UPDATES

സിനിമ

സിനിമ പിടിത്തം ബോറായിരിക്കുന്നു, അഭിനേതാക്കളെല്ലാം രാഷ്ട്രീയത്തിലാണ്: ഗൊദാര്‍ദ്

ലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് മാത്രം സിനിമകള്‍ കാണിച്ചാല്‍ പോരെന്നും എന്തെല്ലാം സംഭവിക്കുന്നില്ല എന്ന് കൂടി പറയണമെന്നും ഗൊദാര്‍ദ് അഭിപ്രായപ്പെട്ടു. സത്യത്തില്‍ എന്തൊക്കെ സംഭവിക്കുന്നില്ല എന്ന് പറയാനാണ് സിനിമകള്‍.

സിനിമയെടുക്കുന്നത് ഒരു ബോറന്‍ പരിപാടിയായി മാറിയിരിക്കുന്നു എന്നാണ് വിഖ്യാത സംവിധായകന്‍ ജീന്‍ ലുക് ഗൊദാര്‍ദിന്റെ പക്ഷം. അഭിനേതാക്കളെല്ലാം വല്ലാതെ രാഷ്ട്രീയത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കാന്‍ മേളയില്‍ തന്റെ പുതിയ സിനിമ ദ ഇമേജ് ബുക്കിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ശേഷം സ്വിറ്റ്‌സര്‍ലന്റിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിംഗ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് മാസ്റ്റര്‍ ഡയറക്ടര്‍ മനസ് തുറന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു ചുരുട്ട് പുകച്ചതിന് ശേഷം 87കാരനായ ഗൊദാര്‍ദ് മറുപടി പറഞ്ഞു തുടങ്ങി. ലോക ക്ലാസിക് സിനിമകള്‍, ഐഎസ്‌ഐഎസ് പ്രൊപ്പഗാണ്ട വീഡിയോ, സാഹിത്യകൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍, മൈക്കള്‍ ബേയുടെ ആക്ഷന്‍ ചിത്രത്തില്‍ നിന്നുള്ള ഭാഗം – ഇതെല്ലാം ഗൊദാര്‍ദിന്റെ പുതിയ ചിത്രത്തിലുണ്ട്. അതേസമയം ഇതൊരു രാഷ്ട്രീയ ചിത്രമല്ല എന്നാണ് ഗൊദാര്‍ദ് പറയുന്നത്.

അറബ് ജനതയ്ക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഗൊദാര്‍ദ് പറഞ്ഞു. എഴുത്ത് ലിപി കണ്ടുപിടിച്ചത് അവരാണ്. ഒരുപാട് കണ്ടുപിടിത്തങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. അവര്‍ക്ക് എണ്ണയുണ്ട്. അവരുടെ കാര്യങ്ങള്‍ സ്വന്തമായി ചെയ്യാന്‍ അവരെ വിടണം. എന്നാല്‍ ലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് മാത്രം സിനിമകള്‍ കാണിച്ചാല്‍ പോരെന്നും എന്തെല്ലാം സംഭവിക്കുന്നില്ല എന്ന് കൂടി പറയണമെന്നും ഗൊദാര്‍ദ് അഭിപ്രായപ്പെട്ടു. സത്യത്തില്‍ എന്തൊക്കെ സംഭവിക്കുന്നില്ല എന്ന് പറയാനാണ് സിനിമകള്‍. എന്റെ പുതിയ സിനിമക്ക് അത് പറയാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. തല കൊണ്ട് മാത്രമല്ല, കൈ കൊണ്ടും ചിന്തിക്കണം. സിനിമ ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ പ്രധാനം അതിന്റെ എഡിറ്റിംഗാണ്. വാസ്തവത്തില്‍ ഫിലിമിംഗ് എന്ന് പറയുന്നത് ഒരു പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയാണ്. ഡിജിറ്റല്‍ എഡിറ്റിംഗും കൈ കൊണ്ട് തന്നെയാണല്ലോ ചെയ്യുന്നത്.

എന്തുകൊണ്ടാണ് പുതിയ ചിത്രത്തിലെ ശബ്ദവും ചിത്രവും ചേരാത്തത് എന്ന ചോദ്യത്തിന് ഗൊദാര്‍ദിന് മറുപടിയുണ്ട്. ശബ്ദത്തെ ചിത്രത്തില്‍ നിന്ന്, ദൃശ്യത്തില്‍ നിന്ന് ബോധപൂര്‍വം വേര്‍പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ഗൊദാര്‍ദ് പറയുന്നത്. റഷ്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഗൊദാര്‍ദിനോട് ചോദിച്ചു. മിസ്റ്റര്‍ പുടിനെ എനിക്ക് അറിയില്ല, അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്ന് ഗൊദാര്‍ദ്.

വായനയ്ക്ക്: https://goo.gl/4aiCgu

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍