UPDATES

സിനിമ

ഉട്ടോപ്യയിലെ രാജാവിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആമിയും മനോഹരമായിരിക്കാം, മാധവിക്കുട്ടി വികാരമായവര്‍ക്കതിനാകില്ല; വിനോദ് മങ്കര/ അഭിമുഖം

ആമിയുടെ പ്രിവ്യു ഷോ പോലും ആസൂത്രിതമായി സംഘടിപ്പിച്ചത്‌

Avatar

വീണ

കമല്‍ സംവിധാനം ചെയ്ത ആമി ചിത്രീകരണം ആരംഭിച്ച മുതല്‍ പിന്തുടരുന്ന വിവാദം ചിത്രം തിയേറ്ററിലെത്തിയ ശേഷവും തുടരുകയാണ്. മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലെ കഥാകാരിയുടെ വേഷം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ വിവാദങ്ങളെങ്കില്‍ ഇപ്പോള്‍ ആമിയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് സമൂഹ മാധ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച്, ഫെയ്‌സ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനെ കുറിച്ചാണ്. ചിത്രത്തെ കുറിച്ചുള്ള നെഗറ്റിവ് റിവ്യൂസ് ഫെയ്‌സ്ബുക്ക് റിമൂവ് ചെയ്യും. നിര്‍മ്മാതാവ് കൊടുത്ത പരാതിയെ തുടര്‍ന്നാണ് നെഗറ്റീവ് റിവ്യൂസ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു തുടങ്ങിയത്. ചിത്രത്തിനെതിരെ സംഘടിത ആക്രമണമുണ്ടെന്നും അത് ചെറുക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് പരാതി നല്‍കിയതെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ വിശദീകരണം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി ഏറ്റവും അധികം വാദിച്ച കമല്‍ തന്നെ ഇത്തരമൊരു നീക്കം നടത്തിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ചിത്രത്തിനെതിരെ നെഗറ്റീവ് റിവ്യൂ എഴുതുകയും ആ പോസ്റ്റ് നീക്കം ചെയ്യപ്പെടുകയും എന്ന അനുഭവമുണ്ടായ സംവിധായകന്‍ കൂടിയായ വിനോദ് മങ്കര അഴിമുഖത്തോട് സംസാരിക്കുന്നു.

ഒരു ചിത്രത്തെ കുറിച്ച് നമ്മുടെ അഭിപ്രായം രേഖപ്പെടുത്തുന്നു. അത് നെഗറ്റീവാണെങ്കില്‍ റിവ്യൂസ് നീക്കം ചെയ്യപ്പെടുക…കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു അനുഭവമല്ലേ?
മലയാളത്തില്‍ മാത്രമല്ല , ലോകത്തില്‍ തന്നെ ആദ്യമായിട്ടാകും ഇത്രയും നികൃഷ്ടമായ ഒരു രീതിയെ കുറിച്ച് മനസിലാക്കുന്നത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കുത്തിനാട്ടിയ കുന്തമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി നമ്മള്‍ പോരാടുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. മാത്രമല്ല ആവിഷ്‌കാര സ്വാന്ത്ര്യത്തിന് വേണ്ടി ഒരുപാട് വാദിച്ച ആളാണ് കമല്‍. അദ്ദേഹം ഇത്തരം കടന്നുകയറ്റം നടത്തുന്നതാണ് വിരോധഭാസം. അതാണ് ചോദ്യം ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ കമലിന്റെ രണ്ട് മുഖമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നമ്മുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍, അതിപ്പോള്‍ സിനിമ, എഴുത്ത്, വര എന്തുമാകട്ടെ, നടത്തുന്ന ഈ അസഹിഷ്ണുത സംഭവിക്കാന്‍ നമ്മള്‍ ഹിറ്റ്‌ലറുടെ ജര്‍മ്മനിയില്‍ അല്ല, ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. അല്ലെങ്കില്‍ നമ്മള്‍ ഒറ്റപ്പെട്ട ഫാസിസ് രാജ്യത്താണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരും.

‘പരാതി നല്‍കിയത് നിര്‍മ്മാതാവാണ് …നിര്‍മ്മാതാവ് കാശ് മുടക്കിയെടുത്ത സിനിമക്കെതിരെയുള്ള പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ട്…എനിക്ക് അതില്‍ ഇടപെടാനാകില്ല’ എന്നായിരുന്നു കമലിന്റെ ആദ്യ പ്രതികരണം ?
അങ്ങനെ പറഞ്ഞിരിക്കാന്‍ ഇടയുണ്ടോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം ഞാനും ഒരു സംവിധായകനാണ്. ഞങ്ങളെ പോലുളളവര്‍ കമലൊക്കെ ചെയ്ത സിനിമയിലേക്ക് വന്നവരാണ്. സിനിമയെ സ്‌നേഹിക്കുന്ന ഒരു സംവിധായകന് ഒരിക്കലും അങ്ങനെ പറയാനാവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമ സെന്‍സറിംഗ് കഴിഞ്ഞാല്‍ പിന്നെ എനിക്ക് അതുമായി ബന്ധമില്ല എന്ന് പറയാന്‍ കടയില്‍ പോയി വാങ്ങുന്ന പലച്ചരക്ക് സാധനമല്ല സിനിമ. അത് ഒരു സംവിധായകന്റെ മനസിന്റെ ആഴത്തില്‍ നിന്ന് ഉണ്ടാകേണ്ടതാണ്. അതുകൊണ്ട് തന്നെ അയാളുടെ ഹൃദയം എന്നും ആ ചിത്രത്തിനൊപ്പം ഉണ്ടാകും. ആ സിനിമ എത്ര ഉയരത്തില്‍ ആയാലും പരാജയപ്പെട്ടാലും. അതൊരു സ്വപ്‌നമാണ്. അതില്ലാത്തവര്‍ക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാനാകൂ. കമല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആയാള്‍ ലോകം കണ്ട ഏറ്റവും മോശം സംവിധായകാനാണ്.

എട്ടോളം ഓണ്‍ലൈനുകള്‍ ചോദിച്ച പണം നല്‍കാത്തതിനാല്‍ ചിത്രത്തിനെതിരേ സംഘടിത ആക്രമണമുണ്ടായി എന്ന പരാമര്‍ശം വിശ്വസനീയമാണോ?
അത് ശരിയാവന്‍ സാധ്യതയില്ല. കാരണം ഞങ്ങളൊക്കെ സിനിമ ചെയ്യുന്നവരാണ്. ഒരു ചിത്രം ചെയ്യുമ്പോള്‍ അതിന്റെ പ്രമോഷന് വേണ്ടി ചിലപ്പോള്‍ നമ്മള്‍ പണം നല്‍കാറുണ്ട്. അത് നമ്മുടെ ചിത്രത്തിന്റെ ബജറ്റ് അനുസരിച്ചാണ്. ചെറിയ സിനിയ്ക്ക് ചെറിയ തുക മാത്രമേ നല്‍കാനാകു. അത് നമ്മള്‍ അവരോട് സംസാരിക്കും. അവര്‍ക്ക് സമ്മതമാണെങ്കില്‍ ആ തുകയ്ക്ക് പ്രമോഷന്‍ ചെയ്യും . ഇല്ലെങ്കില്‍ പിന്‍മാറും. അല്ലാതെ ചിത്ത്രതിനെതിരെ ഒരു സംഘടിത ആക്രമണം ഒന്നും ഉണ്ടാകാന്‍ ഒരു സാധ്യതയും ഇല്ല. മാത്രമല്ല ഈ കമല്‍ ഉള്‍പ്പെട്ട ഒരു സംഘമാണ് ഇവിടെ ചെറിയ സിനിമകള്‍ വളര്‍ന്ന് വരാതിരിക്കാന്‍ സംഘടിത ശ്രമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. കമലിന്റെ ചിത്രങ്ങള്‍ എല്ലാം ബിഗ് ചിത്രങ്ങളാണ്. ഞങ്ങളെ പേലുള്ളവരുടെ ചെറിയ ചിത്രങ്ങള്‍ മത്സരിക്കുന്നതും വിജയിക്കുന്നതും ഈ പ്ലാറ്റ് ഫോമിലാണ്. എട്ടോ ഒമ്പതോ കോടി മുടക്കിയെടുത്ത ഉട്ട്യോപ്യയിലെ രാജാവ് എന്ന ചിത്രം എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടോ. പക്ഷെ 50 ലക്ഷത്തില്‍ താഴെ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടുന്നു. അതുകൊണ്ട് അദ്ദേഹം ഇതും ഇതിലപ്പുറവും പറയും. ഉട്ടോപ്യയിലെ രാജാവ് പോലുള്ള ചിത്രങ്ങള്‍ കമല്‍ എടുത്തോട്ടെ, ആരും ഒന്നും പറയില്ല. ആമിയുടെ കാര്യത്തില്‍ സംഭവിച്ചത് ഇതല്ല. ഇത് മലയാളം അറിഞ്ഞ പ്രിയ കഥാകാരിയുടെ ജീവിത കഥയാണെന്ന് പറഞ്ഞ് പറഞ്ഞ് പൊലിപ്പിച്ചു. മലയാളിയുടെ മനസില്‍ മാധവിക്കുട്ടി ഒരു നിത്യഹരിത, അടി മുടി പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു പൂമരമാണ്. എഴുത്തും വായനയും അറിയുന്ന ഓരോ മലയാളിയുടേയും വികാരമാണ്. അപ്പോള്‍ അവരെ ഇത്രയും വികലമായി ചിത്രീകരിച്ചാല്‍ നമ്മള്‍ പ്രതികരിക്കും. ഈ പ്രതികരണം സംവിധായകനായിട്ടല്ല, മറിച്ച് പ്രേക്ഷകനായിട്ടാണ്. മാത്രമല്ല ഒരു സാഹിത്യകുതുഹി എന്ന നിലയ്ക്ക് എനിക്ക് ഏറ്റവും അടുത്തറിയാവുന്ന ഒരാളാണ് മാധവിക്കുട്ടി. ആ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു മകനോട് എന്ന പോലെ ഒരു വാത്സല്യമുണ്ടായിരുന്നു എന്നോട്. അവര്‍ സംസാരിക്കുന്നത് മനോഹരമായിട്ടാണ്. അവരുടെ ഓരോ കഥകളില്‍ പോലും ഉണ്ട് ആ സൗന്ദര്യം. അതൊക്കെ അവഗണിച്ച് അവരുടെ പല ഭ്രാന്തില്‍ ഒന്നായിരുന്ന മതം മാറ്റം ചര്‍ച്ച ചെയ്യാന്‍ അത് മാത്രം ഹൈലൈറ്റ് ചെയ്യുന്ന ഒരു ചിത്രം അത് മാത്രമാണ് ആമി. അത് ശരിയല്ല. മാധവിക്കുട്ടിയുടെ ജീവിതരേഖയെന്ന് പറഞ്ഞ് ഒരു വശം മാത്രം കാണിച്ച് മറ്റെല്ലാം വികലമായ ചിത്രീകരിച്ച ഒന്നാണ് ആമി. മഞ്ജു വാര്യര്‍ മലയാളം കണ്ട മികച്ച നടിമാരില്‍ ഒരാളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ യുവജനോത്സനവത്തിന് കെട്ടിയ ഫാന്‍സിഡ്രസ് പോലെ ആയി പോയി ആമി. ഇതിനെതിരെ കേരളത്തില്‍ മാത്രമല്ല ലോകത്ത് എമ്പാടും പ്രതിഷേധമുണ്ട്.

മാധവിക്കുട്ടിയാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ ഫ്രസ്‌ട്രേഷന്‍ തീര്‍ക്കുകയാണ് ചിലര്‍; കമല്‍

സംഘടിത ശ്രമങ്ങള്‍ എന്ന് പറയുമ്പോള്‍ അത് എന്താണ്? ആ സംഘം ആരൊക്കെയാണ്?
ഇപ്പോള്‍ ആ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ പ്രതികരണത്തിനില്ല. മറ്റൊന്നും കൊണ്ടല്ല. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിച്ചാല്‍ നമ്മള്‍ വിഷയത്തില്‍ നിന്ന് വ്യതിചലിച്ച് പോകും. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പിന്നീട് സംസാരിക്കാം.

താങ്കള്‍ക്കുള്ള വ്യക്തി വൈരാഗ്യമാണ് ചിത്രത്തെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച്?
അതില്‍ ഒരു സത്യവുമില്ല. കമല്‍ സാര്‍ എവിടെ നില്‍ക്കുന്നു ഞാന്‍ എവിടെ നില്‍ക്കുന്നു. ഞങ്ങള്‍ തമ്മില്‍ ഒരു താരതമ്യത്തിന്റെ പോലും ആവശ്യമില്ല. അദ്ദേഹം വളരെ ഉയരത്തില്‍ നില്‍ക്കുന്ന, വലിയ ക്യാന്‍വാസില്‍ സിനിമ എടുത്തിട്ടുള്ള ആളാണ്. അപ്പോള്‍ പിന്നെ അവാര്‍ഡ് ജൂറിയില്‍ എടുത്തില്ല എന്നതു കൊണ്ടാണ് നെഗറ്റീവ് റിവ്യൂ ഇടുന്നത് എന്നൊക്കെ പറയുന്നത് ബാലിശമാണ്. വ്യക്തി വൈരാഗ്യം കൊണ്ട് നെഗറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്യുക, എന്നിട്ട് ഞാന്‍ തന്നെ അത് ഡിലീറ്റ് ചെയ്തു എന്നൊക്കെ പറയുന്നത് തരംതാണരീതിയാണ്. ഫെയ്‌സ്ബുക്ക് ആ പോസ്റ്റ് നീക്കം ചെയ്യുമ്പോള്‍ ഇത് എന്തുകൊണ്ട് ഡിലീറ്റ് ചെയ്യുന്നു, ആരുടെ പരാതിയിലാണ് നട
പടി എന്ന് കാണിച്ച് നമ്മുക്ക് സന്ദേശം അയക്കും, അതിന്റെ സ്‌ക്രീന്‍ ഷോട്ട് ഞാന്‍ അടക്കമുള്ളവര്‍ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്.

പക്ഷെ സിനിമ മേഖലയില്‍ നിന്നടക്കം ഈ ചിത്രം മനോഹരമാണ് എന്ന് വിലയിരുത്തുന്നവരുമുണ്ട് ?
രണ്ട് തരത്തിലുള്ളവരാണ് ആമി നല്ലതാണെന്ന് പറയുന്നത്; ഒന്ന് മാധവിക്കുട്ടിയെ കുറിച്ച് ഒന്നും അറിയാത്തവര്‍, അവര്‍ക്ക് ഈ സിനിമ ‘ഉട്ടോപ്യയിലെ രാജാവ്’ പോലെ ഒരു സിനിമ മാത്രമാണ്. മാത്രമല്ല മാധവിക്കുട്ടി എന്ന ഫാക്ടര്‍ ഒഴികെ ബാക്കിയെല്ലാം സിനിമയില്‍ നല്ലതുമാണ്. രണ്ടാമത്തെത് കമലിനോടും മഞ്ജുവിനോടും സൗഹ്യദം സൂക്ഷിക്കുന്നവര്‍. അവര്‍ പലരും പറഞ്ഞത് ചിത്രത്തിന്റെ പ്രിവ്യൂ കാണാന്‍ കമലും മഞ്ജു വാര്യരും സ്‌നേഹപുരസരം വിളിച്ചുവെന്നാണ് അതില്‍ തന്നെ അതിന്റ് ഉത്തരമുണ്ട്. അതല്ലാത്ത എല്ലാവര്‍ക്കും മാധവിക്കുട്ടി ഒരു വികാരമാണ് അങ്ങനെയുള്ള ആര്‍ക്കും കമലിന്റെ ആമിയെ അംഗീകരിക്കാനാകില്ല.

മഞ്ജുവിന്റെ സുന്ദരമായ ആമി, കമലിന്റെയും

പക്ഷേ മുന്‍നിര ചാനലുകളും ഓണ്‍ലൈനുകളും പോലും പോസിറ്റീവ് റിവ്യൂ എഴുന്നതുന്നത് പെയ്ഡ് ആണെന്ന് ആണോ?
ആമിയുടെ ഡിവിഡി റെറ്റ് ഒര ചാനലിനാണ് . സ്വഭാവികമായും അവര്‍ ആ ചിത്രത്തെ പ്രോത്സാഹിപ്പിക്കാനും പ്രമോട്ട് ചെയ്യാനും ശ്രമിക്കും. കച്ചവട സാധ്യതയുണ്ടെന്ന് കണ്ടാല്‍ ആരും അതിനെ കുറിച്ച് നെഗറ്റീവ് പറയില്ല. ആ സിനിമ അവര്‍ ചിലപ്പോള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും. അതിന് വന്‍കിട, ചെറുകിട എന്ന വ്യത്യാസമില്ല.

നാലപ്പാട്ടെ കുടുംബാംഗം പോലും സിനിമയെ അംഗീകരിക്കുന്നു, ആമിയോപ്പുവിനെ മുറിവേല്‍പ്പിക്കാതെ നന്നായി ചെയ്തു എന്നു പറയുന്നു?
ഡോക്ടര്‍ സുലോചന നാലപ്പാട്ട് മാത്രമല്ലല്ലോ നാലപ്പാട്ടെ കുടുംബാംഗം, അവിടെ വേറെയും ആള്‍ക്കാരില്ലേ, അവരൊക്കെ എന്തെ മൗനം പാലിക്കുന്നു. അപ്പോള്‍ ഇത് ആസൂത്രിതമാണ്, ആ പ്രിവ്യൂ ഷോ പോലും. ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ളവരെ മാത്രമാണ് കമല്‍ പ്രിവ്യൂ ഷോയ്ക്ക് പോലും വിളിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ആള്‍ക്കാരെ സിനിമ കാണിച്ച് നല്ലതു പറയിപ്പിച്ചതാണ്, വളരെ ആസൂത്രിതമായി.

ഇങ്ങനെ ഒക്കെ ആണെങ്കിലും പോസ്റ്റുകള്‍ നീക്കം ചെയ്തതിന് ഒരു പ്രതിവിധി ആകുന്നില്ല, അതിനെ എങ്ങനെ നേരിടും ?
ഞങ്ങള്‍ കുറച്ച് പേര്‍ ചേര്‍ന്ന് ഫെയ്‌സ്ബുക്കിന് പരാതി കൊടുക്കും. എന്താണ് സത്യാവസ്ഥ എന്ന് മനസിലാക്കാന്‍ ശ്രമിക്കും. കാരണം ഫെയ്‌സ്ബുക്കിന്റെ തലപ്പത്ത് മലയാളം അറിയുന്ന ആരെങ്കിലും ഉണ്ട് എന്ന് കരുതുന്നില്ല. അതുകൊണ്ട് അശ്ലീലമെഴുതി ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു, അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആര് പരാതി പറഞ്ഞാലും നാളെയും ഇത് തന്നെ സംഭവിക്കും. അത് നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് കത്തിവെയ്ക്കലാണ്. അത് അംഗീകരിക്കാനാകില്ല. ഞാന്‍ ഇപ്പോള്‍ എന്റെ അച്ഛന്‍ മരിച്ച ചടങ്ങുമായി ബന്ധപ്പെട്ട്് ചെറിയ തിരക്കിലാണ്. അതിന് ശേഷം ഉറപ്പായും ഫെയ്‌സ്ബുക്കിനെ ഇത് ബോധ്യപ്പെടുത്താന്‍ തന്നെയാണ് തീരുമാനം.

 

 

Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍