UPDATES

സിനിമ

കെട്ട്യോളും ഫെമിനിച്ചികളും മാത്രമല്ല, നല്ല സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം മായാനദി കാണും; വിലകുറഞ്ഞ ആക്രമണങ്ങള്‍ പരാജയപ്പെടുകയേയുള്ളൂ

രാമലീലയും കസബയുമൊക്കെ സിനിമയായി കാണുന്നവര്‍ക്ക് മായാനദി അങ്ങനെയല്ലാതാവുന്നത് ആഷിഖ് അബു എന്ന പേരാണ്‌

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി റിലീസ് ദിവസം തന്നെ മികച്ച തീയെറ്റര്‍ പ്രതികരണമാണ് നേടിയത്. സംവിധായകന്‍ എന്ന നിലയില്‍ ആഷിഖിന്റെ ഇരുത്തം വന്ന ചിത്രമാണ് മായാനദിയെന്നാണ് പലരും വിലയിരുത്തുന്നത്. സിനിമാറ്റിക് ഭാഷകൊണ്ടും കഥ പറച്ചിലിന്റെ ശൈലി കൊണ്ടും വ്യത്യസ്തത സൃഷ്ടിക്കാന്‍ ആഷിഖിന് സാധിച്ചുവെന്നും അഭിനന്ദനങ്ങള്‍ ഉയരുന്നു. ‘മായാനദി ആഷിഖ് അബുവിന്റെ Magnum Opus ആണ്, സംശയം വേണ്ട’ എന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രന്‍ പറയുന്നത്. അതേസമയം ചിത്രത്തിലെ ലിപ് ലോക് രംഗങ്ങളിലും നായിക നടി പ്രകടിപ്പിക്കുന്ന ലൈംഗിക സ്വാതന്ത്ര്യത്തിലും ചിലരെങ്കിലും അസ്വസ്ഥത പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ‘ആഷിഖിന്റെ കഞ്ചാവ് സിനിമ കാണരുതെന്നാണ്’ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നടത്തിവരുന്ന പ്രചാരണം. സിനിമ റിലീസ് ചെയ്യുന്നതിനും മുന്നേ തുടങ്ങിയതാണിത്. മലയാള സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന വിമന്‍ കളക്ടീവ് പ്രവര്‍ത്തകര്‍ക്ക് ആഷിഖ് നല്‍കുന്ന പിന്തുണയാണ് ചിലരെ ചൊടിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ പാര്‍വതിയുടെ കസബ പരാമര്‍ശത്തില്‍ വരെ വിമന്‍ കളക്ടീവും ആഷിഖിനെ പോലുള്ളവരും എടുത്തുവരുന്ന നിലപാടുകള്‍ ഇവര്‍ക്കെതിരേയുള്ള ആക്രമണത്തിന് കാരണമാവുകയാണ്. മായാനദി ബഹിഷ്‌കരണവും ഫെമിനിച്ചികള്‍ സിനിമ വിജയിപ്പിക്കട്ടെ എന്ന പരിഹാസവുമെല്ലാം ഈ ആക്രമണത്തിന്റെ ഭാഗമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്റെ ‘രാമലീല’ എന്ന ചിത്രം റിലീസ് ചെയ്തപ്പോള്‍, അതിനെതിരേ ഒരു കോണില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ക്ക്, ദിലീപ് എന്ന വ്യക്തിയേയല്ല, പകരം സിനിമയെന്ന കലയോടുള്ള പരിഗണനയാണ് രാമലീലയ്ക്ക് നല്‍കേണ്ടതെന്ന ആഹ്വാനമുണ്ടായത്. അരുണ്‍ ഗോപിയെന്ന സംവിധായകന്റെ കാത്തിരിപ്പിനെയും ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവിന് ചെലവായ പണത്തെയും സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് അണിയറ പ്രവര്‍ത്തകരുടെ ജീവിതത്തെയും കുറിച്ചായിരുന്നു അന്ന് ഉത്കണ്ഠപ്പെട്ടത്. ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്ന് രാമലീലയെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അന്ന് ഉയര്‍ന്ന ആരോപണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാമലീല കാണണമെന്നും സിനിമയെ സിനിമയായി പരിഗണിക്കണമെന്നുമാണ് ആഷിഖ് അബു പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ചിത്രത്തിനെതിരെ നിലലപാടെടുത്തവര്‍ ഇതില്‍ ആഷിഖ് അബുവിനെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ആഷിഖ് ആര്‍ക്കൊപ്പമാണ് എന്ന ചോദ്യമാണ് അപ്പോള്‍ ഉയര്‍ന്നത്. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം നില്‍ക്കുമ്പോഴും താന്‍ സിനിമയ്‌ക്കൊപ്പമാണെന്നായിരുന്നു ആഷിഖിന്റെ നിലപാട്. ഇതേ അനുഭവം തന്നെയാണ് മഞ്ജു വാര്യരും നേരിട്ടത്. സിനിമയെ സിനിമയായി തന്നെ കാണണമെന്നായിരുന്നു മഞ്ജുവും പറഞ്ഞത്. ഈ ഒരു വിവേകമാണ് ഇപ്പോള്‍ ആഷിഖ് ചിത്രത്തിനെതിരെ തിരിഞ്ഞിരിക്കുന്ന ഫാന്‍സുകാര്‍ക്ക് ഇല്ലാതെ പോയത്. ഇതിന് പിന്നാലെ അടുത്തിടെ നടി പാര്‍വതി മമ്മൂട്ടി ചിത്രമായ കസബയിലെ സ്ത്രീ വിരുദ്ധതയെ ചോദ്യം ചെയ്തതോടെ ആഷിഖ് അബുവും അദ്ദേഹം സംരക്ഷിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ‘ഫെമിനിച്ചി’കളും ഫാന്‍സുകാരുടെ മുഖ്യശത്രുക്കളായി മാറുകയും ചെയ്തു. എന്നാല്‍ രാമലീലയുടെ കാര്യത്തിലും കസബയുടെ കാര്യത്തിലും ഉയര്‍ന്ന ‘സിനിമ എന്ന കലാരൂപം’ പരിഗണന ആഷിഖ് അബു സംവിധാനം ചെയ്തതിനാല്‍ മായാനദിയ്ക്ക് ബാധകമല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണത്തില്‍ നിന്നും വ്യക്തമാകുന്നത്!

‘ആഷിക് അബു ചെയ്യണ ഒരു പടവും ഞങ്ങള്‍ കാണൂല. ആദ്യം താന്‍ പോയി തന്റെ ഫെമിനിച്ചി കെട്ട്യോളെ നിലയ്ക്ക് നിര്‍ത്തു… അല്ലെങ്കില്‍ കേരളത്തിലെ ഫെമിനിച്ചികളെ കാണിച്ചു പടം വിജയിപ്പിക്ക്’ എന്നാണ് ഒരാളുടെ കമന്റ്. ‘പടം കാണാന്‍ ഫെമിനിസ്റ്റ് കൊച്ചമ്മാരേയും കൂട്ടത്തില്‍ രശ്മി ആര്‍ നായരെയും അവളോടൊപ്പം പോലീസ് പീഡനകേസില്‍ പിടിച്ചു ജയിലില്‍ കിടക്കുന്ന മറ്റു വേശ്യകളെയും കൂട്ടി പടത്തിനു ഫാന്‍സ് ഷോ സംഘടിപ്പിക്കു. നല്ല കളക്ഷനാവും…ലഭിക്കുക’ എന്നാണ് മറ്റൊരാളുടെ പരിഹാസം. ‘ഭൂലോക ദുരന്ത പടമാണ് ഇത് OMKV അമ്മച്ചിമാര്‍ കേറി കണ്ടോളും’ എന്നാണ് ഒരാള്‍ പറയുന്നത്. ആരും ഈ സിനിമയ്ക്ക് കയറല്ലേയെന്നും സമയവും കാശും പോകുമെന്നുമെല്ലാം മറ്റുള്ളവരെ ഉപദേശിക്കുന്നവരുമുണ്ട്. എന്നാല്‍ ആഷിഖിന്റെ നിലപാടുകളോട് യോജിപ്പില്ലെങ്കിലും നല്ല സിനിമയാണെങ്കില്‍ കണ്ടിരിക്കുമെന്ന് പക്വതയോടെ പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം മായാനദി 2017ലെ ഏറ്റവും മികച്ച ചിത്രമായി അറിയപ്പെടുമെന്ന് പ്രശംസിക്കുന്നവരും കുറവല്ല.

മായാനദിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നു തന്നെ ഈ സിനിമയുടെ നിലവാരമോ കലാമൂല്യമോ ഒന്നുമല്ല വിമര്‍ശിക്കുന്നവരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. ഫാന്‍സുകാരുടെ അസഹിഷ്ണുത മാത്രമാണ് ഈ വിമര്‍ശനങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത്. സിനിമയെ സിനിമയായി കാണണമെന്ന ഇവരുടെ വാദങ്ങള്‍ എവിടെപ്പോയി എന്നാണ് ഇവിടെ ഉയരുന്ന ചോദ്യം. ഈ പ്രതികാരബുദ്ധിയും അതിനവര്‍ക്ക് ബലം നല്‍കുന്ന കാരണങ്ങളും സാധാരണ പ്രേക്ഷകര്‍ക്കു മുന്നില്‍ വിജയിക്കുകയില്ലെങ്കിലും സിനിമമേഖലയ്ക്കുള്ളില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും ആശാവഹമല്ല…

 

 

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍