UPDATES

അപര്‍ണ്ണ

കാഴ്ചപ്പാട്

Off-Shots

അപര്‍ണ്ണ

സിനിമ

“റൊമ്പ ദൂരം പോയിട്ടയാ റാം…”; “ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…”; ഇതിലുണ്ട് 96

പ്രണയം നിയതമായ ഒരു ചട്ടക്കൂടിൽ സംഭവിച്ചു പോകുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ എല്ലാവരെയും രസിപ്പിക്കുന്ന പ്രണയ കഥ എന്നൊന്നുണ്ടോ എന്ന് സംശയമാണ്.

അപര്‍ണ്ണ

കാതലേ.. കാതലേ എന്ന പ്രണയാർദ്രമായ വിളി നിറഞ്ഞ ട്രെയിലർ മുതൽ 96 ശ്രദ്ധിക്കപ്പെട്ടിരുന്നു. 90 കളുടെ ഗൃഹാതുരതകൾ കൊണ്ട് സമ്പന്നമായിരുന്നു ടൈറ്റിൽ മുതൽ എല്ലാം. വിജയ് സേതുപതി തൃഷ ജോഡിയെ പ്രേക്ഷകർ കാത്തിരുന്നു. ‘നടുവിലെ കൊഞ്ചം പാക്കാത കാനോം’ എന്ന ആദ്യ കാല വിജയ് സേതുപതി സിനിമയുടെ ഛായാഗ്രാഹകൻ ആയ സി പ്രേംകുമാറിനെ ഈ ചെറിയ സിനിമക്ക് ഇറങ്ങും മുന്നേ ഒരുപാട് ആരാധകർ ഉണ്ടായി. തൈക്കുടം ബ്രിഡ്ജ് എന്നമലയാളികളുടെ പ്രിയപ്പെട്ട  മ്യൂസിക് ബാൻഡിലെ ഗോവിന്ദ് മേനോന്റെ സംഗീത സംവിധാനവും സിനിമ ഇറങ്ങും മുന്നേ ശ്രദ്ധിക്കപ്പെട്ടിരുന്നു. 96 എന്ന പേരും കഴിഞ്ഞ പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ ആദ്യ പോസ്റ്ററും മുതൽ എല്ലാം പ്രണയം കൊണ്ട് സമ്പന്നമായിരുന്നു.
കെ രാമചന്ദ്രന്റെയും ജാനകി ദേവിയുടെയും പ്രണയത്തിന്റെ കഥയാണ് 96. ഒരു സ്‌കൂൾ പ്രണയത്തിന്റെ എല്ലാ സ്വാഭാവികതകളോടെയും സുഹൃത്തുക്കളും സഹപാഠികളുമായ  റാമും ജാനകിയും പ്രണയിച്ചു തുടങ്ങുന്നു. അപ്രതീക്ഷിതമായ വിരഹം നിർബന്ധിതവും നിസ്സഹായവും ആയി കടന്നു വരുന്നു.
22 വർഷങ്ങൾക്കിപ്പുറം ഒരു സ്‌കൂൾ കൂടിച്ചേരലിൽ വച്ച് അവർ വീണ്ടും കാണുന്നു. അന്നവിടെ നടക്കുന്ന സംഭവങ്ങളിലൂടെ ഓർമ പുതുക്കലുകളിലൂടെ സിനിമ മുന്നോട്ട് നീങ്ങുന്നു. വളരെ നിയതമായ ഒരു കഥാഗതിക്കപ്പുറം പരസ്പരമുള്ള പ്രണയം എങ്ങനെ രണ്ടു പേർക്ക് നിലനില്പിനുള്ള ഊർജ്ജമാകുന്നു എന്ന് പറയാതെ പറയുന്ന ഒരു അനുഭവമാണ് 96 എന്ന് പറയാം.
അപ്രതീക്ഷിതമായ വഴികളിലൂടെ കടന്നു പോകുമ്പോഴും അവർ ഉപേക്ഷിക്കാതെ സൂക്ഷിക്കുന്ന ഒന്നാണ് 96 ബാച്ചിലെ പത്താം ക്ലാസ് പ്രണയം. രാമചന്ദ്രനും ദേവകിയുമായി വിജയ് സേതുപതിയും തൃഷയും എത്തുമ്പോൾ വർഷ ബോലാമ്മയും ആടുകളം മുരുഗദാസും ദേവദർശിനിയും ജനകരാജുമെല്ലാം എത്തുന്നു. ആദിത്യ ഭാസ്കറും ഗൗരിയും 96 ബാച്ചിലെ നായകനും നായികയുമാകുന്നു. വളരെ ലളിതമായ ചിലപ്പോഴൊക്കെ അതി കാല്പനികമായ ഒരു പ്രണയ കഥ ആണ് 96 എന്ന് പറയാം.
‘റൊമ്പ ദൂരം പോയിട്ടയാ റാം
ഉന്നെ എങ്കൈ വിട്ടയോ അങ്ക താന്‍ നിക്കറേന്‍…” സിനിമയുടെ ആകെ തുക റാമും ജാനുവും തമ്മിലുള്ള ഈ സംഭാഷണമാണ്. താണ്ടുന്ന ദൂരങ്ങൾ ഒന്നും പ്രണയത്തെ മറക്കാൻ സഹായിക്കാത്ത രണ്ടു പേരുടെ നിസഹായത മുഴുവൻ ഈ സംഭാഷണത്തിലും സിനിമയിൽ ഉടനീളവും ഉണ്ട്.
കേവല ഗൃഹാതുരതകൾ എന്നും, സുഖമുള്ള ഓർമ്മകൾ എന്നും ലഘുവായി കാണുന്ന ഒരു കൗമാര പ്രണയം അല്ല അവർക്കിടയിൽ ഉള്ളത്. ഒരിക്കലും അതിജീവിക്കാൻ ആവാത്ത നിസഹായത ആണത്. ജീവിതത്തിൽ ഒരിക്കലും മറികടക്കാനാവാത്ത ആ നിസഹായത തന്നെ ആണ് അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജവും. ഈ വൈരുദ്ധ്യത്തെ കാണുന്ന ഭൂരിഭാഗത്തിനും അനുഭവവേദ്യമാക്കാൻ സാധിക്കുന്നുണ്ട് സിനിമക്ക്. അവരുടെ ജീവിതത്തിനു സാഹചര്യങ്ങൾക്ക് ഒന്നും തുടക്കം മുതൽ ഒടുക്കം വരെ ഒരു മാറ്റവും സംഭവിക്കുന്നില്ല. ഓരോ കാണിക്കും അത് കണ്ടു തുടങ്ങുമ്പോഴേ അറിയാം. പക്ഷെ ഉദ്യേഗത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ. റാമിന്റെ ഒളിച്ചോട്ടങ്ങളും ഭയങ്ങളും ജാനുവിന്റെ ഒളിച്ചോട്ടങ്ങളും അയാളുടെ ഫോട്ടോഗ്രാഫി സിദ്ധാന്തം പോലെ ഒരൊറ്റ രാത്രിക്കു ഫ്രീസ് ആവുന്നു. തങ്ങളെ നില നിർത്തുന്ന ഊർജം ഈ പ്രണയം ആണെന്ന തിരിച്ചറിവിലാണ് അവർ അവസാനം ഇരുവഴി പിരിയുന്നത്.
 90 കളുടെ മധ്യത്തിൽ ഉള്ള പ്രണയ ജീവിതത്തെ പുനരാവിഷ്കരിക്കുക എന്നത് പുറമേക്ക് ലളിതമായി തോന്നുന്ന വെല്ലുവിളി ആണ്. വളരെ ഹൃദ്യമായി സംവിധായകൻ ഈ കാലത്തെ പുനരാവിഷ്കരിക്കുന്നു. കളർ ടോൺ മുതൽ എല്ലാം കൃത്യമായി ഉപയോഗിച്ച് കൊണ്ടാണിത്. ജാനകി പാടുന്നതും രാം കേൾക്കാനാഗ്രഹിക്കുന്നതുമായ ഇളയരാജ പാട്ടുകൾ ഇതിൽ വഹിച്ച പങ്കു ചെറുതല്ല.
ഫ്ളയിം കളിക്കുന്ന, ബദാം പൊട്ടിക്കുന്ന സൈക്കിളിൽ സ്‌കൂളിൽ പോകുന്ന ഒരു കാലത്തെ ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ പറഞ്ഞു പോകുന്നുണ്ട്. റാമും ജാനുവും ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും അതെ സ്‌കൂൾ വരാന്തയിലൂടെ തന്നെ ആണ് നടക്കുന്നത്, അല്ലാതെ ചെന്നൈ നഗരത്തിലെ തിരക്കുള്ള രാത്രിയിലല്ല. കാലം ഒരിഞ്ചു പോലും മാറ്റാത്ത പതിനഞ്ചു കാരായാണ് അവർ നടക്കുന്നത്. വളരെ സാധാരണ ജീവിതം നയിക്കുന്നവരാണ് റാമും ജാനുവും.
സ്ക്കൂൾ കാലത്തിലെ കയ്യകലം പാലിക്കാൻ നിർബന്ധിതരായവർ. അവരിലൂടെ വിപ്ലവപരമായ ദൂരം താണ്ടിക്കാതെ അവരായി തന്നെ നടത്തുകയാണ് സംവിധായകൻ ചെയ്യുന്നത്. നിത്യ ജീവിതത്തിന്റെ ദൂരങ്ങൾ ഉണ്ടാവുമ്പോഴും റാം ഒളിച്ചോടികൊണ്ടിരിക്കുന്നത് അവൾ കൂടെ ഇല്ലാത്ത കാലത്തിൽ നിന്നാണ്. അവൻ മുന്നിലെത്തുന്ന ദിവസത്തെ കുറിച്ചുള്ള പ്രതീക്ഷയാണ് ജാനുവിനെ മുന്നോട്ട് നയിക്കുന്നത്. വിജയ് സേതുപതിയുടെയും തൃഷയുടെയും അവരുടെ കുട്ടികാലം അഭിനയിച്ച ആദിത്യ ഭാസ്കറിന്റെയും ഗൗരിയുടെയും അതിമനോഹരമായ അഭിനയമാണ് 96 നെ ഇത്രയും ഹൃദ്യമാക്കുന്നത്
 പ്രണയം നിയതമായ ഒരു ചട്ടക്കൂടിൽ സംഭവിച്ചു പോകുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ എല്ലാവരെയും രസിപ്പിക്കുന്ന പ്രണയ കഥ എന്നൊന്നുണ്ടോ എന്ന് സംശയമാണ്. 96 ലെ പ്രണയം വളരെ കൃത്യമായും പൈങ്കിളി എന്നറിയപ്പെടുന്ന മീറ്ററുകളിൽ കൂടി മുന്നോട്ട് പോകുന്ന ഒന്നാണ്.
കാമുകിയുടെ മുടിയിൽ ചൂടിയ റോസാപ്പൂ പുസ്തകത്തിനിടയിൽ സൂക്ഷിക്കുന്ന, അവളെ കാണുമ്പോൾ ഹൃദയമിടിപ്പുയരുന്ന കാമുകനെ ലോകത്തെ മുഴുവൻ സ്നേഹമുള്ള കണ്ണിലൂടെ നോക്കുന്ന പ്രണയം ആണ് സിനിമയിലേത്. ലോകം മുഴുവൻ പരസ്പരം ചുരുക്കിയ റാമിന്റെയും ജാനുവിന്റെയും കഥയാണിത്. അങ്ങേയറ്റം നിസ്വാർത്ഥമായ ഒരു നിലനിൽപ്പാണ്‌ ഈ പ്രണയനുഭവം. പ്രണയം പ്രണയികളെ മറികടന്നു നടക്കുന്ന അനുഭവമാണ് സിനിമയിൽ ഉടനീളം. അത്തരം സിനിമകളെ പ്രണയിക്കുന്നവർക്ക് ആർദ്രമായ ഒരനുഭവമാകും 96.

പ്രണയം കൊണ്ട് മുറിവേറ്റവരായി നാം; 96 അല്ല 916 കാരറ്റ് കാതൽ!

96ലെ ഒരു പത്താം ക്ലാസ് കാലം; മനം കവര്‍ന്ന് സേതുപതിയും തൃഷയും

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍