‘ഇപ്പോള്‍ ഹീറോകളായി പറയുന്നവര്‍ ഐസൊലേഷന്‍ വാര്‍ഡിന് അടുത്തേക്ക് വരാന്‍ പോലും ഭയപ്പെട്ടിരുന്നപ്പോഴാണ് ഞങ്ങള്‍ ഡ്യൂട്ടി ചെയ്തത്. അതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ?
“ഫിയര്‍ ഫൈറ്റ് സര്‍വൈവല്‍ എന്നെഴുതി വൈറസ് സിനിമയിലെ ജോജുവിന്റെ കഥാപാത്രത്തെയും ആ കഥാപാത്രത്തിന് ആധാരമായ രണ്ടുപേരുടെയും ചിത്രങ്ങള്‍ ചേര്‍ത്തു വച്ച ഒരു പോസ്റ്റര്‍ ഒരു സുഹൃത്ത് അയച്ചു തന്നു. ആ രണ്ടുപേരില്‍ ഒരാള്‍ ഞാനാണ്, മറ്റൊരാള്‍ എന്റെയടുത്തിരിക്കുന്ന ശശിയേട്ടനും. പല മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയായിലും വൈറസിലെ ജോജുവിന്റെ കഥാപത്രം ഞങ്ങളില്‍ നിന്നും ഉണ്ടാക്കിയതാണെന്നാണ് പറയുന്നത്. എന്നാല്‍ ഞങ്ങള്‍ പറയുന്നു; ആ കഥാപാത്രം ഞങ്ങളില്‍ നിന്നും ഉണ്ടാക്കിയതല്ല”, കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നിലെ സമരപ്പന്തലില്‍ ഇരുന്ന് രാജേഷ് എന്ന ചെറുപ്പക്കാരന്‍ പറയുന്നു.
വൈറസിലെ ഓരോ കഥാപാത്രവും യഥാര്‍ത്ഥ വ്യക്തിയെ കേന്ദ്രീകരിച്ച് ഉണ്ടാക്കിയതെന്നാണ് അണിയറക്കാര്‍ പറയുന്നത്. അതിലൊന്നായിരുന്നു ജോജു അവതരിപ്പിച്ച മെഡിക്കല്‍ കോളേജിലെ താത്കാലിക ജീവനക്കാരനായ അറ്റന്‍ഡര്‍ ബാബു. വൈകാരികത നിറഞ്ഞ ആ കഥാപാത്രം പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു. നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡ്യൂട്ടി ചെയ്ത ഇ.പി രാജേഷിന്റെയും കെ.യു ശശിധരന്റെയും അനുഭവങ്ങളില്‍ നിന്നാണ് ബാബു എന്ന കഥാപാത്രം സൃഷ്ടിച്ചതെന്നു പറയുന്നതിനെയാണ് ഇരുവരും എതിര്‍ക്കുന്നത്.
നിപ കാലത്തിന്റെ പ്രതീകമായി മാറിയൊരു ചിത്രമായിരുന്നു സാജന്‍ വി. നമ്പ്യാര്‍ എടുത്ത് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച, മഴയത്ത് പിപിഇ കിറ്റും ധരിച്ച് നിപ രോഗിയുടെ വസ്ത്രങ്ങളും സ്രവങ്ങളും മാലിന്യങ്ങളും വണ്ടിയില്‍ തള്ളിക്കൊണ്ടു പോകുന്ന രണ്ടു ജീവനക്കാര്‍. രാജേഷും ശശിധരനുമായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. വൈറസ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മാതൃഭൂമിയില്‍ വന്ന ആ ചിത്രമായിരുന്നു.
“വൈറസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായും ഞങ്ങളുടെ ആ ഫോട്ടോ തന്നെ ഉപയോഗിച്ചപ്പോള്‍, സിനിമയുടെ ആള്‍ക്കാര്‍ ഞങ്ങളെ തേടി വരുമെന്ന് കരുതി. പക്ഷേ ആരും വന്നില്ല. എഴുത്തുകാരോ സംവിധായകനോ ആരും വന്നില്ല. ഇപ്പോള്‍ പറയുന്നത്, ആ കഥാപാത്രം ഞങ്ങളാണെന്ന്. ഞങ്ങളോട് ഒന്നും സംസാരിക്കാതെ, അനുഭവങ്ങള്‍ കേള്‍ക്കാതെ എങ്ങനെയാണ് ആ കഥാപാത്രം രാജേഷും ശശിധരനും ആണെന്നു പറയുന്നത്?” രാജേഷ് ചോദിക്കുന്നു.
“എല്ലാവരും ഹീറോകളാണ്. മന്ത്രിയും ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും എല്ലാവരും. പക്ഷേ, ഞങ്ങളോ? എപ്പോള്‍ വേണമെങ്കിലും മരണം പിടികൂടാവൊന്നു സാഹചര്യത്തില്‍ ഭയമില്ലാതെ ജോലി ചെയ്തവരാണ് ഞങ്ങള്‍. വൈറസ് സിനിമയും ബാക്കിയുള്ളവരുമൊക്കെ ആഘോഷിക്കപ്പെടുമ്പോള്‍ കഴിഞ്ഞ 16 ദിവസമായി മെഡിക്കല്‍ കോളേജിനു മുന്നില്‍ ഞങ്ങള്‍ സമരം ചെയ്യുകയാണ്. ഞങ്ങളെ പറഞ്ഞു പറ്റിച്ചവരാരും ഈ സമരം കണ്ട ഭാവം വയ്ക്കുന്നില്ല, ഞങ്ങളെ റിയല്‍ ലൈഫ് ഹീറോകളൊക്കെ ആക്കി സിനിമയുടെ പ്രമോഷന്‍ നടത്തുന്നവരും ഞങ്ങളെ കാണുന്നില്ല. ഹീറോകളെന്ന് അവര്‍ പറയുന്ന പത്തുനാപ്പത്തിയേഴ് പേര് വെറും സീറോകളായി രാവും പകലും ഇല്ലാതെ സമരം ചെയ്യുകയാണ്. എന്തിനാണെന്നോ, കുടുംബം പോറ്റാന്‍ ഒരു ജോലിക്കായി.”
നിപ കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്ത 47 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നില്‍ സമരം ചെയ്യുന്നത്. നിപ സമയത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരെയെല്ലാം സ്ഥിരമാക്കാമെന്ന ഉറപ്പ് പാലിക്കാതെ വന്നതിനെ തുടര്‍ന്നാണ് അവര്‍ സമരം നടത്തുന്നത്. വൈറസ് സിനിമയില്‍ താത്കാലിക ജീവനക്കാരുടെ സമരം കാണിക്കുന്നുണ്ടെങ്കിലും അതിലൊരു നീതികേടുണ്ട്. സിനിമയുടെ അവസാനത്തില്‍ കാണുന്ന ബാബുവിനെ പോലയല്ലായിരുന്നു രാജേഷും ശശിധരനും ബാക്കിയുള്ളവരും. അവര്‍ വഞ്ചിക്കപ്പെട്ടവരായി മാറുകയായിരുന്നു. സിനിമ പറയാതെ പോയ ഒരു യഥാര്‍ത്ഥ്യം.
“സത്യത്തില്‍ സിനിമാക്കാര്‍ ഞങ്ങളെ തേടി വരുമെന്നു തന്നെയാണ് പ്രതീക്ഷിച്ചത്. മാതൃഭൂമിയിലെ ആ ചിത്രം അവര്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആക്കിയപ്പോള്‍ തീര്‍ച്ചയായും ഞങ്ങളെ കാണാന്‍ അതിന്റെ എഴുത്തുകാര്‍ എത്തുമെന്ന് കരുതി. കാരണം, അവര്‍ പറഞ്ഞിരുന്നത്, യഥാര്‍ത്ഥ സംഭവങ്ങളും വ്യക്തികളുമാണ് സിനിമയില്‍ ഉണ്ടായിരിക്കുക എന്നായിരുന്നു. യഥാര്‍ത്ഥ കാര്യങ്ങള്‍ അറിയണമെങ്കില്‍ അവര്‍ ഞങ്ങളില്‍ നിന്ന് ചോദിച്ചറിയണമല്ലോ. പക്ഷേ, ഒരാളും വന്നില്ല. പകരം, ആശുപത്രിക്കു വെളിയില്‍ നിന്നു രോഗിക്കു ഭക്ഷണം വാങ്ങിക്കൊണ്ടു വന്നിരുന്ന ഒരാളെയാണവര്‍ കണ്ടതും സംസാരിച്ചതും. എന്റെയും ശശിയേട്ടന്റെയും ഫോട്ടോ മാതൃഭൂമിയില്‍ വരുന്നതിനു മുമ്പ് വരെ ഞങ്ങളെക്കുറിച്ച് ഒരാളും അറിഞ്ഞിരുന്നില്ല. കാരണം, ഞങ്ങള്‍ ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു. പുറത്തേക്ക് വരുന്നില്ലായിരുന്നു. അയാള്‍ വളരെ കുറച്ചു നേരം മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കയറിയിട്ടുള്ളത്. ഒന്നു രണ്ടു മൃതദേഹങ്ങള്‍ പൊതിഞ്ഞു കെട്ടാന്‍. ബാക്കി സമയം മുഴുവന്‍ പുറത്തായിരുന്നു. ഞങ്ങളാണെങ്കില്‍ രോഗികളോടൊപ്പം കഴിഞ്ഞവരാണ്. പക്ഷേ, ആശുപത്രിയിലെ ചിലര്‍ ചേര്‍ന്ന് ആ വ്യക്തിയെ ഹീറോയാക്കി മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. അതിന്റയൊക്കെ പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ആ വ്യക്തിയെ തന്നെയാണ് എഴുത്തുകാരില്‍ ഒരാള്‍ പോയി കണ്ടതും സംസാരിച്ചതെന്നും കേള്‍ക്കുന്നുണ്ട്. എങ്കില്‍ ആ വ്യക്തിയെ അടിസ്ഥാനമാക്കിയാണ് ബാബു എന്ന കഥാപാത്രത്തെ ഉണ്ടാക്കിയതെന്നു പറയണം. ശശിയേട്ടന്‍ വിവാഹം കഴിച്ചിട്ടില്ലാത്തയാളാണ്, എന്റെ കുടുംബ പശ്ചാത്തലമാണെങ്കില്‍, ആ കഥാപാത്രത്തിന്റെത് പോലെയുമല്ല,” രാജേഷ് പറയുന്നു.
നിപ ഐസോലഷേന്‍ വാര്‍ഡില്‍ ആദ്യം ജോലിക്ക് കയറിയ ആളാണ് രാജേഷ്. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ശശിധരനും എത്തി. നിപ വൈറസിനെ കീഴടക്കിയെന്നു പ്രഖ്യാപനം വരുന്നതുവരെയുള്ള ഒന്നര മാസക്കാലവും മെഡിക്കല്‍ കോളേജില്‍ ഇവര്‍ ജോലി ചെയ്തിരുന്നു.
“സമരത്തില്‍ ആയതുകൊണ്ട് ഞങ്ങള്‍ക്ക് വൈറസ് കാണാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ പറഞ്ഞു കേട്ടതനുസരിച്ച് താത്കാലിക ജീവനക്കാര്‍ സമരം നടത്തി വരുന്നതിനിടയിലാണ് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് സിനിമയില്‍ കാണിക്കുന്നത്. അങ്ങനെയല്ല. ആ സമയത്ത് ഞങ്ങള്‍ സമരം നടത്തുന്നില്ല. ക്ലീനിംഗ് വിഭാഗത്തിലെ താത്കാലിക ജീവനക്കരനായിരുന്നു ഞാന്‍. കരാര്‍ അവസാനിച്ച് ജോലി ഇല്ലാതെ നില്‍ക്കുന്ന സമയത്താണ് നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പത്രത്തിലും ടിവിയിലൂടെയുമൊക്കെ നിപയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. സിസ്റ്റര്‍ ലിനിയുടെ മരണവും കഴിഞ്ഞ് മേയ് 25-നാണ് പനി വാര്‍ഡിലേക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞ് പത്രത്തില്‍ പരസ്യം വരുന്നത്. സാധാരണ ഇത്തരത്തില്‍ താത്കാലിക ജീവനക്കാരെ എടുക്കുന്നുണ്ടെന്നു പരസ്യം വന്നാല്‍ കുറഞ്ഞത് രണ്ടായിരം മൂവായിരം പേര്‍ വരുന്നതാണ്. എന്നാല്‍ അന്ന് വന്നത് വെറും പത്തുപേര്‍! ആളുകളില്‍ എന്തൊക്കെയോ ഭയം കടന്നു കൂടിയിരുന്നു.
നിപയെ കുറിച്ച് പറഞ്ഞ് കേട്ടുള്ള അറിവ് ഉണ്ടായിരുന്നുവെങ്കിലും മെഡിക്കല്‍ കോളേജില്‍ എത്തുമ്പോഴും ജോലിക്ക് കയറുമ്പോഴും അതിന്റെ ഭീകരതയെ കുറിച്ച് അറിയില്ലായിരുന്നു. ഒരു ബോധവത്കരണ ക്ലാസ് പോലും തരാതെയാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് വിടുന്നത്. അവിടെ നാലുപേരാണ്. ഒരു ഡോക്ടര്‍, നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, പിന്നെ ക്ലീനിംഗിനായി ഞാനും. പിപിഇ (പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്‌മെന്റ്) കിറ്റ് ധരിക്കുന്നത് എങ്ങനെയാണെന്നു പോലും എന്നോട് ആരും പറഞ്ഞു തന്നിരുന്നില്ല. പിന്നീടൊരു നഴ്‌സാണ് അത് ധരിക്കുന്ന വിധം പറഞ്ഞു തന്നത്. ആദ്യത്തെ ഒരാഴ്ച്ച പന്ത്രണ്ട് മണിക്കൂര്‍ നൈറ്റ് ഷിഫ്റ്റ് എടുക്കേണ്ടി വന്നു. പിപിഇ കിറ്റ് ധരിച്ച് നില്‍ക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ശ്വാസം പോലും ശരിക്കും വിടാന്‍ കഴിയില്ല. വെള്ളം കുടിക്കാനോ മൂത്രം ഒഴിക്കാനോ പറ്റില്ല. രോഗിയുടെ അടുത്തേക്ക് ഏതു സമയത്ത് വേണമെങ്കിലും പോകേണ്ടി വരുന്നതുകൊണ്ട് എപ്പോഴും പിപിഇ കിറ്റ് ധരിച്ചുകൊണ്ടായിരിക്കും നില്‍ക്കുക. ഒരാഴ്ച്ചയോളം പന്ത്രണ്ടു മണിക്കൂര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യേണ്ടി വന്നു. കൂടുതല്‍ ആളുകള്‍ വന്നതിനുശേഷമാണ് ആറു മണിക്കൂര്‍ ഷിഫ്റ്റ് ആക്കിയത്. എന്നാലും ഞങ്ങള്‍ 47 പേരും ആ ഒന്നര മാസക്കാലവും മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു.
ഈ സമയത്ത് എന്റെ ഭാര്യ ഗര്‍ഭിണി ആയിരുന്നു. ആറാം മാസമേ ആയിരുന്നുവെങ്കിലും അവള്‍ പ്രസവിച്ചു. ഐസിയുവില്‍ ആയിരുന്ന സമയത്ത് അവളുടെ അടുത്ത് പോയി നില്‍ക്കാന്‍ കഴിഞ്ഞതല്ലാതെ, എനിക്ക് പിറന്ന കുഞ്ഞിനെ ശരിക്കൊന്നും കാണാന്‍ പോലും സാധിച്ചില്ല. പ്രസവം കഴിഞ്ഞ് ഭാര്യയേയും കുഞ്ഞുങ്ങളെയും അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് ഒന്നരമാസം കഴിഞ്ഞാണ് ഞാനവരെ കാണുന്നത്. ആശുപത്രിയില്‍ നിന്നും ഇടയ്ക്ക് എന്റെ വീട്ടില്‍ പോകുമെങ്കിലും അവിടെയുള്ളവരോടെല്ലാം അകലം പാലിച്ച് നിന്നേ സംസാരിച്ചുള്ളൂ. ധാരാളം സുഹൃത്തുക്കളുള്ളയാളാണ് ഞാന്‍. പക്ഷേ, ആരുടെയും അടുത്തേക്ക് പോയില്ല. നാട്ടുകാര്‍ വിവരം തിരക്കാന്‍ വരുമെങ്കിലും എല്ലാവരോടും അകലം പാലിച്ചു. എനിക്ക് നാട്ടില്‍ നിന്നും മോശമായ അനുഭവമൊന്നും ഉണ്ടായില്ലെങ്കിലും ഞങ്ങളോടൊപ്പമുള്ള മറ്റുള്ളവരുടെ അവസ്ഥ അങ്ങനെയായിരുന്നില്ല. കിണറ്റില്‍ നിന്നും വെള്ളമെടുക്കാനും അടുത്ത പറമ്പില്‍ കൂടിപ്പോലും നടക്കാന്‍ അനുവദിക്കാതിരുന്നവരുമൊക്കെ ഉണ്ടായിരുന്നു. അതെല്ലാം ഞങ്ങള്‍ സഹിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ നില്‍ക്കുമ്പോഴും ഞങ്ങളാരും ഭയപ്പെട്ടിരുന്നില്ല. മെഡിക്കല്‍ കോളേജിലെ സ്ഥിരം ജീവനക്കാര്‍ പേടികൊണ്ട് ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുകയും പലരും ലീവ് എടുത്തു പോയിടത്തുമാണ് ഞങ്ങള്‍ താത്കാലിക ജീവനക്കാര്‍ സ്വന്തം ജീവനും കുടുംബവും മറന്ന് ജോലി ചെയ്തത്.
ഒരു ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ ക്ലീന്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നിപ രോഗി ചുമച്ചു തുപ്പിയത് എന്റെ മേലായിരുന്നു. പിപിഇ കിറ്റ് ധരിച്ചിരുന്നത് കൊണ്ട് ശരീരത്തില്‍ വീണില്ല. പിറ്റേ ദിവസം ആ രോഗി മരിക്കുകയും ചെയ്തു. രോഗം ബാധിച്ചു ഞങ്ങളും മരിക്കുമോ എന്നതല്ല, മനുഷ്യര്‍ ഇങ്ങനെ മരിച്ചു പോകുന്നത് കാണുന്നതായിരുന്നു വേദനിപ്പിച്ചത്. മരിക്കുമെന്ന് ഉറപ്പായവരുടെ മുഖം, അവരുടെ പ്രിയപ്പെട്ടവരുടെ മുഖം, അതെല്ലാം വേദനിപ്പിച്ചു. ഷിഫ്റ്റ് കഴിഞ്ഞ് എവിടെയെങ്കിലും ഒറ്റയ്ക്ക് ഇരിക്കുമ്പോള്‍ ആ വേദന ഇരട്ടിക്കും. പിന്നെ പിന്നെ രോഗിയുടെ മുഖത്ത് നോക്കാതെയായി. വേറൊന്നും കൊണ്ടല്ല, അത് കാണാന്‍ വയ്യാത്തതുകൊണ്ടാണ്!
ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവങ്ങളാണ് ആ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഉണ്ടായത്. ഇപ്പോള്‍ ഹീറോകളായി പറയുന്നവര്‍ ഐസൊലേഷന്‍ വാര്‍ഡിന് അടുത്തേക്ക് വരാന്‍ പോലും ഭയപ്പെട്ടിരുന്നപ്പോഴാണ് ഞങ്ങള്‍ ഡ്യൂട്ടി ചെയ്തത്. അതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ? ആ സിനിമയിലും ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ ഉണ്ടോ? ഒരിടത്തും അടയാളപ്പെടുത്താതെ പോകുന്ന, വിശ്വസിച്ചവരാല്‍ ചതിക്കപ്പെടുന്ന വെറും പാവങ്ങളാണ് ഞങ്ങള്‍”, ആരെയും കുറ്റപ്പെടുത്താനും വിമര്‍ശിക്കാനുമല്ലെന്ന പോലെ രാജേഷ് പറഞ്ഞു നിര്‍ത്തുന്നു.
Azhimukham Special: കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തം; “പ്രളയത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളുടെ കൂട്ട ആത്മഹത്യ”