UPDATES

സിനിമ

വെളിപാടിന്റെ പുസ്തകം; പതിവുകള്‍ വിടാത്തൊരു ലാലേട്ടന്‍ മാസ്‌

മുണ്ട് മടക്കി കുത്താനുള്ള പുതുവഴികളെ കുറിച്ചുള്ള ഗവേഷണ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണികളാവുകയാണ്‌ ലാല്‍ജോസും ബെന്നി പി നായരമ്പലവും

അപര്‍ണ്ണ

അപര്‍ണ്ണ

കരിയറിലാദ്യമായി ലാല്‍ ജോസ് മോഹന്‍ലാലുമായി ഒന്നിക്കുന്ന സിനിമ എന്നതായിരുന്നു വെളിപാടിന്റെ പുസ്തകത്തിന്റെ പരസ്യങ്ങളിലെ ആദ്യ ഹൈലൈറ്റ്. കട്ട് ചെയ്തിട്ടും അഭിനയം നിര്‍ത്താത്ത ലാലേട്ടനിസം ക്ലീഷേ വാര്‍ത്ത സിനിമയുടെ പ്രമോഷന്‍ സമയാസമയങ്ങളില്‍ ഉപയോഗിച്ചിരുന്നു. ‘എന്റെമ്മേടെ ജിമിക്കി കമ്മല്‍’ ഓണ്‍ലൈനില്‍ ഓളമുണ്ടാക്കി. ഉത്സവകാല സിനിമ, താര യുദ്ധ മലയാള പോപ്പുലര്‍ വാര്‍ത്തകള്‍ക്കും ഈ സിനിമയെ ചുറ്റിപ്പറ്റി നല്ല സാധ്യതയായിരുന്നു. ലാല്‍ ജോസ് – ബെന്നി പി നായരമ്പലം കൂട്ടുകെട്ട് കുടുംബ പ്രേക്ഷകരുടെ മിനിമം ഗ്യാരണ്ടി പ്രതീക്ഷയാണ്. അങ്കമാലി ഡയറീസിലെ ലിച്ചിയായി വന്ന രേഷ്മയും അപ്പാനി രവിയായി വന്ന ശരതും ആനന്ദത്തിലെ അക്ഷയുമെല്ലാം സിനിമയിലെ സജീവമായ താര സാന്നിധ്യങ്ങളാണ്. മോഹന്‍ലാലിന്റെ താടി ഗെറ്റപ്പിനെ ആരാധകര്‍ പാടി പുകഴ്ത്തി.

ഒരു തീരദേശ മേഖലയും അവിടുള്ള കോളേജും ആണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ആ കോളേജില്‍ നഗരത്തില്‍ നിന്നു പഠിക്കാന്‍ വരുന്ന കുട്ടികളും തീരദേശത്തെ കുട്ടികളും തമ്മില്‍ നിരന്തര സംഘര്‍ഷമാണ്. അവിടേക്ക് ദേവദൂതനെ പോലെ വൈസ് പ്രിന്‍സിപ്പല്‍ ആയി മലയാള അധ്യാപകനായ മൈക്കിള്‍ ഇടിക്കുള (മോഹന്‍ലാല്‍) എത്തുന്നു. വളരെ സ്വഭാവികമായും ഇയാള്‍ കലാകായിക സാഹിത്യ നിപുണനും എല്ലാ അടി തടകളും അറിയുന്നവനും നന്മ മരവും എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിവുള്ളവനുമെല്ലാമാണ്. കോളേജില്‍ മെന്‍സ് ഹോസ്റ്റല്‍ നിര്‍മിക്കാനുള്ള തുക കണ്ടെത്താന്‍ അയാളുടെ നിര്‍ദ്ദേശ പ്രകാരം ഒരു ഫീച്ചര്‍ ഫിലിം പ്രൊഡക്ഷന്‍ എന്ന നൂതനാശയം നടപ്പിലാക്കുന്നു. ഇതിനായി കോളേജിന്റെ ഉത്ഭവത്തിന് തന്നെ കാരണക്കാരനായ വിശ്വനാഥന്റെ കഥയെ അവര്‍ ആശ്രയിക്കുന്നു. ഇയാളുടെ ജീവിതത്തിന് പുറകെ പോകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതാണ് സിനിമ.


ഇത്രയൊക്കെ വിശദമായ ഒരു കഥാഗതിയെ ക്രിയാത്മകമായോ സാങ്കേതികമായോ പിന്തുടര്‍ന്നൊന്നുമല്ല മമ്മൂട്ടി ,മോഹന്‍ലാല്‍ കമേഴ്ഷ്യല്‍ ചിത്രങ്ങളുടെ വരവ് എന്ന് ഇവിടത്തെ എല്ലാ പ്രേക്ഷകര്‍ക്കുമറിയാം. മുണ്ടു മടക്കി കുത്താനും വീണല്ല വീഴ്ത്തിയാ ശീലം എന്ന മട്ടില്‍ നാലു ഡയലോഗ് പറയാനും സകല കലാ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ കുറെ രംഗങ്ങള്‍ നിറക്കാനും ഉള്ള ഏറ്റവും പുതിയ സന്ദര്‍ഭമാണ് മേല്‍ വിവരിച്ചത് എന്നു പറയാം. പുലിയൂര്‍ മുരുകനും ശിവരാമനും ഇടിക്കുളയുമൊക്കെ അങ്ങനെ പല സ്ഥലങ്ങളില്‍ ജീവിക്കുന്ന ‘ഒരമ്മ പെറ്റ ഇരട്ടകളാണ്. മുണ്ട് മടക്കി കുത്താനുള്ള പുതുവഴികളെ കുറിച്ചുള്ള ഗവേഷണ പരമ്പരയിലെ ഏറ്റവും പുതിയ കണ്ണികളാണ് ലാല്‍ജോസും ബെന്നി പി നായരമ്പലവും എന്ന് പറയാം. ജലധിയില്‍ നിന്ന് ജ്വാല കണക്കെ മുങ്ങിപ്പൊങ്ങി വന്ന് തല്ലിയും ഡയലോഗ് പറഞ്ഞും തീയേറ്റര്‍ നിറക്കുക എന്ന ദൗത്യം തന്നെയാണ് ഇവിടെയും മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നത്, മേഘാവരണങ്ങള്‍ക്കിടയില്‍ നിന്നാണ് ഊര്‍ന്നു വരുന്നതെന്നു മാത്രം.

യാതൊരു തരം പ്രമോഷണല്‍ ഹൈപ്പുമില്ലാതെ യുവതാരങ്ങളെ ഉപയോഗിച്ച് ലാല്‍ ജോസ് തരംഗമുണ്ടാക്കിയ സിനിമയാണ് ക്ലാസ്‌മേറ്റ്‌സ്. ഒരു പാട് കോളേജ് പുന:സമാഗമങ്ങള്‍ക്ക് കാരണമായ സിനിമയായിരുന്നു അത്. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും ചാന്ത് പൊട്ടിലെ തീരദേശ പശ്ചാത്തലവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വൈകാരികവും തീവ്രവുമായ മനുഷ്യാവസ്ഥകളെ സ്‌ക്രീനില്‍ എത്തിക്കുമ്പോഴാണ് അദ്ദേഹത്തെ പ്രേക്ഷകര്‍ സ്വീകരിക്കുന്നതായി തോന്നിയിട്ടുള്ളത്. താര കേന്ദ്രീകൃത സിനിമയും ഫൈറ്റുമൊന്നും അദ്ദേഹത്തിന്റെ ഫോര്‍ട്ടേ അല്ല. ഇതിനിടക്ക് നന്മയും സൈക്കോസിസിന്റെ ഭയാനക അവസ്ഥാന്തരവുമെല്ലാം ഇടകലര്‍ത്തി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. സ്വാഭാവികതകളും അതിമാനുഷിക തലങ്ങളും ഒരുപോലെ പ്രേക്ഷകരിലേക്ക് എത്താതെ പോയി. ഒന്നാം പകുതിയിലെ കോളേജും രണ്ടാം പകുതിയിലെ കടലും സിനിമയും ഒട്ടും തൊടാത്ത ക്ലീഷേകളായി. തല്ലും ഡയലോഗും ഫാന്‍സിനെപ്പോലും തരിപ്പിക്കുന്നുമില്ല.

പഴയ സലീം കുമാറാവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന സലീം കുമാറും അങ്കമാലി ഡയറീസ് സംവിധായകന്റെ മാത്രം സിനിമയാണെന്ന് ഓര്‍മിപ്പിച്ച രേഷ്മയും ഇടക്കിടക്ക് അലോസരമുണ്ടാക്കി കടന്നു വരുന്ന പാട്ടുകളും കാണികളെ മടുപ്പിക്കുന്ന കളര്‍ ടോണും എല്ലാം കൂടി മടുപ്പിക്കുന്നുണ്ട്. രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങ്ങ് പോലും രണ്ടാം പകുതിയില്‍ നില തെറ്റി പോക്കാണ്.

ലാലേട്ടന്‍ മാസ് ക്ലീഷേ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടു തന്നെ പാട്ടും കോളേജും ഒക്കെ കാട്ടി പതിവു രീതികള്‍ പിന്തുടരാനാണ് വെളിപാടിന്റെ പുസ്തകവും ശ്രമിച്ചത്. പൂര്‍ണമായും വാണിജ്യ സിനിമാ കണ്ണിലൂടെ നോക്കിയാലും ആ ദൗത്യത്തിലേക്ക് എത്താന്‍ സിനിമ ഭീകരമായി കഷ്ടപ്പെടുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്നവര്‍ക്കും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നവര്‍ക്കും ഭൂരിപക്ഷം ഇതേ അഭിപ്രായമാണ്. പക്ഷെ പല നഗരത്തിലും മോഹന്‍ലാലിന്റേയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും അപദാനങ്ങള്‍ വാഴ്ത്തിയ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ റിലീസിന് മുന്നെ ഉയര്‍ന്നിട്ടുണ്ട്. എതിര് പറയുന്നവരെ തെറി വിളിക്കാന്‍ പൂര്‍ണ്ണ സജ്ജരായി ഇവര്‍ സമൂഹ മാധ്യമങ്ങളിലും നിരന്നു കഴിഞ്ഞു. താര സിനിമ കളക്ഷന്‍ പരസ്പരം മത്സരിച്ച് കൂടുതല്‍ ഉയരത്തിലെത്തിച്ച് സംതൃപ്തിയടയുന്ന ഫാന്‍സ് ക്ലബ് അംഗങ്ങളുടെ ഈഗോയ്ക്കു മുന്നില്‍ ഈ ഭൂരിപക്ഷാഭിപ്രായത്തിനു നിത്യ നിശബ്ദതയിലൊളിച്ചിരിക്കാനെ പറ്റൂ.

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍