UPDATES

സിനിമ

ആത്മഹത്യ ചെയ്ത ഫുട്ബോളര്‍ വിപി സത്യന്റെ കഥയുമായി ജയസൂര്യ; ‘ക്യാപ്റ്റന്’ കിക്ക് ഓഫ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ വിപി സത്യന്‍ സ്‌ക്രീനില്‍ പുനര്‍ജനിക്കുകയാണ്. നടന്‍ ജയസൂര്യയുടെ രൂപത്തില്‍.

“ഫുട്‌ബോള്‍ ഒഴികെ എന്റെ എന്ത് കാര്യത്തിലും നിനക്ക് ഇടപെടാം” – വിപി സത്യന്‍ ഭാര്യ അനിതയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഫുട്‌ബോളിനേയും ജീവതത്തേയും വേറിട്ട് കാണാന്‍ സത്യന് കഴിയില്ലായിരുന്നു. സത്യന്‍ ആത്മഹത്യ ചെയ്തു എന്നാണ് അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് കണ്ടെടുക്കപ്പെട്ട കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സത്യന്‍ ആത്മഹത്യ ചെയ്തതാണെന്ന് അനിത വിശ്വസിക്കുന്നില്ല. വിഭ്രാന്തികളുടേയും കടുത്ത വിഷാദത്തിന്റേയും ഭാഗമായുണ്ടായ മാനസികാവസ്ഥയില്‍ ട്രെയിനില്‍ നിന്ന് വീണതായിരിക്കാം എന്നാണ് അനിത കരുതുന്നത്. ഏതായാലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ഒരാളായ വിപി സത്യന്‍ സ്‌ക്രീനില്‍ പുനര്‍ജനിക്കുകയാണ്. നടന്‍ ജയസൂര്യയുടെ രൂപത്തില്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനില്‍ ജയസൂര്യയോടൊപ്പം 75 ഫുട്‌ബോള്‍ താരങ്ങള്‍ പന്ത് തട്ടും.

1980ല്‍ കണ്ണൂര്‍ ലക്കി സ്റ്റാര്‍ ജൂനിയര്‍ ടീം അംഗമായാണ് ക്ലബ് ഫുട്‌ബൊള്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. 1983ല്‍ ഇതിഹാസ താരം ഒളിമ്പ്യന്‍ അബ്ദുറഹ്മാന്‍ പരിശീലകനായ കേരള ടീമില്‍ വിപി സത്യന്‍ അംഗമാകുന്നത്. 1986ല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായി. 89ല്‍ മുഹമ്മദന്‍സില്‍ ചേര്‍ന്നു. 92ല്‍ സത്യന്റെ നേതൃത്വത്തിലുള്ള കേരള ടീം സന്തോഷ് ട്രോഫി നേടി. 93ലും കേരളത്തിന്റെ സന്തോഷ് ട്രോഫി ജയത്തില്‍ സത്യന്‍ നിര്‍ണായക പങ്ക് വഹിച്ചു. സത്യന്റെ നേതൃത്വത്തിലുള്ള കേരളപൊലീസ് ടീം സംസ്ഥാനത്തെ മികച്ച ടീമുകളിലൊന്നായി. രാജ്യാന്തര മത്സരങ്ങളിലും സത്യന്‍ തിളങ്ങി. ഇന്ത്യന്‍ വിജയങ്ങളില്‍ വലിയ പങ്ക് വഹിച്ചു. 93 രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഇന്ത്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 100 രാജ്യങ്ങളുടെ പട്ടികയില്‍ വന്നിട്ടുള്ളത് അപൂര്‍വമായാണ്. സത്യന്‍ ക്യാപ്റ്റനായിരിക്കുമ്പോള്‍ 119ആം സ്ഥാനത്തായിരുന്ന ഇന്ത്യക്ക് 99ആം സ്ഥാനം നേടി നില മെച്ചപ്പെടുത്താനായി. 2003ല്‍ ദേശീയ ടീം അസിസ്റ്റന്റ് കോച്ചായും 2004ല്‍ ദേശീയ ടീം സെലക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. 2006 ലോകകപ്പിന് ശേഷം ജൂലായ് 18ന് ചെന്നൈയിലെ പല്ലാവരം റെയില്‍വേ സ്റ്റേഷനിലാണ് അന്ത്യം.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും രാജ്യം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളുമായ വിപി സത്യന്റെ ജീവിതമാണ് ക്യാപ്റ്റന്‍ പറയുന്നത്. 8500നടുത്ത് താരങ്ങള്‍ ഓഡീഷന് വേണ്ടി അപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് 700 പേരെ തിരഞ്ഞെടുക്കുകയും വീണ്ടും സ്‌ക്രീനിംഗ് നടത്തിയ ശേഷം 75 പേരെ തിരഞ്ഞെടുക്കുകയുമായിരുന്നു. സിനിമയില്‍ കാണിക്കുന്ന വിവിധ മത്സരങ്ങളിലായി ഇവരെ കാണാം. അനു സിതാര, സിദ്ദിഖ്, ദീപക് പറമ്പോല്‍, രഞ്ജി പണിക്കര്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവരെ കൂടാതെ സത്യന്റെ പരിശീലകരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ കോഴിക്കോട് തുടങ്ങി.

സത്യന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട രംഗങ്ങളും യൗവനവുമാണ് ആദ്യ ഷെഡ്യൂളില്‍ ചിത്രീകരിക്കുന്നത്. ഫുട്‌ബോള്‍ മത്സരങ്ങളുടെ ചില രംഗങ്ങളും എടുക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ഫുട്‌ബോള്‍ രംഗങ്ങളും അടുത്ത ഷെഡ്യൂളില്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും വച്ചായിരിക്കും ചിത്രീകരിക്കുക. മലപ്പുറത്തും കണ്ണൂരും ഷൂട്ടിംഗുണ്ട്. ചിത്രത്തിനായി മൂന്ന് മാസത്തോളം ജയസൂര്യ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സത്യന്റെ ജീവിതത്തിലെ മൂന്ന് കാലങ്ങള്‍ ചിത്രീകരിക്കുന്നു. മൂന്ന് ഗെറ്റപ്പുകളില്‍ ജയസൂര്യ എത്തുന്നു. വിപി സത്യനെ അഭ്രപാളികളില്‍ പുനരുജ്ജീവിപ്പിക്കാന്‍ ജയസൂര്യക്ക് കഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍