UPDATES

സിനിമ

പേരിന്റെ അത്രയും ബോറല്ല ‘വാരിക്കുഴിയിലെ കൊലപാതകം’; ശൈലന്റെ റിവ്യൂ

ഗംഭീരനൊരു വണ്‍ലൈന്‍ സിനിമയുടേത്.. ഗംഭീരമൊരു ഹീറോ കഥാപാത്രവുമാണ് വിന്‍സെന്റ് കൊമ്പന്‍. അതുകൊണ്ട് തന്നെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു പൊട്ട സിനിമയല്ല വാരിക്കുഴിയിലെ കൊലപാതകം.

ശൈലന്‍

ശൈലന്‍

‘വാരിക്കുഴിയിലെ കൊലപാതകം’ എന്നൊരു സിനിമയ്ക്ക് പേര് പോസ്റ്ററില്‍ കാണുമ്പോള്‍ അത് എണ്‍പതുകളില്‍ ഇറങ്ങിയതാണോ അതോ എഴുപതുകളില്‍ ഇറങ്ങിയതാണോ എന്ന് ആളുകള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. കാരണം രണ്ടായിരത്തിന് ശേഷം ഇറങ്ങിയ ഒരു പടത്തിന് ഇത്തരത്തില്‍ ഒരു പേരിടാന്‍ ഒരുവിധപ്പെട്ട സംവിധായകരും നിര്‍മ്മാതാക്കളും ഒന്നും തയ്യാറാവില്ല. തൊണ്ണൂറുകള്‍ക്ക് മുമ്പാണെങ്കില്‍ ഇത്തരം സിനിമാപേരുകള്‍ സുലഭമായി ഉണ്ടായിരുന്നു താനും..

ശീര്‍ഷകവും അറുബോറന്‍ പോസ്റ്റര്‍ ഡിസൈനും ചേര്‍ന്ന് സൃഷ്ടിക്കുന്ന വികര്‍ഷണം അതിജീവിച്ച് തിയേറ്ററിലെത്തുമ്പോള്‍ പ്രദര്‍ശന സമയമായ 6.15 കഴിഞ്ഞിരുന്നെങ്കിലും ടിക്കറ്റ് എടുത്ത് അകത്ത് ഉള്ളില്‍ കേറുമ്പോള്‍ അതില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അഞ്ഞൂറോളം സീറ്റുള്ള ഒരു വലിയ ഹാള്‍ ആണ് മഞ്ചേരിയിലെ കൈരളിയുടെ ഒന്നാം സ്‌ക്രീന്‍ ആയ കൈരളി എക്‌സ്ട്രീം.. വലിയ ഹാളില്‍ ഒറ്റയ്ക്കിരുന്നു സായാഹ്ന പ്രദര്‍ശനത്തിന് വാരിക്കുഴിയിലെ കൊലപാതകം പോലുള്ള പേരില്‍ കൊലയുള്ള ഒരു പടം കാണുന്നതിലേ ത്രില്ലിനൊപ്പം ഇനിയൊരാള്‍ വരുമോ എന്ന് ഉറപ്പില്ലാതെ എനിക്ക് ടിക്കറ്റ് തന്ന തിയേറ്റര്‍ മാനേജ്മെന്റിന്റെ ആര്‍ജ്ജവമോര്‍ത്തും അപ്പോള്‍ ഞാന്‍ വിജ്രംഭിച്ചു.

‘വിജ്രംഭണം’ അധികനേരം നീണ്ടുനിന്നില്ല, പത്തില്‍ താഴെ സഹപ്രേക്ഷകര്‍ കടന്നുവരികയും ആറു പതിനഞ്ചിന് തുടങ്ങേണ്ടിയിരുന്ന സിനിമ ആറരയ്ക്ക് തുടങ്ങുകയും ചെയ്തു. 133 മിനിറ്റാണ് ദൈര്‍ഘ്യമെന്നു സര്‍ട്ടിഫിക്കറ്റ് പറഞ്ഞു. ടേക്ക് വണ്‍ എന്റര്‍ടൈന്മെന്റിസ് ആണ് നിര്‍മ്മാതാക്കള്‍ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. നേരിട്ട് സിനിമായങ്ങ് തുടങ്ങി. കുറച്ച് നേരം കഴിഞ്ഞാണ് സ്‌ക്രിപ്റ്റും സംവിധാനവും രജീഷ് മിഥില ആണ് എന്നൊക്കെ എഴുതിവന്നത്. ആഹാ.. ജയസൂര്യയെയും അജുവിനെയും നെടുമുടിയേയും ഒറ്റയടിക്ക് ടൈറ്റില്‍ റോളില്‍ കൊണ്ടുവന്ന് ലാല്‍ബഹാദൂര്‍ശാസ്ത്രി എന്ന സിനിമ ഒരുക്കിയ ആളാണ് അദ്ദേഹം.

ആദ്യത്തെ സിനിമയില്‍ ജയസൂര്യ ആയിരുന്നു നായകനെങ്കില്‍ രജീഷ് ഇത്തവണ അമിത് ചക്കാലക്കലിനെ ആണ് കേന്ദ്രകഥാപാത്രമാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് ചില ചിത്രങ്ങളില്‍ റൊമാന്റിക് ഹീറോ ഒക്കെ ആയി വന്ന് പരിചിതമായ അമിതിന്ന് വിന്‍സെന്റ് കൊമ്പന്‍ എന്ന ഹെവി ആയ ഒരു പള്ളീലച്ചന്റെ റോളാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. അരയന്‍തുരുത്ത് എന്ന ഗ്രാമത്തിലെ പുരോഹിതനായ വിന്‍സെന്റ് അച്ഛന്‍ ഒരേസമയം അവിടത്തെ ഗുണ്ടയുമാണ് പൊലീസുമാണ്.

നന്നായി ഡെവലപ്പ് ചെയ്തിട്ടൊന്നുമില്ലെങ്കിലും രസകരമായ ഒരു പാത്രസൃഷ്ടിയാണ് വിന്‍സെന്റിന്റേത്. ഗുണ്ടാരക്തം കുടുംബത്തില്‍ തന്നെ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള കൊമ്പന്‍ വിന്‍സെന്റ് പൊലീസായിരുന്നപ്പോള്‍ ഗുണ്ടാപ്പണി കാണിച്ച് ആ യൂണിഫോമിനെ അഴിച്ചുവച്ച് പുരോഹിതനായ ആളാണ്, ഫാദര്‍ വിന്‍സെന്റ് കൊമ്പന്‍ ആയിരിക്കെത്തന്നെ കൊമ്പന്‍ വിന്‍സെന്റ് എന്ന ഗുണ്ടാ പോലീസ് ആയിമാറി കുഞ്ഞാടുകളെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് ബുദ്ധിമുട്ടൊന്നുമില്ല… യെജ്ജാതി!

ആദ്യഘട്ടത്തില്‍ ശുദ്ധപാഴ് എന്ന കാറ്റഗറി യില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കയായിരുന്ന സിനിമ ഒരു പ്രത്യേക ഘട്ടമെത്തുന്നതോടെ ത്രില്ലര്‍സ്വഭാവത്തിലെത്തിച്ചെരുന്നു. രാത്രി പതിവ് പട്രോളിംഗിന്ന് ഇറങ്ങുന്ന വിന്‍സെന്റ് കൊമ്പന്‍ നമ്മടെ ശീര്‍ഷകത്തില്‍ പറഞ്ഞിരിക്കുന്ന കൊലപാകത്തിന് ദൃക്സാക്ഷി ആവുകയാണ്. അതും കണ്ട് പള്ളിയില്‍ തിരിച്ചെത്തിയ പാടെ അപ്രതീക്ഷിതമായി മറ്റൊരു കാര്യം കൂടി സംഭവിച്ചു. അതോട് കൂടി അച്ചന് സംഗതി പൊലീസില്‍ അറിയിക്കാന്‍ പറ്റാതെയുമായി..

മുന്‍പ് പറഞ്ഞ് പോലെ അമിത് ചക്കാലക്കലിന്ന് കിട്ടാവുന്ന ഒരു മികച്ച റോള്‍ ആണ് വിന്‍സെന്റ് കൊമ്പന്‍. പക്ഷെ പ്രതിനായകനായ ജോയി ആയി ദിലീഷ് പോത്തന്‍ കേറിയങ്ങ് മേഞ്ഞു. വിന്‍സെന്റിന്റെ അപ്പനായി ചെറിയ റോളിലെങ്കിലും ലാലും കേറി കലിച്ചു. ലെന, നെടുമുടി, ഷമ്മി തിലകന്‍, നന്ദു എന്നിവരുമുണ്ട്..

ഗംഭീരനൊരു വണ്‍ലൈന്‍ സിനിമയുടേത്.. ഗംഭീരമൊരു ഹീറോ കഥാപാത്രവുമാണ് വിന്‍സെന്റ് കൊമ്പന്‍. അതുകൊണ്ട് തന്നെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു പൊട്ട സിനിമയല്ല വാരിക്കുഴിയിലെ കൊലപാതകം. പക്ഷെ, ഒരു സൂപ്പര്‍്ഹിറ്റിനുള്ള എല്ലാ സാധ്യതകളും ഒളിഞ്ഞുകിടന്നിട്ടും അതിനെ ഒട്ടും മുതലാക്കാനോ വേണ്ട പോലെ എക്‌സിക്യൂട്ടുചെയ്ത സ്‌ക്രീനില്‍ എത്തിക്കാനോ രജീഷ് മിഥിലക്ക് ആയില്ല എന്നത് ദയനീയമായ കാര്യം..

സിനിമ കണ്ടിറങ്ങിയ ശേഷം ആണ് ഒരു ഓണ്‍ലൈന്‍ മീഡിയയില്‍ വാരിക്കുഴിയിലെ കൊലപാതകം എന്ന പേരിന്റെ ഐതിഹ്യം കണ്ടത്. നമ്പര്‍ 20 മദ്രാസ് മെയിലില്‍ മണിയന്‍ പിള്ള രാജു മോഹന്‍ലാലിനോട് പറയുന്ന കഥയുടെ പേരാണത്രെ റഫറന്‍സ്.. എന്നാലുമെന്റെ സംവിധായകാ ത്രില്ലര്‍ മൂഡില്‍ ഒരു പടമെടുത്തുവച്ച് ഇങ്ങനെയൊരു ടൈറ്റില്‍ ഇട്ടുകൊടുക്കാന്‍ കാണിച്ച നിങ്ങളുടെ സെന്‍സിബിലിറ്റിയെ വണങ്ങുന്നു..

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍