UPDATES

സിനിമ

തൊട്ടപ്പന്‍: കണ്ടും കേട്ടും ശീലിച്ച നായക സങ്കല്പങ്ങൾക്ക് ഒരു ഇന്റർവെൽ

വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന സിനിമയിൽ ആ നടന്റെ മികച്ച പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്

കിസ്മത് എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് തൊട്ടപ്പൻ. ‘തൊട്ടപ്പൻ’ എന്ന ഫ്രാന്‍സിസ് നൊറോണയുടെ ചെറുകഥയുടെ സ്വതന്ത്രാവിഷ്‌കാരമാണ് ചിത്രം. വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന സിനിമയിൽ ആ നടന്റെ മികച്ച പ്രകടനം തന്നെയാണ് എടുത്ത് പറയേണ്ടത്. തൊട്ടപ്പനായി വിനായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിച്ചപ്പോൾ തൊട്ടപ്പന്റെ സന്തോഷങ്ങൾ പ്രേക്ഷകരുടെയും സന്തോഷങ്ങളായി, തൊട്ടപ്പന്റെ ദുഃഖം പ്രേക്ഷകരുടെ ദുഃഖമായി മാറി.

വിനായകൻ ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥമാത്രമാണ് തൊട്ടപ്പൻ. എന്നാൽ വെറുതെ ഒരു അച്ഛനും മക്കളും തമ്മിലുള്ള സ്നേഹത്തിന്റെ കഥയല്ല സിനിമ പറയുന്നത്. ഒരു കള്ളൻ തന്റെ സുഹൃത്തിന്റെ മകളെ സ്വന്തം മകളേക്കാൾ ആഴത്തിൽ സ്നേഹിക്കുകയും അവൾക്കു വേണ്ട കരുതലും സംരക്ഷണവും നൽകുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ പശ്ചാത്തലം.

ജോണപ്പൻ എന്ന ദിലീഷ് പോത്തൻ കഥാപാത്രവും, ഇത്താക്ക് എന്ന വിനായകന്റെ കഥാപാത്രവും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പറഞ്ഞുകൊണ്ട് തുടങ്ങുന്ന സിനിമ കഥ നടക്കുന്ന ഭൂമികയിലെ പച്ചയായ മനുഷ്യ ജീവിതങ്ങളിലൂടെ കടന്നു പോകുന്നു. ഇത്താക്കിന്റെ ജീവിതം സാറക്ക് വേണ്ടിയാണ്. ഇത്താക്ക് സാറയുടെ എല്ലാമാണ്, സാറയുടെ ‘ഹീറോ’ അവളുടെ തൊട്ടപ്പനാണ്. ഇവിടെ തൊട്ടപ്പൻ സാറയുടെ മാത്രം നായകനല്ല. തുരുത്തിലെ മറ്റ് പലർക്കും ഇത്താക്ക് പ്രിയപെട്ടവനാണ്. സ്നേഹത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന തൊട്ടപ്പൻ ഒരു ഹീറോയാണ്. മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠിച്ചട്ട സ്ഥിരം നായക സങ്കല്പങ്ങളിലുള്ള നായകനല്ല തൊട്ടപ്പന്‍.

സിനിമയിൽ ജോയിമോൻ പറയുന്ന ഒരു സംഭാഷണം ഉണ്ട്, “ലാലേട്ടന്റെ പടത്തിലൊക്കെ അങ്ങനാണ് .. കൊച്ചു പിള്ളേരാണേലും തോൽപിക്കാൻ പറ്റില്ലാ..” അതെ നമ്മുടെ നായകന്മാർ അജയ്യരാണ്, തോൽപിക്കാൻ പറ്റില്ല. ഇവിടെ തൊട്ടപ്പൻ സ്ഥിരം നായകന്മാരെ പോലെ വില്ലനെ കൊന്ന് പ്രതികാരം ചെയ്‌ത്‌ സ്ലോമോഷനിൽ നടന്ന്‌ പോകുന്നവനല്ല. ചിത്രത്തിന്റെ ആദ്യ ടീസറിൽ കാണിന്നത് തീയേറ്ററിൽ മോഹൻലാലിൻറെ സ്പടികം കാണുന്ന വിനായകന്റെ ഒരു രംഗമാണ്. സിനിമയിലെ ഇന്റർവെൽ രംഗമാണത്. അതെ ഇത് വരെ കണ്ടും കേട്ടും ശീലിച്ച നായക സങ്കല്പങ്ങൾക്ക് ഒരു ഇന്റർവെൽ ഇടുകയാണ് സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടി.

രണ്ടാം പകുതിയോടെ സിനിമ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം പകുതിയുടെ അവസാനത്തോടെ സിനിമ തീർത്തും പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് സഞ്ചരിക്കുന്നു.

പ്രിയംവദ എന്ന പുതുമുഖ നടി തൊട്ടപ്പന്റെ സാറയായി മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചു. കഥ നടക്കുന്ന തുരുത്തിലെ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങൾക്കും അതിന്റെതായ പ്രധാന്യം നൽകിക്കൊണ്ടാണ് പി.എസ് റഫീഖ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അവതരിപ്പിക്കുന്ന അദ്രുമാന്‍, മനോജ് കെ ജയൻ അവതരിപ്പിക്കുന്ന പള്ളിലച്ചൻ,മാസ്റ്റർ ഡാവിൻഞ്ചിയുടെ ജോയിമോൻ അങ്ങനെ തുരുത്തിലെ ഓരോ കഥാപാത്രങ്ങളും പ്രിയപ്പെട്ടതാവുകയാണ്.

നാട്ടിന്‍പുറത്തെ നിഷ്കളങ്കമായ നുറുങ്ങു തമാശകൾ പ്രേക്ഷകരിൽ ചിരി പടർത്തുമ്പോൾ, നാട്ടിൻ പുറങ്ങളിലും സ്ത്രീകൾ സുരക്ഷിതരാണോ എന്ന ചോദ്യവും സംവിധായകൻ മുന്നോട്ട് വെക്കുന്നുണ്ട്.

Read More: ‘ഞങ്ങള്‍ നിപയോടു പോരാടി തിരിച്ചു വന്നതാണ്‌; ഉറപ്പിച്ചോളൂ, ഗൂഡാലോചനക്കാരും മുറിവൈദ്യന്മാരും നിങ്ങളെ രക്ഷിക്കില്ല’; അജന്യയും ഉബീഷും സംസാരിക്കുന്നു

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍