UPDATES

സിനിമ

ഓരോ പെണ്ണിനും ജീവിതത്തില്‍ ഒരു കോമ്രേഡിനെ ആവശ്യമുണ്ട് എന്നു പറയുന്ന ഡിയര്‍ കോമ്രേഡ്

സഖാവ്, കോമ്രേഡ് ഇന്‍ അമേരിക്ക, ഒരു മെക്‌സികക്കന്‍ അപാരത, കല-വിപ്ലവം-പ്രണയം, വിപ്ലവം എന്നിങ്ങനെ പേരിലും പകിട്ടിലും ചുവപ്പ് നിറച്ച ഒരു പിടി ചിത്രങ്ങള്‍ അടുത്തകാലത്ത് ഇറങ്ങുന്നുണ്ട്. ഒടുവിലിതാ തെലുഗില്‍ നിന്നും ഡിയര്‍ കോമ്രേഡും.

സഖാവ്, കോമ്രേഡ് ഇന്‍ അമേരിക്ക, ഒരു മെക്‌സികക്കന്‍ അപാരത, കല-വിപ്ലവം-പ്രണയം, വിപ്ലവം എന്നിങ്ങനെ പേരിലും പകിട്ടിലും ചുവപ്പ് നിറച്ച ഒരു പിടി ചിത്രങ്ങള്‍ അടുത്തകാലത്ത് ഇറങ്ങുന്നുണ്ട്. ഒടുവിലിതാ തെലുഗില്‍ നിന്നും ഡിയര്‍ കോമ്രേഡും. വിപ്ലവകാല്പനികതയുടെ കടുംനിറങ്ങള്‍ ചാലിച്ച പശ്ചാത്തലത്തില്‍ സൗകര്യപ്രദമായ മറ്റൊരു കഥ പറയുന്നതിനപ്പുറം ഇടതുപക്ഷരാഷ്ട്രീയത്തെ ഗൗരവമായി സമീപിക്കാന്‍ മിക്ക ചിത്രങ്ങളും ശ്രമിക്കാറില്ല. കച്ചവട സിനിമയുടെ പരിമിതികള്‍ യാഥാര്‍ത്ഥ്യമാണ്. അതിനപ്പുറം മദ്യം മുതല്‍ മൊട്ടുസൂചിവരെ വിറ്റഴിക്കാന്‍ ഒരു ചെഗുവേര ചിത്രം നല്‍കുന്ന വിപണിമൂല്യം മൂലധനം നന്നായി തിരിച്ചറിയുന്നുമുണ്ട്. ഡിയര്‍ കോമ്രേഡും ഈ വാര്‍പ്പ് മാതൃകയില്‍ നിന്നും മോചനം നേടുന്നില്ല. ഒരു പ്രണയ ചിത്രത്തിനപ്പുറം രാഷ്ട്രീയം പറയുന്ന സിനിമയൊന്നുമല്ല ഇതെങ്കിലും ചുവപ്പിന്റെ വിപണന സാധ്യകള്‍ക്കപ്പുറത്ത് ഒരല്പം ആഴത്തില്‍ ‘സഖാവ്’ സങ്കല്‍പ്പത്തെ ഒന്നുതൊട്ടുപോകുന്നുണ്ട് ഈ ചിത്രം.

പ്രണയനൈരാശ്യത്തിന്റെ വിഭ്രാന്തികളില്‍ സ്വയം നശിക്കുന്ന നായകന്റെ ഫ്‌ളാഷ്ബാക്ക് കാക്കിനാഡ നഗരത്തിലൂടെ ചെങ്കൊടിയേന്തി നീങ്ങുന്ന ഒരു ചെറുസംഘത്തില്‍  നിന്നാണ് തുടങ്ങുന്നത്. ഫീസ് വര്‍ദ്ധനവിനെതിരേയുള്ള സമരം (കാക്കിനാഡ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള സ്ഥലമാണ്. ഇവിടെ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഡോ. ചെലിക്കണി വെങ്കിട്ടരാമ റാവുവാണ്). സുഹൃത്തുക്കള്‍ക്ക് വേണ്ടി, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി, നീതിക്ക് വേണ്ടി സ്വന്തം സുരക്ഷിതത്വത്തെ അപകടത്തിലാക്കാന്‍ മടിക്കാത്തയാളാണ് ചൈതന്യ എന്ന വിദ്യാര്‍ത്ഥി നേതാവ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നതിനെ ഇയാള്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. കഥ മുന്നോട്ട് നീങ്ങുമ്പോള്‍ ഒരു കാര്യം നമുക്ക് മനസിലാകും. വിപ്ലവത്തെ കാല്പനീകവത്കരിച്ച സിനിമയല്ലിത്. മറിച്ച്, വിപ്ലവരാഷ്ട്രീയത്തെ കാല്പനികമായി മാത്രം മനസിലാക്കിയ, ആഴത്തിലുള്ള രാഷ്ട്രീയബോധമില്ലാത്ത ഒരു സഖാവിനെയാണ് വിജയ് ദേവരക്കൊണ്ട ചൈതന്യ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നീതിബോധത്താല്‍ പ്രചോദിതനായി അയാള്‍ നടത്തുന്ന എടുത്തുചാട്ടങ്ങള്‍ മാര്‍ഗവും ലക്ഷ്യവും നഷ്ടപ്പെട്ട അവസ്ഥയിലാണ് അയാളെയും കൂടെ നില്‍ക്കുന്നവരെയും എത്തിക്കുന്നത്. ‘കോമ്രേഡ് നടത്തുന്ന പോരാട്ടങ്ങളില്‍ നിന്ന് അയാളുടെയുള്ളില്‍ സംതൃപ്തിയും സ്വാതന്ത്ര്യവും ഉണ്ടാകണം. ഇതു രണ്ടും ഞാന്‍ നിന്നില്‍ കാണുന്നില്ല’, എന്ന് ചാരുഹാസന്റെ മുത്തച്ഛന്‍ കഥാപാത്രം ഒരു ഘട്ടത്തില്‍ ചൈതന്യയോട് പറയുന്നുണ്ട്. ക്രിക്കറ്റ് കളിക്കാരി കൂടിയായ ലില്ലിയുമായുള്ള പ്രണയം വിരഹത്തിന് വഴിമാറുന്നതോടെ അയാള്‍ മദ്യത്തിനും വിഷാദത്തിനും അടിമയാകുന്നു. ഒടുവില്‍ യാത്രകളുടെയും പ്രകൃതിയിലെ ശബ്ദ പ്രപഞ്ചത്തിന്റെയും ആരാധാകനായി ജീവിതത്തിലേക്കും നാട്ടിലേക്കും തിരിച്ചെത്തുമ്പോള്‍ കായികരംഗത്തെ ലൈംഗിക ചൂഷണത്തെ നേരിടാനാകാതെ കരിയര്‍ ഉപേക്ഷിച്ച് മനോരോഗ ചികിത്സയില്‍ കഴിയുന്ന ലില്ലിയെയാണ് അയാള്‍ കാണുന്നത്. അവളെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കുന്ന ചൈതന്യ, ഒളിച്ചോടാതെ പ്രശ്‌നങ്ങളെ മുഖാമുഖം നേരിട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ ലില്ലിയെ പ്രേരിപ്പിക്കുന്നു. അവളതില്‍ വിജയിക്കുന്നു.

നായകകേന്ദ്രീകൃതമായ പതിവ് പടങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംരക്ഷകന്റെ റോളല്ല നായകനുള്ളത്. പകരം, പ്രതിസന്ധികളെ സ്വന്തം കാലില്‍ നിന്ന് നേരിടാന്‍ നായികയോട് അഭ്യര്‍ത്ഥിക്കുകയും അവളതിന് തയ്യാറാകുമ്പോള്‍ അവള്‍ക്കൊപ്പം നിന്ന് പോരാടുകയുമാണ് നായകന്‍ ചെയ്യുന്നത്. താന്‍ മുന്‍പ് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ പോലെയല്ല ഇതെന്നും ഇതാണ് യഥാര്‍ത്ഥ കോമ്രേഡ് ഫൈറ്റ് എന്നും ചൈതന്യ പറയുന്നുണ്ട്. ഓരോ പെണ്‍കുട്ടിക്കും അവളുടെ ജീവിതത്തില്‍ ഒരു കോമ്രേഡിനെ ആവശ്യമാണ് എന്ന് തന്റെ പ്രശ്‌നങ്ങളെ അതിജീവിക്കുന്ന ഘട്ടത്തില്‍ ലില്ലി പറയുന്നുമുണ്ട്. സിനിമയുടെ തുടക്കത്തില്‍ ചൈതന്യയും കൂട്ടുകാരും പരസ്പരം കോമ്രേഡ് എന്ന വിളിക്കുന്നതിന്റെ കാരണം അന്വേഷിക്കുന്നുണ്ട് ലില്ലി. സര്‍നെയിമാണോ എന്നുപോലും ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന്റെ ഉത്തരമാണ് വിഷമഘട്ടങ്ങളെ തരണം ചെയ്ത് ലക്ഷ്യത്തിലെത്തുന്ന നിമിഷത്തില്‍ അവള്‍ കണ്ടെത്തുന്നത്.

കോമ്രേഡ് എന്ന അഭിസംബോധനയെ പരിഹസിക്കുന്ന രീതി കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രങ്ങള്‍ പലതും സ്വീകരിച്ചിട്ടുണ്ട്. സഖാവിനെ പരിഹസിക്കുന്ന കാര്യത്തില്‍ മലയാള സിനിമയും പിശുക്ക് കാണിച്ചിട്ടില്ല. അടുത്തിടെ തംരഗമായ ചെര്‍ണോബില്‍ വെബ്‌സീരീസിലെ സോവിയറ്റ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കോമ്രേഡ് വിളി കൗതുകം സൃഷ്ടിച്ചിരുന്നു. CIA യില്‍ പാലായിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ലെറ്റര്‍ പാഡില്‍ കൊടുത്തുവിടുന്ന ‘This comrade is our comrade ‘ എന്ന കത്ത് അജിപ്പാന്‍ എന്ന ദുല്‍ഖര്‍ കഥാപാത്രത്തിന് ഹോണ്ടുറാസില്‍ ഉപകാരപ്പെടുന്ന രംഗം എല്ലാ പരിഹാസങ്ങള്‍ക്കും മറുപടി പറയത്തക്ക വിധം മനോഹരമാണ്. ആ വാക്കിന്റെ ആഴവും പരപ്പും ആ രംഗത്തില്‍ നമുക്ക് വായിച്ചെടുക്കാം. പ്രായം, ജാതി, മതം, ലിംഗം, ദേശം,ഭാഷ, പദവി എന്നീ ഉയര്‍ച്ചതാഴ്ച്ചകളെല്ലാം അപ്രസക്തമാക്കി, തുല്യതയുടെ സമതലത്തില്‍ നിന്ന് ആര്‍ക്കും ആരെയും ഹൃദയത്തില്‍ തട്ടുന്ന ഊഷ്മളതയോടെ വിളിക്കാവുന്ന ഒന്നാണത്. അങ്ങനെയാണതാവേണ്ടത്. അനീതിക്കെതിരായ പോരാട്ടങ്ങളില്‍ നേരിന്റെ കൊടിക്കീഴില്‍ നിന്ന് പൊരുതുമ്പോള്‍ തോളോട് തോള്‍ ചേര്‍ന്ന് രൂപപ്പെടുന്ന സംഘബോധത്തിന്റെ ചുരുക്കപ്പേരാണ് കോമ്രേഡ് അഥവ സഖാവ്. കക്ഷിരാഷ്ട്രീയത്തിന്റെ ചതുരവടിവുകളില്‍ ഒതുങ്ങാത്തവണ്ണം സാര്‍വ്വദേശീയമാണത്. സങ്കുചിതമതബോധം സൃഷ്ടിക്കുന്ന കപടമായ മിത്രസങ്കല്‍പ്പങ്ങള്‍കക്കും ഫ്രറ്റേണിറ്റികള്‍ക്കും മുകളില്‍ നില്‍ക്കുന്ന വിശാലമായ ആകാശമാണത്. ഓരോ പെണ്‍കുട്ടിക്കും അവളുടെ ജീവിതത്തില്‍ ഒരു കോമ്രേഡിനെ ആവശ്യമുണ്ടെന്ന് ലില്ലി പറയുമ്പോള്‍ അടിച്ചമര്‍ത്തപ്പെടുന്ന ഓരോ മനുഷ്യനും നമുക്ക് ചേര്‍ത്ത് വായിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍