UPDATES

സിനിമ

വരത്തന്റെ തോക്ക്, ഇയ്യോബിന്റെയും

വരത്തനില്‍ എബിയും പ്രിയയും അതിജീവനത്തിന്റെ വെടി പൊട്ടിക്കുന്ന തോക്കുകള്‍ക്ക് ഒരു സംഘടിതരാഷ്ട്രീയത്തിന്റെയും നിറമില്ല

വരത്തനിലൂടെ വരവറിയിച്ചിരിക്കുന്നത് അമല്‍ നീരദ് ചിത്രങ്ങളിലെ ഒന്നാമനാണ്. സ്റ്റൈലില്‍ ബിഗ് ബിയുടെയും രാഷ്ട്രീയത്തില്‍ ഇയ്യോബിന്റെയും പിന്‍ഗാമിയാണ് വരത്തന്‍. അതേ സമയം, അമല്‍ നീരദിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വ്യക്തിത്വം സ്ഥാപിക്കുന്നതിലും ചിത്രം വിജയിച്ചു. പക്ഷേ, അമല്‍ നീരദിയന്‍ മേക്കിംഗിന്റെ മാസ്മരികതയ്ക്കപ്പുറത്ത് സൂക്ഷ്മരാഷ്ട്രീയത്തിന്റെ കയ്യടക്കമുള്ള അവതരണത്തിന്റെ പേരിലും വരത്തന്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ആ രാഷ്ട്രീയത്തോട് യോജിച്ചാലും വിയോജിച്ചാലും.

പ്രാഥമികമായി സ്ത്രീ-പുരുഷ ബന്ധമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും സൗഹൃദത്തിലും വളരുന്ന ജനാധിപത്യ പരിസരത്ത് നില്‍ക്കുന്ന രണ്ട് ബന്ധങ്ങള്‍. ആണ്‍ കോയ്മയിലും ആധിപത്യത്തിലും ബലാല്‍ഭോഗങ്ങളിലും ഒളിനോട്ടങ്ങളിലും അഭിരമിക്കുന്ന, പിതൃദായക പരിസരത്ത് നില്‍ക്കുന്ന ഒരു സംഘം മറുവശത്ത്. ആ സംഘത്തിന് മുഖമോ വ്യക്തിത്വമോ ഇല്ല. അവര്‍ സന്ദര്‍ഭവും സ്ഥലവുമനുസരിച്ച് രൂപവും ഭാവവും മാറി മാറി സ്വീകരിക്കും. ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്ത്രമാണ് അവരെ നയിക്കുന്നത്. വിപരീതദിശയില്‍ സഞ്ചരിക്കുന്ന ഈ രണ്ട് മനോനിലകള്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് ഒടുവില്‍ കായികമായ സംഘര്‍ഷത്തില്‍ കലാശിക്കുന്നത്. കേരളത്തിലെവിടെ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നിനെ മലയോര ഗ്രാമത്തില്‍ പ്ലെയ്‌സ് ചെയ്തപ്പോള്‍ പ്രമേയം ആവശ്യപ്പെടുന്ന പിരിമുറുക്കം ചിത്രത്തിന് കൈവന്നു. ആള്‍ക്കൂട്ടക്കൊലകളുടെയും ദുരഭിമാനപാതകങ്ങളുടെയും കാലത്ത് കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറവും പ്ലെയ്‌സ് ചെയ്യാവുന്ന പ്രമേയം തന്നെയാണിത്. പക്ഷേ, കാമറ കേരളത്തിനകത്തേക്ക് തന്നെ വയ്ക്കുമ്പോള്‍ നമ്മുടെ മണ്ണിലും മനസിലും ഒളിച്ചുവച്ചിരിക്കുന്ന ഖാപ് പഞ്ചായത്തുകളിലേക്ക് തന്നെയാണ് സഞ്ചരിക്കേണ്ടി വരിക. ‘കൂടെ’ ഈ വിഷയത്തെ ചെറിയ തോതില്‍ അവതരിപ്പിക്കുന്നുണ്ട്. അടുത്തിറങ്ങിയ പല സിനിമകളുലും ‘സദാചാര പൊലിംസിംഗ്’ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉപരിതല സ്പര്‍ശിയായി വന്നു പോയിട്ടുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ സമൂഹത്തിലെ അധികാരഘടനയുമായി ചേര്‍ത്ത് നിര്‍ത്തി ഒരല്പ്പം കൂടി ആഴത്തില്‍ തൊടുന്നുണ്ട് വരത്തന്‍. വിശാലമായ രാഷ്ട്രീയ വായനയ്ക്കുള്ള ഇടം പരിമിതമായ ചിത്രമായിരുന്നിട്ടും.

മെട്രോ നഗരത്തിന്റെ തിരക്കില്‍ നിന്നും സ്വാതന്ത്ര്യത്തില്‍ നിന്നുമാണ് എബിയും പ്രിയയും ഗ്രാമത്തിന്റെ സമാധാനവും വിശുദ്ധിയും തേടിയെത്തുന്നത്. പക്ഷേ, അവിടെ അവരെ കാത്തിരിക്കുന്നത് അത്ര വിശുദ്ധമല്ലാത്ത ചില കാര്യങ്ങളാണ്. എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമ സ്ഥാപിച്ചെടുത്തതും, ഇപ്പോള്‍ ഗൃഹാതുരമായി പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്നതുമായ ‘ നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം’ എന്ന സ്റ്റീരിയോടൈപ്പിന്റെ ബദല്‍ ആഖ്യാനം കൂടിയാണ് വരത്തന്‍. ജനിച്ചു വളര്‍ന്ന നാട്ടില്‍ പ്രിയയെയും എബിയെയും വരത്തരാക്കുന്നത് അവിടുത്തെ അധികാരശൃംഖലാണ്. ഭൂമി കൈവശം വച്ചിരിക്കുന്നവരെ ചുറ്റിപ്പറ്റി വളരുന്ന മാടമ്പികളും ശിങ്കിടികളും ദല്ലാളുകളും നിറഞ്ഞ അഴുക്കും വഴുക്കലുമുള്ള ശൃംഖല. ഇതിന്റെ പൂര്‍വ്വമാതൃക ഇയ്യോബിന്റെ പുസ്തകത്തിലുണ്ട്. സായിപ്പന്മാര്‍ കളം വിട്ടപ്പോള്‍ ആ കസേര കയ്യടിക്കിയ നാടന്‍ സായിപ്പിന്മാര്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാനജനതയ്ക്ക് മേല്‍ നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന വൃത്തികെട്ട ആധിപത്യത്തിന്റെയും തേര്‍വാഴ്ച്ചകളുടെയും നേര്‍സാക്ഷ്യം കൂടിയാണ് ഇയ്യോബ്. കുടിയേറ്റത്തിന്റെ നേര്‍ത്തരേഖ കവച്ച് വച്ച് ചിലര്‍ കയ്യേറ്റക്കാരാകുന്നതിന്റെയും അവരുടെ പ്രതിനിധികളായി ഉപജാപത്തിന്റെ രാഷ്ട്രീയശക്തികള്‍ വളര്‍ന്നു വരുന്നതിന്റെയും സൂചനകള്‍ ഇയ്യോബിലുണ്ട്. ഇയ്യോബ് പറഞ്ഞ ചരിത്രത്തിന്റെ വര്‍ത്തമാനമാണ് വരത്തന്‍. ചരിത്രത്തിലെ സമ്മര്‍ദ്ദശക്തികളുടെ വര്‍ത്തമാനരൂപം ചില ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ബോധപൂര്‍വം ജയ് വിളിച്ച് നില്‍പ്പുണ്ട്.

ഈ മടാമ്പി സംഘങ്ങളെ സംബന്ധിച്ച് ഭൂമിയും സ്ത്രീയും ആധിപത്യം നേടാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. വീടിനകത്തും പുറത്തും ഭൂമി നഷ്ടപ്പെട്ട് ജീവനും കൊണ്ടോടുന്ന അടിസ്ഥാനവര്‍ഗത്തിന്റെ രക്ഷയ്ക്ക് ഒരു തോക്ക് പ്രത്യക്ഷപ്പെടുന്നുണ്ട് ഇയ്യോബില്‍. ഒരു കമ്യൂണിസ്റ്റിന്റെ തോക്ക്. നിറയൊഴിക്കാത്ത, ചോര ചിന്താത്ത തോക്ക്. അവിടെ തോക്ക് വര്‍ഗ്ഗസമരത്തിന്റെ പ്രതീകമാവുകയാണ്. എന്നാല്‍ വരത്തനില്‍ എബിയും പ്രിയയും അതിജീവനത്തിന്റെ വെടി പൊട്ടിക്കുന്ന തോക്കുകള്‍ക്ക് ഒരു സംഘടിതരാഷ്ട്രീയത്തിന്റെയും നിറമില്ല. അതിനവരെ പ്രാപ്തരാക്കുന്നത് ആത്മബലം മാത്രമല്ല, സാമൂഹികശ്രേണിയിലെ മോശമല്ലാത്ത സ്ഥാനവും ഭൂമിയുടെ മേലുള്ള അധികാരവും കൂടിയാണ്. അതാണ് പ്രേമന്റെയും അമ്മയുടെയും കൈയില്ലാതെ പോയതും ശത്രുവിനെ ജയിച്ച് വീടിന്റെ വരാന്തയിലിരുന്ന് രുചിക്കുന്ന കാപ്പിയുടെ ഓരോ ഇറക്കിനൊപ്പവും തിരിച്ചു പിടിക്കുന്നത് സുരക്ഷിതത്വവും അഭിമാനവും മാത്രമല്ല, പ്രോപ്പര്‍ട്ടിയുടെ മേലുള്ള കമാന്‍ഡ് കൂടിയാണ്. ‘ട്രെസ്പാസേഴ്‌സ് വില്‍ ബി ഷോട്ട്’ എന്ന ബോര്‍ഡ് സ്ഥാപിച്ച് ഗേറ്റ് ലോക്ക് ചെയ്യുന്ന അവസാനരംഗത്തില്‍ ആ കമാന്‍ഡ് പ്രകടമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വരത്തൻ വാഴ്ത്തപ്പെടട്ടെ, എന്നാൽ കാണണം ഷാനവാസ് ബാവക്കുട്ടിയുടെ കണ്ണേറും

അതിക്രമിച്ചു കയറാൻ ആരെയും സമ്മതിക്കില്ല എന്നുപറയാന്‍ ഇത്രയും പൗരുഷത്തിന്റെ ആവശ്യമുണ്ടോ? വരത്തനെ കുറിച്ചുതന്നെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍