UPDATES

സിനിമ

രേവതി ശൈലജ ടീച്ചറാകും റിമ ലിനി സിസ്റ്ററും; വൈറലായി മാറിയ ‘വൈറസി’നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍

ഒരു ജനതയുടെ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും വിജയമായാണ് നിപ്പ പ്രതിരോധത്തെ ആഷിഖ് അബു പ്രകീര്‍ത്തിക്കുന്നത്

ആഷിഖ് അബു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്ന് നിമിഷങ്ങള്‍ക്കകമാണ് അത് സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയത്. കേരളത്തെ പിടിച്ചു കുലുക്കുകയും അതേസമയം സമചിത്തതയോടെയും ധീരതയോടെയും കേരളം നേരിടുകയും കീഴടക്കുകയും ചെയ്ത നിപ്പ വൈറസിനെ പ്രമേയമാക്കിയാണ് ആഷിഖ് ഈ ചിത്രം ഒരുക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാകുന്ന വൈറസില്‍ അഭിനേതാക്കളായും സാങ്കേതികപ്രവര്‍ത്തകരുമായി എത്തുന്ന പ്രഗത്ഭരുടെ നീണ്ട നിര തന്നെയാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപന ദിവസം തന്നെ ഇത്തരത്തില്‍ വൈറല്‍ ആയി മാറാന്‍ പ്രധാന കാരണം.

നിപ്പ വൈറസ് ജീവിതം കവര്‍ന്നെടുത്ത ലിനി സിസ്റ്ററായി ചിത്രത്തില്‍ വേഷമിടുന്നത് റിമ കല്ലിങ്കല്‍ ആയിരിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ വേഷം രേവതി ചെയ്യുമെന്നും ആഷിഖ് അബു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരുവരെയും കൂടാതെ ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വതി തിരുവോത്ത്, കാളിദാസ് ജയറാം, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മുഹ്‌സിന്‍ മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്.

റൊമാന്‍സും ത്രില്ലറും വൈകാരികതയുമൊക്കെ നിറഞ്ഞ ഒരു വലിയ മാസ് റിയല്‍ സോറ്റിയാണ് സിനിമ പറയുന്നതെന്ന് ആഷിഖ് മനോരമയോട് പറഞ്ഞു. നിപ്പ ബാധിത കാലത്ത് കോഴിക്കോട് ഉണ്ടായിരുന്ന പൊതുജീവിതത്തിന്റെ പരിച്ഛേദമാണ് ഈ സിനിമയെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഡിസംബറോടെ ആരംഭിച്ച് അടുത്ത വര്‍ഷം വിഷു റിലീസ് ആയി തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാരുടെ തീരുമാനം.

നിപ്പ വൈറസ് കാലം ഒരു ചലച്ചിത്രമാക്കാനുളള കാരണങ്ങള്‍ പറയുമ്പോള്‍ ആഷിഖ് ചൂണ്ടിക്കാണിക്കുന്നത് നിപ്പയ്‌ക്കെതിരേയുള്ള പ്രതിരോധം മാനവരാശിയുടെ ചെറുത്ത് നില്‍പ്പായിട്ടാണ്. ഒരു സിനിമയ്ക്കുള്ളതല്ല, ഒരുപാട് സിനിമകള്‍ക്കുള്ള കഥകള്‍ നിപ്പയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നും ആഷിഖ് പറയുന്നു. എല്ലാവരും പരസ്പര സഹകരണത്തോടെയും സ്‌നേഹത്തോടെയുും നില കൊണ്ടതു കൊണ്ടാണ് ഈ വൈറസിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതെന്നും നിപ്പയുടെ കാര്യത്തില്‍ ശരിക്കും ഒരു ത്രില്ലറാണ ഇവിടെ സംഭവിച്ചിരിക്കുന്നതെന്നും ഒരു ജനതയുടെ വിജയമാണ് ഇതെന്നും ആഷിഖ് തന്റെ അഭിപ്രായമായി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍