാ വണ്ടി- മലയാളം സിനിമയിലെ ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്ന വിതരണ രംഗത്തെ പ്രശ്നങ്ങളിലേക്കു ഏവരുടേയും ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണീ സംരംഭം. ഭാഗികമായി ഇത് പ്രശ്നങ്ങൾക്കുള്ള പരിഹാരം തേടലാണ്. അതു പക്ഷേ മലയാള സിനിമയെ ഇന്നു പാതാളത്തിലേക്കാഴ്ത്തുന്നതിലേക്ക് നയിച്ച  ദുസ്വാധീനങ്ങൾക്കും, നിഷ്ക്രിയത്വ പ്രവണതകൾക്കുമെതിരെ പടവെട്ടിക്കൊണ്ടു കൂടിയായിരിക്കും.

മലയാള സിനിമയുടെ ചരിത്രം മഹത്തരവും അസൂയാവഹവുമാണ്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലുമായി വ്യാപിച്ചു കിടന്ന 1500 തിയേറ്ററുകൾ. പേരുകേട്ട വലിയ വലിയ നിർമ്മാണ-വിതരണ കമ്പനികൾ. വർഷം നൂറോളം സിനിമകൾ റിലീസാവുന്നതിനൊപ്പം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ദേശീയ പുരസ്കാരങ്ങളിലും നിറസാന്നിധ്യമായിരുന്ന മലയാള സിനിമ. പ്രതിഭയുള്ള ഒരു പിടി സംവിധായകർ വ്യത്യസ്തമായ പ്രമേയ പരിചരണ സാധ്യതകൾ  പരീക്ഷിച്ചു കളം നിറയുന്നതിനു സാക്ഷിയായ 80കൾ. അടൂർ, അരവിന്ദൻ, ബക്കർ, കെ.പി കുമാരൻ, കെ.ജി ജോർജ്ജ്, ഭരതൻ, പത്മരാജൻ, മോഹൻ, ലെനിൻ രാജേന്ദ്രൻ. ഇവരെക്കൂടാതെ കച്ചവട സിനിമയുടെ മർമ്മമറിഞ്ഞ്, വൻ വിജയങ്ങൾ സമ്മാനിച്ച എത്രയോ ജനകീയ സംവിധാകർ. മലയാള സിനിമ  ഏതു താരങ്ങളെക്കാളുമുപരി നടന്മാരുടെ പേരിൽ അറിയപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അത്. ബാലൻ.കെ.നായർ, ഭരത് ഗോപി, പി.ജെ ആന്റണി, അച്ചൻ കുഞ്ഞ്, കരമന ജനാർദ്ദനൻ നായർ, വേണു നാഗവള്ളി തുടങ്ങി ആദ്യ കാലത്തെ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ആ നിരയിലെ മികച്ച ഉദാഹരണങ്ങളാണ്. നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചിത്രങ്ങളെ തിയേറ്ററിൽ ജനങ്ങളും സ്വീകരിച്ചിരുന്നു. എലിപ്പത്തായവും കൊടിയേറ്റവുമൊക്കെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും നല്ല നിലയിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളാണ്. കെ.ജി ജോർജിനും, ഭരതനും, പത്മരാജനും, മോഹനുമൊക്കെ തങ്ങളുടെ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ശരിക്കും പിടിച്ചു വയ്ക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സംവിധായകർ തൊടാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത പ്രശ്നങ്ങളും പ്രമേയങ്ങളും നല്ല രീതിയിൽ അവതരിപ്പിച്ചു വിജയിപ്പിക്കാൻ ഇവിടെയുള്ളവർക്കു കഴിഞ്ഞു. നമ്മുടെ ഉയർന്ന ആസ്വാദന നിലവാരത്തിനു തെളിവായിരുന്നു അത്.

ഇന്ന് മലയാളം സിനിമയിലെ രീതികൾ അടിമുടി മാറി. പ്രധാനപ്പെട്ട നഗരങ്ങളിലും, പട്ടണങ്ങളിലുമായി അവശേഷിക്കുന്ന 300-400 ഓളം  തിയേറ്ററുകളെ ബാക്കി നിർത്തി 1500 ഓളം തിയേറ്ററുകളാണ് പൂട്ടിപ്പോയത്. തിയേറ്റർ വരുമാനമെന്നത് സിനിമയുടെ മൊത്ത വരുമാനത്തിലെ വളരെ ചെറിയൊരു ശതമാനം മാത്രമായി ചുരുങ്ങിയപ്പോൾ  സിനിമാ നിർമ്മാണ-വിതരണ രംഗത്തെ എക ചാലക ശക്തിയായി സാറ്റലൈറ്റ് ചാനലുകാർ മാറുകയായിരുന്നു. സാറ്റലൈറ്റ് റൈറ്റ് എന്ന ആശയം സിനിമാ രംഗത്തേക്ക് കടന്നു വന്നതോടുകൂടി യഥാർഥത്തിൽ സിനിമയുടെ തലവര തന്നെ മാറ്റി എഴുതാനുള്ള അവകാശം ചാനലുകാർക്ക് ലഭിക്കുകയാണുണ്ടായത്. എന്തു സിനിമയെടുക്കണം, ആര് എടുക്കണം ആര് അഭിനയിക്കണം, ആരൊക്കെ കാണണം, ആരൊക്കെ ഇഷ്ടപ്പെടണം തുടങ്ങി സകലതും തീരുമാനിക്കുന്നത് സാറ്റലൈറ്റ് റൈറ്റ് കിട്ടാനുള്ളള സാധ്യതയെ അടിസ്ഥാനമാക്കി മാത്രമായി. നമ്മുടെ സിനിമാ ലോകം ഇന്ന് അടക്കിവാഴുന്നത് എതാനും ചില താരങ്ങളും അവരുടെ ഉപജാപക വൃന്ദങ്ങളും ചേർന്നാണ്. നടന്മാർക്കോ നടിമാർക്കോ അവിടെ ഒരു റോളുമില്ല. ഈ താരങ്ങളും ചാനലുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നമ്മുടെ സിനിമയുടെ വിധി നിർണയിക്കുന്നത്. ടി. ആർ. പി റേറ്റിങ്ങിന്റെ പേരിൽ ശരാശരി പരിപാടികളിലൂടെ മലയാളിയുടെ കാഴ്ചാ ശീലത്തിൽ വല്ലാത്ത ഇടിവുണ്ടാക്കിയ ചാനലുകാർ ഇപ്പോൾ സിനിമാ മേഖലയേയും കുളം തോണ്ടിക്കൊണ്ടിരിക്കുകയാണ്.

സിനിമ വെറും വിനോദം മാത്രമായി ചുരുങ്ങുകയും, മിമിക്രി ഉന്നത കലാരൂപമായി പരിണമിക്കുകയും ചെയ്തിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ബുദ്ധിയേയും ചിന്തയേയും സ്വാധീനിക്കാൻ കഴിയുന്ന ഗൗരവമുള്ള പ്രമേയം, കലാപരമായ മേന്മ, നിരൂപക പ്രശംസ, അവാർഡ് ലഭിക്കുക എന്നതൊക്കെ പറയാൻ തന്നെ പാടില്ലാത്ത  വിലക്കപ്പെട്ട മോശം സംഗതികളായി മാറിയിരിക്കുന്നു. പച്ചയായ മോഷണം എറ്റവും നല്ല മാർഗ്ഗമായി അംഗീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു (കഥ, തിരക്കഥ, സംഗീതം തുടങ്ങി മറ്റൊരാൾ സൃഷ്ടിച്ച എന്തും അയാളുടെ   അറിവോ സമ്മതമോ കൂടാതെ സ്വന്തം പേരിൽ ഇറക്കാം). 

സന്തോഷ് എച്ചിക്കാനത്തിന്റെ ‘കൊമാല’യിൽ മലയാള സിനിമാ ലോകം സിനിമയാക്കാനുള്ള സംഗതികളൊന്നും കണ്ടില്ല. എന്നാൽ അതേ ആശയമുള്ള പിപ്പ്ലി ലൈവിനെ മികച്ച കലാസൃഷ്ടിയായി ബോളിവുഡ് ആഘോഷിച്ചു.  സിനിമ സംഘടനകളൊക്കെ സ്വന്തം കാര്യം സിന്ദാബാദ് എന്നു ഭജിക്കുന്ന സ്വാർഥത നിറഞ്ഞ സംഘങ്ങളായി. നല്ല സിനിമാ പ്രവർത്തനങ്ങളെ പ്രോത്സാഹിക്കേണ്ട, പൊതു ജനങ്ങളുടെ പണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളും, ഫിലിം  അക്കാദമിയും ചലച്ചിത്ര വികസന കോർപ്പറേഷനുമൊക്കെ പക്ഷേ  പ്രവർത്തിക്കുന്നത് പൂർണമായ കച്ചവട താൽപ്പര്യത്തിന്റെ പുറത്ത്. ഇതിനെല്ലാം നടുക്ക് വ്യത്യസ്തമായ  കാമ്പുള്ള നല്ല സിനിമകൾ മനസ്സിലുള്ളവർ ശരിക്കും പാടുപെടുകയാണ്. സിനിമയെ കച്ചവടം മാത്രമായി കാണാത്ത ധൈര്യമുള്ള നിർമ്മാതാക്കളുടെ ബലത്തിലും, സമിതികളിൽ നിന്നും ജനങ്ങളിൽ നിന്നുമൊക്കെ പണം സമാഹരിച്ചും അവരാ സിനിമകൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നു. (സാറ്റലൈറ്റുകാരൊന്നും ഇത്തരക്കാരെ തിരിഞ്ഞു നോക്കില്ല. പ്രേക്ഷകരുടെ യുക്തിയേയും ബോധത്തേയുമൊക്കെ പരിഹസിച്ചു കൊണ്ട് അവർക്കെപ്പോഴും തല്ലിപ്പൊളി മാസ് മസാലകൾ വിളമ്പാനാണ് ഇഷ്ടം. മാസ് ചിത്രങ്ങളുടെ പിറകേ പോകുന്ന തിയേറ്ററുകാരും ഇത്തരം ചിത്രങ്ങളോടു അയിത്തം പുലർത്തും. ഡി.വി.ഡി, വി.സി.ഡി. വ്യവസായത്തിനും സാറ്റലൈറ്റുകാരെക്കൊണ്ടും വ്യാജമ്മാരെക്കൊണ്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. സംപ്രേക്ഷണാവകാശത്തിനൊപ്പം, ഡി.വി.ഡി റിലീസിംഗിനുള്ള അവകാശവും സൗജന്യമായി കൈക്കലാക്കുന്ന ചാനലുകാർ പക്ഷേ അതൊരിക്കലും പ്രയോഗിക്കാൻ തയ്യാറാകുന്നില്ല.). സിനിമ വിതരണ നിർമ്മാണ രംഗത്തെ ഇത്തരം ദുസ്വാധീന വലയങ്ങളാണ് ഇന്ത്യയിൽ കലാമൂല്യമുള്ള സിനിമകൾ മെനയുന്ന കഴിവും പ്രതിഭയുമുള്ള ഒട്ടേറെപ്പേരെ അതേ തരത്തിലുള്ള സിനിമകൾക്കായി കാത്തിരിക്കുന്ന അസംഖ്യം വരുന്ന പ്രേക്ഷകരിലേക്കെത്തുന്നതിൽ നിന്നും തടുക്കുന്നത്. ഇവിടെ യഥാർഥത്തിൽ ബുദ്ധിമുട്ട്  നല്ല സിനിമ എടുക്കാനല്ല, മറിച്ചാ സിനിമ പ്രേക്ഷകരിലേക്കെത്തിക്കുന്നതിനും മുടക്കു മുതൽ തിരിച്ചു പിടിക്കുന്നതിനുമാണ്. ഇതിനെല്ലാം താങ്ങാകേണ്ട സർക്കാർ തിയേറ്ററുകളെ ഇടവേള ബാബുമാർ തങ്ങളുടെ താര യജമാനന്മാരുടെ ചിത്രങ്ങളുടെ പ്രചാരണങ്ങൾക്കായോ അല്ലെങ്കിൽ അതിലും മോശം തെലുങ്ക് മൊഴിമാറ്റ ആക്ഷൻ ചിത്രങ്ങൾ ഓടിക്കാനായോ ആണ് ഉപയോഗിക്കുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ സംഭവിച്ച  രണ്ടു മാറ്റങ്ങളാണ് (മേൽ സൂചിപ്പിച്ച ദുസ്വാധീന പ്രവണതകൾക്കും, ഗവണ്മെന്റിന്റെ നിഷ്ക്രിയത്വത്തിനും പുറമേ) ഒരു കാലത്ത് തലയെടുപ്പോടെ നിന്നിരുന്ന നമ്മുടെ സിനിമയെ താഴേക്കു തള്ളിയിടുന്നതിലേക്കു നയിച്ചത്- ആഗോളവൽക്കരണവും സാങ്കതികതയിൽ വന്ന മാറ്റങ്ങളും

ആഗോളവൽക്കരണം
അക്ഷരാർഥത്തിൽ എല്ലാ തരത്തിലും നമ്മുടെ സിനിമ കടുത്ത വെല്ലുവിളികളാണ്.  നേരിടുന്നത്. ഇന്നു ധാരാളം ഹോളിവുഡ്, ബോളിവുഡ്, തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് മലയാളി മനസിൽ ഇടം പിടിക്കാനായി മത്സരിക്കുന്നത്. ആശയത്തിലും പണമിറക്കിയും  അവരോട് മത്സരിക്കാൻ ശ്രമിക്കുകയാണ് മലയാളം സിനിമ. നമ്മുടെ പ്രധാനപ്പെട്ട മാധ്യമങ്ങളേയും നിയന്ത്രിക്കുന്നത് പുറമേ നിന്നുള്ള കച്ചവട താത്പ്പര്യമാവുമ്പോൾ പ്രതിരോധം ദുർബലമാകുന്നു. ആഗോളവൽക്കരണം സമൂഹത്തിലും സാഹിത്യത്തിലും ഉണ്ടാക്കിയ മാറ്റങ്ങൾ സിനിമയിലും അതു പോലെ തന്നെ പ്രതിഫലിക്കുന്നു.

സാങ്കേതിക മാറ്റങ്ങൾ
പഴയ ഫിലിമിൽ (അനലോഗ്) നിന്നും മാറി സിനിമ ഡിജിറ്റലായതോടെ സിനിമാ പ്രദർശന വേദി തിയേറ്റർ മാത്രമാണെന്ന സ്ഥിതി മാറി സാറ്റലൈറ്റ് ചാനലുകളും, ഇന്റർനെറ്റും മൊബൽ ഫോണും വരെ അതിനുള്ള ഉപാധികളായി മാറി. തിയേറ്ററുകൾ ഇതിന്റെയൊക്കെ സമ്മർദ്ദത്തിലുമായി. ലോകം മുഴുവൻ മൾട്ടി പ്ലസുകളിലേക്കും സിനിമയുടെ വ്യാപക റിലീസിങ്ങുകളിലേക്കും നീങ്ങിയപ്പോൾ ഇവിടുത്തെ മാഫിയകൾ ഈ രണ്ടു നീക്കങ്ങളേയും തടഞ്ഞു. ഇപ്പോൾ പോലും നൂറോളം വരുന്ന തിയേറ്റർ ഉടമകൾ (പരമ്പരാഗത റിലീസിംഗ് കേന്ദ്രങ്ങളുടെ) ഭീഷണികളിലൂടെ മലയാളം സിനിമയുടെ വൈഡ് റീലീസിംഗിനു തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഏതു പ്രതിസന്ധിയിലും തങ്ങൾക്കു പരമാവധി മുതലെടുപ്പു നടത്തണമെന്ന ചിന്ത മാത്രമേ അവർക്കുള്ളു, തങ്ങളുടെ ചെയ്തികൾ മൂലം ആയിരക്കണക്കിനു തിയേറ്ററുകൾ പൂട്ടിപ്പോയതൊന്നും അവർക്കു വിഷയമേ അല്ല. ഇന്ത്യയിലെമ്പാടുമായി ആയിരക്കണക്കിനു മൾട്ടിപ്ലക്സുകൾ പ്രവർത്തിക്കാൻ തുടങ്ങിയതിനു ശേഷമാണ് എറണാകുളത്ത് കേരളത്തിലെ ആദ്യത്തെ മൾട്ടിപ്ലക്സ് സ്ഥാപിക്കപ്പെട്ടത്. 

സിനിമയിലെ ഇടനിലക്കാരുടെ ദുസ്വാധീനങ്ങളെല്ലാം ഒഴിവാക്കി സംവിധായകനും സഹപ്രവർത്തകർക്കും നേരിട്ടു തങ്ങളുടെ പ്രേക്ഷകരെ സമീപിക്കുന്നതിനുള്ള സാഹചര്യമൊരുക്കാനായാണ് സിനിമ വണ്ടി ശ്രമിക്കുന്നത്. ജോൺ എബ്രഹാം പണ്ടു തന്നെ ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ 16എം .എം പ്രൊജക്ടറുകളുപയോഗിച്ച് ഇത്തരമൊരു പരീക്ഷണം എറെക്കുറേ വിജയകരമായി നടത്തിയിട്ടുണ്ട്. ഇന്നു സാങ്കേതിക വിദ്യ അതിൽ നിന്നെല്ലാം പതിന്മടങ്ങ് മുന്നേറിയിരിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ മികച്ച സ്ക്രീനിംഗ് എവിടെ വച്ചും നടത്താനാകും. പെട്ടിയിലാക്കി കൊണ്ടുപോകാൻ സാധിക്കുന്ന ഒരു മൊബൈൽ യൂണിറ്റിലെ ഉപകരണങ്ങളുടെ  സഹായത്തോടെ ഹൈ ഡെഫനിഷൻ വീഡിയോ പ്രൊജക്ഷനും മികച്ച തരത്തിലുള്ള ശബ്ദക്രമീകരണങ്ങളും സാധ്യമാണ്. ഇത്തരമൊരു ഉദ്യമം സ്വന്തം കർത്തവ്യം ചെയ്യാതെ ആലസ്യത്തിൽ മയങ്ങിയിരിക്കുന്ന സർക്കാരിനു ഒരു ഉണർത്തുപാട്ടാകണം. ഒപ്പം  നല്ല സിനിമകളുടെ ഇടം കൈയ്യേറുന്ന സ്വാർഥ കച്ചവട താൽപ്പര്യ സംഘങ്ങൾക്കുള്ള ശക്തമായ മുന്നറിയിപ്പും. സിനിമാ ആസ്വാദകരുടേയും ചലച്ചിത്രകാരൻമ്മാരുടേയും കൂട്ടായ്മയിൽ നിന്നും വിതരണം സംമ്പന്ധിച്ച ഒരു ദീർഘകാല നയം (പ്രദർശനം, ചാനൽ സംപ്രേക്ഷണം, ഡി.വി.ഡി. അവകാശം തുടങ്ങി എല്ലാ കാര്യത്തിലും)  രൂപപ്പെട്ടു വരണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. സിനിമകൾക്കു അംഗീകാരങ്ങളും, അവാർഡും ലഭിച്ചതു കൊണ്ടു മാത്രം എല്ലാമായില്ല. അത് ജനങ്ങൾക്കു കാണാനും മുടക്ക് മുതൽ തിരിച്ചു പിടിക്കാനും കഴിയണം. ആ ദിശയിലേക്കൂ നോക്കിയാണ് സിനിമാ വണ്ടി ഓടിത്തുടങ്ങുന്നത്. വരൂ, നമുക്കൊരുമിച്ച് വളർന്നു വരുന്ന പ്രേക്ഷക സമൂഹത്തിന്റെ ഉയർന്ന കാഴ്ച ശീലത്തിലേക്കായി മുതൽ മുടക്കാം. മലയാളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാം.  

(നടനും നിര്‍മ്മാതാവും നാടക പ്രവര്‍ത്തകനുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍