UPDATES

സിനിമ

വൈറസ്: നിപയെ പിടിച്ചുകെട്ടിയ കേരളത്തെ ആഷിക് അടയാളപ്പെടുത്തുമ്പോള്‍

കഴിവുറ്റ നടൻമാരെ കാസ്റ്റ് ചെയ്യുകയും, അവര്‍ക്ക് ഒട്ടും പ്രാധാന്യം കുറയാതെ തന്നെ കയ്യടക്കത്തോടെ സിനിമയുടെ ഭാഗമാക്കി മാറ്റാനും കഴിയുന്നിടത്ത് ആഷിഖ് അബു എന്ന സംവിധായകനെ അടയാളപ്പെടുന്നു.

സഹാനുഭൂതിയാണ് കാരണവും പ്രതിരോധവും, ഒരു വർഷം മുൻപും ഇപ്പോഴും മലയാളിയെ, അല്ലെങ്കിൽ രാജ്യത്തെ പോലും ആശങ്കപ്പെടുത്തിയ ‘നിപ’ സഞ്ചരിച്ച വഴി തേടുകയാണ് മലയാളത്തിലെ മികച്ച മൾട്ടി ആക്ടർ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്ന വൈറസ്. മലയാളത്തിലെ ഒരു പറ്റം മികച്ച സിനിമാ പ്രവർത്തകരെ ഒരു ചരടിൽ പ്രാധാന്യം കുറയാതെ അവതരിപ്പിക്കുന്നതിനൊപ്പം നിപ മലയാളി മനസിലുണ്ടാക്കിയ ഭീതിയെയും കരുതലിനെയും മികവോടെ വെള്ളിത്തിരയിൽ എത്തിക്കാൻ ആഷിഖ് അബു എന്ന സംവിധായകന് കഴിയുന്നു എന്നത് തന്നെയാണ് വൈറസിനെ ശ്രദ്ധേയമാക്കുന്നത്. കേരളത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയും, ഭീതി പടർത്തിയും ഇരുപതോളം പേരുടെ ജീവനെടുത്ത നിപ സഞ്ചരിച്ച വഴിയിലൂടെ പ്രേക്ഷനെ കൊണ്ടുപോവുകയാണ് വൈറസ്.

കോഴിക്കോട്ടെ നിപ രോഗബാധയുടെ ഇൻഡക്സ് സാംപിളായിരുന്ന സാബിത്ത് എന്ന യുവാവിലൂടെ കഥപറയുകയാണ് സിനിമ. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനി ഉൾപ്പെടെ 21 പേരിലേക്കും രോഗം പടർന്ന സാഹചര്യവും, അതിരെ പ്രതിരോധിക്കാനും മറികടക്കാനും സംസ്ഥാനത്തെ ഭരണ കൂടവും ആരോഗ്യ സന്നദ്ധ പ്രവർത്തകരും സ്വീകരിച്ച് നടപടിയെയും മികച്ച രീതിയിൽ അടയാളപ്പെടുത്തുകയാണ്. പലപോഴും ഭീതിയോടെ മാത്രമേ കാണികൾക്ക് ചില ഷോട്ടുകൾ കണ്ട് തീർക്കാനാകൂ എന്നതാണ് മറ്റൊരു പ്രത്യേകത.

സഹാനുഭൂതിയാണ് കാരണവും പ്രതിരോധവും, എന്നാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. രോഗ ബാധിതനായ വ്യക്തിയെ സഹായിക്കുന്നതിലുടെയാണ് വൈറസ് പടരുന്നത്. ഒരു പറ്റം ജനങ്ങളുടെ ആത്മാർത്ഥമായ നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെയാണ് രോഗത്തെ വരുതിയിലാക്കുന്നതും. എന്നാൽ വഴിയിൽ വീണുകിടക്കുന്ന ഒരു സഹജീവിയെ രക്ഷിക്കാനുള്ള ശ്രമമാണ് രോഗബാധയ്ക്ക് കാരണമായി സിനിമ കാട്ടിത്തരുന്നത്.

നിപ വൈറസ് ബാധയുടെ ഭീരതയും ആശുപത്രിയിലെയും പ്രതിരോധ നടപടികളിലൂടെയും ഭീതിനിറച്ച് മുന്നോട്ട് പോവുന്ന സിനിമ രണ്ടാം പകുതിയിൽ ഒരു മികച്ച ക്രൈം ത്രില്ലറിനെ മറികടക്കും വിധം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിലേക്ക് ചുവടുമാറ്റുകയാണ്. ഒന്നാം പകുതിയിൽ രേവതിയും, പുർണിമയും, ഇന്ദ്രജിത്തും, ടൊവിനോയും, ശ്രീനാഥ് ഭാസിയും കളം നിറയുമ്പോള്‍ രണ്ടാം പകുതിയിലാണ് പാർവതി തിരുവോത്തും, സക്കറിയ മുഹമ്മദും, സൗബിൻ സാഹിറുമാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ഇരു പകുതിയിലും നിറഞ്ഞു നിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ.

സുഡാനി ഫ്രം നൈജീരിയയിലൂടെ സിനിമാ സംവിധാന രംഗത്ത് കഴിവ് തെളിയിച്ച സക്കറിയ മൂഹമ്മദ് അഭിനേതാവെന്ന നിലയിൽ തിളങ്ങുകകൂടിയാണ് വൈറസിലൂടെ. സാബിത്തിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രത്തെ സക്കറിയ എന്ന പേരിൽ തന്നെയാണ് സക്കറിയ മുഹമ്മദ് വൈറസിൽ അഭിനയിക്കുന്നത്. സിസ്റ്റർ ലിനിയുടെ വേഷത്തിൽ റിമ കല്ലിങ്കലും നിപ വൈറസ് ബാധയുടെ ഭീകരത വരച്ചുകാട്ടുന്നു.

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തിയ രേവതി, പൂർണിമ ഇന്ദ്രജിത്ത് എന്നിവരും മികച്ച രീതിയിൽ അരോഗ്യമന്ത്രിയെയും, ആരോഗ്യ സെക്രട്ടറിയെയും അവതരിപ്പിക്കുന്നു. നിർണായകമായ രണ്ട് കഥാപാത്രങ്ങളാണ് ഇരുവരെയും സംവിധായകൻ ഏർപ്പിച്ചിട്ടുള്ളത്. ചെറുതെങ്കിലും കുറച്ച് കാലത്തിന് ശേഷം തനിക്ക് മലയാളത്തിൽ ലഭിച്ച അവസരം മികച്ചതാക്കുകയാണ് കോഴിക്കോട്ടെ സാധാരണ വീട്ടമ്മയായി രമ്യാ നമ്പീശനും. മഡോണ സെബാസ്റ്റിൻ, ആസിഫ് അലി ഇന്ദ്രജിത്ത്, ജോജു ജോർജ്ജ്, ദിലീസ് പോത്തൻ, ഇന്ദ്രൻസ്, റഹ്മാൻ, ബിനു പപ്പു, എന്നിവരും തങ്ങളുടെ വേഷങ്ങളോട് പൂർണമായി നീതി പുലത്തുന്നു.

എന്നാൽ, എടുത്ത് പറയേണ്ട പ്രകടനങ്ങളുമായി സിനിമയിൽ നിറയുന്ന ശ്രീനാഥ് ഭാസി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ഉയരെയെ വെല്ലുന്ന കഥാപാത്രമായി അന്നു എന്ന സന്നദ്ധ പ്രവർത്തകയായി പാർവതി തെരുവോത്തുമാണ്. ആദ്യാവസാനം എടുത്ത് പറയേണ്ട കഥാപാത്രം തന്നെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന യുവ ഡോക്ടർ ആബിദ്. രോഗബാധ സംശയിച്ച് സ്വയം ഒറ്റപ്പെടുകയും, വൈറസ് ബാധിച്ച കാമുകിയോട് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് ആത്മവിശ്വാസം പകരുന്ന കാമുകനായും, പ്രിയപ്പെട്ടവളെ കാണാൻ കാത്തുനിൽക്കുന്ന ബന്ധുവിനെ സഹായിക്കുന്നവനായും ശ്രീനാഥ് മികച്ച അഭിനേതാവാണെന്ന് ഒരിക്കൽകൂടി അടയാളപ്പെടുന്നു. കുമ്പളങ്ങി നൈറ്റ്സിന് ശേഷമുള്ള ശ്രീനാഥിന്റെ മികച്ച വേഷം തന്നെയാണ് ഡോ. ആബിദ്.

വികാരങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഭീതി അടിസ്ഥാനമായി കഥപറയുകയും പ്രണയം, കുടുംബബന്ധങ്ങൾ, സൗഹൃദം, സഹാനുഭൂതി എന്നിവ അടയാളപ്പെടുത്തുക കൂടിയാണ് സിനിമ. ജില്ലാ കളക്ടറായി അനാവശ്യ ഡയലോഗ് പോലും പറയാതെ ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ് ടൊവിനൊ തോമസ്. വൈറസ് സഞ്ചരിച്ച വഴികളിലൂടെ ശാസ്ത്രീയമായി സഞ്ചരിക്കുന്ന മണിപ്പാൽ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടറായി കുഞ്ചാക്കോ ബോബനും സിനിമയിൽ നിറഞ്ഞ് നിൽക്കുന്നു. സൗബിൻ സാഹിറിന്റെ നിപ ബാധിതനായ ഉണ്ണിയും പ്രേക്ഷകരെ പിടിച്ചുലയ്ക്കും.

രാജീവ് രവി, ഷൈജു ഖാലിദ് എന്നിവരുടെ ക്യാമറ കോഴിക്കോടിന്റെ ദൃശ്യ ഭംഗിക്കൊപ്പം നിപ എന്ന അസുഖത്തിന്റെ ഭീതിയും പ്രേക്ഷരിലേക്കെത്തിക്കും. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം രംഗങ്ങളുടെ ഗൗരവം ഒട്ടും ചോരാതെ കാണികളിലെത്തിക്കാനും ഉപകരിക്കുന്നു. വൈറസ് ബാധിതനായ സക്കറിയ നടത്തുന്ന യാത്രകളിലൂടെയും നിപ കാലത്തെ പ്രവർത്തനങ്ങളിലൂടെയും കടന്നു ഒരുമിച്ച് കടന്നു പോവുന്ന സിനിമയിൽ ഷൈജു ശ്രീധരന്റെ എഡിറ്റിങ്ങ് മികവിനെയും പ്രശംസിക്കാതിരിക്കാനാവില്ല. ഒപിഎം പ്രൊ‍ഡക്ഷന്റെ ബാനറിൽ റിമ കല്ലിങ്കല്‍ നിർമിച്ചിരിക്കുന്ന സിനിമ മലയാളത്തിലെ മികച്ച മൾട്ടി സ്റ്റാർ ചിത്രം തന്നയാണെന്ന് വിലയിരുത്താം. നിപയെ അതിജീവിച്ച് കടന്നുവന്ന വരെ മുൻധാരണകളില്ലാതെ ചേർത്ത് പിടിക്കുമ്പോൾ കൂട്ടായ്മയുടെ വലിയ സന്ദേശം കൂടിയാണ് വൈറസ് പറഞ്ഞുവയ്ക്കുന്നത്.

Read More: ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

എന്‍ പി അനൂപ്

സബ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍