UPDATES

സിനിമാ വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി അഭിനയിക്കില്ലെന്ന് വിജയ്; കമല്‍ ഹാസനും രജനികാന്തിനുമെതിരെ ഒളിയമ്പ്

യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ മുഖ്യമന്ത്രിയായാല്‍ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ഇളയ ദളപതി

സ്റ്റൈല്‍ മന്നന്‍ രജനികാന്തിനും ഉലകനായകന്‍ കമല്‍ ഹാസനുമെതിരെ ഒളിയമ്പുമായി ഇളയ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശന സൂചന പ്രസംഗം. ഇന്നലെ പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറങ്ങുന്ന ചടങ്ങിലെ പ്രസംഗത്തിനിടെയാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. നേരത്തെ പുറത്തിറങ്ങിയ മെര്‍സലിന് പിന്നാലെയും ഇളയ ദളപതിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴകത്ത് സജീവമായിരുന്നു.

മെര്‍സലിലെ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. സര്‍ക്കാര്‍ എന്ന സിനിമയില്‍ മുഖ്യമന്ത്രിയായാണ് വിജയ് അഭിനയിക്കുന്നതെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വിജയ് വ്യക്തമാക്കി. യഥാര്‍ത്ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കും പ്രവര്‍ത്തിക്കുകയെന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കിയത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ താന്‍ മുഖ്യമന്ത്രിയായി അഭിനയിക്കില്ലെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കും. രാഷ്ട്രീയ പ്രവേശനത്തിന് ശേഷവും സിനിമയില്‍ തുടരുന്ന രജനികാന്തിനും കമല്‍ ഹാസനും എതിരായാണ് വിജയ് ഇങ്ങനെ പറഞ്ഞതെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണ ഗതിയില്‍ അധികം സംസാരിക്കാത്ത വിജയ് ചടങ്ങില്‍ നടത്തിയ ദീര്‍ഘ പ്രസംഗവും കുറിക്കുകൊള്ളുന്ന പ്രയോഗങ്ങളുമാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്.

വിജയുടെ പ്രസംഗത്തിലെ പ്രസക്ത പരാമര്‍ശങ്ങള്‍ ഇവയാണ്. മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്ത് നിന്നും അഴിമതി തുടച്ചു നീക്കുന്നതിന് മുന്‍ഗണന നല്‍കും. സാധാരണ എല്ലാവരും പാര്‍ട്ടി രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണ് പതിവ്. അതിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കും. എന്നാല്‍ നമ്മള്‍ ആദ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നു, പിന്നീടാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കരുത്തനായ നേതാവുണ്ടെങ്കില്‍ സംസ്ഥാനത്ത് കരുത്തുറ്റ സര്‍ക്കാരും ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. എന്നാല്‍ അതിന് സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെല്ലിക്കെട്ട്, നീറ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു വിജയ്. വിജയ്ക്ക് രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ പിതാവ് എസ് എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സിനിമയില്‍ വിജയ്ക്ക് മുഖ്യമന്ത്രിയായി അഭിനയിക്കാമെന്നും അതിന് ജനം കയ്യടിക്കുമെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അത് എളുപ്പമല്ലെന്നും തമിഴ്‌നാട് മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു. അതിന് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. വേദിയില്‍ വലിയ പ്രസംഗം നടത്തിയ ശേഷം താരങ്ങള്‍ നേരെ പോകുന്നത് കാരവന്റെ കുളിരിലേക്കാണെന്നും മന്ത്രി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍