സിനിമയിലെ ഒരു നടിയെ കുറിച്ച് പ്രൊഡ്യൂസർ മോശമായി പറഞ്ഞതാണ് അദ്ദേഹവുമായി തെറ്റാൻ ഇടയായത് എന്ന് സംവിധായകൻ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.
യുവ സംവിധായകൻ നിഷാദ് ഹസനെ തട്ടിക്കൊണ്ടു പോയതിൽ ദുരൂഹത ഏറുന്നു. സംഭവത്തിന് പിന്നിൽ ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ചിത്രത്തിന്റെ നിർമ്മാതാവിനെതിരെ നിഷാദും സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ടെലിവിഷൻ വാർത്തകളിലൂടെ ആണ് ഈ വിവരം അറിയുന്നതെന്നും, എന്താണ് സംഭിച്ചതെന്ന് വ്യക്തമല്ലെന്നും നിഷാദിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇന്നലെ വൈകിട്ട് വരെ അദ്ദേഹം കൂടെ ഉണ്ടായിരുന്നതായും, ഒരു ദിവസം ഭാര്യയോടൊപ്പം ഗുരുവായൂരിലേക്ക് പോകേണമെന്ന് നിഷാദ് പറഞ്ഞിരുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി. എന്നാൽ ഇന്നത്തെ യാത്രയെ കുറിച്ച് തങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ലന്നും നിഷാദിന്റെ സുഹൃത്തും ‘വിപ്ലവം ജയിക്കാനുള്ളതാണ്’ സിനിമയുടെ അണിയറ പ്രവർത്തകനുമായ മെൽവിൻ അഴിമുഖത്തോട് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ചാണ് കാറിലെത്തിയ സംഘം നിഷാദിനെ തട്ടിക്കൊണ്ടുപോയത്. ഭാര്യയോടൊപ്പം ഗുരുവായൂരിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. തൃശ്ശൂര്‍ പാവറട്ടിയില്‍ വച്ചായിരുന്നു സംഭവം. അക്രമികളുടെ മര്‍ദ്ദനത്തില്‍ നിഷാദിന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞു.
നിഷാദ് സംവിധാനം ചെയ്ത് ‘വിപ്ലവം ജയിക്കാനുള്ളതാണ് ‘ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് റിലീസ് ചെയ്തത്. രണ്ടര മണിക്കൂറിൽ ഒറ്റ ഷോട്ടിൽ നിർമിച്ച ആദ്യ മലയാള ചിത്രംകൂടിയാണ് വിപ്ലവം.രണ്ടര മണിക്കൂർ സിനിമ ആയിരത്തോളം കലാകാരന്മാരെ വെച്ച് ഒറ്റഷോട്ടിൽ അതും 6സോങ്, 3ഫ്ലാഷ് ബാക്ക്, 4ഫൈറ്റ് അടക്കം. 2മാസത്തെ റിഹേഴ്സലിനും ശേഷമാണ് ചിത്രീകരിച്ചത്. കൂടാതെ യു.ആർ.എഫ് വേൾഡ് റെക്കോർഡും ചിത്രം സ്വന്തമാക്കി. ഏറെ തവണ റിലീസ് പ്രതിസന്ധിയിലായ ചിത്രം വളരെ കുറച്ച് തീയേറ്ററുകളിൽ മാത്രമാണ് പ്രദർശനത്തിനെത്തിയത്. ചിത്രത്തിന്റെ മുൻ നിർമ്മാതാവുമായുള്ള പ്രേശ്നങ്ങൾ സിനിമയുടെ റിലീസിനെ ബാധിച്ചിരുന്നുവെന്ന് നിഷാദ് ഹസൻ നേരത്തെ പറഞ്ഞിരുന്നു.
ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്ന ദിവസം സിനിമ പ്രദർശനത്തിനെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. മുൻ നിർമ്മാതാവിന്റെ സ്വാധീനം ഉപയോഗിച്ച് നിർമ്മാതാക്കളുടെ സംഘടനയുടെ സഹായത്തോടെ ഒരു മുന്നറിയിപ്പുമില്ലാതെ തങ്ങൾക്ക് ലഭിച്ച തീയേറ്ററുകൾ വെട്ടി കുറക്കുകയായിരുന്നു എന്നും നിഷാദ് ഹസൻ നേരത്തെ പറഞ്ഞിരുന്നു.
സിനിമയിലെ ഒരു നടിയെ കുറിച്ച് പ്രൊഡ്യൂസർ മോശമായി പറഞ്ഞതാണ് അദ്ദേഹവുമായി തെറ്റാൻ ഇടയായത് എന്ന് സംവിധായകൻ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.”പെണ്ണ് അഭിനയിച്ചാൽ മാത്രം പോരാ ” എന്നാണ് നിർമാതാവ് പറഞ്ഞത്. ഇതേ തുടർന്നനാണ് നിർമ്മാതാവുമായി വഴക്കുണ്ടാകുന്നതും, പ്രൊഡ്യൂസർ സിനിമ ഉപേക്ഷിച്ച് പോയതും. തുടർന്ന് സഹപ്രവർത്തകരെല്ലാം ചേർന്ന് നിർമാണം ഏറ്റെടുക്കുകയും ഒന്നരവര്ഷത്തിനിപ്പുറം പരിമിതമായ തീയേറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്‌തു.
സിനിമ പ്രദർശനത്തിനെത്തിയെങ്കിലും, തനിക്ക് നേരെ ഭീഷണികൾ ഉള്ളതായി കഴിഞ്ഞ ദിവസം നിഷാദ് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു.