UPDATES

സിനിമ

മോഹന്‍ലാല്‍ പറഞ്ഞതാണ് ശരി, ദിലീപിനെ പുറത്താക്കിയതാണ്; ജഗദീഷ്

ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്

എഎംഎംഎയില്‍ നിന്നും നടന്‍ ദിലീപിനെ പുറത്താക്കിയത് തന്നെയാണെന്ന് ജഗദീഷ്. ദിലീപിന്റെ കാര്യത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞതെന്താണോ അതാണ് സത്യമെന്നും ജഗദീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. കുറ്റാരോപിതനായ നടനില്‍ നിന്നും പ്രസിഡന്റ് രാജി ആവശ്യപ്പെടുകയും അതിന്‍പ്രകാരം നടന്‍ രാജി സമര്‍പ്പിക്കുകയുമായിരുന്നു. ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്തത്. ഇതാണ് വാസ്തവം. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണ്; ജഗദീഷ് പറയുന്നു.

താന്‍ എഎംഎംഎയില്‍ നിന്നും സ്വയം രാജിവച്ച് പുറത്തു വരികയായിരുന്നുവെന്നും തന്നെ സംഘടന പുറത്താക്കിയതല്ലെന്നും കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞിരുന്നു. ഈ വാദം നിരാകരിക്കുന്നതാണ് സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷിന്റെ വാക്കുകള്‍. സംഘടന പ്രസിഡന്റായ മോഹന്‍ലാല്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലും ദിലീപിനെ പുറത്താക്കിയതായാണ് പറഞ്ഞിരുന്നത്. ഡബ്ല്യൂസിസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടന ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും ഇതനുസരിച്ച് ദിലീപ് രാജിക്കത്ത് നല്‍കിയതായും ആണ് മോഹന്‍ ലാല്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. രാജി തീരുമാനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലാത്തതിനാല്‍ സംഘടനയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് കൂടി ഈ രാജിക്കത്ത് അംഗീകരിക്കുകയായിരുന്നു. അതിന് ശേഷം മാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാനാകുമായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

മോഹന്‍ലാലിന്റെ പത്രസമ്മേളനത്തിന് ദിവസങ്ങള്‍ക്കിപ്പുറം ദിലീപ് രംഗത്ത് വന്ന് തന്നെ പുറത്താക്കിയതല്ലെന്നും സ്വയം ഒഴിഞ്ഞതാണെന്നും രാജി സമര്‍പ്പിച്ച ഒരാളെ പുറത്താക്കാന്‍ സംഘടനയ്ക്കു കഴിയില്ലെന്നും അറിയിച്ചു. എഎംഎംഎയില്‍ നിന്നും താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നെന്നുവെന്നും ദിലീപ് പറഞ്ഞതോടെ, നടനെ പുറത്താക്കിയതാണെന്നു മോഹന്‍ലാല്‍ പറഞ്ഞത് നുണയാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ജഗദീഷ് പറയുന്നതനുസരിച്ച് മോഹന്‍ലാല്‍ പറഞ്ഞതാണ് വാസ്തവവും ദിലപിന്റെ വാദങ്ങള്‍ ശരിയല്ലെന്നുമാണ് വ്യക്തമാക്കുന്നത്.

ദിലീപ് സംഘടനയ്ക്ക് താന്‍ നല്‍കിയ രാജി കത്ത് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചായിരുന്നു തന്നെ പുറത്താക്കിയതാണെന്ന വാര്‍ത്തകളെ നേരിട്ടത്. അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും നടന്‍ പറഞ്ഞിരുന്നു. ‘അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്’; എന്നായിരുന്നു ദിലീപ് പറഞ്ഞത്. പക്ഷേ, ജഗദീഷ് ഉറപ്പിച്ച് പറയുന്നത് ദിലീപിനെ സംഘടന പുറത്താക്കിയത് തന്നെയാണെന്നാണ്. ഇനിയീ വിഷയത്തില്‍ പ്രതികരണം ഇല്ലെന്ന് ജഗദീഷ് പറയുമ്പോഴും സംഘടനയ്ക്കുള്ളില്‍ ദിലീപിനെ ചൊല്ലി ഉടലെടുത്തിരിക്കുന്ന സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന് തന്നെയാണ് നിരീക്ഷണം.

ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് എഎംഎംഎയില്‍ നിന്നും ആദ്യ പ്രതികരണം നടത്തിയിരുന്നതും ജഗദീഷ് ആയിരുന്നു. വിമന്‍ കളക്ടീവിന്റെ പരാതികള്‍ പരിശോധിക്കാമെന്നും ചര്‍ച്ചകള്‍ നടത്താമെന്നുമുള്ള സൂചനകളായിരുന്നു ജഗദീഷിന്റെ പ്രസ്താവനയില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാലുമായി സംസാരിച്ച്, സംഘടന പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ അനുമതിയോടെയായിരുന്നു ജഗദീഷ് ആ പ്രസ്താവന ഇറക്കിയത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായി, സംഘടനയുടെ ഈ നിലപാടിനെ പാടെ തള്ളിക്കളയുന്ന നിലയ്ക്ക് സിദ്ദീഖും കെപിഎസി ലളിതയും ഒരു മാധ്യമസമ്മേളനം വിളിക്കുകയും ദിലീപിന് അനുകൂലമായും ഡബ്ല്യുസിസിയെ ആക്രമിക്കുന്ന നിലയ്ക്കും സംസാരിക്കുകയുണ്ടായി. സിദ്ദീഖിന്റെയും ലളിതയുടെയും വാര്‍ത്തസമ്മേളനത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് പൊതുസമൂഹത്തില്‍ നിന്നുതന്നെ ഉയര്‍ന്നത്. കുറ്റാരോപിതനായ നടനെ രക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയേയും അവരുടെ കൂടെ നില്‍ക്കുന്നവരെയും തള്ളിക്കളയയാനുമാണ് ലളിതയും സിദ്ദീഖും ശ്രമിച്ചതെന്നായിരുന്നു ആക്ഷേപങ്ങള്‍. ഈ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ ജഗദീഷിന്റെ പ്രതികരണവും വന്നു. ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍വച്ച് തന്നെ ദിലീപിനെ അനുകൂലിക്കുന്നതരത്തില്‍ വാര്‍ത്തസമ്മേളനം വിളിച്ച സിദ്ദീഖിന്റെയും ലളിതയുടെയും നടപടികളെ ജഗദീഷ് ചോദ്യം ചെയ്തു. ജദഗീഷ് സംഘടനയുടെ ഔദ്യോഗിക വക്താവ് അല്ലെന്നും അദ്ദേഹം ഇറക്കിയ പ്രസ്താവനയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും പറഞ്ഞായിരുന്നു സിദ്ദീഖും ലളിതയും ദിലീപിനു വേണ്ടിയെന്നോണം സംസാരിച്ചത്. ഈ പ്രവര്‍ത്തി മോഹന്‍ലാലിനെ അടക്കം അസ്വസ്ഥപ്പെടുത്തിയെന്നതായിരുന്നു ജഗദീഷില്‍ നിന്നും ഉണ്ടായ പ്രതികരണം.

ലളിതയ്ക്കും സിദ്ദിഖിനുമെതിരേ ശക്തമായ ഭാഷയിലായിരുന്നു ജദഗീഷ് പ്രതികരിച്ചത്. ആ പത്രസമ്മേളനം നടന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ വച്ചാണെന്നും അരോപണ വിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുമോ എന്നു ജഗദീഷ് ചോദിച്ചു. സിദ്ദിഖിന്റെയും ലളിതയുടെയും പ്രവര്‍ത്തിയില്‍ യാതൊരു ധാര്‍മികതയും ഇല്ലെന്നും കുറ്റപ്പെടുത്തി.

ഡബ്ല്യുസിസി ഉയര്‍ത്തിയ പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ എഎംഎംഎ ജനറല്‍ ബോഡി വിളിക്കില്ലെന്ന സിദ്ദിഖിന്റെ അഭിപ്രായത്തെയും ജഗദീഷ് ചോദ്യം ചെയ്തിരുന്നു. ജനറല്‍ ബോഡി വിളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സിദ്ദിഖിന് അവകാശമില്ലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അക്കാര്യത്തിലൊക്കെ തീരുമാനം എടുക്കുന്നതെന്നുമാണ് ജദഗീഷ് പറഞ്ഞത്. സംഘടനയില്‍ നിന്നും രാജിവച്ചു പോയവരെ തിരികെ കൊണ്ടുവരുന്നതില്‍ മോഹന്‍ലാലിന് പോലും സന്തോഷമാണെന്നിരിക്കെയാണ് അവര്‍ മാപ്പ് പറഞ്ഞാലേ തിരികെ എടുക്കൂ എന്ന് സിദ്ദീഖ് പറഞ്ഞതെന്നും ഇതാ അഭിനേത്രികളെ അപമാനിക്കുന്നതിനു തുല്യമാണെന്നുമായിരുന്നു ജഗദീഷ് ചൂണ്ടിക്കാട്ടിയത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുന്നു എന്നാണ് ‘ അമ്മ ‘ പറയുന്നത്. പക്ഷെ അവരെക്കൊണ്ട് മാപ്പ് പറയിക്കണം എന്നു സിദ്ദിഖ് പറയുമ്പോള്‍ എന്തിനുവേണ്ടി മാപ്പ് പറയണം? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍ അവരോട് പറയുന്നു നിങ്ങള്‍ മാപ്പ് പറയണം എന്ന്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദിഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്? എന്നൊക്കെ ജഗദീഷ് ചോദിച്ചിരുന്നു.

സിദ്ദീഖിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എഎംഎംഎയ്ക്കുള്ളില്‍ നിന്നും ദിലീപിനുവേണ്ടി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ നല്‍കുന്ന വിവരം. എന്നാല്‍ ഇവരുടെ പ്രവര്‍ത്തിയില്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് പ്രതിഷേധവും അമര്‍ഷവുമുണ്ടെന്നും ജഗദീഷിന്റെ വാക്കുകളും നിലപാടുകളും കാണിക്കുന്നത് അതാണെന്നും പറയുന്നു. ദിലീപിന്റെ പേരില്‍ സംഘടന ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു തന്നെയാണ് ഈ മറുപക്ഷത്തിന്റെ തീരുമാനം എന്നാണ് ജഗദീഷിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതും.

കുറ്റാരോപിതനുവേണ്ടി കുറ്റാരോപിതന്റെ സെറ്റില്‍വച്ച് പത്രസമ്മേളനം; സിദ്ദിഖിനെയും ലളിതയേയും സംശയിച്ചാല്‍ തെറ്റുപറയാന്‍ കഴിയില്ലെന്ന് ജഗദീഷ്

ഭിന്നത രൂക്ഷം; മോഹൻലാൽ രാജി സന്നദ്ധത അറിയിച്ചു? അടുത്തതെന്തെന്ന് ഉറ്റുനോക്കി സിനിമാ ലോകം

പുറത്താക്കിയതല്ല, രാജിവച്ചതെന്ന് ദിലീപ്‌; മോഹന്‍ലാലിന്റെ വാദം പൊളിയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍